ഇന്ത്യന്‍ ജനതയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുവോ?; സര്‍ഗ്ഗവേദിയില്‍ സംവാദം

sarga22019 ഡിസംബര്‍ 15 ഞായര്‍ സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ ഡോഃ തെരേസ ആന്റണിയുടെ അദ്ധ്യക്ഷതയില്‍ സമകാലികവിഷയവുമായി സര്‍ഗ്ഗവേദിയുടെ പുതിയൊരു അദ്ധ്യായം തുറക്കപ്പെട്ടു. ഡോഃ നന്ദകുമാര്‍ ചാണയിലിന്റെ സ്വാഗതപ്രസംഗത്തിനു ശേഷം സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ മാമ്മന്‍ സി. മാത്യു ”(അ)മെന്റിങ് ഇന്ത്യ? അഥവാ ഇന്ത്യ പുനസ്യഷ്ടിക്കപ്പെടുകയാണോ ?” എന്ന ചര്‍ച്ചാവിഷയം അവതരിപ്പിച്ചു. ജമ്മു കാശ്മീര്‍ വിഭജനം, പൗരത്വ ഭേദഗതി ബില്‍ ,  മുത്തലാക്ക് അമെന്‍ഡ്‌മെന്റ് ബില്‍ ,  വിവരാവകാശ ഭേദഗതി ബില്‍ ,  കോടതികളും വ്യക്തി സ്വാതന്ത്ര്യവും എന്നീ അഞ്ച് സമകാലിക വിഷയങ്ങള്‍ വിശദമായി അവലോകനം ചെയ്യുന്നതായിരുന്നു മാമ്മന്‍ മാത്യുവിന്റെ പ്രബന്ധാവതരണം.

sarga1947 ന്  ശേഷം ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന നാട്ടുരാജ്യങ്ങളെ ഒരു ഭരണഘടനക്ക് കീഴില്‍ ചേര്‍ത്ത് രൂപഘടന ചെയ്‌തെടുത്ത രാജ്യമാണ് നാം ഇന്ന് കാണുന്ന ഇന്ത്യ. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ചേര്‍ക്കപ്പെട്ട ജമ്മു കാശ്മീര്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തുനിര്‍ത്തുന്നത് ദുര്ബലപ്പെടുത്തുകയാണ് ഇപ്പോഴുള്ള വിഭജനനടപടി. ഒരു സംസ്ഥാനത്തിന്റെ ജനാധിപത്യ പരമായ അവകാശങ്ങള്‍ കവര്‍ന്നെടുത്തും ഭരണഘടനാപരമായി ജമ്മു കാശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ നിലനിര്‍ത്തുന്ന വ്യവസ്ഥകള്‍ ദുര്‍ബലപ്പെടുത്തിയും ഇന്ത്യയുടെ സെക്കുലര്‍ മുഖം വികൃതമാക്കിയുമാണ് കാശ്മീര്‍ വിഭജിക്കപ്പെട്ടത് .  പൗരത്വ ബില്ലില്‍ ഉണ്ടായ മതപരമായ വിവേചനത്തിനെതിരെ മാമ്മന്‍ തന്റെ പ്രസംഗത്തില്‍ ആഞ്ഞടിച്ചു. ഭരണകൂട നിയമങ്ങളില്‍ മതപരമായ വിവേചനം ലിഖിതമാകുന്നത് ഹെരോദാവിന്റെയും നാസികളുടെയും കാലത്തെ കുപ്രസിദ്ധമായ കണക്കെടുപ്പുകളെ ഓര്‍മ്മപ്പെടുത്തുന്ന ലിസ്റ്റുകള്‍ തയ്യാറാക്കുന്നതും നാം ആശങ്കയോടെ നോക്കി കാണേണ്ടതാണ്. ഭാര്യയെ ഉപേക്ഷിച്ച തെറ്റ് ചെയ്യുന്ന രണ്ട് മതവിഭാഗക്കാര്‍ക്ക് രണ്ട് നീതി നിയമപരമായി അനുശാസിക്കുന്ന മുത്തലാക്ക് അമെന്‍ഡ്‌മെന്റ് ബില്‍ പച്ചയായ വിവേചനമാണ്. മനുഷ്യന്റെ മൗലീകാവകാശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയത്. എന്നാല്‍ അടുത്തകാലത്ത് സുപ്രീംകോടതി പുറപ്പെടുവിച്ച ചില വിധികളും പരമാര്ശങ്ങളും വ്യക്തിയുടെ മൗലിക അവകാശങ്ങളെക്കാള്‍ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാമുഖ്യം നല്കുന്നതാണോ എന്ന ആശങ്കയും മാമ്മന്റെ പ്രസംഗത്തില്‍ പങ്കുവെക്കപ്പെട്ടു. ഇന്ത്യയുടെ സോഷ്യല്‍ ഫാബ്രിക്കില്‍ ഇഴയകലം കൂടുന്നതും ചില ഭാഗങ്ങള്‍ ചീന്തിമാറ്റപ്പെടുന്നതും നാം പ്രതീക്ഷ വയ്ക്കുന്ന വിവരാവകാശനിയമം അട്ടിമറിക്കുന്നതും നമ്മള്‍ ആത്മവേദനയോടെ കാണേണ്ടതാണ് എന്ന് മാമ്മന്‍ മാത്യു ചൂണ്ടിക്കാട്ടി.

sarga1മതചിന്തയിലധിഷ്ടിതമായ രാഷ്ട്രങ്ങളില്‍ ജനാധിപത്യം നശിച്ചിട്ടേയുള്ളു എന്നായിരുന്നു ജോസ് ചെരിപുറത്തിന്റെ അഭിപ്രായം. ബിജെപി ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ മൈനോരിറ്റി വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ട് എന്ന് ജോസ് പറഞ്ഞു. അലക്‌സ് എസ്തപ്പാന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഭൂരിപക്ഷമുള്ള ഭരണകൂടത്തിന്റെ വികാരം മാനിക്കണമെന്നും നിയമപരമല്ലാതെ എത്തുന്നവരെ സ്വീകരിക്കേണ്ട കാര്യം രാഷ്ട്രത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളുടെ അതിപ്രസരം ഇന്ത്യയില്‍ ഉള്ളിടത്തോളം കാലം ഇന്ത്യ നന്നാകില്ല എന്നായിരുന്നു സാനി അമ്പൂക്കന്റെയും മാത്യു വാഴപ്പിള്ളിയുടെയും അഭിപ്രായം. മതവും രാഷ്ട്രീയവും കൂടിക്കലര്‍ന്ന് വോട്ടിനുവേണ്ടി എന്തും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത് എന്ന് മോന്‍സി കൊടുമണ്‍ അഭിപ്രായപ്പെട്ടു. ബിജെപിക്ക്  പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ട് ഹിന്ദുത്വവാദം കൂടിവരുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് ഭാരതം കടന്നുപോകുന്നത് എന്നും ഭാരതത്തിന്റെ ഭരണഘടന വിവക്ഷിക്കുന്ന സെക്കുലര്‍ ആശയം മാറിപ്പോകുന്നു എന്നുമാണ് സന്തോഷ് പാലാ തന്റെ ഹൃസ്വമായ പ്രസംഗത്തിലൂടെ പങ്കുവച്ചത്. ഭാരതത്തിലെ മുഗള്‍ ഭരണാധികാരികള്‍ക്ക് ഉണ്ടായിരുന്ന മതേതര കാഴ്ചപ്പാട് ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്നത്തെ ഭരണകൂടത്തിന് ഇല്ല എന്നായിരുന്നു ഡോഃ നന്ദകുമാര്‍ ചാണയില്‍ പറഞ്ഞത്.

എഴുപത് കൊല്ലംകൊണ്ട് ഇന്ത്യ എന്ന മതേതര രാഷ്ട്രം മതരാഷ്ട്രമായതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഇന്ത്യന്‍ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് കൂടിയാണെന്നും ബിജെപിക്ക് വളരുവാന്‍ ഭാരതമണ്ണില്‍ വളക്കൂറുണ്ടായപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് കിട്ടിയ മൂന്നു സംസ്ഥാനങ്ങളിലെ അധികാരത്തിന്റെ ചക്കരഭരണിയില്‍  കൈ ഇട്ടു നക്കി സുഖിക്കുക മാത്രമായിരുന്നു എന്നും പി.ടി. പൗലോസ് തന്റെ പ്രസംഗത്തില്‍ അമര്‍ഷത്തോടെ പറഞ്ഞു. ജേക്കബ്, ബാബുക്കുട്ടി, രാജു തോമസ്, ഡോ. തെരേസ ആന്റണി എന്നിവര്‍ ഇന്ത്യന്‍  ഭരണാധികാരികളുടെ ഇന്നത്തെ മനുഷ്യത്വ രഹിതമായ വേര്‍തിരിവില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.

പി. ടി. പൗലോസ് അദ്ധ്യക്ഷക്കും പ്രബന്ധാവതാരകനും സദസ്സിനും നന്ദി പറഞ്ഞതോടെ സര്‍ഗ്ഗവേദിയുടെ ഡിസംബര്‍ മാസയോഗം പൂര്‍ണ്ണമായി.

Print Friendly, PDF & Email

Related News

Leave a Comment