കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. കുറ്റപത്രത്തില്‍ തനിക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസ് നിലനില്‍ക്കില്ലെന്ന വാദം കോടതി അംഗീകരിച്ചില്ല. ദിലീപ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാകില്ല.
എന്നാല്‍ ഈ വാദങ്ങളെ പ്രോസിക്യൂഷന് എതിര്‍ത്തു. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ഒരേ ടവര്‍ ലൊക്കേഷനുകള്‍, കോള്‍ ലിസ്റ്റുകള്‍ എന്നിവ തെളിവുകളായുണ്ടെന്നാണ് പ്രോസിക്യൂഷന് വാദം. ദിലീപിനെ ഒഴിവാക്കിയാല്‍ കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാണിച്ചു.
പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വ്യക്തമായി തെളിവുണ്ടെന്ന് ജഡ്ജി നിരീക്ഷിച്ചു. ക്വട്ടേഷന്‍ സംഘം പകര്‍ത്തിയ ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ചാണ് ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അനുമതിയോടെ അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച അഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയത്.
ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളും ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. അതിനാല്‍ അടച്ചിട്ട കോടതിയിലാണ് ഹര്‍ജിയില്‍ വാദം നടന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply