റിയാദ്: റിയാദ് നവോദയയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ‘ദശോത്സവം സീസണ് 1’ പരിപാടിയില്‍ പ്രശസ്ത സിനിമാ കോമഡി താരം പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയയും പ്രശാന്ത് കാഞ്ഞിരമറ്റവും ചേര്‍ന്ന് ചിരിയുടെ വിരുന്നൊരുക്കിയപ്പോള്‍ പ്രവാസികള്ക്കതൊരു അവിസ്മരണീയ ദിനമായി മാറി.
ഖാലിദിയയിലെ അഫ്രാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോമഡി സ്കിറ്റുകളും നാടന്‍ പാട്ടുകളും അനുകരണകലകളുമായി സ്റ്റേജ് നിറഞ്ഞുനിന്നു കൈയടി ഏറ്റുവാങ്ങിയ താരങ്ങള്‍, മാറുന്ന സൗദി അറേബ്യ കലാകാരന്മാര്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായി പറഞ്ഞു. നവോദയ ഗായകസംഘം അവതരിപ്പിച്ച വിപ്ലവഗാനങ്ങളും നൃത്തനൃത്യങ്ങളും വേദിയില്‍ അരങ്ങേറി. തട്ടകം നാടകവേദിയുടെ രാജി ബിനു കോമഡി സ്കിറ്റില്‍ സ്ത്രീ കഥാപാത്രമായി വന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തങ്ങളും അരങ്ങേറി.
സാജു നവോദയക്കുള്ള സംഘടനയുടെ മൊമെന്റോ സെക്രട്ടറി രവീന്ദ്രന് പയ്യന്നൂരും പ്രശാന്ത് കാഞ്ഞിരമറ്റത്തിനുള്ള മൊമെന്റോ പ്രസിഡന്റ്ന് ബാലകൃഷ്ണനും കൈമാറി. മറ്റു ഉപഹാരങ്ങള്‍ സുരേഷ് സോമന്, അനില്‍ പിരപ്പന്‍കോട് എന്നിവര്‍
കൈമാറി. നവോദയ സ്ഥാപക നേതാക്കളിലൊരാളായ കുമ്മിള്‍ സുധീറിനുള്ള സ്നേഹോപകരം സാജു നവോദയയും പ്രശാന്ത് കാഞ്ഞിരമറ്റവും ഒന്നിച്ചു സുധീറിനു കൈമാറി.
ഷംനാദ് കരുനാഗപ്പള്ളി, ജയന് കൊടുങ്ങല്ലൂര്‍, ടി.പി. മുഹമ്മദ്, നൗഷാദ് (സിറ്റി ഫ്ലവര്‍), ഷംസുദ്ദീന് മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിക്രമലാല്‍, ബാബുജി, ഹേമന്ദ്, ശ്രീരാജ്, അനില്‍ മണമ്പൂര്‍, ഷാജു, മനോഹരന്, പൂക്കോയ തങ്ങള്‍, സജീര്‍, ഹാരിസ്, ജയജിത്ത്, പ്രതീന, അംബികാമ്മ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.