പൗരത്വനിയമ ഭേദഗതികൊണ്ടുള്ള തീക്കളി

Pauratha niyamam kondulla bannerജനങ്ങളുടെ സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് പ്രായോഗികമാക്കാനാണ് ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണ സഭകള്‍ക്ക് ഭരണഘടന രൂപംകൊടുത്തത്.

എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും നേരിട്ടവതരിപ്പിച്ച് പ്രതിഷേധങ്ങളെ വകവെക്കാതെ ഭൂരിപക്ഷമുണ്ടാക്കി പാസാക്കിയ കേന്ദ്ര ഗവണ്മെന്റ് ജനങ്ങളോ അവരുടെ പ്രതിനിധികളോ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാതെയാണ് ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കിയതു. പിറ്റേന്നുതന്നെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കയ്യൊപ്പ് വാങ്ങിച്ച് നിയമമാക്കിയതും.

ഒടുവില്‍ ബില്‍ ചര്‍ച്ച ചെയ്തു രാജ്യസഭയില്‍ രണ്ടാംവട്ടം എഴുന്നേറ്റുനിന്ന് മറുപടി പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍കൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ചോദിച്ചു, പുതിയ പൗരത്വ നിയമത്തെ ഭയപ്പെടേണ്ട കാര്യമെന്താണ് എന്ന്. അദ്ദേഹത്തിന് അതിന്റെ ഉദ്ദേശ്യം ബോധ്യമാണെന്നതില്‍ തര്‍ക്കമില്ല. ജനങ്ങള്‍ക്കോ സഭയിലെ ജനപ്രതിനിധികള്‍ക്കോ തൃപ്തികരമായ ഉത്തരം പക്ഷെ ലഭിച്ചില്ല. അസമില്‍ തുടങ്ങി ത്രിപുരയിലൂടെ ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലാകെ പടര്‍ന്നുകത്തുന്ന ബില്ലിനെതിരായ പ്രതിഷേധം അതു വ്യക്തമാക്കുന്നു.

പൗരത്വ ബില്ലിനെതിരെ ഡല്‍ഹിയിലും കേരളത്തിലുമടക്കം ഇന്ത്യയിലാകെ ഉത്ക്കണ്ഠാകുലരായ മുസ്ലിം ന്യൂനപക്ഷങ്ങള്‍ മുന്നിട്ടിറങ്ങുന്നത്, എല്ലാ വിഭാഗം ജനങ്ങളും വിവിധ ബാനറുകള്‍ക്കു കീഴില്‍ തെരിവിലിറങ്ങുന്നത് അതു വ്യക്തമാക്കുന്നു. മുമ്പ് പ്രക്ഷോഭങ്ങള്‍കൊണ്ടും കലാപങ്ങള്‍കൊണ്ടും മുഖരിതമായിരുന്ന അസംപോലുള്ള സംസ്ഥാനങ്ങളാണ് അക്രമത്തിന്റെയും പ്രതിഷേധത്തിന്റെയും പഴയകാല രംഗങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്നത്. ഒരിക്കല്‍ക്കൂടി ഭരണകക്ഷിക്കാരായ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴവിടെ. റോഡുവഴിയും റെയില്‍വഴിയുമുള്ള ഗതാഗതമാകെ സ്തംഭിച്ച് സംസ്ഥാനങ്ങള്‍ നിശ്ചലതയിലേക്ക് നീങ്ങുകയാണ്.

p-chidamparam
ആര്‍ മറുപടി തരും : ചോദ്യങ്ങളുമായി മുന്‍മന്ത്രി പി ചിദംബരം

രാജ്യസഭയില്‍ മുന്‍ മന്ത്രിയും നൂറുദിവസം ജയിലില്‍ കിടന്ന് ഈയിടെമാത്രം പുറത്തുവന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളും ഒടുവില്‍ അമിത് ഷാ നല്‍കിയ മറുപടിയും പരിശോധിച്ചാല്‍ നരേന്ദ്രമോദിയുടെ ഭരണം ജനങ്ങളെയും രാജ്യത്തെയും എവിടേക്കാണ് നയിക്കുന്നതെന്ന് വ്യക്തമാകും. ചിദംബരം ചോദിച്ചു: നമ്മള്‍ പാസാക്കുന്ന ഈ നിയമം ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന് നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങളായ നമുക്കു പറയാന്‍ കഴിയണം. അതേക്കുറിച്ച് തനിക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. ആരാണ് അത് സഭയില്‍ തീര്‍ത്തുതരിക?

ഒന്ന്, ഈ നിയമം കൊണ്ടുവന്നതിന് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ മറുപടി സഭയുടെ മേശപ്പുറത്തു വെക്കണം. അഥവാ അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അദ്ദേഹത്തെ സഭയില്‍ വിളിച്ചുവരുത്തണം. ചോദ്യങ്ങള്‍ക്കു അറ്റോര്‍ണി ജനറല്‍ മറുപടി പറയണം.

രണ്ട്, ഈ ബില്‍ പൗരന്മാരുടെ തുല്യത സംബന്ധിച്ച ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. സുപ്രിംകോടതിയില്‍ ഇതു നിലനില്ക്കില്ല. ഭരണഘടനാ വിരുദ്ധമായ ഈ ബില്ലിന് ആരാണ് ഉപദേശം നല്‍കിയതെന്നു പറയണം.

മൂന്ന്, അയല്‍ രാജ്യങ്ങളില്‍ മതപരമായ പീഢനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് പുതിയ പൗരത്വ നിയമഭേദഗതി എന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. എങ്കില്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലദേശ് എന്നീ മൂന്നു രാജ്യങ്ങളെ മാത്രം വേര്‍തിരിച്ച് പരിഗണിച്ചത് എന്തിനാണ്. എങ്ങനെയാണ് അഹമ്മദീയ, ഹസറാസ്, റോഹിംഗ്യന്‍ എന്നിവരെ ഒഴിവാക്കിയത്. ക്രിസ്ത്യന്‍, ജൂതര്‍, ഇസ്ലാം എന്നീ ഇബ്രാഹിമിന്റെ മൂന്നു മതക്കാരില്‍ ക്രിസ്ത്യനെ സ്വീകരിച്ച് ജൂതനെയും ഇസ്ലാമിനെയും ഒഴിവാക്കിയതെന്തിനാണ്. അയല്‍ രാജ്യമായ ശ്രീലങ്കയിലെ ഹിന്ദുക്കളെയും ഭൂട്ടാനിലെ ക്രിസ്ത്യാനികളെയും എന്തുകൊണ്ട് ഒഴിവാക്കി?

ഈ രാജ്യങ്ങളില്‍ മതാടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തല്‍ നടക്കുന്നു എന്നാണ് പറയുന്ന കാരണം. രാഷ്ട്രീയ കാരണങ്ങളാലും ഭാഷാപരമായ കാരണങ്ങളാലും ആഭ്യന്തര യുദ്ധങ്ങളാലും മറ്റും അടിച്ചമര്‍ത്തപ്പെടുന്നത് എന്തുകൊണ്ടാണ് ബില്ലില്‍ ഉള്‍പ്പെടുത്താതിരുന്നത്?

ബില്ലില്‍ പറയുന്ന ന്യൂനപക്ഷം ഇന്ത്യയിലെ ന്യൂനപക്ഷമല്ലെന്നും, അതതു രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളാണെന്നുമാണ് അമിത് ഷാ ചര്‍ച്ചയുടെ മറുപടിയില്‍ പറഞ്ഞത്. അതുകൊണ്ടാണ് ഭരണഘടനയുടെ 14-ാം അനുച്ഛാദത്തിന് വിരുദ്ധമല്ലെന്നു പറഞ്ഞത്. എന്നാല്‍ പീഢിപ്പിക്കപ്പെടുന്ന മുസ്ലിം ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്താത്ത വിവേചനത്തെപ്പറ്റി അദ്ദേഹം നിശബ്ദനായി. ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ, ഭരണഘടനാ അസംബ്ലിയില്‍ പ്രധാനമന്ത്രി നെഹ്‌റു അവതരിപ്പിച്ച് പാസാക്കിയ നയപ്രഖ്യാപന പ്രമേയത്തിന്റെ ആറാം ഖണ്ഡികയില്‍ ഇന്ത്യയില്‍ ‘ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന്’ വ്യവസ്ഥ ചെയ്തിരിക്കെ. ഈ വ്യവസ്ഥ ഉള്‍പ്പെട്ട നയപ്രഖ്യാപന പ്രമേയം ഭരണഘടനയുടെ ആമുഖമായി നിലനില്ക്കുന്ന സാഹചര്യത്തില്‍. നീതിന്യായവ്യവസ്ഥ ഈ നിയമം തള്ളുമെന്ന ചിദംബരത്തിന്റെ പ്രത്യാശ ജനാധിപത്യ ഇന്ത്യയുടെ ആകെ പ്രതീക്ഷയാണ്.

മറുപടിക്കൊടുവില്‍ ചോദ്യവും ഉത്തരവുമായി അമിത് ഷാ പറഞ്ഞതുകൂടി കേള്‍ക്കുക: വിദേശരാജ്യങ്ങളില്‍നിന്നുള്ള ഈ ആറ് മതവിഭാഗക്കാര്‍ക്കു എന്തിനാണ് ഈ നിയമം കൊണ്ടുവരുന്നത്? തങ്ങള്‍ അനധികൃത കുടിയേറ്റക്കാരാണെന്നു പറയാന്‍ ആളുകള്‍ക്കു ഭയമാണ്. നിയമം നിലവില്‍ വന്നാല്‍ ആയിരകണക്കില്‍ അപേക്ഷകരുണ്ടാകും.

മോദി ഗവണ്മെന്റു വന്നതുമുതല്‍ ന്യൂനപക്ഷങ്ങള്‍ പറയുന്നത് അവര്‍ക്ക് ഭയമാണെന്നാണ്. ഏറ്റവും ഒടുവില്‍ രാഹുല്‍ ബജാജുപോലും അവരുടെ ഭയം ഇന്ത്യന്‍ വ്യവസായികളുടെ മനസിലെ ഭയമാണെന്നു പറഞ്ഞു. പക്ഷെ, നമ്മുടെ രാജ്യത്തെ പൗരന്മാരുടെ ആ ഭയം നീക്കുന്നതിനുപകരം, ഇന്ത്യയുടെ വിഭജനകാലത്ത് പരിഗണിക്കാത്ത ഒരു വിഭാഗക്കാരുടെ ഭയം നീക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ നിയമം കൊണ്ടുവരികയാണ് അമിത് ഷാ.

amit-shah
പയര്‍ അഞ്ഞാഴി : മറുപടി ഇല്ലാതെ ആഭ്യന്തരമന്ത്രി അമിത് ഷാ

ജമ്മു-കശ്മീരിന്റെ പ്രത്യേക സംസ്ഥാനപദവി നീക്കിയതടക്കമുള്ള കേന്ദ്ര ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ ഉണ്ടാകാതിരുന്ന പ്രത്യാഘാതങ്ങള്‍ ആഭ്യന്തരമായും സാര്‍വ്വദേശീയമായും ഇന്ത്യാ ഗവണ്മെന്റ് ഇപ്പോള്‍ നേരിടുകയാണ്. അസം, ത്രിപുരയടക്കമുള്ള ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലെ സംഘര്‍ഷങ്ങള്‍ യു.എന്നിനെപോലും ജാഗ്രമാക്കി. ഡിസംബര്‍ 15ന് ഗുവാഹത്തിയില്‍ നടക്കാനിരുന്ന ഇന്ത്യാ- ജപ്പാന്‍ ഉന്നതതലം റദ്ദാക്കി. പുതിയ നിയമത്തിലും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ മതപീഢനം നടക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞതിലും പ്രതിഷേധിച്ച്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്ത്യാ സന്ദര്‍ശനം വ്യാഴാഴ്ച റദ്ദാക്കുകയും ചെയ്തു.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സൊ ആബേയും നരേന്ദ്രമോദിയും തമ്മിലുള്ള ഉന്നതതല ചര്‍ച്ച അസമിലെയും സമീപ സംസ്ഥാനങ്ങളിലെയും ക്രമസമാധാനനില ഗുരുതരമായതിന്റെ പേരിലാണ് തല്ക്കാലം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായത്. ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള ജപ്പാന്‍ സഹായം കേന്ദ്രബിന്ദു വാക്കിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി ഗുവാഹത്തിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. മേഖലയില്‍ പെട്ടെന്നുയര്‍ന്ന പ്രക്ഷോഭത്തെതുടര്‍ന്ന് ഉന്നതതലം ഡല്‍ഹിയില്‍ നടത്താന്‍ ഇന്ത്യ തയാറായെങ്കിലും ജപ്പാന്‍ അനുകൂലിച്ചില്ല. ഉച്ചകോടിയുടെ വേദിയാണ് അതിന്റെ യഥാര്‍ത്ഥ സന്ദേശമെന്നതുകൊണ്ട് മറ്റൊരു അവസരത്തില്‍ ആ മേഖലയില്‍തന്നെ ആവാമെന്ന് ജപ്പാന്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.

ഇന്ത്യയില്‍ നടപ്പിലാക്കിയ പുതിയ പൗരത്വ നിയമഭേദഗതി അടിസ്ഥാനപരമായി വിവേചനമുള്ളതാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗം പ്രസ്താവിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് യു.എന്‍ വ്യക്തമാക്കിയത് നരേന്ദ്രമോദി ഗവണ്മെന്റിന് സാര്‍വ്വദേശീയ രംഗത്ത് ഏറ്റ വലിയ പ്രഹരമായി. മോദി ഗവണ്മെന്റിനോട് ഏറെ ചങ്ങാത്തം പുലര്‍ത്തുന്ന യു.എസ് ഗവണ്മെന്റ് ന്യൂനപക്ഷ മതവിഭാഗക്കാരുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതും ശ്രദ്ധേയമാണ്. മതസ്വാതന്ത്ര്യവും തുല്യ പരിഗണനയും നിയമപ്രകാരം നല്‍കുക എന്നത് ഇരു രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണെന്ന് യു.എസ് ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വക്താവ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി അസമിലെയും മറ്റും സംഭവവികാസങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ തലത്തിലേക്കു കടന്നിട്ടുണ്ടോയെന്ന് നിരീക്ഷിക്കയാണെന്നാണ് വ്യക്തമാക്കിയത്. ഇതോടൊപ്പം ആഭ്യന്തരമന്ത്രി അമിതാ ഷായുടെ അരുണാചല്‍ പ്രദേശ്, മേഘാലയ സന്ദര്‍ശനം റദ്ദാക്കിയതും പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭീതിയിലാണ്.

അസമില്‍ പൊലീസ് വെടിവെപ്പില്‍ അഞ്ചുപേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും മൂന്നുപേര്‍ ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തതോടെ പ്രക്ഷോഭം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണ്. അസമിലും ത്രിപുരയിലും സൈന്യത്തെപോലും നിയോഗിച്ചിട്ടും നിരോധനാജ്ഞയും നിശാനിയമവുമടക്കം ലംഘിച്ച് പ്രതിഷേധവുമായി ജനങ്ങള്‍ ആയിരകണക്കില്‍ തെരിവിലിറങ്ങിയത് മോദി സര്‍ക്കാറിനെ അങ്കലാപ്പിലാക്കി. നൂറുദിവസം ജമ്മു-കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഒരാളുടെ മരണംപോലും റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് പാര്‍ലമെന്റില്‍ അവകാശപ്പെട്ട അമിത് ഷായെ ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങള്‍ ഞെട്ടിച്ചു.

കേന്ദ്രഗവണ്മെന്റും അസം വിദ്യാര്‍ത്ഥി സമരസമിതിയും തമ്മിലുണ്ടാക്കിയ അസം കരാര്‍ ലംഘിക്കുന്നതാണ് അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാക്കിസ്താന്‍ എന്നീ മൂന്ന് അതിര്‍ത്തി രാജ്യങ്ങളില്‍നിന്ന് അനധികൃതമായി കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കാനുള്ള പുതിയ നിയമമെന്ന് അസം ജനത വിശ്വസിക്കുന്നു. അതും ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പഴ്‌സി, ക്രിസ്ത്യന്‍ മതങ്ങളില്‍നിന്നുള്ളവരെ. ഈ രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക് പുതിയ നിയമം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെന്നപോലെ ഇവിടെയും പൗരത്വത്തിന് അവകാശം നല്‍കുന്നില്ല. എന്നാല്‍ മതവിഭാഗക്കാരായ വിദേശ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥികളുടെ പേരില്‍ പൗരത്വം നല്‍കുന്നതിലൂടെ അസം ഭാഷയും സംസ്‌ക്കാരവും സ്വത്വവും ഉള്‍ക്കൊള്ളുന്ന തദ്ദേശീയര്‍ തങ്ങളുടെ സംസ്ഥാനത്ത് പിന്തള്ളപ്പെടുമെന്ന ആകുലത പട്ടാളത്തേയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും നിരോധങ്ങളെയും മറികടന്ന് പ്രക്ഷോഭം തുടരാന്‍ അവരെ പ്രേരിപ്പിക്കുന്നു.

നീണ്ട വര്‍ഷങ്ങള്‍ ഇടത് ഭരണത്തിലായിരുന്ന ത്രിപുരയിലും പ്രക്ഷോഭം ആളിപ്പടരുന്നത് നിയന്ത്രിക്കാനാവാതെ സൈന്യത്തെതന്നെ രംഗത്തിറക്കേണ്ടി വന്നു. അരുണാചല്‍ തുടങ്ങി ഉത്തരപൂര്‍വ്വ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം ആളിപ്പടരുന്നു. അസംകാര്‍ക്ക് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി പ്രത്യേക സന്ദേശത്തിലൂടെ ആശ്വസിപ്പിക്കാന്‍ നിര്‍ബന്ധിതനായി.

അസമില്‍ ഭരണാധികാരം കിട്ടിയതിന്റെ പിന്‍ബലത്തിലാണ് ത്രിപുരയടക്കം ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചടക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബി.ജെ.പി എം.എല്‍.എമാരുടെയും വീടുകള്‍ക്കു നേരെപോലും പ്രക്ഷോഭകാരികള്‍ നീങ്ങുന്നത്.

പതിറ്റാണ്ടുകള്‍ രക്തരൂഷിത പ്രക്ഷോഭം നേരിട്ട അസമില്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകളെയും ഇന്റലിജന്റ്‌സ് ഏജന്‍സികളെയും ഉത്ക്കണ്ഠപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്‌തോളൂ, എന്നാല്‍ നിയമം കയ്യിലെടുക്കരുത് എന്ന് അസം ഗവര്‍ണര്‍. ഇന്റര്‍നെറ്റ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ നിശ്ചലമാക്കിയും എസ്.എം.എസുകള്‍ തടഞ്ഞും ജനങ്ങളുടെ പ്രക്ഷോഭം പരാജയപ്പെടുത്താനുള്ള ശ്രമം അസമിലും അയല്‍ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടു.

കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന ഗവണ്മെന്റുകള്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ഇന്ത്യ കത്തുകയാണ്. ഭരണഘടനയുടെ ആമുഖത്തിന് തീകൊളുത്തി അതിനു തുടക്കമിട്ടത് മോദിയുടെ ബി.ജെ.പി ഗവണ്മെന്റും അമിത് ഷായുമാണ്.

Print Friendly, PDF & Email

Related News

Leave a Comment