Flash News

മനുഷ്യബന്ധങ്ങള്‍ ബന്ധനവിമുക്തമാകുന്ന വര്‍ഷമാകട്ടെ 2020

December 31, 2019 , പി.പി ചെറിയാന്‍

Manushyabandhangal bannerആഭ്യന്തര കലാപങ്ങള്‍ യുദ്ധങ്ങള്‍, വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രണ്ടായിരത്തി പത്തൊന്‍പത്തില്‍ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങള്‍കാണു നാം സാക്ഷിയാകേണ്ടി വന്നത്. 2019 ഉള്‍പ്പടെ പിന്നിട്ട ഓരോ വര്‍ഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ അന്ധകാരശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടു അന്ധത ബാധിച്ചവര്‍ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകള്‍ പുതു വര്‍ഷത്തിലും ചരിത്ര താളുകളില്‍ നൂതന അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല.

എത്രയോ ആയിരക്കണക്കിന് മനുഷ്യ ജീവനുകളെയാണ് തിന്മയുടെ പൈശാചിക ശക്തികള്‍ അപാഹരിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തശക്തിയില്‍ അമിതമായി ഊറ്റം കൊളളുകയും അധികാരം നില നിര്‍ത്തുന്നതിന് എന്ത് ഹീന മാര്‍ഗ്ഗവും സ്വീകരിക്കുകയും ചെയ്യുന്ന ചിലരുടെയെങ്കിലും കറുത്ത കരങ്ങളാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നുവെന്നതില്‍ രണ്ടു പക്ഷമില്ല.

അധികാരം പിടിച്ചെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനും മനുഷ്യന്‍ പാടുപെടുന്നത് കാണുമ്പോള്‍ അവന്റെ അല്പത്വത്തില്‍ അവനോടു സഹതപിക്കുകയല്ലാതെ വേറെ എന്താണ് കരണീയമായിട്ടുള്ളത്. നമുക്കു ലഭിച്ചിരിക്കുന്നതെന്തോ, അതെല്ലാം ദൈവീക ദാനമാണെന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഇന്ന് അംഗുലീപരിമിതമായിരിക്കുന്നു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നാം ഓരോരുത്തരിലും അര്‍പ്പിതമായിട്ടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് നിയോഗിക്കപ്പട്ടവരും, നന്മയുടേയും, സ്‌നേഹത്തിന്റെയും, വിനയത്തിന്റെയും പ്രതീകവുമായി മാറേണ്ടവരുമാണ്. ഇത് സംഭവിക്കുന്നില്ലെങ്കില്‍ സ്‌നേഹമെന്ന മൂര്‍ത്ത ഭാവം അത്തരക്കാരില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു എന്നു വേണം കരുതുവാന്‍. ദൈവസ്‌നേഹത്തിന്റെ സ്വാധീനം മനുഷ്യമനസുകളെ എത്രമാത്രം നിയന്ത്രിക്കുന്നുണ്ട്? ഇന്ന് മനുഷ്യന്‍ തിന്മയുടെ സ്വാധീനത്തില്‍ പകയുടേയും വിദ്വേഷത്തിന്റേയും വക്താക്കളായി മാറുന്നുവെന്നുള്ളതല്ലെ വാസ്തവം.

നീ കോപിക്കുന്നതെന്തിന്, നിന്റെ മുഖം വാടുന്നത് എന്ത് ? നീ നന്മ ചെയ്യുന്നുവെങ്കില്‍ പ്രസാദം ഉണ്ടാകയില്ലയോ ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതുക്കല്‍ കിടക്കുന്നു (ഉല്പത്തി :46,7).

ഹാബേലിന്റെ യാഗത്തില്‍ പ്രസാദിക്കുകയും കയീനിലും അവന്റെ വഴിപാടിലും പ്രസാദിക്കാതിരിക്കുകയും ചെയ്ത ദൈവത്തിന്റെ പ്രവര്‍ത്തിയില്‍ കോപിഷ്ഠനായ കയീനോട് ദൈവം അരുളി ചെയ്ത വാക്കുകളാണ് മേലുദ്ധരിച്ചത്.

സ്‌നേഹത്തിന്റെ പ്രചോദനത്താല്‍ മാത്രമേ നമ ചെയ്യുന്നതിന് കഴിയൂ ഇല്ലെങ്കില്‍ കോപിഷ്ഠനായി നാശത്തിന്റെ വിഷ വിത്ത് വിതകുന്നവരായി തീരുമെന്നാണ് ഈ സംഭവം വിളിച്ചോതുന്നത്.

മനുഷ്യര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഭൗതീക അനുഗ്രഹങ്ങളും സ്വാതത്ര്യവും സ്വന്തം സുഖത്തിനുവേണ്ടി മാത്രം വിനിയോഗിക്കുമ്പോള്‍ നിഷേധിക്കപ്പെടുന്നത് മറ്റുളളവരുടെ സുഖവും, നീതിയും, സ്വാതന്ത്ര്യവുമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോള്‍, ഇതിനെതിരെ പ്രതികരിക്കുന്നവര്‍, ഒരുപക്ഷേ അക്രമത്തിന്റെയോ ഹിംസയുടെയോ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ അതിലവരെ കുറ്റപ്പെടുത്താനാവുമോ ?

ആധുനികരെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ ദൈവീക കല്പനകള്‍ ലംഘിക്കുന്നതിലൂടെ പാപത്തിനു അടിമപ്പെടുകയും അതിലൂടെ താല്‍ക്കാലിക ആനന്ദം കണ്ടെത്തുന്നതിന് ശ്രമിക്കുകയും ചെയുന്നു.

മനുഷ്യന്‍ ചെയ്യുവാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമായി തീരുകയില്ല (ഉല്പത്തി 116) എന്ന ദൈവ വചനത്തിലെ മുന്നറിയിപ്പ് വ്യക്തമായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നു. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാന്‍ അത്യദ്ധ്വാനം ചെയ്യുന്ന മനുഷ്യന്റെ പ്രയത്‌നത്തെ നോക്കി ദൈവം അരുളി ചെയ്ത വചനമാണിത്. മനുഷ്യനു ലഭിച്ചിരിക്കുന്ന അറിവും സമ്പത്തും, ദൈവത്തെ വെല്ലുവിളിക്കുന്ന തലത്തിലേക്ക്ഉയരുമ്പോള്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ചവര്‍ക്കുണ്ടായ അനുഭവം മനുഷ്യന്‍ വിസ്മരികാതിരിക്കുന്നതാണ് നല്ലത്.

സൊദോം ഗോമോറയെപോലും ലജ്ജിപ്പിക്കുന്ന മ്ലേച്ഛതകള്‍ ലോകത്തില്‍ അതിവേഗം വര്‍ധിച്ചുവരുന്നു. ദൈവിക അടിസ്ഥാന പ്രമാണങ്ങള്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തികൊണ്ടു സ്വവര്‍ഗ്ഗാനുരാഗം, മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും അമിതസ്വാധീനം, വിവാഹബന്ധങ്ങളുടെ വ്യാപകമായ തകര്‍ച്ച, പുനര്‍ വിവാഹത്തിനുളള വ്യഗ്രത തുടങ്ങിയവയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടവര്‍, പ്രത്യേകിച്ച് ദൈവനിയോഗം ലഭിച്ചവരെന്നു അഭിമാനം കൊള്ളുന്നവര്‍, അത് പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു. മാത്രമല്ല, ഒരു പരിധിവരെ സാമ്പത്തിക നേട്ടത്തിനായി ഇതിനെല്ലാം മൗനാനുവാദം നല്‍കുന്നതിനും ഇക്കൂട്ടര്‍ തയ്യാറാക്കുന്നു എന്നുളളതാണ് ദുഃഖകരമായ വസ്തുത. ഇവിടെയാണ് സാധാരണ ജനങ്ങള്‍ കല്ലുകള്‍ ആയിട്ടാണെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടത്.

യേരുശലേം ദേവാലയത്തിലേക്കുളള ക്രിസ്തു ദേവന്റെ രാജകീയ എഴുന്നളളത്തില്‍ കൂടെ സഞ്ചരിച്ചിരുന്ന ആബാലവൃതം ഹോശന്നാ എന്നു ആര്‍ത്തു വിളിക്കുന്നത് തടയുവാന്‍ ശ്രമിച്ച മഹാപുരോഹിതന്മാരോടും ശാസ്ത്രിമാരോടും പരീശന്മാരോടും ക്രിസ്തു പറഞ്ഞതിപ്രകാരമായൊരുന്നു “ഇവര്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.” ക്രിസ്തീയ ശുശ്രൂഷ നിര്‍വ്വഹിക്കപ്പെടുവാന്‍ നിയോഗിക്കപ്പെട്ടവര്‍ ക്രിസ്തുവിനെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നത് ആദ്യ നൂറ്റാണ്ടിലെന്നപോലെ ഇന്നും അഭംഗുരം തുടരുന്നു. ഇതു തിരുത്തപ്പെടേണ്ടതാണ്. മെത്രാച്ചനൊ മൂപ്പനോ പട്ടക്കാരനൊ അത്മായനൊ എന്ന യാതൊരു വേര്‍തിരിവും ദൈവമുമ്പാകെ ഇല്ല തന്നെ !! സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഏവരും പിതാവെന്ന ദൈവത്തിന്റെ മക്കളും അവകാശികളുമാണ്.

ഈ ദൈവിക വാഗ്ദത്തം ഓരോരുത്തരിലുമുളള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു. ഹൃദ്യമായി ഒന്നു ചിരിക്കുവാന്‍ പോലും കഴിയാതെ പരസ്പര ബന്ധങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍ എന്ന ഉദാത്ത സ്‌നേഹത്തിന്റെ സന്ദേശം അനുഭവവേദ്യമാകുന്നതിനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം നമ്മില്‍ അര്‍പ്പിതമായിരിക്കുന്നു. ബന്ധങ്ങളെ ബന്ധനങ്ങളായി വ്യാഖ്യാനിക്കുന്നതിനുള്ള പ്രവണത നാം ഉപേക്ഷിക്കണം. മറ്റുളളവരെ ആദരിക്കുന്നതിനും, കരുതുന്നതിനും ഉതകുന്ന ഒരു സാംസ്കാരിക ബോധം നാം വളര്‍ത്തിയെടുക്കണം.

ഒരു ഗോതമ്പു ചെടി കൂടുതല്‍ ഫലവത്തായി തീരുംതോറും തങ്കനിറത്തിലുളള അതിന്റെ പുഷ്ടിയുളള മണികളുടെ ഭാരം കൊണ്ട് അത് കുനിഞ്ഞുപോകുന്നു. എന്നാല്‍ തഴച്ചു വളരുന്ന ഭാവം കാണിക്കുന്ന കളയാകട്ടെ അത് അതിന്റെ തല ഉയര്‍ത്തി പിടിക്കുന്നു. കൊയ്തു വരുമ്പോള്‍ അവ വെറും കള മാത്രമാണെന്ന് തെളിയിക്കുകയുംചെയ്യും. കളയാകട്ടെ യജമാനന്‍ വെട്ടി തീയിലിട്ട് ദഹിപ്പിക്കുന്നു. മനുഷ്യന്‍ അനുഭവിക്കുന്നതെല്ലാം ദൈവീക ദാനമാണെന്ന് വിശ്വസിക്കുന്നവര്‍ പുഷ്ടിയുളള ഗോതമ്പു മണി വിളയിക്കുന്ന ചെടിയുടെ അവസ്ഥയിലേക്ക് മാറുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ ധന്യത കണ്ടെത്തുവാന്‍ കഴിയുന്നത് . ശേഷിക്കുന്ന മനുഷ്യായുസിന്റെ ഓരോനിമിഷവും അത് സന്തോഷ സന്താപ വ്യത്യാസമില്ലാതെ ഒരു വെല്ലുവിളിയായി സ്വീകരിക്കുന്നുവെന്ന് പുതുവര്‍ഷത്തില്‍ പ്രതിജ്ഞ ഏറ്റെടുക്കാം.

സമ്പല്‍ സമൃദ്ധമായ പുതുവത്സര ആശംസകള്‍ നേരുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top