Flash News

ക്രിസ്തുമസ് വെറുമൊരു വര്‍ണാഭമായ ആഘോഷമാക്കി മാറ്റരുത്

December 22, 2019 , ഫിലിപ്പ് മാരേട്ട്

philipഎശയ്യാവ് പ്രവചിച്ച, കര്‍ത്താവായ യേശുവില്‍ ലഭ്യം ആയിട്ടുള്ള അന്ധകാരത്തില്‍ നിന്നും പാപത്തില്‍ നിന്നും പ്രകാശത്തിലേക്കുള്ള ആ ‘രക്ഷ’ നമുക്ക് ലഭിക്കാന്‍ എന്ത് ചെയ്യണം? രണ്ടായിരത്തി പത്തൊമ്പത് നമ്മില്‍ നിന്നും കടന്നു പോകുകയും രണ്ടായിരത്തി ഇരുപതിന്റെ പിറവി നമ്മള്‍ ആഘോഷിക്കുകയും ചെയ്യുന്നതുപോലെ, ക്രിസ്തുമസ് വെറുമൊരു വര്‍ണാഭമായ ആഘോഷമാക്കി മാറ്റരുത്. അത് ലോകരഷകനായ കര്‍ത്താവായ യേശുവിന്‍റെ ജനനവും അവനിലൂടെ പ്രകാശിക്കുന്ന സത്യവെളിച്ചം ഈ ലോകത്തിലേക്കു വന്നു എന്നും നമ്മള്‍ വിശ്വസിക്കുന്നു.

ഓരോ വ്യക്തിയിലും മാനസാന്തരം ഉണ്ടായാല്‍ മാത്രമേ ക്രിസ്തുമസിന്‍റെ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അര്‍ത്ഥമുള്ളൂ. ഓരോരുത്തരുടെയും ഹൃദയത്തില്‍ ഉണ്ണിയേശുവിന് പിറക്കാന്‍ ഒരിടം ഉണ്ടായിരിക്കണം. ചുറ്റുമുള്ളവരെ, രോഗികളെ, അനാഥരെ, സഹായിക്കാന്‍ ആരുമില്ലാത്തവരെ നാം കാണണം. അവരുടെ കണ്ണീരും വേദനയും മനസിലാക്കണം. നമ്മുടെ സഹായം ആവശ്യമായ അനേകര്‍ നമ്മുക്ക് ചുറ്റുമുണ്ട്. അവരെ നാം കണ്ടില്ലെന്ന് നടിക്കരുത്.

കര്‍ത്താവായ യേശുവില്‍ ലഭ്യം ആയിട്ടുള്ള അന്ധകാരത്തില്‍ നിന്നും പാപത്തില്‍ നിന്നും പ്രകാശത്തിലേക്കുള്ള ആ ‘രക്ഷ’ നമുക്ക് ലഭിക്കും എന്ന് എശയ്യാവ് പ്രവചിച്ചതുപോലെ, ‘ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കെക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദെവത്തില്‍ നിന്നതേ ജ്രനിച്ചതു.’ (യോഹന്നാന്‍ 1:913)

ഇത് ഒരു വ്യക്തിയെ മാത്രമല്ല ഏതൊരാളെയും മാറ്റിമറിക്കാനുള്ള അസാധാരണമായ പ്രഭാവം ദൈവപുത്രനായ യേശുക്രിസ്തുവിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കന്യകയില്‍നിന്നുള്ള അവിടുത്തെ ജനനത്തെയും പീഡകള്‍ സഹിച്ചുള്ള കുരിശുമരണത്തെയും കുറിച്ച് ക്രിസ്തു ജനിക്കുന്നതിനുമുമ്പുതന്നെ പ്രവാചകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യേശുക്രിസ്തുവിന്‍റെ ജനനത്തിന് പരിശുദ്ധ കന്യകമറിയത്തെ ദൈവം നേരത്തേ തിരഞ്ഞെടുത്തു. മാതൃത്വത്തിന്‍റെ എല്ലാ ഗുണവിശേഷങ്ങളും നിറഞ്ഞുനിന്ന ദൈവത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യാമറിയം. ദൈവപുത്രന്‍റെ മാത്രമല്ല, സമസ്ത ലോകത്തിന്‍റെയും എല്ലാക്കാലത്തേക്കുമുള്ള വാത്സല്യനിധിയായ അമ്മയായിരുന്നു അവള്‍.

ദൈവപുത്രന്‍റെ പിറവിക്കായി ദൈവം തിരഞ്ഞെടുത്ത സ്ഥലം കാലിത്തൊഴുത്തായിരുന്നു. അതുകൊണ്ടാണ് തണുത്തുറഞ്ഞ രാത്രിയില്‍ മറിയത്തിനും ജോസഫിനും സത്രത്തില്‍ സ്ഥലം ലഭിക്കാഞ്ഞതു മൂലം പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുമൊത്ത് മഞ്ഞു പൊഴിയുന്ന രാത്രിയില്‍ തെരുവില്‍ക്കൂടി നടന്നു നടന്ന് ദൈവം തിരഞ്ഞെടുത്ത സ്ഥലമായ കാലിത്തൊഴുത്തിലെത്തി. അങ്ങനെ ലോകത്തെ പാപത്തില്‍നിന്നും രക്ഷിക്കാനുള്ള യേശുവിന് ജന്മം നല്‍കി.

‘നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന്‍ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നും, അവന് യേശു എന്നു പേര്‍ വിളിക്കപ്പെടും’ എന്നും മുന്‍കൂട്ടി പ്രവചിക്കപെട്ടിട്ടൂള്ളത് നമ്മള്‍ ഓര്‍ക്കണം.

കര്‍ത്താവായ യേശുവിന്‍റെ ജീവിതത്തില്‍ ഏറ്റവും അസാധാരണം ആയിട്ടുള്ളത് അവിടുത്തെ മനുഷ്യാവതാരം മനുഷ്യചരിത്രത്തില്‍ പല വഴികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും മുന്‍കൂട്ടി അറിയിക്കുകയും പ്രവചിക്കപ്പെടുകയും അവയെല്ലാം എബ്രായ വേദങ്ങളില്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു എന്നുള്ളതാണ്.

പുല്‍ക്കൂട്ടിലെ പിറവിക്ക് മറ്റൊരര്‍ത്ഥവുമുണ്ടെന്ന് എനിക്ക് തോന്നുന്നു. കര്‍ത്താവായ യേശു എങ്ങനെ ആണ് എല്ലാവര്‍ക്കും വെളിച്ചം പകരാന്‍ വേണ്ടി വന്നത് എന്ന് ഇത് വിശദീകരിക്കുന്നു. തങ്ങളില്‍ ഉള്ള അന്ധകാരത്തെ വെളിച്ചം കൊണ്ട് കീഴടക്കുന്നതുപോലെ, യേശുവില്‍ താല്പര്യം ഉള്ളവര്‍ക്ക് എല്ലാവര്‍ക്കും ഇത് വാഗ്ദാനം ചെയ്യുന്നു. തിരക്കുള്ള ഈ ജീവിതത്തില്‍ നിന്നും കുറച്ച് നേരമെങ്കിലും മാറി നിന്ന് കുറച്ചു ശുദ്ധവായു ശ്വസിക്കാനും നല്ല ജലത്തില്‍ കുളിക്കാനും ആഗ്രഹിക്കുന്ന ഒരാളും താന്‍ ഒരു പാപി ആണ് എന്ന് വിളിക്കപെടാന്‍ താല്‍പര്യപെടുന്നില്ല, അത് അയാളെ അസ്വസ്ഥനാക്കുകയും കുറ്റക്കാരനാക്കുകയും ചെയ്യും. ആ ചിന്തകളെ ദൂരീകരിക്കാന്‍ വേണ്ടി മാനസികവും വൈകാരികവും ആയ ഊര്‍ജ്ജം ചെലവഴിക്കേണ്ടിയും വരും. ‘ആരെല്ലാം അവരുടെ സ്വാര്‍ത്ഥതയെ കീഴ്പെടുത്തുന്നുവോ , അവരെല്ലാം സ്വാര്‍ത്ഥമായ മോഹങ്ങളെ കീഴ്പ്പെടുത്തുകയും, മൃഗീയമായ വികാരത്തെയും ഉള്‍പ്രേരണകളേയും നശിപ്പിക്കുകയും, ശരീരത്തെ താന്‍ ആയി കരുതുന്ന പ്രകൃത്യാ ഉള്ള പ്രവണത ഉപേക്ഷിക്കുകയും ചെയ്യുന്നു.’

നിങ്ങള്‍ക്ക് നിത്യജീവനില്‍ താല്‍പര്യം ഉണ്ടെങ്കില്‍, പാപത്തില്‍ നിന്ന് വിടുതല്‍ ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ നമ്മെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം അത് നല്‍കപ്പെട്ടു എന്നും അതുവഴി സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചേരാന്‍ കഴിയും എന്നും മനസ്സിലാക്കുന്നത് വിവേകം ആയിരിക്കും. വേദങ്ങളും ഇങ്ങനെ നമ്മളെ പഠിപ്പിക്കുന്നു. ഋഗ്വേദത്തിലെ പുരുഷസൂക്തത്തില്‍ പ്രജാപതിയുടെ മനുഷ്യാവതാരത്തെ കുറിച്ചും അവന്‍ നമുക്കായി യാഗം ആയി തീര്‍ന്നതിനെ കുറിച്ചും പ്രദിപാതിക്കുന്നു. എന്തുകൊണ്ട് കുറച്ചു സമയം എടുത്തു ഈ പദ്ധതി വഴി നിങ്ങളുടെ പാപങ്ങളും കഴുകി കളയാന്‍ കഴിയുമോ എന്നതിനെ കുറിച്ച് പഠിക്കാനും മനസിലാക്കാനും ശ്രമിച്ചു കൂടാ?

ഹെല്‍മറ്റ് ഒരു രക്ഷാകവചമാണ് നമ്മുടെ ശരീരത്തില്‍, അപകടത്തില്‍പ്പെടുമ്പോള്‍ ഏറ്റവും അധികം സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് നമ്മുടെ തലച്ചോറ്. തലച്ചോറിന് പറ്റുന്ന ക്ഷതത്തിന് പൂര്‍ണ്ണ ചികിത്സയില്ല. ഒരിക്കല്‍ ഒരു ക്ഷതം സംഭവിച്ചാല്‍ പരിക്കേറ്റ ആള്‍ക്ക് സ്ഥായിയായ ദൂഷ്യഫലങ്ങള്‍ ഉണ്ടാകും, തലച്ചോറിന് ഏറ്റവും സംരക്ഷണം വേണം എന്നതുകൊണ്ടാണ് തലയോട്ടിക്കുള്ളില്‍ സുരക്ഷയോടെ ദൈവം അതിനെ സൃഷ്ട്ടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഉള്ളത് നഷ്ടപ്പെടാതിരിക്കാന്‍, രോഗങ്ങള്‍ വരാതിരിക്കാന്‍, നന്മ കൈവരാന്‍ നമ്മള്‍ യേശുവിനോട് പ്രാര്‍ത്ഥിക്കുന്നത്. അതുപോലെ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഏതു ദുര്‍ഘട സാഹചര്യങ്ങളിലും ധൈര്യത്തോടെ യേശുവിനു സാക്ഷികളായിത്തീരുവാന്‍ സന്നദ്ധമായ അവരുടെ വീര്യപ്രവര്‍ത്തികള്‍ നമുക്ക് പ്രചോദനം നല്‍കട്ടെ. നമ്മുടെ ജീവിതസാഹചര്യങ്ങളിലും ധൈര്യപൂര്‍വ്വം യേശുവിന്‍റെ സാക്ഷികളായിത്തീരുവാന്‍ നമുക്ക് തയ്യാറെടുക്കാം. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവരുടെ മാനസാന്തരത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. അവരും ക്രിസ്തുവിന്‍റെ അനുയായികളായിതീരുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

കര്‍ത്താവായ യേശു ഇന്നും ജീവിക്കുന്നു അതുകൊണ്ട് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ അവനു കഴിയും. അവന്‍ നിന്നെ കേള്‍ക്കുകയും രക്ഷിക്കുകയും ചെയ്യും കാരണം അവന്‍ നിനക്ക് വേണ്ടി സ്വയം യാഗം ആയി തീരുകയും ഇപ്പോള്‍ എല്ലാ അധികാരവും ഉള്ളവനും ആയി തീര്‍ന്നും ഇരിക്കുന്നു.

നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.

ഈ ക്രിസ്തുമസ് ദീപങ്ങള്‍ തെളിയിക്കുമ്പോഴും, സമ്മാനങ്ങള്‍ കൈമാറുമ്പോഴും, പുതുവര്‍ഷ പിറവി ആഘോഷിക്കുമ്പോഴും, അപ്പോസ്തോലനായ പൗലോസ് അനുഭവിച്ച അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാറ്റിമറിച്ച കര്‍ത്താവായ യേശുവില്‍ ഉള്ള ആ ആന്തരിക വെളിച്ചം നിങ്ങളിലും അനുഭവവേദ്യം ആകട്ടേ എന്നാശംസിക്കുന്നു. ഒപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍ ആത്മാര്‍ത്ഥമായി നേരുന്നു. മാലാഖമാര്‍ പാടിയതുപോലെ ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ ദൈവ പ്രസാദമുള്ളവര്‍ക്ക് സമാധാനം.’ എല്ലാ ഹൃദയങ്ങളിലും നന്മയും സ്നേഹവും പ്രസരിക്കട്ടേ..

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top