മുഖ്യമന്ത്രിയും പാര്‍ട്ടിയും കോഴിക്കോട് എന്‍.ഐ.എ കേസും

xml-1575703265.jpg.pagespeed.ic.-nUBYfRhZ8സി.പി.എം അംഗങ്ങളായ രണ്ട് യുവാക്കള്‍ അറസ്റ്റിലായ കോഴിക്കോട് പന്തീരാങ്കാവിലെ യു.എ.പി.എ കേസ് സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണ്. ആഭ്യന്തര വകുപ്പു കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം ആറ് മന്ത്രിമാര്‍ ഉള്‍പ്പെട്ടതാണ് സി.പി.എം സെക്രട്ടേറിയറ്റ് എന്നിരിക്കെ വിശേഷിച്ചും. ക്രമസമാധാനം കൈകാര്യംചെയ്യുന്ന സംസ്ഥാനത്തിന്റെ അവകാശ പരിധിയില്‍ കേന്ദ്രം കൈകടത്തിയെന്നുകൂടി സംസ്ഥാന സെക്രട്ടേറിയറ്റ് വിമര്‍ശിക്കുമ്പോള്‍.

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ പറയുന്നതാണോ അതോ ഈ കേസില്‍ പൊലീസും ഒടുവില്‍ മുഖ്യമന്ത്രിയും പരസ്യമായെടുത്ത നിലപാടും അതിനനുസൃതമായി സംസ്ഥാന അറ്റോര്‍ണി ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാടും ആണോ ശരിയെന്ന് സി.പി.എം ഇനിയും വിശദീകരിക്കേണ്ടതുണ്ട്. പാര്‍ട്ടി പറയുന്നതാണോ താനും തന്റെ സര്‍ക്കാറും ഈ കേസിലെടുത്ത നിലപാടാണോ ശരിയെന്ന് വിശദീകരിക്കേണ്ട ബാധ്യത ഇനി മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.

പന്തീരാങ്കാവിലെ സി.പി.എം പ്രാദേശിക ബ്രാഞ്ചില്‍ അംഗങ്ങളായിരുന്ന അലന്‍ എന്ന വിദ്യാര്‍ത്ഥിയെയും താഹ എന്ന യുവാവിനെയും കഴിഞ്ഞ നവംബര്‍ 2-നാണ് കോഴിക്കോട് പൊലീസ് അറസ്റ്റുചെയ്തതും യു.എ.പി.എ കുറ്റം ചുമത്തിയതും. സി.പി.എം കുടുംബാംഗമായ അലന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിതന്നെ അക്കാര്യം മാധ്യമങ്ങളെ അറിയിക്കയും യു.എ.പി.എയോട് യോജിപ്പില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യം പരിശോധിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കുമെന്നു മാധ്യമങ്ങളിലൂടെ ഉറപ്പുനല്‍കുകയും ചെയ്തു. പിറ്റേദിവസം യു.എ.പി.എ അറസ്റ്റില്‍ പ്രക്ഷുബ്ധമായ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ യു.എ.പി.എ തെറ്റായി പ്രയോഗിച്ചെങ്കില്‍ തിരുത്തുമെന്നാണ്. സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ കേസ് വിചാരണയ്ക്ക് സമര്‍പ്പിക്കാനാകൂ. പോരാത്തതിന് ഒരു റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ യു.എ.പി.എ സമിതി പരിശോധിച്ച് അനുവാദം നല്‍കിയാല്‍ മാത്രമേ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുമുള്ളൂ.

മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയ ഈ നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയാകാതെ കേന്ദ്ര സര്‍ക്കാര്‍ കോഴിക്കോട്ടെ യു.എ.പി.എ കേസ് റാഞ്ചിക്കൊണ്ടുപോയി ദേശീയ സുരക്ഷാ അന്വേഷണ ഏജന്‍സിയെ ഏല്പിച്ചെന്നാണോ സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്? അക്കാര്യം ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത സെക്രട്ടേറിയറ്റിനെ നയിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുണ്ട്. സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായിക്കും.

മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം അവിടംകൊണ്ടും തീരുന്നില്ല. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി ഡിസംബര്‍ 6ന് മാധ്യമ പ്രവര്‍ത്തകരെ കാണുകയുണ്ടായി. യു.എ.പി.എ കുറ്റംചുമത്തി വിചാരണ നേരിടുന്ന രണ്ട് സി.പി.എം അംഗങ്ങളെ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് എന്താണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറിച്ചൊരു ചോദ്യം അങ്ങോട്ടു ചോദിക്കുകയായിരുന്നു: ‘ഏത് പാര്‍ട്ടിയംഗങ്ങളെ ക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. അവര്‍ സി.പി.എം പ്രവര്‍ത്തകരല്ല. അവര്‍ മാവോയിസ്റ്റുകളാണ്’ യു.എ.പി.എ കുറ്റാരോപിതരുടെ കേസില്‍ സ്വയം വിധി പ്രസ്താവിക്കുകയായിരുന്നു.

ഇവരെ അറസ്റ്റുചെയ്ത പ്രശ്‌നം പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോള്‍ ആ പരിശോധനയെല്ലാം കഴിഞ്ഞു. അവര്‍ മാവോയിസ്റ്റാണെന്ന് വ്യക്തമായിട്ടുണ്ട് എന്നു ഉറപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിനു പിറകെയാണ് എന്‍.ഐ.എ എന്ന കേന്ദ്ര അന്വേഷണ ഏജന്‍സി സി.പി.എം അംഗങ്ങളുടെ യു.എ.പി.എ കേസുകള്‍ ഏറ്റെടുത്തത്. കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്‍.ഐ.എ റീരജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേരളാ പൊലീസ് നടത്തിയ അന്വേഷണ രേഖകളുടെ തുടര്‍ച്ചയായാണ് എന്‍.ഐ.എ തുടര്‍ അന്വേഷണം നിര്‍വ്വഹിക്കുക.

ഈ വസ്തുതകള്‍ കൃത്യമായി വെളിപ്പെടുത്തുന്നത് സംസ്ഥാന മുഖ്യമന്ത്രിയും പൊലീസും അറിഞ്ഞുകൊണ്ടാണ് ഈ കേസ് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എയിലേക്ക് എത്തിച്ചത് എന്നുതന്നെയാണ്. അല്ലെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറും പൊലീസും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറുമായി നടത്തിയ കത്തിടപാടുകള്‍ മുഖ്യമന്ത്രിയോ പാര്‍ട്ടിയോ പരസ്യപ്പെടുത്തണം. ഇതൊക്കെ വളരെ വ്യക്തമായി അറിയാവുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗമാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് കേസ് എന്‍.ഐ.എയെ ഏല്പിച്ചു എന്നുപറഞ്ഞ് പ്രതിഷേധ പ്രസ്താവനയിറക്കിയത്. ക്രമസമാധാനം സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയായിരിക്കെ കൂടിയാലോചന നടത്താതെ കേസ് എന്‍.ഐ.എയെ ഏല്പിച്ചുവെന്ന് കുറ്റപ്പെടുത്തുന്നത്.

യു.എ.പി.എ നിയമം അനുസരിച്ച് സി.പി.എം പ്രവര്‍ത്തകരായ രണ്ടുപേര്‍ക്കുമെതിരെ കേസ് എടുത്തതിനെതിരെ ഇതേ സംസ്ഥാന സെക്രട്ടേറിയറ്റാണ് നേരത്തെ പ്രതികരിച്ചിരുന്നത്. യു.എ.പി.എ ചുമത്തിയതില്‍ സംഭവിച്ച തെറ്റ് സര്‍ക്കാര്‍ തിരുത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവനും പറഞ്ഞിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു. ആ പരസ്യ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിക്കൊപ്പം ഇടതുപക്ഷം നില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് അലന്റെ കുടുംബം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അലന്‍ മാവോയിസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും കേസ് എന്‍.ഐ.എ ഏറ്റെടുത്തതും അലന്റെ കുടുംബത്തെ ഞെട്ടിച്ചു. പാര്‍ട്ടിയിലും ഭരണകൂടത്തിലും തങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടെന്നും സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായെന്നും അലന്റെ മാതാവ് സവിത മഠത്തില്‍ പ്രതികരിച്ചത് അതുകൊണ്ടാണ്. പാര്‍ട്ടിയും സര്‍ക്കാറും നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടെന്നു വ്യക്തമാക്കിയതും.

സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും ഇരട്ടത്താപ്പിന് അടിവരയിടുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ തലയില്‍ കേസിന്റെ ഉത്തരവാദിത്വം കെട്ടിവെക്കുന്ന സി.പി.എം സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. ഡിസംബര്‍ 27ന്റെ പാര്‍ട്ടി മുഖപത്രത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി എഴുതിയ ലേഖനം പാര്‍ട്ടിയുടെ ഇരട്ടത്താപ്പു വീണ്ടും തുറന്നുകാട്ടുന്നു: ‘ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്താന്‍ കേരളത്തില്‍ എസ്.ഡി.പി.ഐ – ജമാഅത്തൈ ഇസ്ലാമി പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ഒരു വിഭാഗം മാവോവാദികളുടെ പിന്തുണ അവര്‍ക്കുണ്ട്.’

മാവോവാദികളിലൂടെ ഇസ്ലാം തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നതിന്റെ ഉദാഹരണമാണ് കോഴിക്കോട്ട് അലനും താഹയും പ്രതികളായ യു.എ.പി.എ കേസ് എന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നിലപാടാണ് കോടിയേരിയും ആവര്‍ത്തിച്ചിരിക്കുന്നത്. അതാണ് സത്യമെങ്കില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഈ കേസില്‍ ആദ്യം എടുത്ത നിലപാടുകള്‍ തെറ്റായിരുന്നുവെന്നു ഏറ്റുപറയണം. പൊലീസും ചീഫ് സെക്രട്ടറിയും ആദ്യന്തം എടുത്തുപോന്ന നിലപാടായിരുന്നു ശരിയെന്നു സമ്മതിക്കണം. അതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ വിമര്‍ശം തെറ്റായിരുന്നു എന്നു പറയാനും തന്റേടം കാണിക്കണം. അതു ചെയ്യുന്നതിനു പകരം എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെ പൊതുജനാഭിപ്രായം എതിരാണെന്നു കണ്ട് അതിന്റെ ഉത്തരവാദിത്വം സി.പി.എം സെക്രട്ടേറിയറ്റ് കേന്ദ്ര ഗവണ്മെന്റിന്റെ പേരില്‍ ചാര്‍ത്തുകയായിരുന്നില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment