ബാല്യം ദീപ്തം – എന്റെ ഏറ്റുമാനൂര്‍ സ്മരണകള്‍: ഡോ. സി.എന്‍.എന്‍ നായര്‍

Balyam banner

(പുസ്തകാവലോകനം: തൊടുപുഴ കെ ശങ്കര്‍, മുംബൈ)

PHOTO of Shankar-1
തൊടുപുഴ കെ ശങ്കര്‍

ആമുഖം:

അഖില ഭാരത തലത്തിലും, ആഗോള തലത്തിലും വിഖ്യാതനും ബഹുമുഖ പ്രതിഭയുമായ ശ്രീമാന്‍ ഡോ. സി എന്‍ എന്‍ നായര്‍ അവര്‍കളെ അറിയാത്തവര്‍ മുംബൈയില്‍ ആരുമില്ലെന്നു തന്നെ പറയാം. വി എസ് എന്‍ എല്‍ എന്ന പ്രമുഖ സ്ഥാപനത്തില്‍ സുധീര്‍ഘവും സ്തുത്യര്‍ഹവുമായ സേവനത്തിനു ശേഷം, വിരമിക്കുമ്പോള്‍, അദ്ദേഹം അതിന്‍റെ ജനറല്‍ മാനേജര്‍ എന്ന ഉത്തുംഗ പദവിയിലായിരുന്നു. സര്‍വീസ്ല്‍ ഇരിക്കുമ്പോള്‍ ആ സ്ഥാപനത്തെ പറ്റിയും അതിന്‍റെ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും അതുപോലെ സാങ്കേതിക വശങ്ങളെപ്പറ്റിയും വളരെ വിപുലമായി വിവരിക്കുന്ന ‘ദി സ്റ്റോറി ഓഫ് വിദേശ് സഞ്ചാര്‍’ എന്ന ഒരു ഗ്രന്ഥം വിരചിയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ഗ്രന്ഥരചനകളെപ്പറ്റി നമുക്കു വഴിയേ വിവരിക്കാമല്ലോ.

ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോള്‍, മുംബൈയില്‍ അദ്ദേഹം സ്വസ്ഥമായ കുടുംബജീവിതം നയിച്ചു വരുന്നു. എല്ലാവരെയും പോലെ അല്ലറ ചില്ലറ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ട്, കര്‍മ്മനിരതമായ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്, ജന്മസാക്ഷാത്കാരം മാത്രമാണ് ലക്ഷ്യമെന്ന്, അദ്ദേഹത്തിന്‍റെ ജീവിതശൈലിയില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും.

ജീവിതാനുഭവങ്ങള്‍:

സ്വന്തം ബാല്യകാലത്തെപ്പറ്റിയും മറ്റുള്ളവരുടെ ബാല്യകാലത്തെപ്പറ്റിയും വിവരിക്കുന്ന എത്രയോ ഗ്രന്ഥങ്ങള്‍ ഈ ലേഖകന്‍ വായിച്ചിട്ടുണ്ടെങ്കിലും, ദീപ്തമായ ബാല്യത്തെപ്പറ്റി ഇത്ര സമഗ്രമായി എന്നാല്‍ ഓരോ ഘട്ടത്തെയും വിസ്തരിച്ചു അനുവാചകന് വിരസത തോന്നാത്ത രീതിയില്‍ അതിസൂക്ഷ്മമായി വളരെ രസകരമായ രീതിയില്‍ വിവരിക്കുന്ന ഒരു ഗ്രന്ഥം വായിക്കുന്നത് നടാടെയാണ്. ഒരിക്കല്‍ ആ പുസ്തകം കൈയ്യിലെടുത്താല്‍ അതു വായന പൂര്‍ത്തിയാകുന്നത് വരെ താഴെ വെയ്ക്കുവാന്‍ തോന്നുകയില്ല എന്നതാണ് വാസ്തവം.

അറുപതു വര്‍ഷങ്ങള്‍ പിന്നിട്ടുകൊണ്ടു തന്‍ റെകലാലയ ജീവിതത്തിലേക്ക് ഒരു വിസ്താര സഞ്ചാരം! ആദ്യമായി സ്കൂളില്‍ പോയ ദിവസം മുതല്‍ വര്‍ഷങ്ങള്‍ക്കുശേഷം ആ കലാലയത്തോട് വിട പറയുന്നതുവരെയുള്ള സംഭവ വികാസങ്ങള്‍ വായിക്കുമ്പോള്‍, അനുവാചകരായ നാമും നമ്മുടെ കലാലയ സ്മരണകളില്‍ വ്യാപൃതരാകുന്നതുപോലെ അനുഭവപ്പെടും. അന്നത്തെ പല തരത്തിലുള്ള സഹപാഠികള്‍, ഗുരുഭൂതന്മാര്‍, കുട്ടിക്കാലത്തെ കുസൃതികള്‍, കായിക, കലാ മത്സരങ്ങള്‍, വാര്‍ഷികോത്സവങ്ങള്‍, എല്ലാത്തിലുമുപരി പഠനത്തിലും മുന്‍പന്തിയില്‍ നില്‍ക്കണമെന്നുള്ള ഉല്‍ക്കടമായ അഭിനിവേശം എല്ലാം ഇതില്‍ കൂടുതല്‍ വിശദമായി വിവരിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ല.

താന്‍ ജനിച്ചു വളര്‍ന്ന ഏറ്റുമാനൂര്‍ എന്ന സ്ഥലത്തെപ്പറ്റിയും അതിന്‍റെ ഉല്പത്തിയെപ്പറ്റിയും സംക്ഷിപ്തമായി പറഞ്ഞിരിക്കുന്നു. ആ ഐതിഹ്യം ഇപ്രകാരമാണ്. ഒരിക്കല്‍ ഖര മഹര്‍ഷി ആകാശ മാര്‍ഗം സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഇടത്തെ കൈയ്യില്‍ പരമശിവന്‍റെ വിഗ്രഹം, അതു ഏറ്റുമാനൂരും വലത്തെ കൈയ്യില്‍ ഉണ്ടായിരുന്ന വിഗ്രഹം വൈക്കത്തേയും കടിച്ചു പിടിച്ചിരുന്ന വിഗ്രഹം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചുവത്രേ!
ഏറ്റുമാനൂര്‍ ക്ഷേത്രമിരിക്കുന്ന സ്ഥലത്തും പരിസരത്തും പണ്ട് ക്ഷേത്ര ഭാരവാഹികളും പിന്നീട് പൊതുജനങ്ങളും താമസിച്ചരുന്നതായി കരുതുന്നു. പിന്നീട്, കടകളുംവീടുകളും ഒഴിപ്പിച്ചു വിശാലമായ മൈതാനം ഉണ്ടാക്കിയതാണ്. അതിനടുത്തു കൃഷ്ണന്‍ കോവിലും വില്ലു കുളമെന്ന വല്യ കുളവും കാലക്രമേണ ആവിര്‍ഭവിച്ചു. പണ്ടത്തെ പാടങ്ങളും, തോട്ടങ്ങളും പോയി ആ സ്ഥാനത്തില്‍ പുതിയ പരിഷ്കൃത സൗധങ്ങള്‍ ഉയര്‍ന്നു വന്നു.

cover page photo of CNN NAIR'S BOOK-smallനാട്ടില്‍ പോകുന്ന വേളയില്‍ എല്ലാ ഗ്രാമീണരും ചോദിക്കുന്ന ചില ചോദ്യങ്ങള്‍ യഥാര്‍ത്ഥമായി പറഞ്ഞിരിക്കുന്നു: ‘എന്നാ വന്നത്? എന്നാ പോകുന്നത്? ഇപ്പൊ എന്ത് ശമ്പളമുണ്ട്?’

പല അദ്ധ്യായങ്ങളിലും പുരാണങ്ങളായ രാമായണത്തിലെയും ഭാഗവതത്തിലെയും ശ്ലോകങ്ങളും അതിന്‍റെ അര്‍ത്ഥവും, വ്യാഖ്യാനവും നമുക്കു കാണാന്‍ കഴിയും. അത് അദ്ദേഹത്തിന്‍റെ അതിലെല്ലാമുള്ള അഗാധമായ പരിജ്ഞാനം വെളിപ്പെടുത്തുന്നു.

ക്ഷേത്രങ്ങളെപ്പറ്റി പറയുമ്പോള്‍ ക്ഷേത്രങ്ങളില്‍ പുരാതന കാലം മുതല്‍ നിലനില്‍ക്കുന്ന സമ്പ്രദായങ്ങള്‍, കളികള്‍, ഉത്സവ ബലികള്‍, കുറത്തിയാട്ടം, മയിലാട്ടം, കഥകളി, ഭാഗവതത്തിലെ സന്താനഗോപാല കഥകള്‍, സാന്ദീപനി മഹര്‍ഷിയുടെ പുത്രനെ ശ്രീകൃഷ്ണന്‍ പഞ്ചജനന്‍ എന്ന അസുരനെ വധിച്ചു വീണ്ടെടുത്തു ഗുരുവിന്‍റെ പക്കല്‍ തിരിച്ചേല്പിക്കുന്നത് മുതലായവ അതിസൂക്ഷ്മമായി പരാമര്‍ശിച്ചിരിക്കുന്നു.

അന്നത്തെ വിദ്യാഭ്യാസ രീതി, സ്കൂള്‍ അദ്ധ്യാപകര്‍, അവരെപ്പറ്റിയുള്ള സ്മരണകള്‍, ചില അദ്ധ്യാപകര്‍ക്ക് പരിഹാസദ്യോതകമായ രീതിയിലുള്ള പേരിടല്‍, തല്‍ക്കാല രക്ഷയ്ക്കുള്ള നുണകള്‍, ക്ലാസ്സിലുള്ള ഉഴപ്പലുകള്‍, പരീക്ഷയടുക്കുമ്പോഴുള്ള വേവലാതികള്‍, പരീക്ഷയില്‍ തോല്‍ക്കുമ്പോഴുള്ള കുറ്റബോധവും, അതുമൂലമുണ്ടാകുന്ന ഭാവിയെപ്പറ്റിയുള്ള ഉണര്‍വ്വ്, ഇതെല്ലാം വായിച്ചു പോകുമ്പോള്‍, കഴിഞ്ഞുപോയ ആ അവിസ്മരണീയമായ ഗതകാലം നമ്മുടെ മുന്നില്‍ വീണ്ടും സമാഗതമായതുപോലെ അനുഭവപ്പെടും!

സ്കൂളുകളില്‍ സാധാരണ നടക്കാറുള്ള ലേബര്‍ വീക്ക്, കായിക മത്സരങ്ങള്‍, കലോത്സവങ്ങള്‍ ഇവയെല്ലാം നാം അനുഭവിച്ചിട്ടുണ്ടെങ്കിലും അതു മറ്റൊരാളുടെ അനുഭവത്തിലൂടെ കാണുമ്പോള്‍ രസാനുഭൂതിയോടെ, സ്വാനുഭവമായി നാമും ആസ്വദിക്കുന്നു!

ശ്രീമാന്‍ നായര്‍ സാറിന് സംസ്കൃതത്തില്‍ നല്ല പരിജ്ഞാനമുണ്ട്. അദ്ദേഹം സംസ്കൃതം പഠിച്ചത് സംസ്കൃത പണ്ഡിതനായിരുന്ന അച്ഛനില്‍ നിന്നുമായിരുന്നെന്നു അഭിമാനപൂര്‍വ്വം പറയുന്നു. അന്നെല്ലാം പ്രസംഗ കലയില്‍ കുട്ടികള്‍ക്കു പ്രാവീണ്യം സമ്പാദിക്കുവാന്‍ മാതാപിതാക്കള്‍ പ്രോത്സാഹനം നല്‍കിയിരുന്നതായി പറയുന്നു. വിദേശങ്ങളില്‍ ഈ സമ്പ്രദായം ഇന്നും നിലവിലുണ്ട്.

സ്കൂളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തും, സ്റ്റേജില്‍ നടക്കുന്ന പ്രകടനങ്ങളില്‍ പങ്കാളിത്തം കൊടുത്തും, അതിലുള്ള മധുരാനുഭവങ്ങള്‍ അയവിറക്കിയും കഴിഞ്ഞ ആ ദീപ്തമായ ബാല്യകാല സ്മരണകള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറക്കാനാവാത്ത അനുഭൂതികള്‍ ഉളവാക്കുന്നു.

ഒരു മിന്നല്‍പിണറുപോലെ ബാല്യകാലം കടന്നു പോയാലും ആ നിമിഷങ്ങള്‍ അനര്‍ഘ നിമിഷങ്ങളായി മനസ്സില്‍ എന്നും നിലനില്‍ക്കും.

വൈദ്യുതി ഇല്ലാത്ത ആ കാലത്തും വെറും മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ വായനാശീലം വളര്‍ത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ലൈബ്രറിയില്‍ നിന്നെടുത്താലും, കടം വാങ്ങിച്ചതായാലും പറഞ്ഞ സമയത്തിനുള്ളില്‍ മടക്കികൊടുക്കേണ്ടതായതിനാല്‍, പാതിരാത്രി വരെയിരുന്നു വായിച്ചു തീര്‍ത്തിട്ട് മടക്കി കൊടുത്തിരുന്ന പതിവ് നായര്‍ സാര്‍ പറഞ്ഞത് പോലെ, ഈ ലേഖകനും പരിശീലിച്ചിരുന്നു. സ്വന്തം പുസ്തകം വായിച്ചു തീര്‍ക്കുന്നതിനേക്കാള്‍ വേഗത്തില്‍, കടം വാങ്ങിയ പുസ്തകം വായിച്ചു തീര്‍ക്കുമെന്നത് ഒരു സത്യമാണ്. സ്വന്തം പുസ്തകത്തെ നാം എപ്പോഴും അവഗണിക്കാറുണ്ട്.

ഏറ്റുമാനൂര്‍ ബാല സമാജം പ്രസിദ്ധികരിച്ചിരുന്ന കൈയ്യെഴുത്തു മാസികയില്‍ കവിതകള്‍, ചിത്രങ്ങള്‍, മറ്റും ഉള്‍കൊള്ളിച്ചിരുന്ന പതിവ്, യുവതലമുറയില്‍ കലാവാസനകള്‍ വികസിപ്പിക്കാന്‍ ഉപകരിച്ചിരുന്നതായി പറഞ്ഞിരിക്കുന്നു. പല സ്കൂളുകളിലും അന്ന്, കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അത് പലര്‍ക്കും ഉപകാരമായിട്ടുമുണ്ട്. ഈ ലേഖകനും അതിന്‍റെ ഫലം അനുഭവിച്ചിട്ടുണ്ട്. അന്നത്തെ (1957 ല്‍) കാലത്തു നടന്ന വിദ്യാര്‍ത്ഥി സമരവും, അതില്‍ പങ്കു കൊണ്ടതുമെല്ലാം വളരെ കണിശമായി പരാമര്‍ശിച്ചിരിക്കുന്നു.

പുരാണങ്ങളും ഇതിഹാസങ്ങളും മറ്റും സ്വന്തം പിതാവില്‍ നിന്നും വശമാക്കാന്‍ സാധിച്ചത് വളരെ ഭാഗ്യമായി അദ്ദേഹം കരുതുന്നു. അത് അപൂര്‍വ്വം ചിലര്‍ക്കേ ലഭിക്കാറുള്ളു.

ഇങ്ങനെ, എത്രയോ കാര്യങ്ങള്‍, ഒരുപക്ഷെ നമുക്ക് നിസ്സാരമായി തോന്നാമെങ്കിലും അതെല്ലാം എത്ര ഗൗരവപൂര്‍വ്വം നിരീക്ഷിക്കുകയും അതിന്‍റെതായ പ്രാധാന്യത്തോടെ, സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും ചെയ്തിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത! ഇതെല്ലം ഒന്നുകില്‍ ഏതെങ്കിലും പുസ്തകത്തില്‍ അഥവാ, ഓര്‍മ്മയുടെ താളിയോലകളില്‍ സ്പഷ്ടമായി, പൂര്‍ണ്ണ വിവരങ്ങളോടെ ആലേഖനം ചെയ്തു വച്ചിരിക്കുന്നു എന്ന വസ്തുത വായനക്കാരായ നമുക്ക് ആശ്ചര്യജനകം തന്നെ.

ഇത്ര സുദീര്‍ഘവും, കാര്യമാത്ര പ്രസക്തവുമായ രീതിയില്‍ തികഞ്ഞ നര്‍മ്മരസാനുഭൂതിയോടെ, സ്വന്തം കലാലയ ജീവിതത്തെപ്പ ഒരു ഗ്രന്ഥം രചിക്കുകയെന്നത് അത്ര ലഘുവായ കാര്യമല്ല. അങ്ങനെ, സ്വന്തം ജീവിതാനുഭവ വിവരണങ്ങളിലൂടെ വായനക്കാരനെ കൈപിടിച്ചു ദീപ്തമായ ബാല്യകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന വിധം തന്‍റെ ആലേഖന പാടവം പ്രശംസനീയ രീതിയില്‍ തെളിയിച്ച ശ്രീമാന്‍ നായര്‍ സാറിന് ആയിരം പ്രണാമവും അഭിനന്ദനങ്ങളും!

ഇതുപോലെ എത്രയെത്ര അനുഭവങ്ങള്‍! ഇതെല്ലാം ഇവിടെ വിവരിക്കുകയെന്നത് അസാദ്ധ്യം തന്നെ! അതുകൊണ്ട്, ഈ പുസ്തകത്തിന്‍റെ ഒരു പ്രതി കരസ്തമാക്കി, വായിച്ചു അനുഭവിക്കുന്നത് തന്നെ ഉത്തമം!

വിദ്യാഭ്യാസം:

• B.A (HONS), M.A ഇംഗ്ലീഷ് സാഹിത്യം, സ്പെഷ്യല്‍ സൈക്കോളജി, LLB (LAW)
• ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് സ്റ്റഡീസ് – DMS
• ഡോക്ടറേറ്റ് ഇന്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ (ജോലിയില്‍ നിന്നും വിരമിച്ച ശേഷം സമ്പാദിച്ച ബിരുദം)

പ്രസിദ്ധീകൃത കൃതികള്‍:

• ദി സ്റ്റോറി ഓഫ് ഇന്ത്യാ’സ് ഓവര്‍സീസ് കമ്മ്യൂണിക്കേഷന്‍സ്
• ബാക് ടു ദി ഡോട്സ്
• ദി സ്റ്റോറി ഓഫ് വിദേശ് സഞ്ചാര്‍
• ബാല്യം ദീപ്തം

സാഹിത്യകൃതികള്‍:

• എ ബെഡ് ഓഫ് റോസെസ്
• ശാങ്കര സാഗരം (പറപ്പള്ളി കവിതയുടെ പരിഭാഷ)
• ശ്രീനാരായണ ഗുരുവിന്‍റെ ‘ദൈവ ദശകം’ എന്ന കവിതയുടെ പരിഭാഷ
• ഷിര്‍ദി ബാബയുടെ വചനങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷ പ്പെടുത്തി
• ഗ്രാഫിക്കല്‍ പ്രസന്റേഷന്‍ (ചില ശാസ്ത്ര വിഷയങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു)

ബഹുമതികള്‍:

• സ്ക്രോള്‍ ഓഫ് ഹോണര്‍
• ബോംബെ സാഹിത്യ വേദിയില്‍ വച്ച് വി ടി ഗോപാലകൃഷ്ണന്‍ സാഹിത്യ അവാര്‍ഡ്. 2001- ല്‍ അദ്ദേഹം മുംബൈ സാഹിത്യ വേദിയുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
• ആള്‍ ഇന്ത്യാ മറുനാടന്‍ മലയാളി അസോസിയേഷന്‍സ് ഫെഡറേഷന്റെ AWARD OF EXCELLENCE IN AESTHETICS
• നായര്‍ സാംസ്കാരിക സമിതി ബോംബെയുടെ ലൈഫ് ടൈം അചീവ്മെന്‍റ് അവാര്‍ഡ്
• സോരാഷ്ട്രിയന്‍ കോളേജില്‍ നിന്നും സില്‍വര്‍ ജൂബിലി അവാര്‍ഡ് ഫോര്‍ യു എന്‍ മില്ലെനിയം ഗോള്‍സ്

വിദേശ യാത്രകള്‍:

ഔദ്യോഗിക കാര്യങ്ങള്‍ക്കായി പല അവസരങ്ങളിലുമായി ഇറ്റലി, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, ഫ്രാന്‍സ്, യുഎഇ (ഗള്‍ഫ്), സൗത്ത് ആഫ്രിക്ക.

പണിപ്പുരയില്‍:

• ദി എന്‍ചാന്റിംഗ് സ്റ്റോറീസ് ഫ്രം ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്

മാതാപിതാക്കള്‍:

അച്ഛന്‍: ചാലക്കല്‍ ശ്രീ എം കെ നീലകണ്ഠപ്പിള്ള
അമ്മ: നെടുവേലില്‍ ശ്രീമതി എന്‍ പി മാധവി അമ്മ

കുടുംബം:

സഹധര്‍മ്മിണി: ഗൗരിക്കുട്ടി
മകള്‍ അഞ്ജലി കുടുംബസമേതം ബംഗളൂരുവിലാണ് താമസം. മകന്‍ അജിത് സകുടുംബം അമേരിക്കയിലും.

ശ്രീമാന്‍ സി എന്‍ എന്‍ നായരും സഹധര്‍മ്മിണി ശ്രീമതി ഗൗരിക്കുട്ടിയും ഇപ്പോള്‍ മുംബൈയിലുള്ള അവരുടെ ഭവനത്തില്‍ ശാന്തമായ കുടുംബജീവിതം നയിച്ചു വരുന്നു.

സമാപനം:

വളരെ ഗൗരവപൂര്‍വ്വം ആലോചിച്ചും, കഷ്ടങ്ങള്‍ സഹിച്ചും പ്രസിദ്ധികരിച്ചിരിക്കുന്ന, ബാല്യകാല സ്മരണകള്‍ പൂര്‍ണ്ണമായി വിവരിക്കുന്ന, ഈ പുസ്തകം മലയാള സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. വായിച്ചു പോകുമ്പോള്‍ ശ്രീമാന്‍ നായര്‍ സാര്‍ തികഞ്ഞ നര്‍മ്മബോധത്തോടെ, ഫലിതം കലര്‍ന്ന ഭാഷയില്‍ പല കാര്യങ്ങളും വിവരിച്ചിരിക്കുന്നുവെന്നു വായനക്കാരനു മനസ്സിലാകും. ഒന്ന് ഊറിച്ചിരിക്കാനുള്ള അവസരങ്ങള്‍ പല സന്ദര്‍ഭങ്ങളിലും അനുഭവപ്പെടും.

സ്വതവേ ശാന്ത സ്വരൂപന്‍, മിതഭാഷി, പക്വത വന്ന തത്വ ചിന്തകന്‍, കവി, ജ്ഞാനി, വിദ്യാസമ്പന്നന്‍, ഗ്രന്ഥകര്‍ത്താവ്, ഭാഷാപണ്ഡിതന്‍, ഏതു വിഷയവും കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു വാഗ്മി, അനുഭവ സമ്പന്നന്‍, ഒരു നല്ല കുടുംബ സ്നേഹി, സുഹൃത്ത്, മാര്‍ഗ്ഗ ദര്‍ശി, ആത്മീയ പരിജ്ഞാനി, ഭക്തന്‍ അങ്ങനെ എല്ലാ ഗുണങ്ങളും വരദാനമായി ലഭിച്ച ഒരു സകലകലാവല്ലഭന്‍ എന്ന് ശ്രീമാന്‍ നായര്‍ സാറിനെ കരുതുന്നത് അദ്ദേഹത്തിന്‍ നാം നല്‍കുന്ന അര്‍ഹമായ, ബഹുമതിയാണ്. അപ്രകാരമുള്ള ഒരു വ്യക്തി മുംബൈ മലയാളികള്‍ക്ക് അഭിമാനവും അഹങ്കാരവും, മലയാള സാഹിത്യത്തിന് അലങ്കാരവുമാണ്!

ഈ പുസ്തകം മുംബൈയിലെ എല്ലാ മലയാളി സമാജങ്ങളുടെയും ലൈബ്രബ്രറികള്‍ക്ക് അയച്ചുകൊടുക്കാന്‍ ഈ ലേഖകന്‍ അദ്ദേഹത്തോട് അഭിപ്രായപ്പെടുന്നു.

‘ബാല്യം ദീപ്തം’ഉല്‍കൃഷ്ട കൃതിയെന്നതില്‍ സംശയമില്ല! ഒരു നല്ല പുസ്തകം വായിച്ചു എന്ന നിര്‍വൃതിയോടെ ഈ പുസ്തകാവലോകനം ഇവിടെ ഉപസംഹരിക്കുന്നു.

ശ്രീമാന്‍ ഡോ. സി എന്‍ എന്‍ നായര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാ നന്മകളും നേരുന്നു!

Print Friendly, PDF & Email

Related News

One Thought to “ബാല്യം ദീപ്തം – എന്റെ ഏറ്റുമാനൂര്‍ സ്മരണകള്‍: ഡോ. സി.എന്‍.എന്‍ നായര്‍”

  1. K. Rajan

    Shri Thodupuzha Shankar has done an appropriate and attractive book-review of Dr CNN Nair’s “Baalyam Deeptham”. In fact, on reading the book I too was immensely impressed and have had urged Dr CNN Nair to work on a sequel to it – covering his extensive life experiences, both professional and literary. His one-page historical reference charts of English and Malayalam literature etc are famous. Mumbaikars always have acknowledged and appreciated Dr CNN Nair’s contributions. Kudos to Shri Thodpuzha Shankar, an accomplished poet and bi-lingual writer himself, for introducing Dr CNN Nair to the literary world outside

Leave a Comment