പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ 12 ലക്ഷം രൂപ വാങ്ങി ഭീകരരെ സഹായിക്കാൻ ലക്ഷ്യമിട്ടെന്ന് അന്വേഷണസംഘം

adaad_0ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര സിംഗ് തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് ജമ്മു കശ്മീര്‍ പൊലീസ് വെളിപ്പെടുത്തി. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളില്‍നിന്ന് 12 ലക്ഷം രൂപ വാങ്ങിയതായും പ്രാഥമികമായ ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

ഭീകരരെ സുരക്ഷിതമായി ബാനിഹാള്‍ തുരങ്കം കടത്തുന്നതിന് 12 ലക്ഷം രൂപയാണ് ഇവരില്‍നിന്ന് ദേവേന്ദ്ര സിംഗ് പറഞ്ഞുറപ്പിച്ചിരുന്നത്. വാഹനം ഓടിച്ചിരുന്നത് ഇയാളായിരുന്നു. ഡിവൈഎസ്പി ഓടിക്കുന്ന വാഹനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് ഭീകരര്‍ ദേവേന്ദ്ര സിംഗിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും പൊലീസ് പറയുന്നു.

ശനിയാഴ്ചയാണ് ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഷോപിയാനിൽ വെച്ച്  ഭീകരര്‍ക്കൊപ്പം  ദേവേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. ദേവേന്ദ്ര സിംഗിനൊപ്പം അറസ്റ്റിലായ ഹിസ്ബുൾ ഭീകരൻ സെയ്ദ് നവീദ് മുഷ്താഖ് മുൻ പൊലീസ് കോൺസ്റ്റബിളാണ്. 2017-ലാണ് ഇയാൾ തീവ്രവാദ സംഘടനയിൽ ചേരുന്നത്. കഴിഞ്ഞ വർഷം കശ്മീരിൽ ജോലി ചെയ്തു വരികയായിരുന്ന 11 അന്യസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമാണ് ഇയാൾ.

രണ്ട് എകെ 47 തോക്കുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദേവേന്ദ്ര സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും കണ്ടെത്തിയിരുന്നു.

ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പൊലീസ് പിടികൂടിയതെന്നാണ് ഡിവൈഎസ്പിയുടെ  അവകാശവാദം. എന്നാല്‍, ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. മാത്രമല്ല, പിടിയിലായ തീവ്രവാദികളെ ചോദ്യംചെയ്തതില്‍ നിന്ന് കീഴടങ്ങാനുള്ള പദ്ധതി അവര്‍ക്കുണ്ടായിരുന്നില്ലെന്ന് വ്യക്തമായതായും  പൊലീസ് പറയുന്നു.

ജമ്മു കശ്മീരിൽ തീവ്രവാദികൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് ഐജി വിജയകുമാർ പറഞ്ഞിരുന്നു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment