Flash News

സ്വദേശ-വിദേശ ഇക്കിളി പുസ്തകങ്ങള്‍

December 23, 2019 , കാരൂര്‍ സോമന്‍

Ikkili pusthakangalമലയാള ഭാഷാ സാഹിത്യത്തിന് അവിസ്മരണീയമായ സ്ഥാനം നേടികൊടുക്കുന്നതില്‍ പുസ്തകപ്രസാധനത്തിന് നല്ലൊരു പങ്കുണ്ട്. 1772 ല്‍ റോമില്‍ അച്ചടിച്ച് 1774 ല്‍ കേരളത്തില്‍ ഇറക്കിയ “സംക്ഷേപ വേദാര്‍ഥം” ആണ് മലയാളത്തില്‍ ഇറങ്ങിയ ആദ്യ പുസ്തകം. ഇറ്റലിയിലെ വൈദികന്‍ ക്ലമന്റ് പിയോണിയസ് ക്രിസ്തിയാനികള്‍ക്കായി ചോദ്യോത്തര രൂപത്തില്‍ ഇറക്കിയത്. 1821 ല്‍ കേരളത്തിലെ ആദ്യ അച്ചടി യന്ത്രം കോട്ടയം സി.എം.എസ്. പ്രസ്സില്‍ ബ്രിട്ടീഷുകാരനായ റവ.ബെഞ്ചമിന്‍ ബെയ്‌ലി സ്ഥാപിച്ചതാണ്. മലയാള ഭാഷയ്ക്ക് വിദേശ മിഷനറിമാരുടെ സഹായത്താല്‍ ആദ്യ കാലങ്ങളില്‍ ധാരാളം പുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ നോവല്‍, അപ്പു നെടുങ്ങാടി എഴുതിയ കുന്ദലത 1887 ലും ഒ.ചന്ദുമേനോന്‍റ് ഇന്ദുലേഖ 1889 ലും ഇറങ്ങി. ഇത്രയും പാരമ്പര്യമുള്ളതാണ് മലയാള ഭാഷയും അച്ചടി മേഖലയും.

കേരളത്തിലെ ആദ്യ പുസ്തകശാലയാണ് 1928 ല്‍ കോട്ടയത്തു ജന്മമെടുത്ത വിദ്യാര്‍ത്ഥിമിത്രം. 1945 ല്‍ കോട്ടയത്തു തന്നെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘ0. തൃശ്ശൂര്‍ കറന്റ് ബുക്ക്‌സ്, തിരുവനന്തപുരത്ത് പ്രഭാത് ബുക്ക്‌സ്, കോഴിക്കോട്ട് മാതൃഭൂമി ബുക്ക്‌സ്, കോട്ടയം ഡി.സി. കോഴിക്കോട്ട് പൂര്‍ണ്ണ തുടങ്ങി കേരള സാംസ്കാരിക വകുപ്പിന്റേതടക്കം ഇന്ന് ചെറുതും വലുതുമായ ധാരാളം പുസ്തകപ്രസാധകരുണ്ട്. ഇന്നത്തെ വാണിജ്യ സാധ്യതകള്‍ പ്രസാധകര്‍ പല വിധത്തിലാണ് പ്രയോജനപ്പെടുത്തുന്നത്. അതിനവര്‍ ഒളിഞ്ഞും തെളിഞ്ഞും പല പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. അതിലൊന്നാണ് പുസ്തകം വിറ്റഴിക്കാന്‍ അതിന്റ ഉള്ളടക്കത്തെ ചൊല്ലിയുള്ള കൊഴുപ്പ് നിറച്ച വിവാദങ്ങള്‍. നല്ല വായനക്കാരന്‍ ഒരു കൃതിയുടെ ആഴവും അഴകും മനസ്സിലാക്കിയാണ് പുസ്തകങ്ങള്‍ വാങ്ങുന്നത്. ഇക്കിളി സാഹിത്യ പുസ്തകങ്ങള്‍ ചുടപ്പംപോലെ വിറ്റഴിയുന്നത് മനുഷ്യരുടെ മനഃസാക്ഷി മരവിച്ചതുകൊണ്ടോ അതോ പേരും പെരുമയുമള്ളതുകൊണ്ട് ഏത് ചെറ്റയും പൊളിച്ചു വരാമെന്നാണോ?

ലോകത്തു ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കപ്പെടുന്നത് ബ്രിട്ടനെപോലുള്ള വികസിത രാജ്യങ്ങളിലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങങ്ങള്‍ വായിക്കപ്പെടുന്നത് കേരളത്തിലാണ്. 2010 ന് മുന്‍പ് സ്ത്രീകളുടെ ഇക്കിളിപ്പെടുത്തുന്ന ആത്മ കഥയില്ലാതെ തന്നെ സാക്ഷര കേരളമെന്ന പേര് നമുക്ക് ലഭിച്ചു. ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക്രറിയാം ജെറുശലേമില്‍ ജീവിച്ചിരുന്ന ദാവീദ് രാജാവിന്റ മകന്‍ സഭാപ്രസംഗി ലോകത്തോട് വിളിച്ചു പറഞ്ഞു. ഈ ഭൂമിയില്‍ കാണുന്നത് എന്തും മായ. അതൊരു അധികപ്രസംഗമല്ല. വശ്യ സൗന്ദര്യമുള്ള ഈ പ്രപഞ്ചത്തെ മനുഷ്യന് ഈശ്വരന്‍ നല്‍കിയത് എത്ര സമ്പത്തു വാരി കുട്ടിയാലും എത്ര കെട്ടിടങ്ങള്‍ കെട്ടിപൊക്കിയാലും ഇതെല്ലം വിട്ട് ഒരു നാള്‍ പോകേണ്ടി വരുമെന്നാണ്. ആദ്യ അദ്ധ്യായത്തില്‍ പറയുന്നു. ” എല്ലാവരേക്കാള്‍ അധിക ജ്ഞാന0 എനിക്കുണ്ട്. അതിനാല്‍ ജ്ഞാനം ഗ്രഹിപ്പാനും, ഭ്രാന്തും, ഭോഷത്വമറിയുവാനും ഞാന്‍ മനസ്സുവെച്ചു.” ഇന്നത്തെ കുറെ പുസ്തകങ്ങളുടെ നാഡീഞരമ്പുകള്‍ പരിശോധിച്ചാല്‍ ഈ സഭാപ്രസംഗിയുടെ വാക്കുകള്‍ പ്രസക്തമാണ്. ജ്ഞാനത്തില്‍ വളര്‍ന്നു വളര്‍ന്ന് ഭോഷത്വം നിറഞ്ഞ ഒരു ഒരു ലോകത്തേക്കാണോ നമ്മള്‍ സഞ്ചരിക്കുന്നത്? ചില പ്രസാധക തൊഴിലാളികള്‍ മനഃപൂര്‍വ്വം സംവാദത്തേക്കാള്‍ വിവാദമുണ്ടാക്കുന്നത് ആധുനിക കലയുടെ ദാര്‍ശനിക ഭാവമാണോ?

സമുഹത്തില്‍ എന്ത് അനീതി നടന്നാലും അത് പ്രസാധകമാധ്യമ രംഗത്തായാലും പലരുടേയും സ്വാതന്ത്ര്യബോധ0 ഉണരാറില്ല. ആണും പെണ്ണും തമ്മിലുള്ള പ്രേമവും കാമവുമാണ് വിഷയമെങ്കില്‍ അതിന്റ തീവ്രത വര്‍ദ്ധിക്കുക മാത്രമല്ല അത്യന്തം ആകര്‍ഷകവുമാണ്. സ്ത്രീയുടെ നഗ്‌ന ഭാഗങ്ങള്‍ കാട്ടി സിനിമ രംഗത്തുള്ളവര്‍ ചെറുപ്പക്കാരുടെ കാശ് അടിച്ചു മാറ്റാറുണ്ട്. സ്വന്തം അനുഭവക്കുറുപ്പുകള്‍ ആര്‍ക്കും പറയാം എഴുതാം. അത് പലര്‍ക്കും ആത്മസുഖം നല്‍കാം. എന്നോര്‍ത്ത് ചിലരെയെങ്കിലും ദുഃഖത്തിന്റ, അപമാനത്തിന്റ തീച്ചൂളയിലേക്ക് തള്ളി വിടാറുണ്ട്. അതിന് ആരാണ് ഉത്തരം പറയേണ്ടത്? അധികാരത്തിന്റെ, അന്തഃപുരത്തിന്റ അകത്തളങ്ങളില്‍ എത്രയോ കാമലീലകള്‍ നടക്കുന്നു. അതൊക്കെ അറിഞ്ഞാലും പുസ്തകരൂപത്തില്‍ പുറത്തു വരാറില്ല. അതിന് പകരം വലയില്‍ കുരുങ്ങുന്നത് പാവം സ്ത്രീകള്‍. ധാരാളം വായിച്ചുവളര്‍ന്ന മലയാളി ഇന്ന് പുരോഗമിക്കുന്നത് വൈകാരികമായ നിന്ദ, വെറുപ്പ്, വിദ്വഷം തുടങ്ങിയവ വളര്‍ത്തിക്കൊണ്ടാണ്. ചില മാധ്യമങ്ങള്‍, പ്രസാധകര്‍ സമ്പന്നരാകുന്നത് വായനക്കാരന്റെ ബോധമണ്ഡലം ഇത്തരത്തില്‍ നവീകരിച്ചുകൊണ്ടാണ്. സ്ത്രീയും പുരുഷനും ഇഷ്ടപ്പെട്ടാല്‍ ‘അതിവിശുദ്ധ’മായ ശൃംഗാരം നടക്കും. അതിലിത്ര പുതുമയെന്താണ്? ആസ്വാദക മനസ്സുകളില്‍ തെളിമയോടെ, പുതുമയോടെ എന്താണ് വായിക്കാനുള്ളത്?

ഈ അടുത്ത കാലത്തു് കേരളത്തിലിറങ്ങുന്ന സ്ത്രീകളുടെ ആത്മ കഥക്കകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. പീഡനങ്ങള്‍ നേരിടുന്ന ചില സ്ത്രീകള്‍ കോടതികളെക്കാള്‍ ആശ്രയിക്കുന്നത് ചില പ്രസാധകരെയാണ്. നിയമങ്ങള്‍ നോക്കുകുത്തികളായതുകൊണ്ടാണോ പാവപ്പെട്ട സ്ത്രീകളുടെ ജീവിതം തെരുവില്‍ വിറ്റഴിക്കപ്പെടുന്നത്? ഇതിലൂടെ സമൂലമായ ഒരു മാറ്റം വ്യക്തിക്കോ, സ്ഥാപനത്തിനോ, സമൂഹത്തിനൊ നുണ്ടാകുമോ അതോ പ്രസാധകരുടെ കീശ വീര്‍ക്കുമോ? വീട്ടിലായാലും തൊഴില്‍ രംഗത്തായാലും സ്ത്രീകളുടെ നിസ്സഹായതയും നോക്കുകുത്തികളായ നിയമങ്ങളും വേട്ടക്കാരെ വളര്‍ത്തുന്നു. ഇവിടെ ആരാണ് കിഴടങ്ങുന്നത്, ആരാണ് വേട്ടക്കാരന്‍, ആരാണ് പോരടിക്കുന്നത്? ഇരയാക്കപ്പെട്ടവര്‍ ഈ വേട്ട നായ്ക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്തിരുന്ന് ഇക്കിളി പുസ്തങ്ങങ്ങള്‍ വിറ്റഴിക്കയാണോ വേണ്ടത്?

ഏത് രംഗമെടുത്താലും അവിടെയെല്ലാം കുറെ മാന്യന്മാരെ കാണാം. അവരുടെ ഉള്ളിന്റെയുള്ളിലെ മൂടുപടം ആര്‍ക്കുമറിയില്ല. പ്രസാധക മുതലാളിക്ക് കാശു വേണം. ബാക്കിയെല്ലാം അവിടെ കുറ്റിയടിച്ചിരിക്കുന്ന ചില കുത്തക തൊഴിലാളികളിലാണ്. അവരുടെ സ്ഥാപിത താല്പര്യമൊന്നും അതിന്റ മുതലാളിമാര്‍ അറിയാറില്ല. ഇവരുമായി സംസാരിച്ചാല്‍ നമ്മുടെ ഒരു പഴമൊഴി ഓര്‍മ്മ വരും. “എരന്നു തിന്നാലും മീശ മേലോട്ട്”. . ഇവരുടെ മീശ മേലോട്ട് തന്നെ. ഈ കുട്ടര്‍ക്ക് തന്‍കാര്യം വന്‍കാര്യമാണ്. ഇക്കിളി പുസ്തങ്ങളുടെ, സ്ത്രീകളുടെ, പാവങ്ങളുടെ വിഷയങ്ങളിലും “കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി”. അതിനെ വലിച്ചു വലിച്ചു ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ എത്തിക്കും. അതിന് പറ്റിയ ബെല്ലും ബ്രേക്കുമില്ലത്ത ആധുനിക സോഷ്യല്‍ മീഡിയ തയ്യാറാണ്. ഇറങ്ങിയ പുസ്തകത്തിന്റ പ്രചാരം കൂടുമ്പോള്‍ പുസ്തകത്തിന്റ വില്പനയും കുടും. മാധ്യമ മുതലാളി സന്തുഷ്ടന്‍. ആയിരം കോപ്പിക്ക് അയ്യായിരം എന്നെഴുതി വിടും. വലിയ സ്ഥാപനമല്ലേ എണ്ണം കുറയാന്‍ പാടില്ല. ഈ പണച്ചാക്കുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പോലും സാധിക്കില്ല. ഇവര്‍ അധികാരികള്‍ക്കും പ്രിയപ്പെട്ടവരാണ്. ഒരു സ്ത്രീയുടെ കദന കഥ പുസ്തകരൂപത്തില്‍ പുറത്തു വരുമ്പോള്‍ അവരെയൊക്കെ ഒരു പറ്റം വായനക്കാര്‍ കാണുന്നത് മന്ദഹാസം പൊഴിച്ചു നില്‍ക്കുന്ന നിശാസുന്ദരിമാരായിട്ടാണ്. ഇത് ഭീതിജനകമായ ഒരന്തിരിഷമാണ് സ്ത്രീകളുടെ ഇടയില്‍ വളര്‍ത്തുന്നത്.

എന്റെ ചെറുപ്പത്തില്‍ ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുമായിരുന്നു. അതിന്റ മുതലാളിമാര്‍ ഒരണക്ക് പത്തു മത്തി, ഇരുപത് മത്തി എന്നൊക്കെ വിളിച്ചുകൂവും. ഈ മത്തി കണക്കാണ് ചിലര്‍ ധരിച്ചിരിക്കുന്ന പുസ്തക വിപണി അതല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തനം. ഇതും പീഡനത്തിന്റ മറ്റൊരു മുഖമാണ്. മറുഭാഗത്തു് നിന്ന് തങ്ങള്‍ സത്യം, ധര്‍മ്മികത, അവകാശത്തിന്റ പക്ഷത്താണ് എന്ന് പ്രസംഗിക്കും. ഒരു പുസ്തകത്തിന്റ പേരില്‍ ആളുകളെയിറക്കി കോലം കത്തിക്കുക, മനുഷ്യര്‍ തമ്മില്‍ ചേരിതിരിവുണ്ടാക്കുക, പുസ്തകത്തിനായി സോഷ്യല്‍ മീഡിയയില്‍ ലൈക് അടിക്കാന്‍ സൈബര്‍ ഗുണ്ടകളെ ഇറക്കുക, എതിര്‍പക്ഷത്തു നില്‍ക്കുന്ന പ്രസാധകര്‍ക്ക് പാര പണിയുക, ആരെങ്കിലും സത്യം തുറന്നെഴുതിയാല്‍ സര്‍ക്കാര്‍ മുറപോലെ അവരെ അടിച്ചമര്‍ത്തുക, പരിഹസിക്കുക ഇതൊക്കെ ചില പ്രസാധക സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ ഫാഷന്‍ ആയി മാറിയിട്ടുണ്ട്. വായനക്കാരെനെ വഴി തെറ്റിക്കുന്ന ഇവര്‍ക്കതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഈ സംഘത്തിനൊപ്പമുള്ള മാധ്യമങ്ങളെയിറക്കി ധാരാളം ചേരുവകള്‍ ചേര്‍ത്തുള്ള നുണ കഥകള്‍ പുറത്തിറക്കും. എനിക്കും ആ അനുഭവമുണ്ട്. ചിലര്‍ ഈ ഇന്ധനം കത്തിച്ചുവിടുന്നത് സ്വന്തം പത്ര മാസികകളില്‍ കൂടിയാണ്. എതിരാളികളും, ഇരകളും ഇവര്‍ക്ക് വിറ്റഴിക്കാനുള്ള ഒരുല്പന്നമാണ്. അതില്‍ വെന്തു നീറുന്നവരുടെ വേദനകള്‍ ഇവരറിയുന്നില്ല. മുന്‍ കാലങ്ങളില്‍ തലതൊട്ടപ്പന്മാരായി ബ്രാഹ്മന്മാരോ തമ്പ്രാക്കന്മാരോ ഉണ്ടായിരിന്നു. ഇന്നത്തെ ചില പ്രസാധകര്‍ ധരിച്ചിരിക്കുന്നത് ഈ രംഗത്തെ തമ്പ്രാക്കന്മാര്‍ തങ്ങളാണ്. സര്‍ക്കാരും ഇവര്‍ക്കൊപ്പമാണ്. ചെറുകിട പ്രസാധകര്‍ ഒന്നുമല്ല എന്ന അഹന്ത ഇവരിലുണ്ട്. രാഷ്ട്രീയ എഴുത്തുകാര്‍ക്ക് കിട്ടുന്ന പരിഗണനപോലെ ഇവര്‍ക്ക് കിട്ടുന്ന പുരസ്കാരങ്ങളടക്കം പലതും സംശയത്തോടെയാണ് പലരും കാണുന്നത്. ഇന്ന് നല്ല എഴുത്തുകാരുടെ കൃതികള്‍ ആധുനിക മാധ്യമങ്ങളിലൂടെ വായന ആരംഭിച്ചിരിക്കുന്നു.

പ്രവാസി എഴുത്തുകാര്‍ ഇക്കിളി പുസ്തകങ്ങള്‍ ഇറക്കിയതായി അറിവില്ല. എന്നാല്‍ വളരെ ചുരുക്കം പേര് കാശുകൊടുത്തു നോവല്‍, കഥ മുതലായവ പുറത്തിറക്കിയാതായി അറിഞ്ഞിട്ടുണ്ട്. ഒരു പ്രതിഭയെ നല്ല വായനക്കാരനറിയാം. അവരത് തിരിച്ചറിയും. പതിറ്റാണ്ടുകളായി നാടകവും, നോവലും, കഥയും ഞാന്‍ എഴുതുന്നു. അതെല്ലാം പ്രമുഖ പ്രസാധകര്‍ തന്നെ പുറത്തിറക്കുന്നു. ചില പ്രസാധകര്‍ ധരിച്ചിരിക്കുന്നത് പ്രവാസി എഴുത്തുകാര്‍ മിക്കവരും കാശു കൊടുത്തു് എഴുതിക്കുന്നുവെന്നാണ്. എന്റെ അന്‍പതോളം പുസ്തകങ്ങളില്‍ അഞ്ചാറു പുസ്തകങ്ങള്‍ വൈഞ്ജാനിക പുസ്തകങ്ങളാണ്. ഈ വൈഞ്ജാനിക സാഹിത്യ ഗ്രന്ഥങ്ങള്‍ ആരെഴുതിയാലും പലയിടത്തു നിന്നുമെടുക്കുന്ന വിവരണങ്ങളാണ്. അതില്‍ കുറെ പരിഷ്കാരങ്ങള്‍ വരുത്തിയാണ് പുസ്തകമിറക്കുന്നത്. എനിക്ക് വിവരങ്ങള്‍ തന്ന വ്യക്തി എന്നെ വെട്ടിലാക്കി. അതിന്റ പേരില്‍ എന്റെ നാടകം, നോവല്‍, കഥയെല്ലാം കാശുകൊടുത്തു് എഴുതിക്കുന്നു എന്ന വസ്തുതാവിരുദ്ധമമായ ദുഷ്പ്രചാരണമാണ് എനിക്കതിരെ എന്റെ കയ്യില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രഭാതില്‍ മംഗളയാനും മാതൃഭൂമിയില്‍ ചന്ദ്രയാനും സാഹിത്യ സഹകരണ സംഘത്തില്‍ ഒളിമ്പിക് ചരിത്ര പുസ്തകവുമുണ്ട്. ഞാന്‍ വിവരങ്ങള്‍ ശേഖരിച്ചത് വൈഞ്ജാനിക പുസ്തകങ്ങള്‍ക്കാണ് അല്ലാതെ നാടകത്തിനോ നോവലിനോ കഥയ്‌ക്കോ അല്ല. ഇതിന്റ പിന്നില്‍ നടക്കുന്ന ഗുഡാലോചനകള്‍ പിന്നീട് പുറത്തുവരും. ഞാനിപ്പോള്‍ ആരില്‍ നിന്നും ഒരു വിവരങ്ങളുമെടുക്കാറില്ല. ഇപ്പോള്‍ ഇംഗ്‌ളണ്ട് യാത്രാവിവരണം, നാടകം, നോവല്‍ അച്ചടിയിലാണ്. ഇറ്റലി യാത്രാവിവരണവും സര്‍ദാര്‍ പട്ടേല്‍ ജീവചരിത്രവും പൂര്‍ത്തിയായി. അടുത്തത് ഫ്രാന്‍സ്, ഫിന്‍ലന്‍ഡ് യാത്രാവിവരണമാണ്. ഇത്രയും പറയാന്‍ കാരണം കേരളത്തിലെ പല പ്രസാധകരും, വ്യക്തികളും വിദേശ മലയാളി എഴുത്തുകാരെ പലവിധത്തില്‍ ചുഷണം ചെയ്യുക മാത്രമല്ല തെറ്റിധരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ആണിനെയും പെണ്ണിനെയും ഒരുമിച്ചു കണ്ടാല്‍ അക്രമിക്കുന്നവരെ മലയാള മാധ്യമങ്ങള്‍ ആദ്യം സദാചാര പോലീസ് എന്ന് വിളിച്ചു. ഇപ്പോള്‍ അത് സദാചാര ഗുണ്ടകളായി. ഇതുതന്നെയാണ് സമ്പത്തിന്റ മറവില്‍ പല മാധ്യമങ്ങളും, പ്രസാധകരും എന്തിന്റെ പേരിലായാലും വിവാദങ്ങളും, വ്യക്തിഹത്യകളും നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഒരു പാര്‍ട്ടിയുടെ അംഗമായാല്‍ പ്രസാധകര്‍ അവരുടെ കൃതികളിറക്കാന്‍ മുന്നോട്ട് വരും. എന്റെ എഗ്രിമെന്റ് ചെയ്ത പുസ്തകം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു സര്‍ക്കാര്‍ സ്ഥാപനം പുറത്തിറക്കിയിട്ടില്ല. വിദേശ എഴുത്തുകാര്‍ ഇങ്ങനെയു0 അവഗണന നേരിടുന്നു. വിദേശത്തു നിന്ന് ഈ പ്രസാധക കോവിലക0 സന്ദര്‍ശിക്കാന്‍ പല എഴുത്തുകാരും അഭിനവ എഴുത്തുകാരും ചെല്ലാറുണ്ട്. വിദേശത്തു നിന്നൊരു സ്ത്രീ കേരളത്തിലെ ഒരു സ്ഥാപനത്തില്‍ സമ്മാന പൊതികള്‍ വിതരണം ചെയ്തു. നാലുപേരറിഞ്ഞപ്പോള്‍ അത് മടക്കി കൊടുത്തു. അപ്രതീക്ഷിതമായി കിട്ടുന്ന സമ്മാന0 വാങ്ങുന്നവര്‍ മനസ്സിലാക്കുന്നത് പ്രവാസി എഴുത്തുകാരില്‍ പലരും കാശു കൊടുത്തു എഴുതിക്കുന്നവരാണ്. ഈ വ്യക്തി അവിടെ രാഷ്ട്രീയക്കാരുടെ സഹായത്താല്‍ പുസ്തകമിറക്കി അത് മറ്റൊരു കഥ. യോഗ്യരായവരുടെ രചനകള്‍ പലപ്പോഴും തള്ളപ്പെടുന്നു. പ്രവാസി എഴുത്തുകാര്‍ക്ക് അരക്ഷിതമായ ഒരന്തിരിക്ഷമാണ് കേരളത്തിലുള്ളത്.

ജീവിതത്തിന്റ ദുരിതശതങ്ങളില്‍ പിടയുന്ന പ്രവാസി എഴുത്തുകാരുമുണ്ട്. അവര്‍ക്ക് യാതൊരുവിധ പ്രോത്സാഹനവും കേരളത്തില്‍ നിന്ന് ലഭിക്കാറില്ല. അവസരം കിട്ടുമ്പോഴൊക്കെ അവരെ പരിഹസിക്കുക, അവഗണിക്കുക ഈ കുറ്റിയടിച്ചിരിക്കുന്നവരുടെ തൊഴിലാണ്. ഒപ്പം ജോലി ചെയ്യുന്നവരെയും ഇവര്‍ ഒരു കോണില്‍ കെട്ടിയിടാറുണ്ട്. ഇത് എല്ലാം പ്രസാധകരെപ്പറ്റി പറയുന്ന കാര്യമല്ല. ആരെങ്കിലും ഒരു കെണിയില്‍ വീണാല്‍, എന്തെങ്കിലും പാളിച്ചകളുണ്ടായാല്‍ ആ മുറിവ് ഉണക്കുന്നതിന് പകരം ആ മുറിവ് തല്പരകഷികകളെ കൂട്ടുപിടിച്ചു ആഴത്തിലാഴ്ത്തി പരിഹസിക്കുന്ന സ്വയം അക്ഷര ജ്ഞാനികളെന്നു ധരിക്കുന്ന, ഒരു പത്ര മാസിക കണ്ടപ്പോള്‍ എഴുത്തുകാരായവരെയോര്‍ത്തു സഹതാപം മാത്രം. സാഹിത്യകാരന്മാര്‍, കവികള്‍, എഴുത്തുകാരിലൂടെ വളര്‍ന്ന് സമ്പത്തുണ്ടാക്കിയ പ്രസാധകര്‍ അതിനുള്ളില്‍ നടക്കുന്ന മുറിവും ചികിത്സയും നടത്താന്‍ ബാധ്യസ്ഥരാണ്. മനുഷ്യരിലെ നന്മയും കാരുണ്യവും അക്ഷരത്തിലെ ഈ ദരിദ്രനാരായണന്മാര്‍ തിരിച്ചറിയുന്നില്ല. പ്രസാധക സ്ഥാപനത്തില്‍ ജോലി ചെയ്തതുകൊണ്ട് എല്ലാവര്ക്കും അറിവുണ്ടാകണമെന്നില്ല. ഇവരുടെ അറിവിന്റ അല്‍പത്വം അവരുടെ സംസാരത്തിലും എഴുത്തിലും ഇക്കിളി പുസ്തകങ്ങളിലും വെളിപ്പെടുന്നു. ഒരു ഭാഗത്തു് ഇവര്‍ പ്രസാധക മുതലാളിമാരുടെ മുന്നില്‍ വിശുദ്ധന്‍മാരും മിടുക്കരും മറ്റുള്ളവരുമായുള്ള അവിശുദ്ധകൂട്ടുകെട്ടുകള്‍ മുടിവെക്കുന്നവരുമാണ്. ഇതൊന്നും എല്ലാം എഴുത്തുകാരും തുറന്ന് പറയില്ല. അതിന്റ കാരണം അടുത്ത പുസ്തകം ഇറങ്ങില്ലെന്നുള്ള ഭയം അവരെ ഭരിക്കുന്നു.

www.karoorsoman.net


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top