ദുബായിക്ക് യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ യുഎഇയും ഇസ്രായേലും ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
ഇര്‍ബിലിലേയും അല്‍ അസദിലേയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡായിരുന്നു ഭീഷണിപ്പെടുത്തിയത്.
ഇതോടെ യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് വിവിധ രാജ്യങ്ങളുടെ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. “അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും താക്കീത് ചെയ്യുകയാണ്. തീവ്രവാദികളുടെ സംഘമായ യുഎസ് സൈന്യത്തിന് താവളമൊരുക്കാന്‍ ഭൂമി വിട്ടുകൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കണം. ഇറാനെതിരെ നിങ്ങളുടെ മണ്ണിലെ കേന്ദ്രങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും.”- ഇറാന് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറഞ്ഞു.
എന്നാല്‍ യുഎസ്-ഇറാന് വിഷയത്തില്‍ ദുബായിക്ക് യാതൊരു വിധ സുരക്ഷാ ഭീഷണിയും ഇല്ലെന്നാണ് ദുബായ് മീഡിയാ ഓഫീസ് അറിയിക്കുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാദ്ധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിക്കുന്നു.
“ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണ്. ഇറാനിയൻ സർക്കാരിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്ന തരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ല”- ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിലവിലെ പ്രശ്നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്ഥിരമായ രാഷ്ട്രീയ പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനൊരുങ്ങവേ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ വിദേശ സഞ്ചാരികളുടെ വരവ് കുറച്ചേക്കുമെന്നാണ് അധികൃതർ ഭയക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply