ഇന്‍ഫാം ദേശീയ സമ്മേളനത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു

Titleകട്ടപ്പന: ജനുവരി 15 മുതല്‍ 18 വരെ നടക്കുന്ന ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

കട്ടപ്പന സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ സമ്മേളനം ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്‍ഫാം ദേശീയ സമ്മേളനത്തോടെ സംഘടിത രൂപം കൈവരിക്കുമെന്നും അസംഘടിത കര്‍ഷകര്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങുമ്പോള്‍ വന്‍ ശക്തിയായി മാറുമെന്നും വരും നാളുകളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു.

ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാക്ഷണം നടത്തി. ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ്് എബ്രാഹം മാത്യു പന്തിരുവേലില്‍, കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, സംസ്ഥാന ട്രഷറര്‍ സണ്ണി മുത്തോലപുരം, കട്ടപ്പന കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. റോബിന്‍ പട്രകാലായില്‍, പ്രസിഡന്റ്് വിപിന്‍ വാലുമേല്‍, കാഞ്ഞിരപ്പള്ളി ജില്ല ഭാരവാഹികളായ ജോസ് പതിക്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരി എന്നിവര്‍ പ്രസംഗിച്ചു.

കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതുക, കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും ഉന്നമത്തിന് ഊന്നല്‍ നല്‍കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച നേരിടുന്ന കര്‍ഷകരെ സംരക്ഷിക്കുക, കാര്‍ഷിക മേഖലയില്‍ നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളില്‍ നിന്നു കര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിക്കുക, കൃഷി നാശം സംഭവിച്ച കര്‍ഷകരുടെ ബാങ്ക് വായ്പയുടെ പലിശ എഴുതിത്തള്ളുക തുടങ്ങി കാര്‍ഷികമേഖലയും കര്‍ഷകരും നേരിടുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

17ന് ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലുള്ള കബറിടത്തില്‍ നിന്നുള്ള ദീപശിഖാപ്രയാണവും മൂവാറ്റുപുഴയില്‍ നിന്ന് ഇന്‍ഫാം ദേശീയ ട്രസ്റ്റിയായിരുന്നു ഡോ. എം.സി. ജോര്‍ജിന്റെ കബറിടത്തില്‍ നിന്നുള്ള ഛായചിത്ര പ്രയാണവും നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ഉച്ചയ്ക്ക് ഒന്നിന് കട്ടപ്പനയില്‍ എത്തിച്ചേരും. രണ്ടിന് എം.സി. ജോര്‍ജ് നഗറില്‍ നിന്ന് ഫാ. മാത്യു വടക്കേമുറി നഗറിലേക്ക് കര്‍ഷക മഹാറാലി നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം.

പരിപാടിയുടെ വിജയത്തിനായി നടത്തി വന്ന ഇന്‍ഫാം താലൂക്ക് കര്‍ഷക സംഗമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ദേശീയ സമ്മേളനത്തിന് മുന്നൊരുക്കമായിട്ടുള്ള കാര്‍ഷിക ജില്ലാതല വിളംബര സമ്മേളനങ്ങള്‍ക്ക് ഡിസംബര്‍ 30ന് വാഴക്കുളത്ത് തുടക്കമാകും.

ജനുവരി 15ന് ഇന്‍ഫാം കര്‍ഷക ദിനാചരണ ഭാഗമായി എല്ലാ യൂണിറ്റുകളിലും പതാക ഉയര്‍ത്തലും കര്‍ഷകരെ ആദരിക്കലും നടക്കും. ചര്‍ച്ച ക്ലാസുകള്‍, സെമിനാറുകള്‍, കര്‍ഷക സംഗമങ്ങള്‍ എന്നിവ നടക്കും.

പബ്ലിസിറ്റി കണ്‍വീനര്‍
ഫാ. ജെയിംസ് വെണ്‍മാന്തറ

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News