പൗരത്വ ഭേദഗതി ബില്‍; ഇന്ത്യയുടെ സ്ഥിരതക്ക് മോദിയുടെ നയം ഭീഷണിയാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ്

Modiഹോങ്ങ് കോങ്ങ്: ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി ബില്ലിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളേയും ബി.ജെ.പിയേയും കടന്നാക്രമിച്ച് ഹോങ്ങ് കോങ്ങ് ഇംഗ്ലീഷ് പത്രമായ ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’. പത്രത്തിന്‍റെ മുഖപ്രസംഗത്തിലാണ് മോദിയുടെ നയങ്ങളെ വിമര്‍ശിക്കുന്നത്. മോദിയുടെ ദേശീയ നയങ്ങള്‍ ഇന്ത്യയുടെ സ്ഥിരത, സമ്പദ് വ്യവസ്ഥ, നയതന്ത്ര ബന്ധം എന്നിവ അപകടത്തിലാക്കുന്നുവെന്ന് മുഖപ്രസംഗം പറയുന്നു. കഴിഞ്ഞ മാസം പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തില്‍ ചേരാന്‍ അദ്ദേഹം വിസമ്മതിച്ചത് ഏഷ്യന്‍ സ്വതന്ത്ര വ്യാപാരമേഖലയില്‍ നഷ്ടമുണ്ടാക്കുകയും രാജ്യത്തിന് വളരെയധികം ആവശ്യമായ സാമ്പത്തിക ഉത്തേജനം നേടുന്നതില്‍ നിന്ന് തടയുകയും ചെയ്തതായി മുഖപ്രസംഗം അവകാശപ്പെട്ടു.

മുസ്ലിംകളോടുള്ള വിവേചനം കാണിക്കുന്ന പുതിയ നിയമവുമായി മുന്നോട്ട് പോകുന്നത് രാജ്യവ്യാപകമായി അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമാവുകയും അയല്‍ക്കാരുമായുള്ള ബന്ധത്തെ തകര്‍ക്കുകയും ചെയ്യും. ഇന്ത്യക്കാര്‍ക്കും ഏഷ്യക്കാര്‍ക്കും ലോകത്തിനും ആവശ്യമുള്ളത് സഹകരണവും പ്രാദേശികവാദവുമാണ്, സംരക്ഷണവാദവും ഒറ്റപ്പെടുത്തലുമല്ല. രണ്ടാം തവണയും അധികാരത്തില്‍ കയറിയപ്പോള്‍ മോദിയും അദ്ദേഹത്തിന്‍റെ ഹിന്ദു വാദ പാര്‍ട്ടിയായ ബി.ജെ.പിയും വാഗ്ദാനം ചെയ്തത് സാമ്പത്തിക പുരോഗതിയും വികസനവുമായിരുന്നു. പക്ഷേ, അവര്‍ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന് രാജ്യത്തിന് ഗുണം ചെയ്യുന്ന പല അവസരങ്ങളും അവഗണിച്ചു.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യന്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങളില്‍ പെടുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും മുസ്ലിംകളെ ഒഴിവാക്കുകയും ചെയ്യുന്ന നിയമത്തിനെതിരെ പ്രതിഷേധിച്ച് പൗരത്വ നിയമ ഭേദഗതിക്ക് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത് ലക്ഷക്കണക്കിന് ആളുകളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനെന്ന പേരില്‍ അസമില്‍ നടപ്പാക്കിയ എന്‍.ആര്‍.സിയിലൂടെ പുറത്തായവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശികളാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ 200 ദശലക്ഷം വരുന്ന മുസ്ലിംകള്‍ക്കിടയിലുണ്ടാകുന്ന ആശങ്ക മനസ്സിലാക്കാവുന്നതേ ഉള്ളൂ.

മുസ്ലിം ഭൂരിപക്ഷമായ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി ഓഗസ്റ്റില്‍ മോദി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനും കര്‍സേവകര്‍ തകര്‍ത്ത മുസ്ലിം പള്ളിയുടെ സ്ഥാനത്ത് ഹിന്ദു ക്ഷേത്രം പണിയാന്‍ കോടതി ഉത്തരവിട്ടതിനും പിന്നാലെയാണ് മുസ്ലിംകളെ ഒഴിവാക്കിയുള്ള പുതിയ നിയമ ഭേദഗതിയും വരുന്നത്.

ഈ നിയമം വിവേചനപരമല്ലെന്നും രാജ്യത്തെ 130 കോടി ജനങ്ങളെയും ഇത് ബാധിക്കില്ലെന്നുമാണ് മോദി പറയുന്നത്. ഇതിനായി മീഡിയാ ക്യാമ്പയിന് നടത്തിയിട്ടും പ്രതിഷേധക്കാരെ ശാന്തമാക്കാന്‍ സാധിച്ചിട്ടില്ല. പൊലീസ് നടപടിയോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണ് ചെയ്തത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ മരിക്കുകയും ആയിരങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ഇന്ത്യയുടെ ഭരണഘടനയില്‍ മതേതരത്വം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാല്‍ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ ജനാധിപത്യത്തിന് ഹാനികരമാണെന്ന് വിമര്‍ശിക്കപ്പെടുന്നു. അദ്ദേഹത്തിന്‍റെ നയങ്ങള്‍ നയതന്ത്ര ബന്ധത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയാണ്, പത്രം പറയുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment