പുതിയ വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് നമ്മേ വരവേല്‍ക്കുന്നത്. മലയാളികളായ നാമേറെ തത്വജ്ഞാനികളായി ആണ് ഭാവിക്കാറ്. സത്യത്തില്‍ നാം ജീവിതത്തില്‍ പറച്ചിലുകള്ക്കൊപ്പമാണോ പ്രവര്‍ത്തിക്കുക.സ്വാര്‍ത്ഥത! ഒരോ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും, നമ്മില്‍ ഏറെ വര്‍ദ്ധിച്ചു വരുന്നതായി അനുഭവപ്പെടുന്നില്ലേ?
പ്രതികരണശേഷി നഷ്ടപ്പെട്ടവരേപോലെ,ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങളുടെ മുമ്പില്‍ നാം കണ്ണടക്കാറില്ലേ, ഇതെന്റെ പ്രശ്നമല്ല എന്ന മട്ടില്‍!
പ്രതികരണശേഷി നഷ്ടപ്പെടാതെ സത്യസന്ധമായി പരസ്പര സഹകരണത്തോടുകൂടിയുള്ള ഒരു പുതുജീവിതം, പുതിയ യുഗത്തിലും, കാലഘട്ടത്തിലും നമ്മെ ധന്യരാക്കട്ടെ. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന നാം, മതഭ്രാന്തിന്റെ ചുഴിയില്‍ കറങ്ങി മുങ്ങിതാഴുന്ന ദയനീയ കാഴ്ചയാണ് നമ്മെ വരവേറ്റുകൊണ്ടിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുക, പരിസ്ഥിതിയെ ദുരുപയോഗപ്പെടുത്തുക എന്നിവ എത്രയോ നിസ്സാരമായി നാം കാണുന്നു. തലമുറകളുടെ സ്വത്ത് അത് മക്കള്‍ക്കും, മക്കളുടെ മക്കള്‍ക്കും, അവരുടെ മക്കള്‍ക്കുമൊക്കെ തുടര്ന്നനുഭവിക്കാനുള്ളതല്ലേ. ഞാനും സുന്ദരിയായ എന്റെ ഭാര്യയും, ആജ്ഞാനുവര്‍ത്തിയായ ഒരു ക്ഷുരകനും മാത്രം മതി എന്റെ ജീവിതത്തില്‍ എന്ന ചിന്തയുടെ നിര്‍വചനമല്ലേ സ്വാര്‍ത്ഥത!
നാട്ടിലുള്ളവര്‍ മാത്രമല്ല, നാട്ടില്‍ നിന്നു കുടിയേറിയ മലയാളികളുടെയും സ്ഥിതി ഇതില്‍ നിന്നു മെച്ചമാണോ? സമ്പല്സമൃദ്ധമായ, സാംസ്ക്കാരിക ഉന്നതത്തില് വിരാജിക്കുന്ന നമ്മുടെ സ്ഥിതികള്‍ക്കും, മനോഭാവങ്ങള്‍ക്കും ഇനിയുമേറെ മാറ്റം വരേണ്ടതുണ്ട്. ഈയിടെ നാട്ടിലേക്കു പോയ ഈ ലേഖകന്റെ ശ്രദ്ധ പിടിച്ചുനിര്‍ത്തിയ രസകരമായ കാഴ്ച! ഇന്ത്യന്‍ വംശജര്‍, പഞ്ചാബികളും, തമിഴരും, മലയാളികളും, നല്ല ഒരു സംവിധാനത്തെ ചൂഷണം ചെയ്യുന്ന ദുരവസ്ഥ, സ്വര്ത്ഥതയുടേതല്ലാതെ മറ്റെന്താണ്!
വീല്‍ ചെയറില്‍ കയറിയിരുന്ന്, രജാവിന്റേയും രാജ്ഞിയുടെയും ഗര്‍വ്വോടെ നാട്ടിലേക്ക് സഞ്ചരിക്കുന്ന മഹതീമഹന്മാര്! സായിപ്പിനെ കുറ്റം പറയുന്ന മഹാത്മാക്കള്‍! അവര്‍ ചെയ്യുന്നതെന്താണന്ന് അവര്‍ അറിയില്ലെന്നു ഭാവിക്കുകയോ! അല്ലേ, അല്ല. നമുക്കു മാത്രം വേണം സുഖം. ദീപസ്തംഭം മഹാശ്ചര്യം! അര്‍ഹിക്കുന്നവര്‍ വീല്‍ചെയറില്‍ സഞ്ചരിക്കട്ടെ. വയോധികര്‍, വികലാംഗര്‍! അതല്ലേ സംഭവിക്കുന്നത്. അമ്പത്തഞ്ചു വയസ്സു പോലുമെത്താത്ത സുഖലോലുപര്‍! അവര്‍ക്ക് ക്യൂ നില്ക്കേണ്ടാ, കസ്റ്റംസിന്റെ ബുദ്ധിമുട്ടില്ല. ഊന്നാനും, തൊഴയാനും ആളുണ്ടെങ്കില്‍ വള്ളേത്തേലെ യാത്ര പരമസുഖമെന്ന മട്ടില്‍ സായൂജ്യമടയുന്ന മഹാരഥന്മാര്! എന്നിട്ടോ ഇതിലൊക്കെ രസകരം, ഡെസ്റ്റിനേഷനില്‍ എത്തുമ്പോള്‍ വീല്‍ചെയര്‍ തട്ടിയെറിഞ്ഞ് ബഹുമാന്യരായി, നിന്നെ ഞാന്‍ കളിപ്പിച്ചേ എന്ന മുഖഭാവത്തോടെ നടന്നു നീങ്ങുന്ന രാജ്യസ്നേഹികള്‍! ഈ ആനുകൂല്യം അധികം താമസിയാതെ നിര്‍ത്തപ്പെടുമ്പോള്‍ ആരാണ് രക്തസാക്ഷികള്‍? അര്‍ഹതയുള്ള വയോവൃദ്ധരും, വികലാംഗരും! മലയാളികളെങ്കിലും ഈ മനോഭാവം ഉപേക്ഷിച്ചാല്‍ അടുത്ത രണ്ടായിരത്തി ഇരുപതിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്താം!
എല്ലാവര്ക്കും പുതുവര്‍ഷാശംസകള്‍!!
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply