കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി

EN00MkjVAAA6_iMകൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഗോള നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ നടക്കുന്ന ‘അസെന്‍ഡ് 2020’ നിക്ഷേപക സംഗമത്തില്‍ സംസ്ഥാനത്തിന്റെ നിക്ഷേപ അനുകൂലസാഹചര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. കൊച്ചിയില്‍ നടക്കുന്ന അസെന്‍ഡ് 2020 നിക്ഷേപക സംഗമത്തില്‍ സംസ്ഥാനത്തിന്‍റെ നിക്ഷേപ അനുകൂലസാഹചര്യങ്ങള്‍ വിശദീകരിച്ചു.

കേരളത്തിന്‍റെ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, മികച്ച ക്രമസമാധാന അന്തരീക്ഷം എന്നിവയെല്ലാം നിക്ഷേപത്തിന് ഏറെ അനുകൂലമാണ്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, സീപോര്‍ട്ടുകള്‍ എന്നിവ കേരളത്തിലുണ്ട്.

ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുന്നു. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത എന്നിവയും പൂര്‍ത്തിയായി വരുന്നു. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ദേശീയ ജലപാതയില്‍ ഈ വര്‍ഷം തന്നെ ബോട്ട് സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം കാസര്‍ഗോഡ് സെമി ഹൈസ്പീഡ് ട്രെയിനും തത്വത്തില്‍ അംഗീകാരം ലഭിച്ചു. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കുള്ള സ്ഥലമെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലെ മുഴുവന്‍ റോഡുകളും മികച്ച രീതിയില്‍ ഗതാഗത യോഗ്യമാക്കും.

അഴിമതി കുറഞ്ഞ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ നിക്ഷേപം തുടങ്ങാന്‍ എത്തുന്നവര്‍ക്ക് മറ്റു രീതിയില്‍ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല. വിവിധ ഏജന്‍സികളുടെ റാങ്കിംഗിലും കേരളം മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട്, കെസ്വിഫ്റ്റ്, ഇന്‍വെസ്റ്റ്മെന്‍റ് കേരള പോര്‍ട്ടല്‍ തുടങ്ങിയ നിരവധി നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു കഴിഞ്ഞു.

വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സുഗമവും സുതാര്യവും അതിവേഗത്തിലുമാക്കുന്നതിനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ഭേദഗതി ചെയ്തു. വ്യവസായം ആരംഭിക്കുന്നതിന് സര്‍ക്കാരുമായുള്ള ഇടപെടലുകള്‍ ഇ പ്ലാറ്റ്ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാക്കി.

വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് സംവിധാനം വേഗത്തിലാക്കാന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി.

സംരംഭം തുടങ്ങാന്‍ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാല്‍ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസന്‍സ് സംവിധാനം നിലവിലുണ്ട്.

വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിന് നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ട്.

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവു നല്‍കുന്ന കാര്യം പരിഗണനയിലാണ്. 250 കോടിയില്‍പ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി
കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് നടപടിയെടുക്കും.

റോഡിന്‍റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിര്‍മിക്കാവൂ എന്ന നിയമം ഇളവു ചെയ്യാനും ഉടന്‍ നടപടി സ്വീകരിക്കും. നിലവില്‍ എട്ട് മീറ്റര്‍ വീതിയിലുള്ള റോഡിനു സമീപം 18,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടം അനുവദിക്കില്ല.

സ്ത്രീകള്‍ക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. സുരക്ഷിത താമസം അടക്കമുള്ള നടപടികള്‍ സ്ഥാപന ഉടമ സജ്ജീകരിക്കണം.ڔവ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കും.

20,000 ചതുരശ്ര അടിയില്‍ അധികമുള്ള സിംഗിള്‍ ഫാക്ടറി കോംപ്ലക്സുകള്‍ക്കുള്ള അനുമതി, ജിയോളജി വകുപ്പിന്‍റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. രജിസ്റ്റര്‍ ചെയ്യുന്ന നിക്ഷേപകര്‍ക്ക് തൊഴിലാളിയെ അടിസ്ഥാനപ്പെടുത്തി 5 വര്‍ഷത്തേക്ക് സബ്സിഡി നല്‍കുന്ന പുതിയ പദ്ധതിയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്’.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment