Flash News

പഴുതുകളില്ലാത്ത ന്യായവിധി നടപ്പാക്കുമ്പോള്‍

January 1, 2020 , ബ്‌ളസന്‍ ഹൂസ്റ്റണ്‍

Pazhuthukal bannerമലയാള സിനിമയില്‍ ഒരു കാലത്ത് ഏറ്റവുമധികം കൈയ്യടി നേടിയ കഥാപാത്രമായിരുന്നു സുരേഷ് ഗോപിയുടെ പോലീസ് വേഷത്തിലുള്ള കഥാപാത്രങ്ങള്‍. അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ പടവാളേന്തി അതിനെ അടിച്ചമര്‍ത്തുക മാത്രമല്ല നിയമത്തിനു മുന്നില്‍ വിട്ടുകൊടുക്കാതെ സ്വയം ശിക്ഷ വിധിച്ച് അവരെ ഇല്ലാതാക്കുകയാണ് അതില്‍ ഏറെയും. കാണികളെ ആവേശം കൊള്ളിച്ചുകൊണ്ട് അധാര്‍മ്മികതയ്‌ക്കെതിരെ പടവാളേന്തിയ ആ കഥാപാത്രങ്ങളില്‍ കൂടി സുരേഷ്‌ ഗോപി ചിത്രങ്ങള്‍ വന്‍ വിജയമായപ്പോള്‍ ജനം അറിയാതെ ആഗ്രഹിച്ചു പോയിട്ടുണ്ട്‌ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരത്തില്‍ ഒരു പോലീസ് ഓഫീസര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്.

അങ്ങനെയൊരു ആഗ്രഹവും ചിന്തയും മനസ്സിലിട്ട് ജനം നടക്കുമ്പോഴാണ് ഋഷിരാജ്‌ സിംഗ് എന്ന യഥാര്‍ത്ഥ രാജസ്ഥാന്‍കാരന്‍ ഐ.പി.എസ്. ഓഫീസറിന്റെ രംഗപ്രവേശം. സുരേഷ്‌ ഗോപിയുടെ കഥാപാത്രത്തിന്റെ ഏകദേശ രൂപമായ ഋഷിരാജ്‌ സിംഗിനെ ജനം പിന്തുണയ്ക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. സുരേഷ്‌ ഗോപിയുടെ കഥാപാത്രം തന്റെ എതിരാളികളായ ദുഷ്ട കഥാപാത്രങ്ങളെ കാലപുരിക്കയച്ചെങ്കിലും ഋഷിരാജ്‌ സിംഗ് അതുവരെയും പോയില്ലായെങ്കിലും ഇരുന്നിടത്തൊക്കെ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ കഴിഞ്ഞു.

ചുമതല വഹിച്ച പദവികളിലൊക്കെ ഇരുന്ന് അഴിമതിക്കാരെയും അലംഭാവത്തില്‍ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെയും അടിച്ചമര്‍ത്താന്‍ കഴിഞ്ഞപ്പോള്‍ ജനം ഋഷിരാജ്‌ സിംഗില്‍ തങ്ങളുടെ മനസ്സില്‍ ഒരു കാലത്ത് സൂക്ഷിച്ചിരുന്ന കര്‍ക്കശനായ ഉദ്യോഗസ്ഥനെ കണ്ടെത്തി. എന്നാല്‍ ഋഷിരാജ്‌ സിംഗിനേക്കാള്‍ കരുത്തനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ജനം പ്രതീക്ഷിച്ചിരുന്നാലും ഇല്ലെങ്കിലും അതിനേക്കാള്‍ മികച്ചതായ ഒരാള്‍ കേരളത്തില്‍ വന്നിട്ടില്ലായെന്നതാണ് സത്യം. ജനം ആഗ്രഹിച്ച പോലെയൊരു പോലീസ് ഉദ്യോഗസ്ഥനെ കിട്ടുകയെന്നത്‌ കേവലമൊരു സ്വപ്നം മാത്രമായിരുന്നുയെന്ന്.

എന്നാല്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ പോലീസ് ഓഫീസറായിരുന്നുയെന്നു വേണം തെലുങ്കാനയിലെ പോലീസ് കമ്മീഷണര്‍ കേരളത്തിലല്ലെങ്കില്‍ കൂടി മലയാളി സ്വപ്നം കണ്ട ഒരു പോലീസ് ഓഫീസറായി മലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠ നേടുകയുണ്ടായി. അതിക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതികളെ ഒരു ഏറ്റുമുട്ടലില്‍ കൂടി വകവരുത്തിയതിനു നേതൃത്വം നല്‍കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തി എന്ത് തന്നെയായാലും അതില്‍ ജനം ആഹ്ലാദിക്കുന്നുണ്ട് ഒപ്പം അംഗീകരിക്കുന്നുണ്ട്. ശരിയും തെറ്റും വിധിക്കുമ്പോഴും ജനം അംഗീകരിക്കുന്ന ഒരു ശരിയുണ്ടെന്നതാണ് അതിനു കാരണം. സ്ത്രീ പീഡനം പെരുകുകയും സ്ത്രീകള്‍ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാകുകയും ചെയ്യുമ്പോള്‍ അതിലെ പ്രതികള്‍ക്ക് മതിയായ ശിക്ഷ കിട്ടാതെ പോകുന്നുയെന്നതാണ് ജനങ്ങള്‍ക്കുണ്ടാകുന്ന ധാരണ.

സാഹചര്യ തെളിവുകളുടെ അഭാവമോ നിയമത്തിന്റെ പഴുതുകളോ ഒക്കെക്കൂടി പ്രതികള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന ശിക്ഷ കിട്ടാറില്ല. നിയമത്തെയും നിയമസംഹിതയേയും വെല്ലുവിളിച്ച് നിയമത്തിന്റെ പഴുതുകളില്‍ കൂടി രക്ഷപ്പെടുന്ന പ്രതികള്‍ക്ക് അത് ഒരു ബലവും വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ ഒരു പ്രചോദനവുമാകുന്ന നിലയിലേക്ക് പോകുമ്പോള്‍ അത് കുറ്റകൃത്യത്തിന് കൂടുതല്‍ കാരണമാകും. നിയമത്തിന്റെ പഴുതുകളില്‍ നിന്ന്‌ രക്ഷപെടാമെന്ന ചിന്ത കുറ്റ വാസനകളുള്ളവരില്‍ ഉടലെടുക്കുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കൂടുകയും നാട് കുറ്റവാളികളുടെ വിഹാര കേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നുയെന്നതാണ് ഒരു സത്യം. ഇന്ത്യയില്‍ സ്ത്രീകള്‍ ലൈംഗീകാതിക്രമത്തിന് കൂടുതല്‍ ഇരയാകാനുള്ള പ്രധാന കാരണം അതിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയില്ലയെന്നതാണ്. ഏറ്റവും ഒടുവിലുണ്ടായ സംഭവം ഡല്‍ഹിയിലെ നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ അതിദാരുണമായ കൊലപാതകത്തിലെ പ്രതികളുടെ സംഭവം തന്നെയാണ്. പ്രായക്കുറവും സാഹചര്യ തെളിവുകളും അഭാവവുമെല്ലാമായി അതിലെ ചില പ്രതികള്‍ക്ക് മതിയായ ശിക്ഷ കിട്ടാതെ വരികയും ശിക്ഷ കിട്ടിയവര്‍ ജയിലില്‍ സസുഖം വാഴുകയും ചെയ്യുന്ന അവസ്ഥയുണ്ടായപ്പോള്‍ നിയമത്തില്‍കൂടി ഒരു പൊളിച്ചെഴുത്ത് വേണമെന്ന് മുറവിളി കൂട്ടുകയുണ്ടായി.

സ്ത്രീകളും പെണ്‍കുട്ടികളും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കാഴ്ചയാണ് ഇപ്പോഴുണ്ടാകുന്നത്. ഈ അതിക്രമം ചെയ്യുന്നവരെ അതേ അളവില്‍ ശിക്ഷിക്കുന്ന രാജ്യങ്ങളിലെ നിയമം കാടത്തരമെന്നും അപരിഷ്കൃതമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിധിക്കുമ്പോള്‍ സാധാരണ ജനങ്ങള്‍ അത് അറിയാതെ ആഗ്രഹിച്ചു പോകുന്നുയെന്നതാണ്‌ സത്യം.

തെലുങ്കാനയില്‍ എന്തു നടന്നാലും അത്‌ പോലീസിന്റെ ഭാഗത്തെ തെറ്റായി സാധാരണക്കാരായ ജനങ്ങള്‍ കാണാത്തത് അതുകൊണ്ടാണ്. പോലീസ് കമ്മീഷണര്‍ക്കും പോലീസിനുമുള്ള ജനപിന്തുണയും അതാണ്. നിയമം നിസ്സഹായതയിലാകുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി നിയമം നടപ്പാക്കുന്നതും മുംബൈയുടെ തെരുവീഥികളില്‍ കണ്ടതാണ്. എണ്‍പതുകളുടെ തുടക്കത്തിലും എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആരംഭത്തിലും മുംബൈ തെരുവീഥികളില്‍ അധോലോക രാജാക്കന്മാര്‍ കീഴടക്കി വാഴുകയും സ്വന്തം രീതിയില്‍ സാമ്രാജ്യങ്ങള്‍ തീര്‍ത്ത് നിയമം കൈയ്യിലെടുത്ത് ജനജീവിതംദുഃസ്സഹമാക്കിയപ്പോള്‍ മുംബൈ അധോലോക കേന്ദ്രമായി മാറി. അതു മാത്രമല്ല അധോലോക രാജാക്കന്മാര്‍ തങ്ങളുടെ കുടിപ്പക തോക്കുകള്‍കൊണ്ട് പകരം വീട്ടിയപ്പോള്‍ മുംബൈ തെരുവീഥികള്‍ ഗലികള്‍ എല്ലാം തന്നെ മനുഷ്യരക്തത്തിന്റെ അതിരൂക്ഷ ഗന്ധമുണ്ടായി. സാധാരണക്കാരായ നിരപരാധികളായ ജനങ്ങള്‍ പോലും അതില്‍ ബലിയാടായപ്പോള്‍ അത് അടിച്ചമര്‍ത്താന്‍ അന്നത്തെ മുഖ്യമന്ത്രി വസന്ത ദാദാ പട്ടേല്‍ രബിറെ എന്ന കരുത്തനായ പോലീസ് ഓഫീസറെ മുംബൈ പോലീസ് കമ്മീഷണറായി നിയമി ക്കുകയുണ്ടായി.

മുംബൈ തെരുവീഥികള്‍ അടക്കിവാണ അധോലോകങ്ങളെ അടിച്ചമര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. രാഷ്ട്രീയ പിന്‍ബലവും അധോലോക വേരുകള്‍ ശക്തമായ രീതിയില്‍ ആഴ്ന്നിറങ്ങിയതിനാല്‍ ശക്തിയോടൊപ്പം ബുദ്ധിയും തന്ത്രവും പയറ്റേണ്ടതായിട്ടുണ്ടായിരുന്നു.

കേസ്സില്‍ കുടുക്കി ജയിലിലടച്ചാല്‍ രാഷ്ട്രീയ സ്വാധീനവും പണത്തിന്റെ പിന്‍ബലത്തിലും നിഷ്പ്രയാസം പുറത്തിറങ്ങി വീണ്ടും അതിനേക്കാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുമെന്ന സ്ഥിതിയുണ്ടായിരുന്നതുകൊണ്ട് അധോലോകങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ അവിടെവച്ചു തന്നെ പോലീസിന്റെ തോക്കില്‍ തീര്‍പ്പു കല്പിച്ചിരുന്നുയെന്നാണ് പറയപ്പെടുന്നത്. അധോലോകങ്ങളില്‍ മനഃപൂര്‍വ്വം കുടിപ്പകയുണ്ടാക്കി ഇത്തരത്തില്‍ പോലീസ് നടപടിയുണ്ടാക്കിയത് രബിറെയുടെ ഒരു തന്ത്രപരമായ നീക്കമായിരുന്നുയെന്നും പറയപ്പെട്ടിരുന്നു. എന്തായിലുന്നാലും മുംബൈ തെരുവീഥികളില്‍ അധോലോകങ്ങളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ രബീറെ പോലീസ്സിന് ഉത്തരവിട്ടിരുന്നുയെന്നത് ഒരു വസ്തുതയായിരുന്നു. അധോലോക നേതൃത്വങ്ങളുടെ പട്ടിക തയ്യാറാക്കി അവര്‍ക്കെതിരെ ശക്തമായി നിലകൊണ്ട രബീറെയുടെ നടപടിയില്‍ ഭയന്ന് അദ്ദേഹം ആ സ്ഥാനത്തു നിന്ന് മാറുന്നതുവരെ മുംബൈയിലെ അധോലോകങ്ങള്‍ക്ക് ഭയമായിരുന്നു രബീറയെ. അധോലോകങ്ങളുടെ പേടിസ്വപ്നമെന്ന്‌ രബീറയെക്കുറിച്ച് പറയാറു ണ്ടായിരുന്നു. നിയമം കൈയ്യിലെടുത്തപ്പോള്‍ അവരെ നിയമത്തിന്റെ മറ്റൊരു മുഖവുമായി നേരിട്ട രബിറെയെന്ന പോലീസ് കമ്മീഷണര്‍ അധോലോകങ്ങളുടെ അന്തകനായി മാറിയപ്പോള്‍ മുംബൈ സാധാരണ ജീവിതമായി. റബീറയെ പിന്നീട്‌ റുമേനിയന്‍ അംബാസിഡറാക്കി ഇന്ത്യ നിയമിക്കുകയുണ്ടായി. ഇന്നും മുംബൈ അധോലോകങ്ങള്‍ക്ക്‌ റബീറെ എന്നു കേട്ടാല്‍ ഭയമാണ്. നിയമത്തിനു മുന്നില്‍ ചെയ്യുന്നതിനു മുന്‍പെ നിയമം കൈയ്യിലെടുക്കുന്നവരെ ഇല്ലാതാക്കുകയെന്നതാണെത്രെ അതിന് കാരണം.

തീവ്രവാദത്തിന്റെ പിടിയിലമര്‍ന്ന പഞ്ചാബില്‍ അത് അമര്‍ച്ച ചെയ്യാന്‍ അന്ന് പഞ്ചാബ് പോലീസ് മേധാവിയായിരുന്ന കെ.പി.എസ്. ഗില്‍ രെബിറെയ്ക്ക് തുല്യമായ നടപടിയെടുക്കുകയുണ്ടായിയെന്നാണ് പറയപ്പെടുന്നത്. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെയും അതിന് കൂട്ടു നില്‍ക്കുന്നവരെയും കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ പോലും ഉത്തരവിട്ടതായിട്ടാണ് അരമന രഹസ്യം. മുംബൈ കലാപമുണ്ടായ തൊണ്ണൂറുകളിലും അന്ന് മുംബൈ പോലീസ് കമ്മീഷണറായിരുന്ന എം.എസ്. ഗില്‍ ഇത്തരത്തില്‍ ശക്തമായ നടപടികള്‍ എടുത്തിരുന്നു. നിയമത്തിന്റെ പഴുതുകളില്‍ കൂടി രക്ഷപ്പെടാന്‍ അവസരം കൊടുക്കാതെ നിയമപരമായ രീതിയില്‍ തന്നെ അതിനെ അടിച്ചമര്‍ത്തുകയെന്നതായിരുന്നു അവരുടെയൊക്കെ തന്ത്രപരമായ പ്രവര്‍ത്തിയെങ്കില്‍ അതില്‍ ജനത്തിന്റെ പിന്തുണയും അംഗീകാരവുമുണ്ടായിരുന്നു. അതിനു കാരണം തെറ്റു ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടണമെന്ന പൊതുതത്വം ജനത്തിന് നിര്‍ബന്ധമുള്ളതുതന്നെ. നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടാന്‍ പണവും സ്വാധീനവും ബുദ്ധിയും മൂലം കഴിയുന്ന ഒരു സ്ഥിതിവിശേഷമുണ്ടാകുമ്പോള്‍ അതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിയുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ അറിയാതെ അതിനെ അംഗീകരിക്കും. കാരണം അവര്‍ക്ക്‌ വേണ്ടത് നീതിയും നിയമസംരക്ഷണവുമാണ്. അക്രമമില്ലാത്ത സ്വതന്ത്രമായ ഒരു സ്ഥിതിയാണ് അവര്‍ കാംക്ഷിക്കുന്നത്. മുള്ളിനെ മുള്ളുകൊണ്ട് എടുത്താല്‍ പോലും അക്രമി ശിക്ഷിക്കപ്പെടണമെന്നതേ ജനമാഗ്രഹിക്കുന്നുള്ളു. അത് നടപ്പാക്കുന്ന വര്‍ക്ക് അവര്‍ പിന്തുണ നല്‍കുമെന്നതാണ്‌ രെബീറെ മുതല്‍ ഇന്നുവരെയും ഉള്ള ശക്തരായവരില്‍ക്കൂടി കാണുന്നത്.

എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ അതിന് സാധുതയില്ലായെന്നതാണ് ഒരു സത്യം. കാരണം നിയമം നിയമത്തിന്റെ രീതിയില്‍ പോകുമ്പോള്‍ അതില്‍ തെറ്റുകാര്‍ രക്ഷപ്പെട്ടാല്‍ പോലും നിരപരാധി ശിക്ഷിക്കപ്പെടുകയില്ലായെന്നതാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്ക പ്പെടരുതെന്ന തത്വം ഇന്ത്യന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്. എന്തായിരുന്നാലും അക്രമം കൂടുകയും അതിക്രമികള്‍ അഴിഞ്ഞാടുകയുംചെയ്യുന്ന നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെ നിയമം ശക്തമാക്കുകതന്നെ വേണം. പഴുതുകളില്ലാത്ത രീതിയില്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കാന്‍ നിയമത്തിന്റെ പൊളിച്ചെഴുത്ത് ആവശ്യമാണ്.

നിയമം ശക്തമാക്കുകയും പഴുതുകള്‍ കണ്ടെത്താത്ത രീതിയില്‍ അത് നടപ്പാക്കുകയും സംശയത്തിന്റെ പോലും ആനുകൂല്യം നല്‍കാത്ത രീതിയില്‍ വിധിയുമുണ്ടായാല്‍ സ്വയം വിധിക്കാന്‍ ഒരുദ്യോഗസ്ഥനും തയ്യാറാകില്ല. അതിന് ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങളില്‍ വിധി നടപ്പാക്കുമ്പോള്‍ അത് അര്‍ഹിക്കുന്നവര്‍ക്കാണ്. അതാണ് ജനം ആഗ്രഹിക്കുന്നത്. അതില്‍ നിയമത്തിന്റെ ബലവും നീതിപീഠത്തിന്റെ ന്യായവും ചോദ്യം ചെയ്യപ്പെടുകയില്ലായെന്നതാണ് സത്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top