Flash News

പൗരത്വ പ്രക്ഷോഭം വഴിത്തിരിവില്‍

December 24, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Pauratha prakshobham vazhithirivil bannerപുതുവര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കാനിരിക്കെ അതിനിര്‍ണ്ണായകമായ ദേശീയ പോരാട്ടത്തിന്റെ മുമ്പിലാണ് രാജ്യം. പിടിവാശിയുമായി മോദി സര്‍ക്കാര്‍ നിന്നാല്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്.

ഇന്ത്യയിലെ വസ്തുനിഷ്ഠ സാഹചര്യം വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ആര്‍ക്കും ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരായ പ്രതിഷേധം ജനങ്ങളും മോദി സര്‍ക്കാറും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായി വളര്‍ന്നെന്നു കാണാന്‍ കഴിയും. വാശി തുടര്‍ന്നാല്‍ പൊലീസിനെയും പോരെങ്കില്‍ പട്ടാളത്തെയുമിറക്കി പ്രതിഷേധക്കാരെ വെടിവെച്ചുവീഴ്ത്തി നിയമം നടപ്പാക്കേണ്ടിവരും. അതിന്റെ പ്രത്യാഘാതം പതിന്മടങ്ങ് ശക്തിയോടെ പ്രതിഷേധം വ്യാപിക്കുന്നതും സര്‍വ്വമര്‍ദ്ദനങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുന്നതുമാകും.

appukuttan 2018_InPixioസ്വാതന്ത്ര്യ സമരകാലത്തു ഇന്ത്യ ലോകത്തിനുമുമ്പില്‍ കാഴ്ചവെച്ച തരത്തിലുള്ള ‘ജയിക്കുക അല്ലെങ്കില്‍ മരിക്കുക’ (do or die) എന്ന മട്ടിലുള്ള ജനമുന്നേറ്റമായി രണ്ടുദിവസംകൊണ്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ദേശീയ പ്രക്ഷോഭം മാറിയിരിക്കുന്നു. ഒറ്റപ്പെട്ട സംഘടനകളും പാര്‍ട്ടികളും അവിടവിടെ ചിതറി നടത്തിയിരുന്ന പ്രതിഷേധം അതിശക്തവും രാജ്യവ്യാപകവുമായി നിര്‍ണ്ണായക ഘട്ടത്തിലേക്കു നീങ്ങുന്നു.

മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്ക്കറുടെയും ചിത്രങ്ങളും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വ്യാഴാഴ്ചയോടെ ഭാവമാറ്റം വന്ന പ്രതിഷേധം വെള്ളിയാഴ്ച ഡല്‍ഹിയിലെ പ്രശസ്തമായ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥ കഴിഞ്ഞ് വിശുദ്ധ മനസോടെ പുറത്തിറങ്ങിയ ആയിരങ്ങള്‍ അണിചേര്‍ന്ന പ്രതിഷേധ കടലായി മാറി. ഈ മാറ്റത്തിന്റെ സന്ദേശം പ്രധാനമന്ത്രിയെയും മോദി ഗവണ്മെന്റിന്റെ ഉപദേശകരെയും വക്താക്കളെയും അസ്വസ്ഥരാക്കിയിരിക്കുന്നു. ദേശീയ പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

വ്യാഴാഴ്ച പ്രമുഖ എഴുത്തുകാരി അരുന്ധതി റോയി ഇങ്ങനെ എഴുതി: ‘ദളിതരും മുസ്ലിംങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിക്കുകാരും ആദിവാസികളും മാര്‍ക്‌സിസ്റ്റുകളും അംബേദ്ക്കര്‍ വാദികളും കര്‍ഷകരും തൊഴിലാളികളും അക്കാദമിക് വിദഗ്ധരും എഴുത്തുകാരും കവികളും ചിത്രകാരന്മാരും രാജ്യത്തിന്റെ ഭാവിയായ വിദ്യാര്‍ത്ഥികളും ഉയര്‍ന്നെണീറ്റിരിക്കുന്നു’ എന്ന് മാറിയ ഇന്ത്യന്‍ അവസ്ഥയെ ചൂണ്ടി റോയ് വിവരിച്ചു. പുതിയ ദേശീയ പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും അവര്‍ കൃത്യമായി അടയാളപ്പെടുത്തുകയാണ്. സര്‍ക്കാറിന്റെ വിശ്വാസ്യത നഷ്ടമാകുകയാണെന്നും സ്‌നേഹത്തിനും ഐക്യത്തിനും മുമ്പില്‍ മതഭ്രാന്തും ഫാഷിസവും കീഴടങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

സീതാറാം യെച്ചൂരിയും ഡി രാജയും ഉള്‍പ്പെടെ ഡല്‍ഹിയില്‍ സമരം നയിച്ച ഇടതുപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് വണ്ടിയില്‍ തള്ളി ഡല്‍ഹി അതിര്‍ത്തിയായ ആനന്ദ് വിഹാറില്‍ കൊണ്ടുപോയി ഇറക്കിവിട്ടു. സ്വാതന്ത്ര്യ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ച പൊലീസ് നടപടികളെ അത് ഓര്‍മ്മിപ്പിച്ചു. മംഗലാപുരത്ത് രണ്ടുപേരെയും മുമ്പ് മൂന്നുപേരെ വെടിവെച്ചുകൊന്ന ലഖ്‌നൗവില്‍ ആറുപേരെയും ബി.ജെ.പി സര്‍ക്കാറിന്റെ പൊലീസ് പ്രതിഷേധത്തിന്റെ പേരില്‍ വെടിവെച്ചുകൊന്നതും.

4def52b9-d9ef-4aaa-84f5-6c72e709cd14_16x9_788x442അക്രമരാഹിത്യത്തിലൂടെയും സഹന സത്യഗ്രഹ സമരത്തിലൂടെയും സ്വാതന്ത്ര്യസമരം നയിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണാധികാരികളെ ഇന്ത്യയില്‍നിന്നു കെട്ടുകെട്ടിച്ച ഗാന്ധിജിതന്നെ ഈ സമരത്തിന്റെ നേതൃത്വത്തിലെത്തുന്നതാണ് രാജ്യം കാണുന്നത്. ഭരണഘടന സംരക്ഷിക്കാനുള്ള ഈ സമരം രണ്ടാം സ്വാതന്ത്ര്യസമര മെന്ന മട്ടില്‍ മാറുകയാണ്. അതിന്റെ പ്രതീകാത്മക തെളിവാണ് ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തിന്റെ ആസ്ഥാനനഗരിയില്‍ ഗാന്ധിജിയുടെ ചിത്രവുമേന്തി ചരിത്രകാരനായ രാമചന്ദ്ര ഗുഹ പ്രതിഷേധം നയിച്ചതില്‍ കണ്ടത്. പിറ്റേന്ന് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിശുദ്ധ പ്രാര്‍ത്ഥനാലയമായ ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ആയിരങ്ങള്‍ നിസ്‌ക്കാരം കഴിഞ്ഞ് പള്ളിയങ്കണത്തില്‍ അണിനിരന്ന് ഭരണഘടന സംരക്ഷിക്കുമെന്ന് മുദ്രാവാക്യം വിളിച്ചതില്‍ കേട്ടത്. ആ പ്രതിഷേധ ജ്വാലയോട് അണിചേരാന്‍ പൊലീസിന്റെ നിരോധവും പരിശോധനയും തടസങ്ങളും ഭീഷണിയും മറികടന്ന് വിദ്യാര്‍ത്ഥികളും കൃഷിക്കാരും ദളിതരും മറ്റുമായ നാനാവിഭാഗം ബഹുജനങ്ങളും സംഗമിച്ചെത്തി. സ്വതന്ത്ര ഇന്ത്യയില്‍ അടിയന്തരാവസ്ഥപോലുള്ള ഭരണകൂട ഭീകരതയുടെ ചരിത്രം തിരുത്തുന്നതില്‍ ഇന്ത്യന്‍ വിമോചന ശക്തികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്ന ഒരിടമാണ് എന്നും ജുമാ മസ്ജിദ്.

ജുമാ മസ്ജിദില്‍നിന്ന് ജന്ദര്‍ മന്ദിറിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച യു.പിയിലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പൊലീസിന്റെ തടസങ്ങളെയും പരിശോധനയെയും പരാജയപ്പെടുത്തി ജുമാ മസ്ജിദിന്റെ കവാടത്തിലെ പടവുകളില്‍ പ്രത്യക്ഷപ്പെട്ടത് വാനോളം ആവേശമുയര്‍ത്തി. ഗാന്ധിജിയുടെയും അംബേദ്ക്കറുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഭരണഘടനയെ രക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയര്‍ത്തി ബ്രിട്ടീഷ് വാഴ്ച അവസാനിപ്പിക്കാന്‍ നടത്തിയ സ്വാതന്ത്ര്യ സമരത്തിന്റെ വൈകാരികത ഉയര്‍ത്തിയാണ് തികഞ്ഞ അച്ചടക്കത്തോടെ അവര്‍ പ്രതിഷേധക്കടലായി മുന്നോട്ടുനീങ്ങിയത്. ‘രാജ്യത്ത് മറ്റു റാലികള്‍ നടത്താമെങ്കില്‍ ഞങ്ങളെ എന്തുകൊണ്ട് അനുവദിക്കില്ല’ എന്ന അവരുടെ ചോദ്യം ബ്രിട്ടീഷ് പൊലീസിനെ വെല്ലുവിളിച്ച സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന്റെ വീറും വാശിയുമാണ് പ്രകടിപ്പിച്ചത്.

ഭരണകക്ഷിയായ ജനതാദള്‍ (ഡി)യില്‍ പൗരത്വ പ്രശ്‌നത്തില്‍ ഭിന്നിപ്പു മൂര്‍ച്ഛിക്കുന്നതിനിടയില്‍ ബിഹാറില്‍ ആര്‍.ജെ.ഡി ഹര്‍ത്താല്‍ നടത്തിയതും രാജ്യത്താകെ മൂര്‍ച്ഛിക്കുന്ന വൈരുദ്ധ്യത്തിന്റെ പുതിയ സൂചനകളാണ്.

324971b1daded629010833e63ae893b205d201bfദേശീയ രാഷ്ട്രീയത്തില്‍ അനുനിമിഷം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കെ ഇതൊന്നും അറിയാത്ത മട്ടില്‍ പ്രധാനമന്ത്രി മോദി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ അവസാന മണിക്കൂറിലും ഉരുവിട്ടതു മറ്റൊന്നാണ്. കുടിയേറ്റ ഭേദഗതി നിയമത്തിനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കും ആസൂത്രിത പ്രതിഷേധങ്ങള്‍ക്കും പിന്നില്‍ കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളുമാണെന്ന്. ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയും വാശിയോടെ ആവര്‍ത്തിക്കുന്നത് എന്തുവന്നാലും ഭേദഗതിനിയമം നടപ്പാക്കുമെന്നാണ്.

ബഹുഭൂരിപക്ഷമുള്ള ലോകസഭയിലും ബി.ജെ.പിക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും പൗരത്വ ഭേദഗതി നിയമം പാസാക്കിയെടുത്ത അഹന്ത അവരെ തിരിഞ്ഞുകുത്തുന്നു. രാജ്യത്തെ വസ്തുനിഷ്ഠ സാഹചര്യം തങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ രൂപപ്പെടുന്നതില്‍ അവരിപ്പോള്‍ അങ്കലാപ്പിലാണ്. മാറിയ സ്‌ഫോടനാത്മക ദേശീയ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടിയന്തരയോഗം ചേര്‍ന്നു. തലസ്ഥാന നഗരിയില്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടും വീഥികള്‍തോറും പൊലീസ് ബാരക്കേഡ് സൃഷ്ടിച്ചും ജനങ്ങളുടെ പ്രതിഷേധ മുന്നേറ്റം ഏറെനാള്‍ തടയാനാകില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. ബി.ജെ.പിക്കകത്തുതന്നെ വിയോജിപ്പ് ഏറുകയാണ്. അസമില്‍ 12 ബി.ജെ.പി എം.എല്‍.എമാര്‍ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു. ബില്‍ പാസാക്കാന്‍ സഹായിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിര്‍തന്നെ പൗരത്വനിയമം നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ചു. ഒഡീഷയിലെ നവീന്‍ പട്‌നായിക്കും മറ്റു സംസ്ഥാനങ്ങളിലെ ചെറുപാര്‍ട്ടികളും ഉരുണ്ടുയര്‍ന്ന വന്‍ ദേശീയ പ്രതിഷേധത്തില്‍നിന്ന് മുഖംതിരിച്ചു നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്.

gettyimages-1187928917രാഷ്ട്രപതിയെ കണ്ട് കഴിഞ്ഞദിവസം നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘത്തില്‍ അടുത്തദിവസം വരെ രാഷ്ട്രീയ ശത്രുതയില്‍ അകന്നുനിന്നിരുന്ന സി.പി.എമ്മിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നേതാക്കള്‍കൂടി ഉണ്ടായിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് യു.ഡി.എഫ് – എല്‍.ഡി.എഫ് പങ്കാളിത്തത്തോടെയാണ് നിയമത്തിനെതിരായ സത്യഗ്രഹം തെരുവില്‍ നടത്തിയത്. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരുവിലിറങ്ങി മൂന്നുദിവസമാണ് പ്രതിഷേധറാലി നയിച്ചത്. തന്റെ മൃതദേഹത്തിനു മേലെ മാത്രമേ ബംഗാളില്‍ പുതിയ നിയമം നടപ്പാക്കാന്‍ സാധിക്കൂ എന്ന് പ്രഖ്യാപിച്ചുകൊണ്ട്. ദേശീയ വസ്തുനിഷ്ഠ സാഹചര്യത്തില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലും സംഭവിക്കുന്നത്. പല പേരുകളില്‍ മോദി ഗവണ്മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ നിയമങ്ങള്‍ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഹിന്ദുക്കളടക്കമുള്ള മതനിരപേക്ഷ വാദികളും ചരിത്രകാരന്മാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും കൃഷിക്കാരും തൊഴിലാളികളുമായ എല്ലാ വിഭാഗം ജനങ്ങളും കൂടുതല്‍ കൂടുതല്‍ തിരിച്ചറിഞ്ഞു പ്രക്ഷോഭത്തിന്റെ ഭാഗമാകുകയാണ്.

citizenship_Fusion_WeRIndia-1ഇന്ത്യയുടെ 28 സംസ്ഥാനങ്ങളില്‍ 52 കോടിയിലേറെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന കേരളവും പശ്ചിമ ബംഗാളുമടക്കം പത്തു സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. സംസ്ഥാന ഗവണ്മെന്റുകളുടെ പിന്തുണയോടെ സംസ്ഥാന ജീവനക്കാരെ ഉപയോഗിച്ച് തയാറാക്കേണ്ട പൗരത്വ രജിസ്റ്റര്‍ കേന്ദ്രം എങ്ങനെ നടപ്പാക്കും? ബി.ജെ.പി ഭരിക്കുന്ന അസമില്‍നിന്നാണ് പുതിയ നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നത്. ഉത്തര-പൂര്‍വ്വ ദേശത്തെ മറ്റു ബി.ജെ.പി സംസ്ഥാന സര്‍ക്കാറുകളും എതിര്‍ക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അവിടങ്ങളില്‍ നിയമം നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിക്കാന്‍ പോകുകയാണ്. ഒരു രാജ്യം ഒരു നിയമം എന്നുപറഞ്ഞ് തുടങ്ങിയവരെ സ്വന്തം പാര്‍ട്ടിക്കാര്‍തന്നെ എതിര്‍ത്തു തോല്പിക്കുന്നു.

ജനാധിപത്യബോധവും മത ഐക്യവും എന്നും പുലര്‍ത്തിപ്പോന്ന ജനങ്ങള്‍ ഒരിക്കലും അംഗീകരിക്കാത്ത നയമാണ് പുതിയ നിയമങ്ങളെന്നതാണ് ഈ ദേശീയ ഐക്യനിരയുടെ കാരണം. മാത്രമല്ല മോദി സര്‍ക്കാറിന്റെ സാമ്പത്തിക നയംമൂലം കെടുതികള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളാകെ രോഷാകുലരാണ്. മതവികാരം കുത്തിയിളക്കിയാല്‍ അവരെയെല്ലാം കൂടെനിര്‍ത്താന്‍ കഴിയില്ലെന്ന പാഠവും കൂടിയാണ് മോദിയെയും ബി.ജെ.പിയെയും ഇപ്പോള്‍ കുഴക്കുന്നത്.

2020ലേക്കു കാലെടുത്തുവെക്കുന്ന ഇന്ത്യ ചോരപ്പുഴയുടേതാകുമോ? സമാധാനം പുലരുന്ന തിരിച്ചറിവിലേക്ക് പ്രക്ഷോഭം സര്‍ക്കാറിനെ തിരിച്ചുകൊണ്ടുവരുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ദിവസങ്ങള്‍ക്കകം അറിയാന്‍ പോകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top