മോദിയും അമിത് ഷായുമാണ് രാജ്യത്തോട് മാപ്പു പറയേണ്ടത്; മാപ്പു പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല: രാഹുല്‍ ഗാന്ധി

hj_3ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറല്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയും അമിത് ഷായുമാണ് രാജ്യത്തോട് മാപ്പ് പറയേണ്ടത്. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നട്ടെല്ലൊടിച്ചു. ഭരണഘടന നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശത്രുക്കളല്ല, പ്രധാനമന്ത്രിയാണെന്നും ന്യൂഡല്‍ഹിയിലെ ഭാരത് ബച്ചാവോ റാലിയില്‍ സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

“കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ബിജെപി എന്നോട് പറഞ്ഞു. രാഹുല്‍ ജി, നിങ്ങള്‍ ഒരു പ്രസംഗം നടത്തി അതിന് മാപ്പ് പറയണം. ശരിയായ വസ്തുത പറഞ്ഞതിന് മാപ്പ് പറയണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്. ഞാന്‍ ഒരിക്കലും മാപ്പ് പറയാന്‍ പോകുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാളും മാപ്പ് പറയാന്‍ പോകുന്നില്ല. മോദിയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അമിത് ഷായുമാണ് മാപ്പ് പറയേണ്ടത്.” രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണ്. മോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞു. നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി. മോദി നോട്ട് നിരോധനം എന്ന പേരില്‍ കള്ളം പറഞ്ഞു. മോദി ഇന്ത്യയെ തകര്‍ത്തിരിക്കുകയാണ്. അദാനിക്കും അനില്‍ അംബാനിക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജി.എസ്.ടിയുടെ കാര്യത്തില്‍ നല്‍കിയ എല്ലാ നിര്‍ദ്ദേശവും മോദി തള്ളിക്കളഞ്ഞു. രാഹുല്‍ പറഞ്ഞു.

‘മേക് ഇന്‍ ഇന്ത്യ’ അല്ല ‘റേപ് ഇന്‍ ഇന്ത്യ’യാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്‍റെ പേരിലാണ് ബിജെപി അദ്ദേഹം മാപ്പ് പറയണം എന്നാവശ്യപ്പെട്ടത്. ഝാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്‍റെ വിവാദ പരാമര്‍ശം. സ്ത്രീകളെ പരസ്യമായി അപമാനിച്ചു. രാഹുലിനെതിരെ കര്‍ശനമായി നടപടി കൈക്കൊള്ളണമെന്നും ബിജെപി എംപിമാര്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന ആശയത്തെ വളരെ മോശം രീതിയില്‍ രാഹുല്‍ ചിത്രീകരിച്ചു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കേണ്ടത് സ്ത്രീകളെ ഉപയോഗിച്ചല്ലെന്നും എംപിമാര്‍ ആരോപിച്ചു.

മോദി രാജ്യത്തെ വിഭജിക്കുകയാണെന്നും അദ്ദേഹത്തിന് ആകെ ആശങ്ക അധികാരത്തെക്കുറിച്ചോര്‍ത്തു മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. മോദി ഒറ്റയ്ക്ക് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകര്‍ത്തെന്നും അദ്ദേഹം ആരോപിച്ചു. ‘രാജ്യം നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനും യുവാക്കള്‍ക്കു തൊഴില്‍ നല്‍കാനുമാണ്. പക്ഷേ അദ്ദേഹം അതു ചെയ്തിട്ടില്ല. പകരം ജനങ്ങളുടെ പോക്കറ്റില്‍ നിന്നു പണമെടുത്ത് വ്യവസായികള്‍ക്കു നല്‍കി. രണ്ടോ മൂന്നോ വ്യവസായികളാണ് ഈ പണമെല്ലാം എടുത്തത്, എല്ലാ വ്യവസായികളുമല്ല.

അതേസമയം, മാപ്പ് പറയാന്‍ തന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. വിനായക് ദാമോദര്‍ സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തോട് മഹാരാഷ്ട്രയിലെ ഭരണകക്ഷിയും കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയുമായ ശിവസേനയ്ക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്നാണ് ബിജെപി ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ പ്രതികരിച്ചിരിച്ചു. ‘മാപ്പ് പറഞ്ഞ ഭീരു’ എന്ന മട്ടിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് പരാമര്‍ശിച്ചതെന്നും മാളവ്യ പറയുന്നു. ട്വിറ്റര്‍ വഴിയാണ് മാളവ്യ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചിരിക്കുന്നത്.


Print Friendly, PDF & Email

Related News

Leave a Comment