ഹൃദയം താളം തെറ്റുമ്പോള്‍!!

Heartനിങ്ങളുടെ ഹൃദയം താളം തെറ്റുന്നുണ്ടോ? എങ്കിലത് നിസ്സാരമായി തള്ളിക്കളയരുത്. കാരണമൊന്നുമില്ലാതെ ഹൃദയമിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുമ്പോള്‍ അത് ഗൗരവമായെടുത്ത് ഒരു ഡോക്ടറെ കാണണം.

ഹൃദയം ക്രമരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെ ‘പാല്‍പിറ്റേഷന്‍’ എന്ന് പറയുന്നു. പലരും ഈ അസുഖമുള്ളത് അറിയുക പോലുമില്ല. എന്നാല്‍ ഇത് നിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്.

ഹൃദയത്തില്‍ രക്തം ശുദ്ധീകരിക്കാന്‍ നാല് ചേമ്പറുകളാണുള്ളത്. ഇതില്‍ മുകളിലത്തെ രണ്ടു ചേമ്പറുകളില്‍ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുന്നു. ഇവിടെനിന്നും രക്തധമനികള്‍ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു.

ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കുന്നത് ഹൃദയത്തിന്റെ മുകളിലായുള്ള ഒരു കൂട്ടം കോശങ്ങളാണ്. ഇവ സിനോട്രിയല്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ സൈനസ് നോഡ് ഇലക്ട്രിക്ക് സിഗ്‌നലുകളെ ഒരു പ്രത്യേക ഇടവേളകളില്‍ ഹൃദയത്തിലൂടെ കടത്തിവിടുകയും തന്മൂലം ഹൃദയം മിടിക്കുകയും രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യുകയും ചെയ്യുന്നു.ഇതാണ് ഹൃദയ മിടിപ്പിനു കാരണം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഹൃദയമിടിപ്പില്‍ വ്യതിയാനം വരുന്നു. ഇതുകാരണം സാധാരണഗതിയില്‍ 60-100 എന്ന രീതിയില്‍ നിന്നും മാറി ഒരു മിനിട്ടില്‍ 100-200 പ്രാവശ്യം എന്ന രീതിയില്‍ ഹൃദയമിടിക്കുന്നു. ഇങ്ങനെയാണ് പാല്‍പിറ്റേഷന്‍ ഉണ്ടാകുന്നത്.

നെഞ്ചിടിപ്പ് കൂടാന്‍ പല കാരണങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങള്‍ തൊട്ടു മരണം വരെ സംഭവിക്കാന്‍ സാധ്യത ഉള്ളതാണു കാരണങ്ങള്‍. ദേഷ്യം വരുമ്പോള്‍, ഭയം തോന്നുമ്പോള്‍,തെറ്റ് ചെയ്യുമ്പോള്‍,ഉത്കണ്ഠയുണ്ടാകുമ്പോള്‍, പനി ഉള്ളപ്പോള്‍- ഒരു സെല്‍ഷ്യസ് ചൂടു കൂടുമ്പോള്‍ ഹൃദയമിടിപ്പ് ഏതാണ്ട് ഇരുപതു തവണ കൂടുന്നു-, വേദന ഉള്ളപ്പോള്‍ ഒക്കെ നെഞ്ചിടിപ്പ് കൂടും.

നിര്‍ജലീകരണമോ ശരീരത്തില്‍ ഉപ്പിന്റെ അസന്തുലനമോ ഉണ്ടാകുകയാണെങ്കില്‍ ഒക്കെ ഇതുണ്ടാകാം. രക്തസമ്മര്‍ദ്ദം വ്യതിയാനം, കോഫിയുടെയും നിക്കോട്ടിന്റെയും അമിത ഉപയോഗം, ജന്മസിദ്ധമായ ഹൃദയരോഗങ്ങള്‍, തൈറോയ്ഡ് അസുഖം, ഓക്‌സിജന്റെ പോരായ്മ, ശരീരത്തില്‍ വലിയ തോതില്‍ വരുന്ന ഇന്‍ഫെക്ഷന്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവയും കാരണങ്ങളാകാം.

നേരിയ തോതില്‍ ഹൃദയത്തിന്റെ ഇടിപ്പ് കൂടുന്നത് (100-150) കാര്യമായ ലക്ഷണം കാണിക്കില്ല. നെഞ്ച് ‘പട പട’ അടിക്കുന്നത് പോലെ തോന്നതാകും ആദ്യ സൂചന. എന്നാല്‍ ഇതു തീവ്രമാകുന്നതിന് അനുസരിച്ച് ഹൃദയസ്തഭനം വരെ വരാം.

ഒരു ദിവസം 7200 ലിറ്റര്‍ രക്തമാണ് ഹൃദയം പമ്പു ചെയ്യുന്നത്. ഒരു മിനിറ്റില്‍ ഏകദേശം 150-200 പ്രാവശ്യം ഹൃദയം ഇടിക്കുമ്പോള്‍ തലചുറ്റല്‍, ക്ഷീണം, നെഞ്ചുവേദന, വിഭ്രാന്തി എന്നിവയൊക്കെ വരാം. അബോധാവസ്ഥയിലാകുക, തളര്‍ച്ച അനുഭപ്പെടുക,നല്ല വണ്ണം വിയര്‍ക്കുക, നെഞ്ച് വേദന, കിതപ്പ്, ശ്വാസം എടുക്കാനാവാത്ത അവസ്ഥ, ക്രമത്തിലല്ലാത്ത മിടിപ്പ് അനുഭവപ്പെടുക എന്നിവ സംഭവിക്കാം. പല കാരണങ്ങള്‍ ഉള്ളത് കൊണ്ട് നെഞ്ചിടിപ്പ് കൂടിയെന്ന് തോന്നിയാല്‍, കാരണങ്ങള്‍ അന്വേക്ഷിക്കാതെ വൈദ്യസഹായം എത്രയും വേഗം നേടുക.

12 ലീഡ് ഇലക്ട്രോ കാര്‍ഡിയോ ഗ്രാം , എക്കോ കാര്‍ഡിയോഗ്രാം എന്നിവ എടുക്കുക വഴി പാല്‍പിറ്റേഷന്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. കൂടുതല്‍ സമയം നിരീക്ഷണത്തിനായി ഹോള്‍ട്ടര്‍ മോണിറ്റര്‍ ഉപയോഗിക്കാം. ഇത് 24 മണിക്കൂര്‍ ഇ.സി.ജി. രേഖപ്പെടുത്തുന്നു. ഹൃദയത്തിനകത്ത് ഉറപ്പിക്കാന്‍ കഴിയുന്ന ലൂപ്പ് റെക്കോര്‍ഡര്‍ ഉപയോഗിച്ച് 12 മാസക്കാലം ഹൃദയമിടിപ്പ് നിരീക്ഷിക്കുകയും ചെയ്യാം.

പാല്‍പിറ്റേഷന്റെ കാരണം കണ്ടെത്തി ചികിത്സിക്കുന്നതോടൊപ്പം ഉത്കണ്ഠ കുറയ്ക്കുകയെന്നതു പ്രധാനം. എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടു തുടങ്ങുക. യോഗയും, ശ്വസന വ്യായാമങ്ങളും സ്ഥിരമായി ചെയ്യുന്നത് മനസ്സിന് സമ്മര്‍ദ്ദം കുറയ്ക്കും.

നിര്‍ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും. രക്തസമ്മര്‍ദ്ദം എപ്പോഴും നോര്‍മലാക്കി വയ്ക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്. ഒരു ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും 30 മിനിറ്റ് വ്യായാമം ചെയ്യുക. കോഫി,ചോക്ലേറ്റ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക.സിഗരറ്റ്, മദ്യപാനം, പാന്‍ മസാല ഒഴിവാക്കുക. തൈറോയ്ഡ് അസുഖമുണ്ടെങ്കില്‍ കൃത്യമായി മരുന്നുകള്‍ കഴിക്കുക.

ചില പാല്‍പിറ്റേഷന്‍ മരുന്ന് കൊണ്ട് മാറില്ല. ഇങ്ങനെ ഉള്ളവയെ പഴയ താളത്തില്‍ കൊണ്ടുവരാനായി ഹാര്‍ട്ട്‌ഷോക്ക് കൊടുക്കാം. വീണ്ടും വീണ്ടും വരുകയാണെങ്കില്‍ ഇലക്ട്രിക്കല്‍ സിഗ്‌നലുകള്‍ പുറപ്പെടുവിക്കുന്ന ഭാഗം റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ച് കരിച്ചു കളയുന്ന ചികിത്സയുമുണ്ട്. പൊതുജനങ്ങള്‍ക്ക് ഈ അവസ്ഥയെക്കുറിച്ച് ശരിയായ അവബോധമുണ്ടാക്കുക വഴി 80% ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഭിഷഗ്വരര്‍ പറയുന്നു.

STATUTORY WARNING: Before taking any medications, over-the-counter drugs, supplements or herbs, consult a physician for a thorough evaluation. Malayalam Daily News does not endorse any medications, vitamins or herbs. A qualified physician should make a decision based on each person’s medical history and current prescriptions. The medication summaries provided do not include all of the information important for patient use and should not be used as a substitute for professional medical advice. The prescribing physician should be consulted concerning any questions that you have. Never disregard or delay seeking professional medical advice or treatment because of something you have read on this website.

Print Friendly, PDF & Email

Related News

Leave a Comment