Flash News

ക്രിസ്തുമസ്സ് : സ്‌നേഹത്തിന്റെ പെരുന്നാള്‍ (ലേഖനം)

December 19, 2019 , തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍

Christumas snehathinte bannerലോകം മുഴുവനുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പരമ പ്രാധാന്യം നല്‍കി ആഘോഷിക്കുന്ന പുണ്യദിനമാണ് ക്രിസ്തുമസ്സ്! യേശുവിന്റെ തിരുജനനത്തെ ആഘോഷിക്കാത്ത ക്രൈസ്തവ സഭാ വിശ്വാസികളുണ്ട്. എന്നാല്‍ അവരില്‍ പലരും തങ്ങളുടെ മക്കളുടെയും കൊച്ചുമക്കളുടെയും ജന്മദിനത്തെ ആഘോഷിക്കുകയും ചെയ്യുന്നു. സ്വയത്തെയും തജ്ജന്യമായ പാപങ്ങളെയും ഉപേക്ഷിക്കാതെയും ആത്മീയ ജീവിതം നയിക്കുന്ന അനേകായിരങ്ങള്‍ ഇന്ന് സ്വന്തം കണ്ണിലെ കോലിനെ കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരടുകളെ തപ്പി നടക്കുന്നവരായും തീര്‍ന്നിരിക്കുന്നു.

യേശുവിന്റെ തിരുജനനം ഒരു ചരിത്ര സത്യമാകുന്നു. സകല ക്രൈസ്തവ വിശ്വാസികളും അങ്ങനെ തന്നെ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദൈവപുത്രനായ ക്രിസ്തുവിന്റെ മഹത്വപൂര്‍ണ്ണായ തിരുഅവതാരത്തെ നാം ഹൃദയം കൊണ്ടും പ്രവൃത്തിയാലും വാഴ്ത്തി സ്തുതിച്ച് അവന് പ്രസാദകരമായ തിരുമുല്‍ക്കാഴ്ചകള്‍ നല്‍കി ആദരിക്കേണ്ടതാണ്.

എന്താണ് ദൈവത്തിന് പ്രസാദകരമായ ദൈവാരാധന? പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാത്തവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതുമാകുന്നു’.(യാക്കോബ് 1:27). . ഈ വിധമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ തിന്നും മദ്യപിച്ചും മതിമറന്നാഹ്ലാദിക്കുന്ന ലക്ഷ്യമില്ലാത്ത ഒരു ഉത്സവമായി അധഃപ്പതിച്ചു പോയിരിക്കയല്ലേ ക്രിസ്തീയ സമൂഹത്തിന്റെ ഇന്നത്തെ അധികം ക്രിസ്തുമസ്സ് ആഘോഷങ്ങളും?

ക്രിസ്തു ഇന്ന് എവിടെ? അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടോ? നമ്മുടെ ഭവനങ്ങളിലും നമ്മുടെ പ്രായോഗിക ജീവിത രംഗങ്ങളിലും ഇന്ന് ക്രിസ്തു ഉണ്ടോ? ഇല്ലെങ്കില്‍ നമ്മുടെ ദൈവാരാധനകള്‍ കൊണ്ടും പ്രസംഗ- നേര്‍ച്ച കാഴ്ചകളും ഉപവാസ പ്രാര്‍ത്ഥനകള്‍ കൊണ്ടും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ കൊണ്ടും ആത്മരക്ഷാസംബന്ധമായി വല്ല പ്രയോജനവുമുണ്ടോ?

ക്രിസ്തു ആരാണ്? ഭയാനകവും നിരാശാജനകവുമായ മരണത്തില്‍ നിന്നും മാനവരാശിയെ രക്ഷിച്ച് നിത്യജീവനേകുവാന്‍ സര്‍വ്വലോകത്തിന്റെയും ഉടയവനായ ദൈവം തമ്പുരാന്‍ സ്വര്‍ഗ്ഗസിംഹാസനം കൈവിട്ട് ഭൂമിയിലേക്ക് താണിറങ്ങി വന്നു. യഹൂദ്യയിലെ ബേത്‌ലഹേം പട്ടണത്തിലെ ഒരു പശുത്തൊഴുത്തില്‍ ഒരു സാധു സ്ത്രീയുടെ ഉദരത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഉരുവായി മനുഷ്യനായി അവതരിച്ചു. വിശുദ്ധ ലൂക്കോസ് അവന്റെ തിരുപ്പിറവിയെ ഇങ്ങനെയാണ് വര്‍ണ്ണിച്ചിരിക്കുന്നത്. ‘ഭയപ്പെടേണ്ട, സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു’. അവന്‍ മനുഷ്യരാശിയുടെ മുഴുവന്‍ ദൈവമാകുന്നു എന്ന് ഈ തിരുവചനവും ബൈബിള്‍ മുഴുവനായും ഘോഷിക്കുന്നു.

ക്രിസ്തുമസ് സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും പെരുന്നാളാകുന്നു! ക്രിസ്തുവിന്റെ സ്വര്‍ഗരാജ്യത്തിന്റെ അടിത്തറ അതിരും അയിത്തവും ഇല്ലാത്ത വിശ്വംഭരിയായ സ്നേഹമാകുന്നു. ചുങ്കക്കാരോടും മുക്കുവന്മാരോടും താണ ജാതിക്കാരോടുമൊക്കെയായിരുന്നു അവന്റെ സംസര്‍ഗവും! ക്രിസ്തുവിന്റെ ഏറ്റവും വലിയ കല്‍പ്പന നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്നും, നിങ്ങളില്‍ രണ്ടു വസ്ത്രമുള്ളവന്‍ ഒന്ന് ഇല്ലാത്തവനും കൊടുപ്പിന്‍ എന്നുള്ളതുമാകുന്നു. മരണം വരെയും ക്രിസ്തു ജീവിച്ചത് മറ്റുള്ളവര്‍ക്കു വേണ്ടി മാത്രമായിരുന്നു! അങ്ങനെയുള്ള മറ്റൊരു ജീവിതവും ചൂണ്ടികാണിക്കുവാനായി ലോകത്തില്‍ ഇല്ല! അവന്റെ അതുല്യ മനോഹരമായ ജീവിതത്തെ മനസ്സിലാക്കിയിട്ടായിരുന്നു ‘കരബലത്താല്‍ ഞാന്‍ സാമ്രാജ്യങ്ങളെ സ്ഥാപിച്ചു. യേശു ക്രിസ്തുവോ സ്‌നേഹത്താല്‍ തന്റെ സാമ്രാജ്യത്തെ സ്ഥാപിച്ചു’ എന്ന് മഹാനായ നെപ്പോളിയന്‍ ചക്രവര്‍ത്തിയെക്കൊണ്ടുപോലും പറയിപ്പിക്കാന്‍ ഇടയായത്.

‘എനിക്ക് വിശന്നു നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല. ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല. അതിഥിയായിരുന്നു നിങ്ങള്‍ എന്നെ ചേര്‍ത്തു കൊണ്ടില്ല രോഗിയും തടവിലുമായിരുന്നു നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല’ എന്ന് ആത്മരോഷത്തോട് തന്റെ അനുയായികളോട് പറഞ്ഞ മഹോന്നതനും സ്‌നേഹനിധിയും കാരുണ്യവാനും, വിശുദ്ധരില്‍ അതിവിശുദ്ധനും, വിനയാനതരില്‍ അതിവിനയാനിതനുമായ ദൈവപുത്രനായ ക്രിസ്തുവിന്റെ തേജസ്സേറിയ തിരുജനനത്തെ സര്‍വ്വാദരപൂര്‍വ്വം ഞാന്‍ നമിക്കുന്നു! തിരുനാമത്തിന് കോടാനുകോടി സ്തുതികള്‍ അര്‍പ്പിക്കുന്നു.!

എല്ലാ മാന്യ വായനക്കാര്‍ക്കും മെറി ക്രിസ്തുമസ്സും അനുഗ്രഹീതമായ പുതുവര്‍ഷത്തെയും ഞാന്‍ ആശംസിക്കുകയും ചെയ്തുകൊള്ളുന്നു!Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top