Flash News

വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുള: സുഭാഷ് വാസു

January 3, 2020

Subash-basuആലപ്പുഴ: എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ മകനും ബിഡിജെസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് സ്‌പൈസസ് ബോർഡിന്റെ മുൻ അദ്ധ്യക്ഷൻ സുഭാഷ് വാസു വാര്‍ത്താസമ്മേളനം നടത്തി. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16-ന് തിരുവനന്തപുരത്ത് ടി.പി സെന്‍കുമാറിനൊപ്പം വാർത്താസമ്മേളനം നടത്തി വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു അറിയിച്ചു.

കേരളത്തിലെ ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്റെ കുടുംബമെന്നാണ് സുഭാഷ് വാസു പറഞ്ഞത്. തുഷാര്‍ വെള്ളാപ്പള്ളിയും കുടുംബവും എന്‍.ഡി.എയെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പള്ളി നടേശന്‍ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബി.ഡി.ജെ.എസ് അവകാശം ഉന്നയിക്കാന്‍ തീരുമാനിച്ച ആലപ്പുഴ, അരൂര്‍ ലോകസഭാ സീറ്റുകൾ ബി.ജെ.പിക്ക് വിട്ടുകൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ആറ് മണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി സര്‍ക്കുലറുകള്‍ ഇറക്കി. എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് തുഷാര്‍ അടക്കം ചെയ്തത്. ബി.ഡി.ജെ.എസിനെ വിഡ്ഢികളാക്കിയ അദ്ദേഹം പ്രസ്ഥാനത്തെ തന്നെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു പറഞ്ഞു. സിപിഎമ്മുമായി ചേര്‍ന്ന് കുതിരക്കച്ചവടം നടത്തിയ തുഷാര്‍ വെള്ളാപ്പള്ളിയെ അമിത് ഷാ താക്കീത് താക്കീത് ചെയ്തിരുന്നുവെന്നും സുഭാഷ് വാസു വെളിപ്പെടുത്തുന്നു.

തുഷാറിന്റെയും വെള്ളാപ്പള്ളിയുടെയും സമ്പത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. “2002-ല്‍ ആദായ നികുതി വകുപ്പ്‌ റെയ്ഡ് നടത്തുമ്പോള്‍ അവര്‍ സ്ഥിരീകരിച്ച തുഷാറിന്റെ സമ്പത്ത് ഒരു കോടി 80 ലക്ഷം രൂപയായിരുന്നു. ഇന്ന് ഏകദേശം 500 കോടിയുടെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്‍.ഡി.എയുമായി സഹകരിക്കുന്നത് നിയമാനുസൃതമല്ലാതെ സമ്പാദിച്ച സമ്പത്ത് നഷ്ടപ്പെടുമോ എന്ന വ്യഥകൊണ്ടാണ്. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തില്‍ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ട്. 2002-ന് ശേഷം മാത്രം വെള്ളാപ്പള്ളിക്ക് 1,000 കോടിയുടെ സ്വത്താണ് ഉണ്ടായത്. എവിടെ നിന്നാണ് വെള്ളാപ്പള്ളിക്ക് ഇത്രയും വരുമാനം ?”- സുഭാഷ് വാസു ചോദിച്ചു.

“ദുബായിൽ തുഷാറിന്‍റെ ബിസിനസിന്റെ കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയിൽ 3.60 ലക്ഷം ദിർഹം തുഷാർ എനിക്ക് നൽകാനുണ്ട്. ഈ പണം ഇതുവരേയും തന്നിട്ടില്ല എന്നു മാത്രമല്ല തുഷാറില്‍ നിന്നും എനിക്ക് വധഭീഷണിയുമുണ്ട്. ചെക്ക് കേസില്‍പ്പെട്ട് തുഷാറിന് ദുബായില്‍ കിടക്കേണ്ടി വന്നത് സ്വന്തക്കാര്‍ മൂലമാണ്. മറിയ എന്നൊരു സ്ത്രീയാണ് തുഷാറിന് ചെക്ക് നല്‍കിയത്. അവരെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല.”- സുഭാഷ് വാസു പറഞ്ഞു.

തനിക്ക് കോന്നിയില്‍ വസ്തുവുണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. 2002 കാലഘട്ടത്തില്‍ ഹരിപ്പാടുള്ള ഹോട്ടല്‍ വിറ്റ് വാങ്ങിയതാണ് അതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സ്പൈസസ് ബോര്‍ഡ് അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുമായുള്ള തുറന്ന പോരിന് സുഭാഷ് വാസു ഒരുങ്ങിയത്. എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ അധ്യക്ഷനായിരുന്ന സുഭാഷ് വാസു വെള്ളാപ്പള്ളിക്കും തുഷാറിനും ശേഷം എസ്എൻഡിപിയിലെ സുപ്രധാന നേതാവായിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സുഭാഷ് വാസു അദ്ധ്യക്ഷനായ മാവേലിക്കര യൂണിറ്റ് വെള്ളാപ്പള്ളി നേരത്തെ പിരിച്ചു വിട്ടിരുന്നു. ചില രേഖകള്‍ മോഷ്ടിച്ചു എന്നാരോപിച്ച് സുഭാഷ് വാസുവിനെതിരെ എസ്എന്‍ഡിപി താലൂക്ക് അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top