Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

സുധീറിന്റെ കഥകളിലെ നര്‍മ്മങ്ങള്‍

January 12, 2020 , ഡോ. നന്ദകുമാര്‍ ചാണയില്‍

sudhir kadhakal bannerപുതുവര്‍ഷമായി എനിക്ക് ലഭിച്ച സമ്മാനം “സുധീറിന്റെ കഥകള്‍” ആണ്. പുതുമയുള്ള ഒരു വര്‍ഷമാണ് 2020 ദര്‍ശന സമഗ്രതയുമായുള്ള ബന്ധത്താല്‍ ഇതെനിക്ക് ഒരു നല്ല കാഴ്ചപ്പാടിനുള്ള തിരി തെളിക്കുമെന്നു പ്രത്യാശിക്കട്ടെ. അമേരിക്കന്‍ മലയാള സാഹിത്യ നഭസ്സിലെ ഒരു മിന്നും താരമാണല്ലോ ശ്രീ. സുധീര്‍ പണിക്കവീട്ടില്‍. ഇത് ഇദ്ദേഹത്തിന്റെ നാലാമത്തെ പുസ്തകമാണ്. രണ്ടു നിരൂപണ ഗ്രന്ഥങ്ങളും ഒരു കവിതാസമാഹാരവും ഇറങ്ങിക്കഴിഞ്ഞു. കുറേക്കാലം പുസ്തകം പ്രസിദ്ധീകരിക്കാന്‍ മടിച്ചിരുന്നു. ഇപ്പോഴിതാ പുസ്തകങ്ങളുടെ പെരുമഴക്കാലം ആയിരിക്കുന്നു. ഇതില്‍ ഒട്ടും അതിശയിക്കാനില്ല. കാരണം, ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും സാഹിതീസപര്യക്കായി ഉഴിഞ്ഞു വെച്ചിരിക്കുന്നതിനാല്‍, വിവിധ പ്രസിദ്ധീകരണങ്ങളിലായി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള രചനകളുടെ കണക്കെടുത്താല്‍ ഇനിയും നിരവധി പുസ്തകങ്ങള്‍ക്കുള്ള വഹയുണ്ടുതാനും. നമുക്കു ചുറ്റും കാണുന്നതും കേള്‍ക്കുന്നതും ആയ സംഭവങ്ങളെയും ഇടപഴകാനിടവരുന്ന വ്യക്തികളെയും സൂക്ഷ്മമായി നിരീക്ഷിച്ചും അനുഭവങ്ങളില്‍നിന്നും നേടിയെടുക്കുന്ന പരിജ്ഞാനവും സര്‍ഗ്ഗ ചേതനക്കുള്ള മുതല്‍കൂട്ടുകള്‍ തന്നെ. ശ്രീ സുധീറിന്റെ പരന്ന വായനയും ലോകപരിചയവും ജീവിത നിരീക്ഷണ പാടവവും സര്‍ഗ്ഗശേഷിയും ഇദ്ദേഹത്തെ ഒരു മികച്ച എഴുത്തുകാരനായി മാറ്റിയിട്ടുണ്ട് .

“സുധീറിന്റെ കഥകള്‍” എന്ന ശീര്‍ഷകത്തില്‍ തന്നെ അല്പം നര്‍മോക്തി ഉണ്ട്. സുധീര്‍ രചിച്ച കഥകള്‍ എന്നോ, അല്ലെങ്കില്‍ സുധീറിന്റെ തന്നെ കഥകള്‍ എന്നോ അര്‍ത്ഥമാക്കാവുന്നതാണ്. തന്റെ നിരീക്ഷണ ശേഷിയിലൂടെയോ ഭാവനയിലൂടെയോ ആവിഷ്കരിച്ചതാണെങ്കില്‍ ആദ്യാര്‍ത്ഥത്തിലും, അതല്ല തന്റെ അനുഭവങ്ങള്‍ ഒരു ആല്‍മ കഥാംശത്തോടെ ഉരുത്തിരിഞ്ഞതാണെങ്കില്‍ രണ്ടാമത്തെ ഗണത്തിലും പെടുത്താവുന്നതാണ് . ഇതിലെ മിക്ക പ്രമേയങ്ങളും കഥ എന്നതിനുപരിയായി satirical anecdotes വിഭാഗത്തില്‍ പെടുത്താവുന്നതാണ് എന്ന് തോന്നുന്നു.

സുധീറിന്റെ ഭാഷാശൈലിയും സരസമായ ആഖ്യാന രീതിയും വായനക്കാരന് ഇമ്പത്തോടെ കൃതി വായിക്കാന്‍ പ്രേരകമാണ്. അത്ര ആകര്‍ഷകമാണ് ഇദ്ദേഹത്തിന്റെ സരസ്വതീ വിലാസം. പ്രണയഗായകനായ ഇദ്ദേഹത്തിന് തൂണിലും തുരുമ്പിലും പ്രണയം കണ്ടെത്താന്‍ കഴിയും. മലയാള ചലച്ചിത്ര ഗാനങ്ങളിലുള്ള അഭിരുചിയും പാണ്ഡിത്യവും ആഖ്യാനത്തെ കൂടുതല്‍ മോടി പിടിപ്പിക്കാന്‍ തുണക്കുന്നു. ഗാനങ്ങള്‍ ഓര്‍ത്തെടുത്ത് തക്ക ഇടങ്ങളില്‍ ഒരു മാലയില്‍ മുത്തുകളെന്നപോല്‍ കോര്‍ത്തിണക്കാനുള്ള കഴിവ് അപാരം തന്നെ. കറിക്കനുസരിച്ചുള്ള ചേരുവകള്‍ ചേര്‍ത്ത് വറുത്തിടുമ്പോള്‍ കറി കൂടുതല്‍ രുചികരമാവുന്നതുപോലെയാണിത്.

ലേഖനത്തിനായാലും, കഥക്കായാലും, കവിതക്കായാലും ഇമ്പമേറിയതും ശ്രദ്ധ പിടിച്ചുപറ്റുന്നതുമായ തലക്കെട്ട് കണ്ടുപിടിക്കുന്നതില്‍ നര്‍മവും പുതുമയും ഉള്ള ഒരു രീതി സുധീര്‍ പുലര്‍ത്തുന്നു. ഉദാഹരണത്തിന് ഈ കഥാസമാഹാരത്തിലെ ചിലവ ശ്രദ്ധിക്കൂ: “ശ്ശ് …ആരോടും പറയരുത്”, “കണ്ടകൊണേശ്വരന്‍”, “പാതിവ്രത്യബലവും മൂക്കിന്റെ പാലവും”, “മാസമുറ”, “നൂല്‍ബന്ധം”, “വളയൊച്ചകള്‍” അങ്ങിനെ പോകുന്നു ആ പട്ടിക.

IMG_0595ആദ്യത്തെ കഥ, ഭാര്യാഭര്‍ത്തൃബന്ധം വേണ്ട മാതിരി ‘കൈകാര്യം’ചെയ്യാതിരിക്കുന്നവര്‍ക്കുള്ള നര്‍മത്തില്‍ പൊതിഞ്ഞ ഒരു താക്കീതാണ് . ആ ബന്ധത്തില്‍ തിമിരം ബാധിച്ചവര്‍ക്ക് കണ്ണട മാറ്റിയിട്ടും പ്രയോജനമില്ലെന്ന ഓരോ പിന്നാമ്പുറ ഭാഷ്യവുമുണ്ട്. രണ്ടാമത്തെ കഥയില്‍ മറുനാടന്‍ മലയാളികള്‍ അന്യദേശങ്ങളില്‍ പോയി തദ്ദേശീയ ഭാഷ വശമാക്കുന്നതോടൊപ്പം ശ്രേഷ്ഠ ഭാഷാ പദവിയിലെത്തിയ മാതൃഭാഷയെ വികലമാക്കുന്ന രീതിയെ ഹാസ്യത്തിലൂടെ ആക്ഷേപിക്കുന്നുണ്ട് . ഒരു മധ്യവയസ്കന്‍ ഹിന്ദിയും മലയാളവും കലര്‍ത്തി (കാം+ഉണ്ട്) ഒരു ചെറുപ്പക്കാരിയോട് കാമമുണ്ടായതായി പറഞ്ഞ അമളി കൊണ്ടുണ്ടായ പൊല്ലാപ്പു നാം കാണുന്നു.

“മഹാമണ്ഡൂകം” കൂപ മണ്ഡൂകത്തിന്റെ പഴങ്കഥ അഴകോടെ രസധ്വനി ഉള്ളതാക്കിയിട്ടുണ്ട്. സമൂഹത്തില്‍ സര്‍വ്വജ്ഞാനികളായി ചമയുന്നവര്‍ക്കു നേരെയുള്ള കൂരമ്പുകള്‍ മൂര്‍ച്ചയേറിയതു തന്നെ. ഊണിലും ഉറക്കത്തിലും സാഹിത്യ ചിന്തയിതൊന്നേ ഈ മാനുജനുമീയുലകില്‍ (കമുകറ സാറിനോട് ക്ഷമാപണം) എന്ന് തോന്നുമാറ്, കൂപമണ്ഡൂകങ്ങളുടെയും ചപ്പടാച്ചിക്കാരുടെയും പരദൂഷണ വീരന്മാരുടെയും ഇടയില്‍ ഒരെഴുത്തുകാരനും കലാകാരനും ഒക്കെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട് . അതല്ല, “ധര്‍മ്മ സംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ” എന്ന് ഗീതയില്‍ പറയുന്ന പോലെയാണോ ഈ എഴുത്തുകാരന്‍ ഇടക്കൊക്കെ തല പൊക്കുന്നതു?

“വളയൊച്ചകള്‍” വായിച്ചു കഴിയുമ്പോള്‍ വായനക്കാരനും കഥാന്ത്യത്തില്‍ നടക്കാനിറങ്ങിയ ദൈവം ആലോചിച്ചപോലെ, “ഭൂമിയിലെ മനുഷ്യന്റെ ജീവിതം എത്ര വിചിത്രമെന്ന്” വിചാരിച്ചു മൂക്കത്തു വിരല്‍ വെച്ചു പോകുമോ?

“റപ്പായിമാപ്പിളയുടെ വിളി”യില്‍ കാശു കൊടുത്തു എഴുതിക്കുന്നതും, മകളെ സന്ദര്‍ശിക്കാന്‍ വന്ന ഇവിടെ ഏതോ സമാജക്കാര്‍ സംഘടിപ്പിച്ച കഥാമത്സരത്തില്‍ സമ്മാനം മേടിച്ചതും, “ഇവിടത്തെ എഴുത്തുകാര്‍ ഒരു വ്രതം പോലെ അവരുടെ യൗവ്വന കാലത്തെ പടമാണ് കൊടുക്കാറ് (പുറം 85) എന്ന നര്‍മ്മഭാഷ്യവും ശ്രദ്ധേയമാണ്.

“എഴുത്തുകാരുടെ ശല്യം” എന്നതില്‍ മലയാള സാഹിത്യ ലോകത്തു നടക്കുന്നതായി പറയപ്പെടുന്ന സംഭവങ്ങളുടെ ഒരു വാങ്മയചിത്രം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഹാസ്യ രൂപേണ വിവരിക്കുന്നുണ്ട്. കൂട്ടത്തില്‍ മരണ സമയത്തും ഒരു കിതാബും കൈയ്യിലൊതുക്കി സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകാന്‍ തുനിയുന്ന ഒരു എഴുത്തുകാരനുണ്ട്. അങ്ങിനെയും ഒരു പുസ്തക പ്രേമിയോ? കഥയില്‍ ചോദ്യമില്ലല്ലോ അല്ലെ!

“നിങ്കല്‍ ഒരു നാരിയല്ലേ”യില്‍ കാഥികന്‍ ഒരു ഗുണപാഠം തരുന്നത് ശ്രദ്ധിക്കു: “സ്വയം നന്നായതിനുശേഷം തലമുറകളെ നന്നാക്കാനും പഠിപ്പിക്കാനും പോവുക.” തമാശകള്‍ക്കിടയിലും ഒരു ഗാന്ധിയന്‍ ദര്‍ശനം.

ഒട്ടുമിക്ക കഥകളിലും പരദൂഷണം, കുശുമ്പ്, കുന്നായ്മ, പാരവയ്പ്, തേജോവധം, പുച്ഛം, അസൂയ, ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയ ചിന്ത, അപകര്‍ഷതാ ബോധം, പ്രതികാര വാഞ്ഛ, സംശയ രോഗം എന്നീ മലയാളികളില്‍ താരതമ്യേന (?) കണ്ടുവരുന്നതായി പറയപ്പെടുന്ന മാനുഷിക ബലഹീനതകളുടെ ബഹിര്‍സ്ഫുരണങ്ങളും അതേപോലെ അദമ്യമായ ഈര്‍ഷ്യ, വിദ്വേഷം, വെറുപ്പ് എന്നീ രോഗങ്ങള്‍ കുടികൊള്ളുന്ന മനസികാവസ്ഥകളും വിവിധ കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യാന്‍ കാഥികന്‍ പരിശ്രമിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ബാഹ്യലോകവുമായി അദൃശ്യനായി, എന്നാല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു അപൂര്‍വ കഥാപാത്രത്തെയും വായനക്കാരന്‍ കണ്ടുമുട്ടുന്നുണ്ട്. ഇനി ഓരോ കഥയിലേക്കും കടന്ന് വായനക്കാരുടെ രസച്ചരട് പൊട്ടിക്കാന്‍ ഏതായാലും തുനിയുന്നില്ല.

“അപകര്‍ഷതയുടെ തുരുത്തില്‍ ബാഹ്യാവരണങ്ങള്‍ പൊഴിഞ്ഞവരാണ് ‘സദാചാരബോധം’ സൃഷ്ടിച്ചെടുക്കുന്നത് എന്ന ചിന്ത ഈ കാലഘട്ടത്തിന്റെ പ്രതിബിംബം കൂടിയാണെന്ന്” ശ്രീ. അനഘേഷ് രവി വായനാനുഭവം എന്ന പ്രസ്താവനയില്‍ പറയുന്നു.

ആവിഷ്കരിക്കാനുള്ള ഉദ്വേഗത്തില്‍ നിന്നാണല്ലോ സാഹിത്യ സൃഷ്ടികള്‍ സംജാതമാകുന്നത്. ഒരു കൃതിയുടെ വിജയ മാനദണ്ഡം അതിന്‌ടെ രസോദീപനശേഷിയാണെന്ന് സാനു മാസ്റ്റര്‍ അഭിപ്രായപ്പെടുന്നു. ഒരു കൃതിയിലെ “സാധാരണീകരണ” പ്രക്രിയയുടെ മികവ്, അനുവാചകനെ കൃതി വായിക്കവേ, ഓ, ഇങ്ങിനെയൊരാളെ ഞാന്‍ അറിയുമല്ലോ എന്ന തോന്നല്‍ ജനിപ്പിക്കുമ്പോള്‍, കൃതിയുടെ സ്വീകാര്യത വര്‍ദ്ധിക്കുന്നു.

ഈ പുതുവര്‍ഷത്തോടെ ഇനിയും ഊര്‍ജസ്വലതയോടെ എഴുതി വായനക്കാരെ ബോധവല്‍ക്കരിക്കുകയും കൈരളിയെ ധന്യമാക്കുകയും ചെയ്യുമാറാകട്ടെ എന്ന ശുഭകാമനകള്‍ ശ്രീ. സുധീര്‍ പണിക്കവീട്ടിലിനു നേരുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top