ന്യൂഡല്‍ഹി: നിർഭയ കേസിൽ വധശിക്ഷ വിധിച്ച നാലു പ്രതികള്‍ക്കും മരണവാറണ്ട് പുറപ്പെടുവിച്ചു. ഇവരെ ജനുവരി 22-ന് തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. മുകേഷ് സിംഗ് (29), പവന് ഗുപ്ത (22), വിനയ് ശര്‍മ്മ (23), അക്ഷയ് കുമാര്‍ സിംഗ് താക്കൂർ (31) എന്നീ പ്രതികളെ ജനുവരി 22-ന് രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റണമെന്നാണ് മരണവാറണ്ട്. വധശിക്ഷ വിധിച്ച ശേഷം ഏഴുവർഷം കഴിഞ്ഞാണ് വിധി നടപ്പാക്കുന്നത്.
നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്. കോടതിയിലും നിയമത്തിലും രാജ്യത്തെ സ്ത്രീകളുടെ വിശ്വാസം ആവർത്തിച്ചുറപ്പിക്കുന്നതാണ് വിധിയെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികളെ തൂക്കിലേറ്റുന്ന ജനുവരി 22 തന്റെ ജീവിതത്തിലെ സുദിനമാണെന്നും നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. ഏഴു വര്‍ഷത്തെ പോരാട്ടം വിജയം കണ്ടതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. വിധിക്കെതിരെ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകന് പറഞ്ഞു.
പ്രതികള്‍ക്ക് നിയമനടപടികള്‍ 14 ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കോടതി പറഞ്ഞു. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ് ക്യൂറി ഇന്ന് കോടതിയെ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് വാറണ്ട് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്.
മൂന്നു മണിക്കൂറോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്കാന് സമയം അനുവദിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ജഡ്ജി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളുമായി സംസാരിച്ചു. ആ സമയത്ത് നിര്‍ഭയയുടെ മാതാപിതാക്കളും അഭിഭാഷകരും പൊലീസും മാത്രമാണ് കോടതിമുറിയിലുണ്ടായിരുന്നത്. മാധ്യമ പ്രവർത്തകരെ മാറ്റിയിരുന്നു.
‘നിര്‍ഭയ’ ക്കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിംഗ് താക്കൂർ നൽകിയ പുനഃപരിശോധനാ ഹര്‍ജി ഡിസംബർ 18-ന് സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ ബഞ്ചാണ് നേരത്തെ ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് പുനഃപരിശോധനാ ഹർജി തള്ളിയത്.
2012 ഡിസംബര്‍ 16-ന് രാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്ത് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. ആറ് പേരായിരുന്നു ‘നിർഭയ’ക്കേസിലെ കുറ്റവാളികൾ. എന്നാൽ ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. ഒന്നാം പ്രതി രാം സിംഗ് ജയിലിൽ തന്നെ തൂങ്ങിമരിച്ചു.
ബാക്കിയുള്ള പ്രതികളില്‍ മൂന്നു പേര് തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ ശരിവെച്ചിരുന്നു.
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ സംഭവത്തിന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 14-നകം പത്ത് തൂക്കു കയറുകള്‍ നിര്‍മിച്ചു നല്കാന് ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply