തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റും ‘ആഴ്ചവട്ടം’ ഓണ്‍ലൈന്‍ എഡിഷന്റെ ചീഫ് എഡിറ്ററുമായ ഡോ. ജോര്‍ജ്ജ് എം കാക്കനാട്ട് രചിച്ച ‘ഡെഡ്ലൈന്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രകാശനം ചെയ്തു. ഡിസംബര്‍ 30ന് മാസ്കോട്ട് ഹോട്ടലില്‍ നടന്ന ലോക കേരള മാധ്യമസഭയുടെ സമാപന സമ്മേളനത്തില്‍ വച്ചായിരുന്നു പ്രകാശനം.
“ആഴ്ചവട്ടം എന്ന പ്രമുഖ പത്രത്തിലെ എഡിറ്റോറിയലുകളാണ് ഈ പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് ചിന്തോദ്ദീപകമാവുന്നത്. കാലത്തിനനുസൃതമായിട്ടുള്ള സംവാദങ്ങളുടെ മനോഹരമായ എഡിറ്റോറിയലുകളാണ് ഡെഡ്ലൈന് എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നു. ഇത്തരത്തിലൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്…” മന്ത്രി
പറഞ്ഞു.
നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള വേദിയില്‍ വച്ച് ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ പുസ്തകം പ്രകാശനം ചെയ്തത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ഡോ. ജോര്‍ജ്ജ് എം കാക്കനാട്ട് പറഞ്ഞു. ആഴ്ചവട്ടം പത്രത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ സമാഹാരാണ് ഡെഡ്ലൈന്. അതാതു സമയത്ത് പ്രസിദ്ധീകരിച്ച കാലികപ്രസക്തമായ വിഷയങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രഭാത് ബുക്സാണ് പ്രസാധകര്. ശക്തമായ ചൂടും ചൂരും നിറഞ്ഞു നില്ക്കുന്ന അക്ഷരജ്വാലയാണ് പുസ്കത്തിലുള്ളതെന്ന് അവതാരികയില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ ആഭിപ്രായപ്പെടുന്നു.
മലയാളത്തില്‍ ഏറെക്കാലത്തിനു ശേഷമാണ് മുഖപ്രസംഗത്തിന്റെ സമാഹാരം പുസ്തകരൂപത്തില്‍ പ്രകാശിതമാകുന്നത്. അതാതു കാലത്തുള്ള സംഭവവികാസങ്ങളെ കൃത്യമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തതിനു ശേഷം അതിലേക്കുള്ള ഇടപെടലുകളാണ് ഇവിടെ നിഴലിക്കുന്നത്. ഓരോ സംഭവവും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇഴപിരിച്ചു പരിശോധിച്ച് വാദമുഖങ്ങളില്ലാതെ ഉയര്‍ത്തിക്കാണിക്കുകയുമാണിവിടെ.
ഈ പുസ്തകത്തെ ഏറെ ധന്യമാക്കുന്നത് ഇത്തരം പ്രശ്നങ്ങളുടെ അതാതു സമയത്തെ പ്രതികരണങ്ങള്‍ എന്ന നിലയ്ക്കാണ്. മനുഷ്യന് സാമൂഹിക ജീവിയായി ഉടലെടുക്കുന്നത് എങ്ങനെയാണെന്നും ഇതു കാണിച്ചു തരുന്നു. ഇവിടെ എഴുതി ചേര്‍ത്തിരിക്കുന്നത് വെറും വാചകമേളകളല്ല, ഇത് അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത നേര്‍സാക്ഷ്യങ്ങളാണ്. വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ പ്രശ്നങ്ങളിലേക്കുള്ള സാമൂഹികമായ ഇടപെടല്‍ കാണാനാവും. വെറുമൊരു എത്തിനോട്ടം എന്നു മാത്രം പറഞ്ഞൊഴിയാവുന്ന എഡിറ്റോറിയലുകള്‍ അല്ല ഇത്.
ഇവിടെ വടിയെടുക്കുകയും അടി കൊടുക്കുകയുമാണെന്ന് അവതാരിക വ്യക്തമാക്കുന്നു. 100 രൂപയാണ് പുസ്തകത്തിന്റെ വില. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെപ്രഭാത് ബുക്ക് സ്റ്റോര്‍ വഴിയും ഓണ്‍ലൈനിലും പുസ്തകം ലഭിക്കും.
ഹൂസ്റ്റണിലെ ഷുഗര്‍ലാന്‍ഡില്‍ താമസിക്കുന്ന ഡോ. ജോര്‍ജ് എം. കാക്കനാട്ട് ‘ആഴ്ചവട്ടം’ പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. സൈക്കോതെറപിസ്റ്റായി ജോലി ചെയ്യുന്നു. യു.എസ് എയര്‍ഫോഴ്സില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്. അമേരിക്കയിലെ നിരവധി സാമൂഹികസാംസ്ക്കാരിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. പ്രവാസിരത്ന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും,സോഷ്യല്‍ വര്‍ക്കിലും മാസ്റ്റേഴ്സ് ബിരുദം. ഇപ്പോള്‍ ക്ലിനിക്കല്‍ സൈക്കോളജിയില്പി.എച്ച്.ഡി ചെയ്യുന്നു. ഭാര്യ: സാലി. മക്കള്‍: റിജോയി, റിച്ചി, റെഞ്ചി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply