ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായാണന് 1.3 കോടി രൂപ നഷ്ടപരിഹാരം നല്കാന് കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ച പത്ത് ലക്ഷം രൂപയ്ക്കും പുറമേയാണിത്.
മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, കേസ് തീര്‍പ്പാക്കുന്നതിന് നിയമവിദഗ്ധരുടെ ഉപദേശം തേടി സബ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശ പ്രകാരം നടപടിയെടുക്കാനുമാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്.
2018 സെപ്തംബറിലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നമ്പി നാരായണന് കുറ്റക്കാരനല്ലെന്ന് വിധിച്ചത്. കേരള പൊലീസ് ചാരവൃത്തി ആരോപിച്ച് നമ്പി നാരായണനെ കുറ്റക്കാരനാക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള മൗലിക അവകാശം നമ്പി നാരായാണന് നിഷേധിച്ചതിന് 50 ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്കാന് കേരള സര്‍ക്കാരിനോട് കോടതി ഉത്തരവിടുകയും ചെയ്തു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news