Flash News

എണ്‍പതിന്റെ നിറവില്‍ ഗാനഗന്ധര്‍‌വ്വന്‍…..പിറന്നാള്‍ ആശംസകള്‍ !

January 10, 2020

Yesudas birthdayകൊഴിയുകയും വീണ്ടും തഴച്ചുവളരുകയും ചെയ്യുന്ന വൃക്ഷത്തിലെ ഇലകള്‍ പോലെയാണ് മനുഷ്യന്റെ തലമുറകള്‍. ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‍ പോലും ഇത്രയും നിസ്സാരമായി ജീര്‍ണിച്ചില്ലാതാകുമ്പോള്‍, ചിലതെല്ലാം ഈ മരണത്തെയും ജീര്‍ണിക്കലിനെയും അതിജീവിച്ച് അനശ്വരമാകും. യേശുദാസിന്റെ സംഗീതം പോലെ, സ്വരമാധുരി പോലെ.

കേരളക്കരയുടെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് ഇന്ന് 80-ാം പിറന്നാളാണ്. മനുഷ്യ തലമുറകളെയും അവരുടെ ജീവിത പടവുകളെയും സംഗീത സുരഭിലമാക്കി ഈ എണ്‍പതാം വയസ്സിലും യേശുദാസ് പാടുകയാണ്. സംഗീതത്തിന്റെ മര്‍മ്മം അറിഞ്ഞ ആ അപൂര്‍വ്വ പ്രതിഭ ആ മര്‍മ്മത്തെ സംഗീതാസ്വാദക ഹൃദയങ്ങളിലേക്ക് സംവേദനം ചെയ്യുകയാണ്.

1940 ജനുവരി പത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിയന്‍ ജോസ്ഫിന്റെയും എലിസബത്തിന്റെയും മകനായി കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് മലയാള മണ്ണില്‍ പിറന്നുവീണു. അച്ഛന്‍ പാടിത്തന്ന പാട്ടിന്റെ ശീലുകള്‍ മനസ്സില്‍ ധ്യാനിച്ച് 1949ല്‍ ഒമ്പതാമത്തെ വയസ്സില്‍ യേശുദാസ് തന്റെ ആദ്യ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാര്‍ക്കെല്ലാം യേശുദാസ്, ദാസപ്പനായി. തുടര്‍ന്ന് സംഗീതത്തിന്റെ വഴിയേ സഞ്ചരിച്ച ആ ബാലന്‍ തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജ് എന്നിവിടങ്ങളിലായി സംഗീത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പഠിക്കുന്ന കാലത്ത് ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിത ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.

ഗാനഭൂഷണം പാസായ യേശുദാസ് ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പരാജയപ്പെട്ടുവെന്നത് അസാധാരണമായ ചരിത്രം. എന്നാല്‍ മറ്റൊരാളുടെ വിധിതീര്‍പ്പില്‍ തന്റെ സംഗീത ജീവിതം തളച്ചിടാന്‍ ആ മഹായോഗി മുതിര്‍ന്നില്ല. പ്രാരംഭകാലഘട്ടത്തിലെ പരീക്ഷണങ്ങളും ക്ലേശങ്ങളും പ്രയാസങ്ങളും തരണം ചെയ്ത് മുള്ളുകള്‍ നിറഞ്ഞ പാതകളിലൂടെ യേശുദാസ് ഓടിയെത്തിയത് സംഗീതത്തിന്റെ ഔന്നത്യത്തിലേക്കാണ്. ആകാശവാണി തിരസ്‌കരിച്ച ശബ്ദത്തിന്റെ ഉടമയെ മലയാളക്കരയും തുടര്‍ന്ന് ഭാരതവും ഹൃദയത്തിലേറ്റുവാങ്ങി.

കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച യേശുദാസ് ചെമ്പൈയുടെ മരണം വരെ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.

1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോര്‍ഡ് ചെയ്തത്. കെഎസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഈ ഗാനം ചിട്ടപ്പെടുത്തിയത് എംബി ശ്രീനിവാസനായിരുന്നു.

കര്‍ണാടക സംഗീതക്കച്ചേരികള്‍ നിര്‍ബന്ധബുദ്ധിയോടെയും ആവേശത്തോടെയും പാടിയ ഗായകനാണ് യേശുദാസ്. സിനിമാ സംഗീത ശാഖ ഏതാണ്ട് പൂര്‍ണമായും തന്നിലൂടെ സഞ്ചരിക്കുന്ന സമയത്തും പുതിയ കൃതികള്‍ പഠിക്കാനും വിവിധ രാഗങ്ങളില്‍ രാഗം, താനം, പല്ലവികള്‍ അവതരിപ്പിക്കാനും യേശുദാസ് സമയം നീക്കിവെച്ചു. തമിഴ്, തെലുങ്ക്, കന്നഡ കൃതികളുടെ അര്‍ത്ഥം മനസ്സിലാക്കി പദം മുറിച്ച് സാഹിത്യം ഭംഗിയായി ഉച്ചരിച്ച് തന്റേതായ ശൈലി രൂപപ്പെടുത്തി ലോകമെമ്പാടും കര്‍ണാടക സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ച് ജാതിമതഭേദമെന്യേ ജനഹൃദയങ്ങളിലേക്ക് ശാസ്ത്രീയ സംഗീതം കൊണ്ടെത്തിച്ചു.

സിനിമാ പിന്നണി ഗായകന്‍ എന്ന പെരുമയും ശാസ്ത്രീയ സംഗീതജ്ഞന്‍ എന്ന നിലയും അദ്ദേഹത്തിന്റെ കലാസപര്യയ്ക്ക് പരസ്പരപൂരകങ്ങളായ ഗരിമ നല്‍കി. യേശുദാസിന് കര്‍ണാടക സംഗീതമറിയില്ലെന്ന് കര്‍ണാടക സംഗീതക്കാരും ഹിന്ദുസ്ഥാനി സംഗീതമറിയില്ലെന്ന് ഹിന്ദുസ്ഥാനി സംഗീതക്കാരും പറഞ്ഞപ്പോള്‍, ശരി എനിക്ക് ഇത് രണ്ടും അറിയില്ല, എന്റേത് ഭാരതീയ സംഗീതമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശ്രുതിലയം കണ്ഠഭൂഷണമായിട്ടുള്ള ഒരു പാട്ടുകാരന്റെ ശബ്ദസൗകുമാര്യവും അര്‍ത്ഥമറിഞ്ഞുള്ള പദം മുറിക്കലും ആലാപനത്തിലെ മാധുര്യവും ആസ്വാദകരെ അനുഭൂതിയുടെ പരകോടിയില്‍ എത്തിക്കും. കൃത്യമായ ഉച്ചാരണരീതി, മാതൃകാപരമായ ഭാഷാശുദ്ധി എന്നിവ അദ്ദേഹം മലയാളത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ്.

തലമുറകള്‍ നീണ്ട, ഒരു ജനതയുടെ തന്നെ സംഗീത സംസ്‌കാരത്തിന്റെ നിര്‍വചനമായ യേശുദാസിന് എണ്‍പതാം പിറന്നാളിന്റെ ആശംസകള്‍…


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top