Flash News

യുദ്ധവും സമാധാനവും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

January 9, 2020

Yudhavum samadhavum banner2020-ല്‍ ലോകം പുതുവത്സരാഘോഷ ലഹരിയില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു യുദ്ധകാഹളം മുഴങ്ങിയത്. അതും മുമ്പത്തേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍. പക്ഷെ മറവിയെന്ന മാസ്മരികതയില്‍ മനുഷ്യന്‍ എല്ലാം മറക്കുന്നു. അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞകാല യുദ്ധാനുഭവങ്ങള്‍ എത്ര വേഗമാണ് ലോക നേതാക്കളും സാധാരണ മനുഷ്യരും മറക്കുന്നത്.

യുദ്ധം എങ്ങനെ ആരംഭിക്കുന്നു, എവിടെ ആരംഭിക്കുന്നു, എപ്പോള്‍ അവസാനിക്കുന്നു എന്നൊന്നും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അതിന്റെ കാരണവും വ്യക്തമാകും. മിക്കപ്പോഴും, യുദ്ധങ്ങളുടെ കാരണം പരാജയപ്പെട്ട നേതൃത്വമാണെന്ന് ചരിത്രം വ്യക്തമാക്കുന്നു. നല്ല വിധി നടപ്പാക്കാന്‍ പാടുപെടുക, മറ്റുള്ളവര്‍ എന്തു ചെയ്യുമെന്ന് തെറ്റായി കണക്കാക്കുക, എതിരാളികള്‍ക്ക് സമ്മിശ്ര സന്ദേശങ്ങള്‍ അയക്കുക, ബുദ്ധിയെ അവഗണിക്കുക, ഏതൊരു കാര്യത്തിലും വേഗത്തില്‍ വിജയിക്കാന്‍ ശക്തി മാത്രം മതിയെന്ന തെറ്റായ വിശ്വാസത്തെ ആശ്രയിക്കുക മുതലായവ ഒരു യുദ്ധത്തിലേക്ക് തന്നെ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ നിര്‍വചിച്ചിരിക്കുന്നത് എളുപ്പത്തില്‍ പ്രവേശിക്കാവുന്നതും എന്നാല്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ യുദ്ധങ്ങളാണ്. തീവ്രവാദവും സങ്കീര്‍ണ്ണമായ യുദ്ധതന്ത്രങ്ങളും പഴയ നിയമങ്ങളെ അപ്പാടെ അവഗണിച്ച് യുദ്ധത്തില്‍ വിജയം നേടുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി.

Warപരാജയപ്പെട്ട ആ നേതൃത്വത്തിന്റെ ശരിയായ ചിത്രം ഇപ്പോള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ പ്രതിഫലിച്ചിരിക്കുന്നതു കാണാം. തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് മറ്റൊരാളെ കരുവാക്കാമെന്നും ഭീഷണിപ്പെടുത്താമെന്നും ഇരുപക്ഷവും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഗൗരവമേറിയ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ മനസ്സു കാണിക്കാതെയും സന്നദ്ധത പ്രകടിപ്പിക്കാതെയും ഇരുവരും പരസ്പരം മത്സരിച്ച് ആരോപണപ്രത്യാരോപണങ്ങളുടെ ചക്രത്തില്‍ കുടുങ്ങി കറങ്ങിക്കൊണ്ടിരിക്കുന്നു. അതിന്റെ പരിണിത ഫലമോ മിഡില്‍ ഈസ്റ്റിനെ ഒരു നീണ്ട യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

വര്‍ഷങ്ങളായി ആയിരക്കണക്കിന് നിരപരാധികളെയും നൂറുകണക്കിന് അമേരിക്കന്‍ സൈനികരേയും കൊന്നൊടുക്കിയതിന്റെ ഉത്തരവാദിത്വം കണക്കിലെടുത്ത് ഇറാന്‍റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോറിന്‍റെ മേജര്‍ ജനറലായിരുന്ന കാസെം സൊലൈമാനിയുടെ മരണത്തില്‍ വിലപിക്കേണ്ടതില്ല. രഹസ്യവും നിഗൂഢവുമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഇറാന്‍റെ ഖുദ്സ് ഫോഴ്സിന്റെ കമാന്ററായിരുന്ന സൊലൈമാനി അമേരിയ്ക്കക്ക് എന്നും തലവേദനയായിരുന്നു. അതിനാല്‍ തന്നെ ഖുദ്സ് ഫോഴ്സിനെ ഭീകര സംഘടനയായാണ് അമേരിക്ക കാണുന്നത്, സൊലൈമാനിയെ ഭീകരനായും. സൊലൈമാനിയുമായോ അനുബന്ധ വ്യാപാര വ്യവസായങ്ങളുമായോ പങ്കാളികളാകുന്നതില്‍ നിന്ന് പൗരൻമാരെ അമേരിക്ക വിലക്കിയിട്ടുമുണ്ട്. സൊലൈമാനിയുടെ വധം ഇറാനുമായുള്ള യുദ്ധസാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വസ്തുത. പ്രസിഡന്റ് ട്രം‌പും ഇറാന്‍ ഭരണകൂടവും കൂടുതല്‍ ആക്രമണ ഭീഷണികള്‍ കൈമാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

അമേരിക്കയിലെയും ഇറാനിലെയും നേതാക്കള്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇറാന്‍ ആണവ കരാറില്‍ നിന്ന് മാറിനില്‍ക്കാനും, കരാര്‍ ചര്‍ച്ച ചെയ്ത ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളെ അവഗണിക്കാനും, പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും, അറേബ്യന്‍ ഗള്‍ഫില്‍ യുഎസ് സേനയെ ശക്തിപ്പെടുത്താനും, ബലപ്രയോഗം നടത്താനുമാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ച്ത്. ചര്‍ച്ചയ്ക്കായി ഇറാന്‍ മുന്‍‌കൈ എടുക്കുമ്പോള്‍ ട്രംപാകട്ടേ ബലപ്രയോഗത്തിലൂടെ കാര്യങ്ങള്‍ നേടാമെന്ന് വൃഥാ ശഠിച്ചു. മൂഢ സ്വര്‍ഗത്തിലെ രാജാവിനെപ്പോലെ ഭീഷണിപ്പെടുത്തി മിഡില്‍ ഈസ്റ്റില്‍ യു എസിന്റെ ആധിപത്യം തുടരുമെന്ന സമ്മിശ്ര സന്ദേശങ്ങളും ട്വിറ്ററിലൂടെ അയച്ചുകൊണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം യു എസ് താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ഇറാന്‍ നടത്തിയ ആക്രമണ പരമ്പരകളോട് പ്രതികരിക്കാന്‍ ട്രംപ് വിമുഖത കാണിച്ചു. യുഎസ് ഡ്രോണ്‍ തകര്‍ത്തതിനെത്തുടര്‍ന്ന് ജൂണില്‍ അവസാന നിമിഷം ഇറാനെതിരായ പ്രതികാര സമരം അദ്ദേഹം പിന്‍വലിച്ചു. സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്കെതിരെ സെപ്തംബറില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിക്കാനോ പ്രതികരിക്കാനോ പ്രസിഡന്‍റ് വിസമ്മതിച്ചു.

Yudhavum1സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പെട്ടെന്ന് പിന്‍വലിക്കാന്‍ ട്രംപ് തീരുമാനിച്ചപ്പോള്‍, പ്രത്യക്ഷമായി കുര്‍ദിഷ് സഖ്യകക്ഷികളെ ഉപേക്ഷിച്ച് തുര്‍ക്കിയെയും റഷ്യയെയും ഇറാനെയും സിറിയയില്‍ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാന്‍ അനുവദിക്കുകയായിരുന്നു ട്രം‌പ്. യുദ്ധങ്ങളില്‍ നിന്ന് ട്രം‌പ് ‘എന്നന്നേക്കുമായി’ പിന്മാറുന്നുവെന്ന് പ്രതിജ്ഞയെടുക്കുന്ന സമയത്ത് മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍ അവരവരുടെ പ്രശ്നങ്ങള്‍ സ്വയം പരിഹരിച്ചുകൊള്ളണമെന്ന ഉപദേശവും നല്‍കി. അടുത്തിടെ വാള്‍സ്ട്രീറ്റ് ജേണല്‍ എഡിറ്റോറിയല്‍ വിശേഷിപ്പിച്ചത് ‘ഒറ്റപ്പെടാനുള്ള പ്രേരണകള്‍ അപകടങ്ങള്‍ വിളിച്ചു വരുത്താനും എതിരാളികള്‍ക്കുള്ള തുറന്ന ക്ഷണവുമാണ്,’ എന്നാണ്.

കഴിഞ്ഞ ജൂണില്‍ അറേബ്യന്‍ ഗള്‍ഫിലെ ഓയില്‍ ടാങ്കറുകളില്‍ ആക്രമണം നടത്തുകയും, സഖ്യ സേനയെ ഉപയോഗിച്ച് യുഎസ് താവളങ്ങളെയും അവരുടെ സഖ്യകക്ഷികളെയും തുരത്തിയോടിക്കാമെന്നും ഇറാന്‍ തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തി. ഡിസംബര്‍ 27 ന് കിര്‍ക്കുക്കിനടുത്തുള്ള ഒരു യു എസ് സൈനിക താവളത്തില്‍ റോക്കറ്റ് ആക്രമണം നടത്തിയതു തന്നെ ട്രംപിനെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.  എന്നാല്‍ ആ തന്ത്രം പരാജയപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഇറാനിയന്‍ പ്രൊക്സി മിലിഷ്യയായ കതെബ് ഹിസ്ബുള്ളയെ എഫ് 15ഇ യുദ്ധവിമാനങ്ങളുപയോഗിച്ച് ആക്രമിക്കാന്‍ പ്രസിഡന്‍റ് ഉത്തരവിട്ടു. ആ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ നടപടിയുടെ അനന്തരഫലങ്ങള്‍ വൈറ്റ് ഹൗസ് പ്രതീക്ഷിച്ചിരുന്നോ എന്ന് വ്യക്തമല്ല. എന്നാല്‍ പരിണത ഫലങ്ങള്‍ സംഭവിച്ചു.

War1അക്രമാസക്തവും ഇറാനിയന്‍ അനുകൂലവുമായ പ്രതിഷേധം ബാഗ്ദാദിലെ യുഎസ് എംബസിയെ അപകടത്തിലാക്കി. നാവികരുടെ വിന്യാസവും 82-ാം എയര്‍ബോണ്‍ ഡിവിഷനും മറീന്‍സുമായാണ് അമേരിക്ക അതിനെ നേരിട്ടത്. കൂടാതെ, ഇറാനിയന്‍ ഖുഡ്സ് ഫോഴ്സിന്‍റെ കമാന്‍ഡറായിരുന്ന ഖാസെം സൊലൈമാനിയെ വധിക്കാന്‍ പ്രസിഡന്റ് തീരുമാനിക്കുകയും ഉത്തരവിടുകയും ചെയ്തു.

തന്‍റെ പ്രസിഡന്‍റ് സ്ഥാനത്തിന്‍റെ ഏറ്റവും വലിയ പരീക്ഷണമാണ് ട്രംപ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യുഎസ് ആഗോള നേതൃത്വത്തിന്‍റെ പങ്ക് അദ്ദേഹം ചോദ്യം ചെയ്യുകയും സഖ്യങ്ങളെ വിമര്‍ശിക്കുകയും കൂടുതല്‍ പരിചയസമ്പന്നരായ സൈനിക, നയതന്ത്ര ഉപദേഷ്ടാക്കളുടെ മാര്‍ഗനിര്‍ദ്ദേശം അവഗണിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. യുദ്ധ സാഹചര്യമുണ്ടാക്കാന്‍ പ്രകോപനപരമായ ട്വീറ്റുകള്‍ നിരന്തരം അയച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ള പ്രസിഡന്റ് പദവിയും, രാജ്യത്തിന്‍റെ ഗതിയും യുദ്ധഭീഷണിയെക്കുറിച്ചും കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം ഗൗരവമായി കാണുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൈനിക ശക്തി കൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല. 21ാം നൂറ്റാണ്ടിലെ യുദ്ധങ്ങളുടെ ഏറ്റവും ഗൗരവമേറിയ പാഠം, ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടും എന്നതാണ്.

ലോകസമാധാനമാണ് ഓരോ ഭരണാധികാരികളും ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം വേണ്ടത് അവരുടെ മനസ്സില്‍ സമാധാനം സ്ഥാപിക്കുക എന്നതാണ്. എന്നാല്‍, അവരുടെ മനസ്സുകള്‍ ധനമോഹവും അധികാര ദുര്‍മോഹവും സുഖലോലുപതയും മറ്റും കൊണ്ടു വിഷലിപ്തമാക്കിത്തീര്‍ത്തിരിക്കുകയാണ്. ആ വിഷലിപ്തമായ മനസ്സാണ് ഇപ്പോള്‍  യുദ്ധത്തിലേക്ക് അവരെ നയിച്ചിരിക്കുന്നത്. പക്ഷേ സ്വാഭാവികമായ സമാധാനത്തെ ഇല്ലാതാക്കിയത്, സ്വന്തം മനസ്സ് വിഷലിപ്തമായിത്തീര്‍ന്നതാണെന്ന് അവര്‍ കാണുന്നില്ല. അതിനാല്‍ അവര്‍ വിഷത്തില്‍ മുങ്ങിക്കിടക്കുന്നുകൊണ്ട് അതില്‍ നിന്ന് കരകയറാന്‍ ഇഷ്ടപ്പെടാതെതന്നെ, ആ വിഷത്തിന്റെ ദോഷഫലത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഈ ഭരണകര്‍ത്താക്കളുടെ മത്സരബുദ്ധി കാരണം തങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നു മനുഷ്യവര്‍ഗം അറിയണം. അങ്ങനെ തിരിച്ചറിവു നേടിയ മനുഷ്യര്‍ പ്രതികരിക്കുമ്പോള്‍ മാത്രമേ അവര്‍ കണ്ണു തുറക്കുകയുള്ളൂ. അവരുടെ കണ്ണുകള്‍ തുറക്കണമെങ്കില്‍ സാധാരണക്കാരുടെ മനസ്സറിയണം. അതു ചെയ്യാത്തിടത്തോളം കാലം ന്യൂക്ലിയര്‍ ബോംബ് എന്ന മുള്‍മുനയില്‍ തൂങ്ങിനില്‍ക്കുന്ന ‘സമാധാനം’ അനുഭവിച്ചുകൊണ്ട് സമാധാനമില്ലാതെ ലോക ജനത ജീവിക്കേണ്ടിവരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top