- Malayalam Daily News - https://www.malayalamdailynews.com -

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ചില നവോത്ഥാന സാരഥികള്‍ – 2

MSA Dec 2019 1ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019-ഡിസംബര്‍ സമ്മേളനം ഞായര്‍ 8-ന് വൈകീട്ട് 3 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സമ്മേളനത്തിന് അധ്യക്ഷതവഹിച്ച ജോര്‍ജ് മണ്ണിക്കരോട്ട് കൂടിവന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. അതോടൊപ്പം മലയാളം സൊസൈറ്റിയുടെ സമ്മേളനത്തില്‍ ആദ്യമായി പങ്കെടുത്ത ജോസഫ് നടയ്ക്കലിനെ സദസിനു പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്രത്തിലും തൊഴില്‍ സംബന്ധമായ പഠനങ്ങളിലും വൈദഗ്ധ്യമുള്ള ജോസഫ് നടയ്ക്കല്‍ ഔദ്യോഗിക ജീവിതത്തോടൊപ്പം നിരാശ്രയരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം മുതലായ പൊതുജനപ്രവര്‍ത്തനങ്ങള്‍ സ്വന്തമായി നടത്തിവരുന്നു.

സമ്മേളനത്തില്‍ ജെയിംസ് മുട്ടുങ്കല്‍ ആയിരുന്നു മോഡറേറ്റര്‍. ആദ്യമായി ടി.എന്‍. സാമുവല്‍ രചിച്ച ഉല്‍പത്തി എന്ന കവിത അവതരിപ്പിച്ചു.

“ഉല്‍പത്തിയെങ്ങനെയൊര്‍ക്കുമറിയില്ല
ഉല്‍പത്തിയെപ്പോഴൊര്‍ക്കുമറിയില്ല
ഊര്‍ജ്ജദ്രവ്യങ്ങള്‍ നശിക്കുില്ലെങ്കിലും
ഉല്‍പത്തിക്കഥകള്‍ക്കോ പഞ്ഞമില്ല.”

എന്നാരംഭിക്കുന്ന കവിതയില്‍ പ്രപഞ്ചത്തിന്റെ ആരംഭത്തെ ശാസ്ത്രീയമായ ഗവേഷണങ്ങളും തെളിവുകളും തിരസ്ക്കരിച്ച് വിശ്വാസത്തിന്റെയും കെട്ടുകഥകളുയടേയും അടിസ്ഥാനത്തില്‍ ന്യായീകരിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ച് നിന്ദാര്‍ഹമായ സൂചനയുണ്ട്. കോടാനകോടി ജന്മങ്ങളിലൂടെ മനുഷ്യന്‍ എത്തേയും പോലെ ഇന്നും അറിവിനെ തേടുകയാണ്. അത് തുടരുകയും ചെയ്യും. അവസാനം ഇല്‍പത്തി എന്ന സങ്കല്പംതന്നെ മിഥ്യയാണെന്ന് കവി സമര്‍ത്ഥിക്കുന്നു. സദസ്യരുടെ കൂലംങ്കഷമായ വിശകലനത്തിന് കവിത വിധേയപ്പെട്ടു. ഗൗരവമായ ചര്‍ച്ചയിലൂടെ കവിതയ്ക്ക് ലക്ഷ്യപ്രാപ്തി ലഭിച്ചു എന്ന് കവിയും അവകാശപ്പെട്ടു.

അടുത്തതായി തോമസ് കളത്തൂര്‍ ചില നവോത്ഥാന സാരഥികള്‍ എന്ന അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ രണ്ടാം ഭാഗം അവതരിപ്പിച്ചു. നൊവംബറില്‍ അവതരിപ്പിച്ച ഒന്നാം ഭാഗത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട നവോത്ഥാന സാരഥികളെക്കുറിച്ച് ചുരുക്കമായി പ്രതിപാദിച്ചിരുന്നു. ഇപ്പോള്‍ അതില്‍ ഒരാളായ വിദ്വാന്‍ കുട്ടിയെക്കുറിച്ച് വിശദമായി സംസാരിച്ചു. മനുഷ്യരുടെ നന്മ ഉള്ളില്‍ കണ്ടുകൊണ്ടു പ്രവര്‍ത്തിച്ച അദ്ദേഹം അതിനുവേണ്ടി ഒരു മതം സ്ഥാപിക്കാതെ വളരെ വിശാലമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചുവെന്ന് കളത്തൂര്‍ എടുത്തുപറഞ്ഞു. കൂടാതെ വളരെ പ്രാധാന്യമല്ലാത്ത മറ്റു ചിലരുടെ പേരുകളും അതുപോലെ എത്യോപ്യയില്‍ ഉണ്ടായ മാറ്റങ്ങള്‍ മുതലായവയും അദ്ദേഹം അവതരിപ്പിച്ചു.

രണ്ടു വിഷയത്തിലും അതീവ താത്പര്യത്തോടും സ്വതന്ത്രമായ കാഴ്ചപ്പാടോടും സദസ്യര്‍ പങ്കുചേര്‍ന്നു. സമ്മേളനത്തില്‍ മലയാളം സൊസൈറ്റിയുടെ ഒരു സജീവ പങ്കാളിയായ ടോം വിരിപ്പന്‍ ടെക്‌സസ് ഡിസ്ട്രിക്ട് 22-നെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് റിപ്രസെന്റേറ്റിവായി മത്സരിക്കുന്നുണ്ടെന്ന് അറിയിച്ചു. കൂടാതെ കുരിയന്‍ മ്യാലിലിന്റെ പുതിയ നോവല്‍ ‘ആടുജീവിതം അമേരിക്കയില്‍’ എന്ന കൃതി സദസില്‍ വിതരണം ചെയ്യുകയും ചെയ്തു.

സമ്മേളനത്തില്‍ പൊന്നു പിള്ള, ജോയി ചെഞ്ചേരില്‍, ഈശൊ ജേക്കബ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, ടോം വിരിപ്പന്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.എന്‍. സാമുവല്‍, ജോസഫ് നടയ്ക്കല്‍, തോമസ് കളത്തൂര്‍, ജോസഫ് പൊാേലി, സുകുമാരന്‍ നായര്‍, അല്ലി നായര്‍, ടി. ജെ. ഫിലിപ്പ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.

പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം 2020 ജനുവരി രണ്ടാം ഞായറാഴ്ച (ജനുവരി 12) നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

MSA 2 MSA 3 MSA 4 MSA 5


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]