അയനം (കവിത)

Ayanam bannerഇലപൊഴിയുന്നു വീണ്ടും മനസ്സിലെ
ശിശിരമഞ്ഞിന്റെ താഴ്‌വാരഭൂമിയില്‍
പഴയകാലം വസന്തമായ് വിടരുന്ന
കുയിലുണര്‍ത്തുന്ന പാട്ടുകള്‍ക്കപ്പുറം
ഇരുളു വീഴ്ത്തിക്കടന്നു പോകുന്നൊരു
ഗ്രഹണകാലമീസൂര്യസ്വപ്നങ്ങളില്‍
അരികിലോടിക്കളിക്കുന്ന ബാല്യത്തിന്‍
അഴികളില്ലാത്ത ജാലകക്കാഴ്ച്ചകള്‍
മഴ പൊഴിയലിന്‍ ഗ്രാമം കടന്നിതാ
മനസ്സു നഗരഗാന്ധാരത്തിലേറവെ
ചിറകിലായിരം തീവെട്ടിയേറ്റുന്ന
കനലുമായൊരു തീപ്പക്ഷിപായവെ
മിഴിയിലേറ്റും നെരിപ്പോടിനുള്ളിലെ
കളമെഴുത്തിന്റെ തീക്ഷ്ണവര്‍ണ്ണങ്ങളില്‍
പുകമറകള്‍ വളര്‍ന്നുയര്‍ന്നീടുന്നു
അതിരുകള്‍ മുള്ളുവേലിപാകീടുന്നു
തിരിവുകള്‍ വളര്‍ന്നാകാശമേറുന്നു
മതിലുയര്‍ന്നൊരു മൗനമായീടുന്നു
മനസ്സില്‍ നിന്നും ഹൃദയം തൊടാനായ്
ചിറകടിച്ചു പറന്ന വെണ്‍പ്രാവുകള്‍
പകുതിദൂരം പറന്നുതീരും മുന്‍പ്
ചിതകളില്‍ വീണെരിഞ്ഞുപോയീടുന്നു
സ്മൃതികളില്‍ തൊട്ടു നില്‍ക്കുന്നൊരാതിര
ക്കുളിരു പോലും നിശ്ശബ്ദമായീടവെ
സിരകളില്‍ മേഘഗര്‍ജ്ജനം പോലൊരു
പടഹവാദ്യം, ഒരാണവസ്ഫോടനം
ചിതറിവീഴുന്ന ഭൂപടച്ചില്ലിലെ
രുധിരമൂറ്റിക്കുടിക്കുന്ന വ്യാളികള്‍
ഒലിവിലകളെവിടെ? മനസ്സിന്റെ
ഹരിത താഴ്‌വാരഭൂമി ചോദിക്കവെ!
മഴകളും, ഇന്ദ്രഗര്‍‌വ്വപ്രളയവും
ഇരുളുമേറി വലഞ്ഞു പോയെങ്കിലും
ചിമിഴില്‍ മണ്‍വിളക്കില്‍ ഭൂമിയേറ്റിയ
പല ഋതുക്കള്‍ കടന്നു വന്നെത്തിയ
പുതിയ സംവല്‍സരത്തിന്റെ ചില്ലയില്‍
അയനസൂര്യന്റെ സൂര്യകാന്തിപ്പൂക്കള്‍!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment