കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയ്ക്കെതിരെ കുറ്റപത്രം. നികുതി വെട്ടിക്കാന്‍ സുരേഷ് ഗോപി വ്യാജ രേഖകള്‍ നിര്‍മ്മിച്ചുവെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസില്‍ രേഖപ്പെടുത്തിയ മൊഴികളെല്ലാം സുരേഷ് ഗോപിയ്ക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറയുന്നു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുത്തിയാണ് സുരേഷ് ഗോപിയ്ക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
2010 ജനുവരി 27നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനായി അദ്ദേഹം പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മ്മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമകള്‍ അദ്ദേഹത്തെ ഇതുവരെ നേരില്‍ക്കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. അപ്പാര്‍ട്ട്മെന്റിലെ അസോസിയേഷന് ഭാരവാഹിയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന് തന്റെ വ്യാജ ഒപ്പും സീലുമാണ് രേഖകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍ തന്നെ കുറ്റ പത്രം സമര്‍പ്പിക്കും.
2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. മുന്‍കൂര്‍ ജാമ്യം തേടി ഹെക്കോടതിയെ സമീപിച്ചപ്പോള്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2010ല്‍ 80 ലക്ഷം രൂപ വില വരുന്ന ഓഡി കാറും രാജ്യസഭാംഗമായതിന് ശേഷം മറ്റൊരു ഓഡി കാറും പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്ക് എതിരായ കേസ്.
കാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ സുരേഷ് ഗോപി ഹാജരാക്കിയിരുന്നു. ക്രൈം ബ്രാഞ്ച് എസ്പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. താരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. പുതുച്ചേരിയില്‍ സ്വന്തമായി കൃഷി ഭൂമിയുണ്ടെന്നും അവിടെയുള്ള ആവശ്യത്തിനാണ് കാര്‍ വാങ്ങിയതെന്നും തെളിയിക്കാന്‍ അവിടെ താമസിച്ചിരുന്ന വാടക വീട്ടിലെ മേല്‍വിലാസവും മറ്റും നല്‍കിയിരുന്നു. രജിസ്ട്രേഷന്റെയും ഭൂമിയുടെയും രേഖകളും ഹാജരാക്കി. അവയെല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി.
സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന് ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു. നടി അമലാ പോളും പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെങ്കിലും അവ തമിഴ്നാട്ടിലും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news