Flash News

നമ്മുടെ റിപ്പബ്ലിക്കിന്റെ അടി മാന്തുകയാണിവര്‍ (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

December 18, 2019

Nammude bannerആമസോണ്‍ കാടുകള്‍ കത്തുന്നതുപോലുള്ള സ്ഥിതിയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വളരുന്നത്. ആമസോണ്‍ കാടുകള്‍ കത്തിച്ചതാണ് എന്നതുപോലെതന്നെ പൗരത്വ നിയമത്തില്‍ മായം കലര്‍ത്തിയത് ഭരണഘടന അട്ടിമറിച്ചുകൊണ്ടാണെന്ന തിരിച്ചറിവാണ് രാജ്യം ഇളക്കിമറിക്കുന്നത്. മുഖ്യമന്ത്രിമാര്‍ മുതല്‍ മതസംഘടനാ നേതാക്കളും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും അധ്യാപകരുംവരെ തെരുവുകളിലിറങ്ങി പ്രതിഷേധിക്കുന്നത്.

നിക്ഷിപ്ത താല്പര്യക്കാര്‍ സമൂഹത്തെ വിഭജിക്കുന്നതാണ് പിന്നിലെന്നാണ് പ്രധാനമന്ത്രി മോദി ട്വീറ്ററില്‍ എഴുതിക്കൊണ്ടിരിക്കുന്നത്. നിക്ഷിപ്ത താല്പര്യക്കാര്‍ പ്രധാനമന്ത്രിയുടെ മന്ത്രിസഭയിലിരുന്ന് നടപ്പാക്കുന്ന ഒരു മഹാ അട്ടിമറിയുടെ ഭാഗമാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തു സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി ഭാവിക്കുന്നില്ലെന്നു മാത്രം. അതിന്റെ രണ്ടു തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടും. പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ എഴുന്നേറ്റുനിന്ന അഭ്യന്തരമന്ത്രി അമിത് ഷാ ‘ഇവിടെയുള്ള മുസ്ലിംങ്ങള്‍ ഭയക്കേണ്ടതില്ലെ’ന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ‘അങ്ങേയറ്റം അപകടകരമായ കാര്യമാണ് അമിത് ഷാ പറഞ്ഞതെ’ന്ന് കോണ്‍ഗ്രസ് നേതാവും ഭരണഘടനാ വിദഗ്ധനുമായ കപില്‍ സിബല്‍ തിരിച്ചടിച്ചു: ‘ഹിന്ദുസ്ഥാനിലെ ഒരു മുസല്‍മാനും അങ്ങയെ പേടിക്കുന്നില്ല. ഞാന്‍ ഭയപ്പെടുന്നില്ല. ഒരു മുസല്‍മാനും താങ്കളെ ഭയപ്പെടുന്നില്ല. ഒരു പൗരനും താങ്കളെ പേടിക്കുന്നില്ല. ഞങ്ങള്‍ ഭയപ്പെടുന്നത് ഭരണസംവിധാനത്തെ മാത്രമാണ്.’ കപില്‍ തുറന്നടിച്ചു.

അതിനടുത്തദിവസമാണ് ഡല്‍ഹിയില്‍ ജാമിയാമില്ല സര്‍വ്വകലാശാലയിലും യു.പിയില്‍ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലും അധികൃതരുടെ അനുവാദമില്ലാതെ പൊലീസ് ഇരച്ചുകയറിയതും വിദ്യാര്‍ത്ഥികള്‍ക്കുനേരെ അതിക്രമങ്ങള്‍ നടത്തിയതും. അതിനെ തുടര്‍ന്ന് രാജ്യത്തെ സര്‍വ്വകലാശാലകളിലാകെ പ്രതിഷേധമിരമ്പി.

മുസ്ലിം ഭൂരിപക്ഷമുള്ള സര്‍വ്വകലാശാലകളെ ലക്ഷ്യമിട്ട് പൊലീസിനെ അകത്തുകയറ്റി വിദ്യാര്‍ത്ഥികളെ കടന്നാക്രമിച്ച് രാജ്യത്ത് അവരെന്തോ കുഴപ്പമുണ്ടാക്കിയെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. രാജ്യത്ത് വര്‍ഗീയതയുടെ വിഭജനം സൃഷ്ടിക്കുന്ന ആസൂത്രിത നീക്കമായിരുന്നു ഇത്. രാജ്യസഭയില്‍ കപില്‍ സിബല്‍ നേരിട്ടതുപോലെ ഇതിനെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതനിരപേക്ഷ ശക്തികളാകെ പ്രതിഷേധക്കടല്‍ തീര്‍ത്ത് നേരിടുകയാണ് പക്ഷെ ചെയ്തത്.

നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഭരണഘടന തകര്‍ക്കുക മാത്രമല്ല എഴുപത്തിമൂന്ന് വര്‍ഷം മുമ്പ് ഇന്ത്യന്‍ ഭരണഘടനയുടെ ആധാരശിലയായി ഭരണഘടനാ നിര്‍മ്മാണസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രമേയത്തിന്റെ അടിത്തറയും ലക്ഷ്യവുംപോലും തകര്‍ക്കുകയാണ്. മഹാരഥന്മാരും വീരപുത്രന്മാരുമായ നൂറുകണക്കില്‍പേര്‍ ജീവന്‍ കൊടുത്തും ത്യാഗം സഹിച്ചും പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെ നേടിയ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ആത്മാവും ലക്ഷ്യവുമാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതും സ്വാതന്ത്ര്യ സമരത്തിന്റെ ചോരപ്പുഴ നീന്തിക്കടന്ന മുന്‍ തലമുറയുടെ ത്യാഗത്തിലും പോരാട്ടത്തിലും ഒരു പങ്കും വഹിച്ചിട്ടില്ലാത്ത ആര്‍.എസ്.എസും അതിന്റെ പില്‍ക്കാല രാഷ്ട്രീയോല്പന്നമായ ബി.ജെ.പിയും ചേര്‍ന്ന്.

opposition

പിന്‍വലിക്കണം : പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചശേഷം പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ പുറത്തുവരുന്നു.

ഇതിന്റെ ആഴവും പരപ്പും അപകടവും തിരിച്ചറിയണമെങ്കില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട് നാം സംരക്ഷിച്ചുപോന്ന നമ്മുടെ ജനാധിപത്യ – മതനിരപേക്ഷ റിപ്പബ്ലിക്കിന്റെയും അതിന്റെ നിയാമക ശക്തിയായ ഭരണഘടനയുടെയും അന്തസത്തയും ചരിത്രവും പരിശോധിക്കണം. ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ പാര്‍ലമെന്റിലെ കേവല പിന്തുണയുടെ ആധികാരികതയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഭരണഘടനയുടെ അടിത്തറ തകര്‍ത്ത് രാജ്യത്തെ രണ്ടാമതൊരു വിഭജനത്തിലേക്ക് നയിക്കുന്ന ഗൂഢാലോചനയിലാണ്.

ഇന്ത്യയെ ഒരു ജനാധിപത്യ സ്വതന്ത്ര റിപ്പബ്ലിക്കായി രൂപപ്പെടുത്തുന്നതിനുള്ള ഭരണഘടനാ നിര്‍മ്മാണസഭ തുടങ്ങിയതിന്റെ അഞ്ചാംദിവസം 1946 ഡിസംബര്‍ 13ന് നയപ്രഖ്യാപന പ്രമേയം അവതരിപ്പിച്ച് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തിലേക്ക് വീണ്ടും തിരിഞ്ഞുനോക്കിയാല്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും 130 കോടി വരുന്ന ഇന്ത്യന്‍ ജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍പ്പം ശ്രമിക്കുകയാണെന്നു കാണാം.

ഭരണഘടനാസഭ രൂപംകൊടുക്കാന്‍ പോകുന്ന ഭരണഘടനാരൂപം എന്തുതന്നെയായാലും ഭരണഘടനയുടെ അടിസ്ഥാന നയവും അതു സംബന്ധിച്ച ഉറപ്പും എന്താണെന്നു പ്രഖ്യാപിക്കുകയായിരുന്നു നെഹ്‌റു. നയപ്രഖ്യാപന പ്രമേയത്തിന്റെ 5, 6 ഖണ്ഡികകളില്‍ അതിങ്ങനെ രേഖപ്പെടുത്തിയിരുന്നു : ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നിയമത്തിനുമുമ്പില്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തുല്യമായ പദവിയും അവസരവും ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുന്നു. ചിന്തിക്കാനും അഭിപ്രായപ്രകടനത്തിനും, വിശ്വാസത്തിനും മതവിശ്വാസത്തിനും, ആരാധനയ്ക്കും, തൊഴിലെടുക്കാനും, നിയമാനുസൃതമായും പൊതു ധാര്‍മ്മികതയ്ക്കു വിധേയമായും സംഘടിക്കാനും സമരം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു.

• ന്യൂനപക്ഷങ്ങള്‍, പിന്നോക്കക്കാര്‍, ഗോത്രവര്‍ഗ പ്രദേശങ്ങള്‍, അടിച്ചമര്‍ത്തപ്പെട്ടവരും മറ്റുമായ പിന്നോക്കവര്‍ഗക്കാര്‍ എന്നിവര്‍ക്ക് പര്യാപ്തമായ സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുമെന്നു പ്രഖ്യാപിക്കുന്നു.

ഭരണഘടന സംബന്ധിച്ച അടിസ്ഥാനനയം ഈ പ്രമാണങ്ങളാണ്. അതാണ് നമ്മുടെ രാജ്യത്തെ ലോകത്തിനുമുമ്പില്‍ വലിയൊരു ജനാധിപത്യ മാതൃകയായി ഇക്കാലമത്രയും നിലനിര്‍ത്തിയത്. അവിശ്വസനീയമാംവിധം അതാണിപ്പോള്‍ ആസൂത്രിതമായി തകര്‍ക്കപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ചും പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള തീരുമാനവും പൗരത്വ നിയമ ഭേദഗതിയിലൂടെ ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍, ജെയ്‌ന മതവിഭാഗക്കാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള നിയമഭേദഗതിയും ചേര്‍ത്തു വായിച്ചാല്‍ അതു വ്യക്തമാണ്.

മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മു-കശ്മീരില്‍ അവരെ ന്യൂനപക്ഷമാക്കി മാറ്റുക, ഉത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലെ ഭാഷാ ഗോത്ര വിഭാഗങ്ങളുടെ ഭൂരിപക്ഷവും സ്വത്വവും ഭാഷാ സവിശേഷതയും ഇല്ലാതാക്കുക. മൊത്തത്തില്‍ മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വീണ്ടും വിഭജിക്കുകയാണ്.

മതിയായ സമയവും അവസരവും ചര്‍ച്ചയ്ക്കു നിഷേധിച്ചും ഏകപക്ഷീയമായി പ്രതിപക്ഷാംഗങ്ങളുടെ വിമര്‍ശനങ്ങള്‍ തടസപ്പെടുത്തിയും തമസ്‌ക്കരിച്ചും അതീവ രഹസ്യമായും സാങ്കേതികമായും ഇതിനുവേണ്ട ഭേദഗതികള്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികളെക്കൊണ്ട് ഭീഷണിപ്പെടുത്തിയും അധികാരം ദുരുപയോഗപ്പെത്തിയും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകള്‍ക്കു പകരം വിലയ്‌ക്കെടുത്ത പിന്തുണകൊണ്ടാണ് രാജ്യസഭയില്‍ പൗരത്വ ഭേദഗതിനിയമം പാസാക്കിയെടുത്തതുതന്നെ എന്നു കാണാം. എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.യുവിലും അകാലിദളിലും അസം ഗണപരിഷത്തിലും എന്‍.ഡി.എ വിട്ട ശിവസേനയിലും പാര്‍ലമെന്റിലെ വോട്ടെടുപ്പിനുശേഷം ഉണ്ടായ നിലപാട് മാറ്റവും പൊട്ടിത്തെറികളും ഇതിന്റെ തെളിവാണ്. ബി.ജെ.പിയില്‍തന്നെ ഈ ബില്ലിനെതിരെ ചില സംസ്ഥാനങ്ങളില്‍ ശക്തമായ എതിര്‍പ്പും ചില നേതാക്കളുടെ രാജിയും ഉണ്ടായിട്ടുണ്ട്.

നിയമഭേദഗതികളെ സമഗ്രമായി പഠിക്കാനും മനസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാനും അനുവദിക്കാതെയാണ് നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നു പറഞ്ഞല്ലോ. ഭരണഘടനാ നിര്‍മ്മാണസഭയില്‍ പരമാവധി സമയം അനുവദിച്ചും തുറന്നു സംവദിച്ചും യോജിച്ച തീരുമാനത്തിലെത്താന്‍ വിട്ടുവീഴ്ച ചെയ്തുമാണ് നിയമനിര്‍മ്മാണം നടത്തിയിരുന്നത്. പൊതു ജനങ്ങള്‍ക്കും ലോകത്തിനും മുമ്പില്‍ സത്യം ഒളിപ്പിച്ചു പിടിച്ച് ഭരണഘടനയെ ആസൂത്രിത ഗൂഢാലോചനയിലൂടെ അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ കണ്ടത്.

ആഭ്യന്തരമന്ത്രി അമിത് ഷായെ കപില്‍ സിബലും മറ്റും രാജ്യസഭയില്‍ ഉത്തരംമുട്ടിച്ചതും നാണം കെടുത്തിയതും പുറംലോകം അറിയാതിരിക്കാന്‍ രാജ്യസഭയില്‍ അധ്യക്ഷന്‍ ടി.വി ക്യാമറകള്‍ ഓഫ് ചെയ്യിച്ചു. പാര്‍ലമെന്റില്‍പോലും ജനാധിപത്യം അട്ടിമറിക്കുന്നു എന്ന അപകട മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്. സ്പീക്കറും സഭാദ്ധ്യക്ഷന്മാരും രഹസ്യ ഏജന്റുമാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയുടെ പരമാധികാര – ജനാധിപത്യ റിപ്പബ്ലിക്കിന്റെ ജാതകമെന്ന് വിശേഷിപ്പിക്കപ്പെട്ട ലക്ഷ്യപ്രഖ്യാപന പ്രമേയം ചര്‍ച്ചചെയ്യാന്‍ നീണ്ട ആറ് ആഴ്ചകളാണ് ഭരണഘടനാ നിര്‍മ്മാണസഭ എടുത്തത്. ഏതാണ്ട് മൂന്നുവര്‍ഷത്തോളമെടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് ഭരണഘടനാ സഭ ചര്‍ച്ചചെയ്ത് പാസാക്കിയത്. പിന്നീട് ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ഡ്രാഫ്റ്റിംഗ് സമിതി ലക്ഷ്യപ്രഖ്യാപന പ്രമേയം ഭരണഘടനയുടെ ആമുഖമായി ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും ഓരോ പാതിരാചര്‍ച്ചകളോടെ ഭരണഘടന ജനങ്ങള്‍ക്കു നല്‍കിയ എല്ലാ ഉറപ്പുകളും ഇപ്പോള്‍ ഭരണഘടന ഭേദഗതിചെയ്യാതെ നിയമഭേദഗതികളിലൂടെ ഇല്ലാതാക്കുന്നു. അടുത്ത മണിക്കൂറുകളില്‍തന്നെ അത് രാഷ്ട്രപതിക്കെത്തിച്ചു കയ്യൊപ്പുവാങ്ങി നിയമമാക്കുന്നു. അതുകൊണ്ടാണ് ചരിത്രത്തിലില്ലാത്തവിധം രാഷ്ട്രപതിയുടെ കയ്യൊപ്പ് ഉണങ്ങുന്നതിനു മുമ്പുതന്നെ സുപ്രിംകോടതിയില്‍ പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കുന്നുകൂടിയത്.

ഭരണഘടനാ നിര്‍മ്മാണസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ് പ്രധാനമന്ത്രി നെഹ്‌റു ഇന്ത്യന്‍ റിപ്പബ്ലിക്കിലെ കേന്ദ്ര – സംസ്ഥാന ബന്ധം നിര്‍വ്വചിച്ചിരുന്നു. നിശ്ചിത വിഷയങ്ങളില്‍ കേന്ദ്രത്തിനുള്ള അധികാരം. അതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്കാളിത്തവും ഉത്തരവാദിത്വവും. അതൊഴിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വയംഭരണ യൂണിറ്റുകളായിരിക്കും എന്ന് ഉറപ്പുനല്‍കിയിരുന്നു. എന്തു പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരിക്കലും ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ സ്വാതന്ത്ര്യവും മറ്റുചില ഇടങ്ങളില്‍ അതിന്റെ നിഷേധവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. അത് ലോകത്തിന്റെ പലഭാഗത്തും നടക്കുന്നതുപോലുള്ള വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും. ചില സംസ്ഥാനങ്ങളില്‍ രാജവാഴ്ചപോലുള്ള ഭരണം വേണമെന്ന് തീരുമാനിച്ചാല്‍ അതവരുടെ തീരുമാനത്തിന് വിധേയമാണ്. താന്‍ നിലകൊള്ളുന്നത് ഒരു റിപ്പബ്ലിക്കന്‍ ഭരണത്തിനാണെങ്കിലും.

എന്നാലിപ്പോള്‍ കേന്ദ്രം പാസാക്കുന്നതെന്തും ഭയഭക്തി ബഹുമാനത്തോടെ അംഗീകരിച്ച് നടപ്പാക്കുന്ന സാമന്തന്മാരാണ് സംസ്ഥാന സര്‍ക്കാറുകളെന്നാണ് മോദിയും അമിത് ഷായും തിരുത്തുന്നത്.

ഭരണഘടനാസഭ അംഗീകരിച്ച അടിസ്ഥാന നയങ്ങളും ഭരണഘടന അംഗീകരിച്ച പരമാധികാര – ജനാധിപത്യ – മതനിരപേക്ഷ – സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ആത്മാവുമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നശിപ്പിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. ഫെഡറലിസത്തിന് ചരമക്കുറിപ്പെഴുതുന്ന നടപടികള്‍ സംസ്ഥാനങ്ങള്‍ക്കെതിരെ സ്വീകരിച്ചും പൗരത്വ ഭേദഗതിനിയമംപോലുള്ളവ അടിച്ചേല്‍പ്പിച്ചും മാത്രമല്ല മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ ജയിലാക്കി പ്രഖ്യാപിച്ചും കരുതല്‍ തടങ്കലില്‍വെച്ചും ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അടച്ചുപൂട്ടിയും നിശാനിയമങ്ങള്‍ ഏര്‍പ്പെടുത്തിയും ജമ്മു-കശ്മീരില്‍ മൂന്നുമാസത്തിലേറെയായി നിലനില്‍ക്കുന്ന കേന്ദ്രത്തിന്റെ സര്‍വ്വാധിപത്യ ഭരണത്തിന്റെ വല മറ്റു സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതാണ് ബംഗാളിലും ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളിലും കാണുന്നത്.

മോദി- അമിത് ഷാ അജണ്ടകള്‍ ഇവിടെ അവസാനിക്കുന്നില്ല. 2018ല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് അഞ്ചുമാസങ്ങള്‍ക്കുമുമ്പുതന്നെ അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും നരേന്ദ്രമോദിയെ ഇന്ത്യയുടെ കരുത്തുറ്റ ഭരണാധികാരിയായി നിലനിര്‍ത്തുന്നതിനുള്ള ഒരജണ്ട പ്രധാനമന്ത്രിയുടെ ഓഫീസില്‍ രൂപപ്പെടുത്തിയിരുന്നു. ആര്‍.എസ്.എസിന്റെ അറിവോടെ – ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിന്റെ കാര്‍മ്മികത്വത്തില്‍. തെരഞ്ഞെടുപ്പിനുശേഷം അമിത് ഷാ ആഭ്യന്തരമന്ത്രിയായപ്പോള്‍ ഡോവലും പ്രധാനമന്ത്രിയുടെ ഓഫീസും ആഭ്യന്തരമന്ത്രിയും ചേര്‍ന്നാണ് ഇവ ഓരോന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് – (2018 ഏപ്രില്‍ മാസത്തില്‍തന്നെ ഈ ലേഖകന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഗൂഢപദ്ധതിയൊന്നും അറിയാതെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പോക്കെന്നും എഴുതിയിരുന്നു.)

രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളെയും ഒന്നിച്ചു നയിക്കുന്ന ഒരു സൈനിക മേധാവി, പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് തുടങ്ങിയ അജണ്ടകള്‍കൂടി പിറകെ വരാനിരിക്കുന്നു.

ലക്ഷ്യപ്രഖ്യാപന പ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ പ്രധാനമന്ത്രി നെഹ്‌റുവിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ നമ്മുടെ ക്യാമ്പസുകളിലും തെരുവുകളിലും ഉയരുന്ന പ്രതിഷേധങ്ങളില്‍ യഥാര്‍ത്ഥത്തില്‍ മുഴങ്ങുന്നത്. ‘നമ്മളെല്ലാവരും ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യ നിലനില്‍ക്കുകയാണെങ്കിലേ ഏതു സമുദായമോ പാര്‍ട്ടിയോ ഗ്രൂപ്പോ ആയാലും നാം നിലനില്‍ക്കുകയുള്ളൂ. ഇന്ത്യ താഴേക്കാണ് പതിക്കുന്നതെങ്കില്‍ അത് നമ്മുടെയെല്ലാം പതനവും തകര്‍ച്ചയുമായിരിക്കും. ഇന്ത്യ കരുത്തുള്ള, സ്വതന്ത്ര രാജ്യമായി ജീവിക്കുകയാണ് ഏതു സമുദായത്തിലോ മതത്തിലോ പെട്ടവരായാലും നമുക്കെല്ലാം നല്ലത്.’Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top