ജോസഫ് പുലിക്കുന്നേല്‍ മരണ വാര്‍ഷിക അനുസ്മരണം

frameഡിസംബര്‍ 28, 2019 ശ്രീ ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചതിന്റെ രണ്ടാം വാര്‍ഷികം അനുസ്മരിക്കുകയാണ്. ആധുനിക സഭാനവീകരണ പ്രസ്ഥാനം കേരള സഭയില്‍ രൂപപ്പെടുത്തിയതിന്റെ ബഹുമതിക്ക് അര്‍ഹനായ പുലിക്കുന്നേലിനെ ഇന്നു നാം വിശേഷാല്‍ ഓര്‍മിക്കുകയാണ്. സഭയെ നവോത്ഥാനത്തിലേക്കു നയിക്കുക എന്ന പാവനകര്‍മത്തിന് സ്വയം സമര്‍പ്പിച്ചിട്ടുള്ള അനേകര്‍ ഉണ്ടെങ്കിലും, അവര്‍ക്കെല്ലാമിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു, അദ്ദേഹത്തിന്റെ മാന്യ സ്ഥാനം.

സീറോ മലബാര്‍ സഭ വളരെ ഗുരുതരമായ ഒരു അന്തരീക്ഷത്തില്‍ക്കൂടി നീങ്ങിക്കൊണ്ടിരുന്ന അവസരത്തില്‍, മാര്‍തോമാ ക്രിസ്ത്യാനികളുടെ പൗരാണികത, സമുദായത്തിന്റെയും സഭാമേലധികാരികളുടെയും മുമ്പില്‍ വ്യക്തമായും ശക്തമായും തുറന്നുകാട്ടാന്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം പരിശ്രമിച്ചു. മാര്‍തോമായുടെ മുന്തിരിത്തോട്ടം നശിപ്പിച്ചു കൊണ്ടിരിക്കുന്ന സ്‌നേഹശൂന്യരായ, മാമോന്‍ പ്രിയരായ സഭാധികാരികള്‍ക്കെതിരെ അദ്ദേഹം ഒറ്റയാള്‍ പോരാട്ടം നടത്തി. പുലിക്കുന്നേലിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും സേവനങ്ങളും ബഹുമുഖങ്ങളായിരുന്നു. അതുവഴിയായി സഭയിലും സമൂഹത്തിലും വളരെയധികം പരിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുയെന്നും എടുത്തു പറയാതെ വയ്യ.

കേരളത്തിലെ നസ്രാണികള്‍ അപ്പോസ്തല കാലഘട്ടത്തിലെ വിശ്വാസികളുടെ കൂട്ടായ്മപോലെ പരസ്പര സ്‌നേഹത്തില്‍ വളര്‍ന്നവരായിരുന്നു. പതിനാറാം നൂറ്റാണ്ടോടുകൂടി പാശ്ചാത്യര്‍ മലബാര്‍ പ്രദേശങ്ങളില്‍ വരുകയും മാര്‍തോമാ ക്രിസ്ത്യാനികളുടെമേല്‍ അവരുടെ ആധിപത്യം ഉറപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി സീറോ മലബാര്‍സഭയില്‍ ഹയരാര്‍ക്കിയല്‍ ഭരണ സമ്പ്രദായം ഉടലെടുക്കുകയും പാശ്ചാത്യസഭയിലെപ്പോലെ അധികാരവും സമ്പത്തും മെത്രാന്മാരുടെയും വൈദികരുടെയും പിടിയിലമരുകയും ചെയ്തു. സീറോ മലബാര്‍സഭയെ സ്വയംഭരണാധികാരമുള്ള ഒരു സ്വതന്ത്രസഭയായി റോം പ്രഖ്യാപിക്കുകയും റോമന്‍ പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമം സീറോ മലബാര്‍സഭയ്ക്കും ബാധകമാക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ശ്രീ പുലിക്കുന്നേലിന്റെ സഭാനവീകരണ സംരംഭങ്ങള്‍ ശക്തിപ്രാപിച്ചത്. സഭ ആദിമസഭയുടെ കൂട്ടായ്മാസമ്പ്രദായത്തിലേക്കു തിരിച്ചുപോകണമെന്നും പുരോഹിതര്‍ ദൈവജന ശുശ്രൂഷയില്‍ വ്യാപൃതരാകണമെന്നും പള്ളിഭരണം അല്മായരുടെ അവകാശമാണെന്നും വിശുദ്ധഗ്രന്ഥത്തെയും നസ്രാണി ഇടവക പള്ളിപൊതുയോഗ ഭരണ പാരമ്പര്യത്തെയും ആധാരമാക്കി അദ്ദേഹം വാദിച്ചു. ആ വാദമുഖങ്ങള്‍ക്കു മറുപടി നല്‍കാന്‍ ഒരു സഭാധികാരിക്കും സാധിക്കുകയില്ല. കാരണം, ശ്രീ പുലിക്കുന്നേല്‍ മുന്നോട്ടുവെച്ചിരിക്കുന്ന നവീകരണ വാദമുഖങ്ങള്‍ സുവിശേഷാധിഷ്ഠിതവും മാര്‍തോമാ നസ്രാണിസഭാ ഭരണ പാരമ്പര്യങ്ങളില്‍ വേരൂന്നിയതുമാണ്.

ഇന്ന് പുലിക്കുന്നേലിനെ അനുസ്മരിക്കുമ്പോള്‍, സഭയില്‍ കാലികമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം ‘ഓശാന’ മാസികവഴിയും പുസ്തകങ്ങള്‍വഴിയും സംവാദങ്ങള്‍ വഴിയും പ്രഭാഷണങ്ങള്‍വഴിയും നമുക്കു നല്‍കിയിട്ടുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഏറ്റെടുക്കുക എന്ന ദൗത്യം നാം തിരിച്ചറിയുകയാണു വേണ്ടത്. സഭയെ അധികാരഭരണത്തില്‍നിന്ന് അജപാലന ശുശ്രൂഷാവേലയിലേക്കു മാറ്റുന്നതിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ കേരള െ്രെകസ്തവസമുദായത്തിനു വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നസ്രാണികള്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ജനകീയ സഭാഭരണസംവിധാനത്തെ, അതായത് പള്ളിപൊതുയോഗ ജനാധിപത്യ ഭരണസമ്പ്രദായത്തെ, അട്ടിമറിച്ച് വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാരീഷ്‌കൗണ്‍സില്‍ അവതരിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ മെത്രാന്‍ സിനഡ് ഏകാധിപത്യഭരണം സഭയില്‍ നടപ്പിലാക്കി. ഓരോ പള്ളിയുടെയും സ്വത്തും സ്ഥാപനങ്ങളും അതത് പള്ളിക്കാരുടേതായിരുന്നു. ആ സ്വത്തുക്കളുടെ ഉടമാവകാശമോ ഭരണാവകാശമോ മെത്രാന് ഉണ്ടായിരുന്നില്ല. പള്ളി പുരോഹിതരുടേതല്ലെന്നും പള്ളിക്കാരുടേതാണെന്നുമുള്ള തിരിച്ചറിവ് നസ്രാണികള്‍ക്കെന്നുമുണ്ട്.

ജനാധിപത്യമൂല്യമോ സാമാന്യമര്യാദയോ ഇല്ലാതെ മെത്രാന്മാരും പുരോഹിതരും തങ്ങളുടെ അധികാരം തികച്ചും വ്യക്തിപരമായി ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നു. സഭാധികാരികളുടെ ആ യേശുവിരുദ്ധ നിലപാടിനെ പുലിക്കുന്നേല്‍ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് ചോദ്യം ചെയ്തു. തല്ഫലമായി പള്ളികളുടെ സാമ്പത്തിക ഭരണത്തിന് സിവില്‍ നിയമം എന്ന ആശയം സഭയില്‍ അവതരിപ്പിച്ചു. പിന്നീട് കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ‘ദ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍, 2009’ എന്ന കരടുനിയമം കേരള സര്‍ക്കാരിന് സമര്‍പ്പിക്കുകയുമുണ്ടായി. ആ നിയമം പാസായി കിട്ടാന്‍ വിശ്വാസികള്‍ സമരത്തിലാണിപ്പോള്‍. ശ്രീ പുലിക്കുന്നേലിന്റെ ചരമ വാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തില്‍ സ്‌നേഹപൂര്‍വമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം 2020ല്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കി അദ്ദേഹത്തെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

Print Friendly, PDF & Email

Related News

Leave a Comment