ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ നടത്തി. ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന് സെന്ററില്‍ നടന്ന ഫെയറിൽ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ നെറ്റ് വര്‍ക്കായ നോര്‍ത്ത് വെല്‍ ഹെല്‍ത്ത്, കമ്യൂണിറ്റി സംഘടനകളായ ഫൊക്കാന, കെസിസിഎന്‍എ, ഫിസിക്കല്‍ തെറാപ്പി പ്രാക്ടീസ്, മാരത്തോണ്‍ ഫിസിക്കല്‍ തെറാപ്പി എന്നിവർ സംയുക്തമായാണ് പ്രവര്‍ത്തിച്ചത്.
വിദഗ്ധ കാര്‍ഡിയോളജിസ്റ്റ് ദമ്പതികളായ ഡോ. ആന്‍ഡ് ഡോ. നായിഡു, അതാത് മേഖലകളില്‍ പ്രാക്ടീസ് ചെയ്യുന്ന നഴ്സ് പ്രാക്ടീണര്മാര്, നഴ്സുമാര്‍, നഴ്സ് എഡ്യൂക്കേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഫ്ളോറല്‍ പാര്‍ക്കിലേയും പ്രാന്തപ്രദേശങ്ങളിലേയും താമസിക്കുന്ന നൂറുകണക്കിനു പേര്‍ക്ക് ആരോഗ്യരംഗത്ത് സേവനം നല്കി.
ഇന്ത്യക്കാര്‍ അടങ്ങുന്ന ദക്ഷിണേന്ത്യന്‍ വംശജർ ഹൃദ്രോഗത്തിനും പ്രമേഹത്തിനും മറ്റെല്ലാ വംശജരേക്കാളും മുന്നിലാണെന്നു ഇന്ത്യ, സിംഗപ്പൂര്‍, യുകെ. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങള്‍ തെളിയിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതത്താല്‍ മരണപ്പെടുന്നവരുടെ നിരക്കിലും ഇന്ത്യക്കാര്‍ മുന്നില്‍ത്തന്നെ. ഇന്‍സുലിന്‍ കൊണ്ട് ചികിത്സിക്കാനാവാത്ത പ്രമേഹരോഗം (ഇന്‍സുലിന്‍ റെസിസ്റ്റന്റ് ഡയബെറ്റിസ്) ഇന്ത്യക്കാരുടെ ആരോഗ്യ വ്യവസ്ഥയില്‍ തലവേദനയാണ്.
ഡോ. അന്നാ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള എഡ്യൂക്കേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഹെല്‍ത്ത് ഫെയറില്‍ പങ്കെടുത്തവര്‍ക്ക് ഇകെജി, ഹീമോഗ്ലോബിന്‍, എവണ്‍സി പരിശോധനകള്‍, ഹൃദയസ്പന്ദനവും ശ്വാസവും നിലച്ചാല്‍ രക്ഷപെടുത്താനുള്ള കാര്‍ഡിയോ -പള്‍മണറി റിസസിറ്റേഷന്‍ (സിപിആര്‍)പരിശീലനം, ഫിസിക്കല്‍ ബാലന്‍സിംഗ് ട്രെയിനിംഗ്, വാക്സിനേഷനെക്കുറിച്ചുള്ള അവബോധനം, ഫ്ളൂഷോട്ട്, ഹൃദയാരോഗ്യ വിദ്യാഭ്യാസം, സ്ട്രെസ് മാനേജ്മെന്റ് പരിശീലനം, മാനസീകാരോഗ്യ ശിക്ഷണം എന്നിവയും ഹെല്‍ത്ത് ഫെയറിന്റെ ഭാഗമായിരുന്നു.
ഡോ. അന്നാ ജോര്‍ജ്, അസോസിയേഷന് പ്രസിഡന്റ് താരാ ഷാജന്, നേതൃനിരയിലെ മേരി ഫിലിപ്പ്, ഉഷാ ജോര്‍ജ്, ജെസി ജയിംസ്, ജെസി കുര്യന്, ആന്റോ പോള്‍, സിസിലി പഴയംപള്ളില്‍, ലിസി കൊച്ചുപുരയ്ക്കല്‍, ഡെയ്സി തോമസ്, ലൈസി അലക്സ്, മറിയാമ്മ ചാക്കോ, ജിന്‍സി ചാക്കോ, പോള്‍ ഡി. പനയ്ക്കല്‍ തുടങ്ങി നിരവധി പേര് കമ്യൂണിറ്റി ഹെല്‍ത്ത് ഫെയറിനു നേതൃത്വം നൽകി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply