Flash News

കറിയാച്ചനറിഞ്ഞോ! (നര്‍മ്മ ഭാവന)

December 30, 2019 , ജോണ്‍ ഇളമത

Kariyachanarinjo banner

(ഈ നര്‍മ്മ ഭാവനയും കഥാപാത്രങ്ങളും നൂറുശതമാനവും സാങ്കല്പികങ്ങളാണ്. നര്‍മ്മത്തിന് പ്രാധാന്യം കൊടുത്ത് വായിപ്പാനപേക്ഷ!)

ദീനാമ്മ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു………

“കറിയാച്ചനറിഞ്ഞോ, ആ വായാടി…… മ്മേടെ ഹസ്ബന്‍റ് കറിയാച്ചനെ കേരളസഭേലേക്ക് തെരഞ്ഞെടുത്തു”

“ആര് തെരഞ്ഞെടുത്തു?”

“ങ്ങാ, ആര്‍ക്കറിയാം! നിങ്ങളെ എന്നാത്തിനു കൊള്ളാം. ഒള്ള കാശും ചെലവാക്കി ഒരോരുത്തരടെ പൊറകേ വിട്ടിലും പിടിച്ചു നടക്കുകയല്ലേ. പള്ളീ വന്നാ, ആ വായാടി അവടെ മൈക്കു പോലത്തെ തൊണ്ട തുറന്നു പറഞ്ഞോണ്ടു നടക്കുവാ, കറിയാച്ചന്‍ ലോക സഭേലോട്ട് പോകുവാന്ന്.”

image (2)-1“ങാ, ആര്‍ക്കറിയാം, ഈ ലോകസഭ എവിടാന്ന്? തിരുവന്തോരത്തോ, അതോ ഡല്‍ഹീലോ! ഒന്നെനിക്കറിയാം, ഇതെന്തോ ഗുണമൊള്ളോരു കാര്യാന്ന്. അല്ലങ്കി പുഴുക്ക നെല്ലിനുപോലും വാ പൊളിക്കാത്ത കറിയാച്ചനെ എങ്ങനാ തെരഞ്ഞെടുത്തെ. പാവമാണേലും ഗുണമില്ലാത്ത ഒരു കാര്യത്തിനും പോകാത്തോനാ കറിയാച്ചന്‍! എങ്കിലും ഞാനാലോചിക്കുവാരുന്നു, നിങ്ങളെ ഒരുത്തനും തെരഞ്ഞെടുത്തില്ലല്ലോന്ന്!”

“എടീ മണ്ടി കൊസ്രാണി ഭാര്യേ ദീനാമ്മേ! ഇത് നിയമസഭേലെങ്ങും പോയിരിക്കുന്ന കാര്യോല്ല. അതേ, പണം മൊടക്കി ബിസിനസ്സ് ചെയ്യാം പേരിപ്പിക്കുന്ന സമ്മേളനമാ. നീ കരുതുന്നൊണ്ടോ, ഇവിടുന്നിപ്പപ്പോന്നോരാരെങ്കിലും അവിടെ കാശു മൊടക്കി ബിസിനസ്
ചെയ്യുമെന്ന്? പിന്നേയ്, ഭര്‍ത്താക്കമ്മാരെ ഇതിനൊക്കെ തെരഞ്ഞെടുത്ത്, ലോക സഭേലോട്ടയക്കുന്നത് ചൊവൊള്ള അഭ്യുദയയകാംക്ഷികളായ ഭാര്യമാരാ. അവര്‍ക്കുവേണ്ട സാമ്പത്തിക സപ്പോര്‍ട്ടും, മോറല്‍ സപ്പോര്‍ട്ടുമൊക്കെ കൊടുത്ത്.”

“അഭ്യുദയകാംക്ഷികളായ ഭാര്യമാരാ!”

“പിന്നല്ലാതാരാ? ഇവിടെ വല്ല തെരഞ്ഞെടുപ്പു കമ്മറ്റീം ഒണ്ടേല്‍ ദിവസോം പത്രത്തി വാര്‍ത്തയാ, കൂണു കുരുത്ത പോലെ, തിരഞ്ഞെടുത്ത പ്രതിനിധികളുടെ വാര്‍ത്ത. ആര് ആരെയാ പ്രതിനിധീകരിക്കുന്നന്ന് തിരഞ്ഞെടുക്കപ്പെട്ടോര്‍ക്കുമറിയത്തില്ല!”

“എന്നാ നിങ്ങളൊന്നു പോയി വന്നെ, ഇതുരണ്ടും ഞാം നിങ്ങക്കു തരാം!”

“അവിടെ പോയിട്ടെന്തോരു കാര്യം. പിന്നെ ഒന്ന് പോയി സര്‍ക്കാര് ചിലവിലൊന്നടിച്ചു പൊളിക്കാം. ബിസിനസിന്‍റ മര്‍മ്മം അറിയാവുന്നോരേം, വിവിധ നിലേല്‍ ഉന്നതരായ ബുദ്ധിജീവികളേമാ അങ്ങോട്ട് ക്ഷണിക്കുന്നെ. അവരടെയാക്കെ അഭിപ്രായമാരാഞ്ഞ് പ്രബുദ്ധ കേരളം കെട്ടിപടുക്കാന്‍! ഇതിപ്പം ആട്ടമറിയാതെ കഥകളികാണാപോണ തെരക്കാ എവിടേം. ഈ പോണോരൊക്കെ ഇതേപ്പറ്റി അറിവൊള്ളോരുതന്നെയോ! കൊള്ളാം നല്ലകാര്യം, അവരൊക്കെ അവിടെകൂടി, ആഘോഷിച്ചിവിടെത്തി വീരവാദം മുഴക്കി ഒന്നു മിനുങ്ങും, അത്രതന്നെ! ഫോട്ടൊ പത്രത്തിലിടും, മന്ത്രിയേം കെട്ടിപ്പിടിച്ച്, പൊതുജനത്തെ ഞെട്ടിച്ച്! പ്രതിപക്ഷ നേതാവുതന്നെ കാലുമാറ്റി ചവട്ടി, സര്‍ക്കാരിന്റെ ധൂര്‍ത്തന്നും പറഞ്ഞ്. അത് കണക്കാക്കണ്ട, രാഷ്ട്രീയത്തിന്റെ മറ്റൊരുവശം!”

“പിന്നെ ആരാ പോകേണ്ടതെന്നാ നിങ്ങടെ വിചാരം?”

“അവടെ ലിസ്റ്റുകൊടുക്കുന്നോര്, കഴിവാള്ളേരെടെ ലിസ്റ്റു കൊടുക്കണം. അല്ലാതെ വായും പേയും പറഞ്ഞ് മനുഷ്യനെ കറക്കിയടിക്കുന്നോരെ കൊണ്ടോയിട്ടെന്തോന്നുകാര്യം! ഒരു പ്രഹസനം അത്രതന്നെ. പറഞ്ഞിട്ടെന്തോരു കാര്യം, ആര്‍ക്കാ ഇത്ര സാമൂഹ്യ പ്രതിബദ്ധത! പണ്ട് കുഞ്ഞിതൊമ്മന്‍ എമ്മെല്ലെ ഞെട്ടി ഒണര്‍ന്നു പറഞ്ഞപോലാ ഇവിടുത്തെ കാര്യം! ആഫ്രിക്കേന്ന് ജിറാഫിനെ കൊണ്ടോരുന്ന കാര്യമാ നിയമസഭേല്‍ പറഞ്ഞോണ്ടിരുന്നത്. ഉറക്കത്തീന്ന് ഞെട്ടി ഒണര്‍ന്ന കുഞ്ഞിതൊമ്മന്‍, കേട്ടതു പാതി, കേക്കാത്തതു പാതി എന്ന നിലേലൊരു തട്ടു തട്ടി…

“അതിലൊന്നു കത്തോലിക്കനാരിക്കണം”

എന്നു പറഞ്ഞമട്ടാ ഇവിടേം, കേരള രാഷ്ട്രീയത്തിന്റെ അഭിനവ പതിപ്പ്!! കൈയ്യൂൂക്കൊള്ളോന്‍ കാര്യക്കാരന്‍, സത്യം പറയുന്നോന്‍ ശത്രൂ! പോയി അടിച്ചു പൊളിച്ചു വരൂ, എല്ലാ മംഗളങ്ങളും!!



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top