ബാഗ്ദാദ് വിമാനത്താവളത്തില്‍ റോക്കറ്റ് ആക്രമണം; ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് തലവനടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു

imageബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ റോക്കറ്റാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ ചാര തലവനടക്കമുള്ള സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉണ്ട്. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

മൂന്നു റോക്കറ്റുകളാണ് വിമാനത്താവളത്തില്‍ പതിച്ചത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചതായും ഇറാഖ് സൈന്യം അറിയിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു ഇറാക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ പിന്തുണയുള്ള കാത്തിബ് ഹിസ്ബുള്ള ഗ്രൂപ്പില്‍പ്പെട്ട ഇറാക്കി ഷിയാകള്‍ ചൊവ്വാഴ്ച ബാഗ്ദാദിലെ ഗ്രീന്‍സോണിലെ യുഎസ് എംബസി വളപ്പിലേക്ക് യുഎസിനു നാശം എന്ന മുദ്രാവാക്യം മുഴക്കി മാര്‍ച്ചു ചെയ്തിരുന്നു. അവര്‍ ഒരു ചെക്കു പോസ്റ്റിനു തീവച്ചു.

കിര്‍ക്കുക്കില്‍ ഒരു യുഎസ് കോണ്‍ട്രാക്ടറെ കൊലപ്പെടുത്തിയതിനു പ്രതികാരമായി യുഎസ് സെന്യം നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ക്കു ജീവഹാനി നേരിട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹിസ്ബുള്ളകള്‍ എംബസി ഉപരോധത്തിനു തുനിഞ്ഞത്. ഇതിനു പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്കു സംരക്ഷണം നല്‍കാനായി കൂടുതല്‍ സെനികരെ അയയ്ക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചിരുന്നു.

ഈ സംഭവത്തില്‍ ഇറാന്‍ കടുത്ത പ്രതികരണം നടത്തിയതോടെ അമേരിക്ക-ഇറാന്‍-ഇറാഖ് ബന്ധം കൂടുതല്‍ വഷളാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന്‍ന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ഖുദ്‌സ് സേന ഭീകരസംഘടനയാണെന്നും വിദേശത്തെ അമേരിക്കന്‍ പൗരന്‍മാരുടെ സുരക്ഷയ്ക്കായിട്ടാണ് ആക്രമണം നടത്തിയതെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടുണ്ട്.


Print Friendly, PDF & Email

Related News

Leave a Comment