ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഭയപ്പെടുന്നുവെന്ന് ഇറാന്‍ സൈന്യം

iran1വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് യുദ്ധത്തിനുള്ള ധൈര്യമില്ലെന്ന് ഇറാന്‍ സേന ആരോപിച്ചു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. അതേസമയം ഇറാനി ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിന് തിരിച്ചടി നല്‍കും എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ അതിന് വ്യക്തമായ സൂചനകള്‍ നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. ഇറാനിയന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

യു.എസിനെ സൈനികമായി തന്നെ തിരിച്ചടി നല്‍കാന്‍ ഇറാന് കഴിവുകളുണ്ട്. ഇറാന്റെ മണ്ണിലല്ല യുഎസ് ആക്രമണം നടത്തിയതെന്നതിനാല്‍, തിരിച്ചടിയും അതേ രൂപത്തിലായിരിക്കുമെന്നതിന്റെ സൂചനകള്‍ ഇറാന്‍ നല്‍കിക്കഴിഞ്ഞു. ഇറാഖിലെയോ സിറിയയിലെയോ ഏതെങ്കിലും യുഎസ് സൈനികത്താവളത്തിലേക്കു മിസൈല്‍ ആക്രമണം നടത്താനും ഇറാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബഗ്ദാദിൽ വച്ചാണു കാസെം സുലൈമാനി കൊല്ലപ്പെട്ടതെന്നതിനാല്‍ തിരിച്ചടി ഇറാഖില്‍ തന്നെ കൊടുക്കാനാവും കൂടുതല്‍ സാധ്യത.

Iran-US-war-news-latest-ww3-1223958മേഖലയിലെ മിക്ക രാജ്യങ്ങളിലും ഇറാന്‍ വളര്‍ത്തിയെടുത്തതോ ഇറാന്റെ ചൊല്‍പ്പടിയിലുള്ളതോ ആയ ഒട്ടേറെ ഷിയാ സായുധ വിഭാഗങ്ങളുണ്ട്. ഇറാഖിലെ വിവിധ ഷിയാ ഗ്രൂപ്പുകളുടെ സംയുക്ത സമിതിയായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് (പിഎംഎഫ്) ഇറാന്റെ നിയന്ത്രണത്തിലാണ്. ഇവര്‍ ഇറാഖിലെ യുഎസ് താവളങ്ങള്‍ക്കു നേരെ 10 തവണയിലേറെ മുന്‍പ് ആക്രമണം നടത്തിയിട്ടുണ്ട്. പിഎംഎഫിന്റെ ഭാഗമായ കത്തബ് ഹിസ്ബുല്ലയാണ് യുഎസ് കരാറുകാരന്‍ കൊല്ലപ്പെട്ട ഡിസംബർ 27ലെ ആക്രമണം നടത്തിയത്. പിഎംഎഫിലെ ഏതെങ്കിലും സായുധവിഭാഗത്തെ ഉപയോഗിച്ച് ഗള്‍ഫിലെ യുഎസ് എംബസികളുടെയോ വാണിജ്യ സ്ഥാപനങ്ങളുടെയോ നേര്‍ക്ക് ആക്രമണം നടത്താം. ബഗ്ദാദിലെ യുഎസ് എംബസി കഴിഞ്ഞയാഴ്ച കൈയ്യേറിയത് ഒരു ഉദാഹരണം.

സിറിയയില്‍ തിരിച്ചടിക്കുകയാവും കൂടുതല്‍ എളുപ്പം. ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്ന അല്‍ താംഫ് എന്ന സ്ഥലത്തു മാത്രമാണു നിലവില്‍ അമേരിക്കയ്ക്കു സൈനികത്താവളമുളളത്. ഏതാണ്ട് 500 സൈനികർ അവിടെയുണ്ട്. ഇറാന്‍ ഈ താവളത്തെ ലക്ഷ്യമിട്ടേക്കാന്‍ മറ്റൊരു കാരണവുമുണ്ട്. ഇറാഖ്, സിറിയ, ലബനന്‍ എന്നീ രാജ്യങ്ങളിലെ ഇറാന്‍ അനുകൂല സായുധ വിഭാഗങ്ങള്‍ക്കു സുഗമമായ നീക്കം നടത്തുന്നതിനു തടസ്സമാണ് ഈ യുഎസ് സാന്നിധ്യം. ഇറാനില്‍ നിന്ന് സൈനിക സാമഗ്രികള്‍ എത്തിക്കുന്ന മാര്‍ഗമധ്യേയാണ് അല്‍ താംഫ്. ഇത് തകര്‍ക്കുകയെന്നതു മുന്‍പേ ഇറാന്റെ പദ്ധതിയിലുണ്ടെന്ന് ചില മധ്യപൂര്‍വദേശ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കാസെം സൊലൈമാനിക്ക് ഈ ഉദ്ദേശ്യം ഉണ്ടായിരുന്നുവത്രേ.

ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, യുഎഇ, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ ചെറുതും വലുതുമായ സൈനികത്താവളങ്ങളോ സൈനിക സാന്നിധ്യമോ ഉണ്ട്. ഇവയില്‍ ഏതും ആക്രമിക്കപ്പെടാം. മൂവായിരത്തോളം സൈനികരെ കൂടുതലായി ഗള്‍ഫ് മേഖലയിലേക്ക് യുഎസ് അയയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സൈനികത്താവളങ്ങളുടെ സുരക്ഷ ഉദ്ദേശിച്ചാവാം ഈ പുതിയ വിന്യാസം.

എന്നാല്‍, പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment