കൂടത്തായി കൂട്ടക്കൊലപാതകം; സിനിമകള്‍ക്കും സീരിയലുകള്‍ക്കും സ്റ്റേ ഇല്ല

koodathai288186_1570608873(1)കോഴിക്കാട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് സിനിമകളും സീരിയലും ഒരുക്കുന്നവർക്കെതിരെ തല്ക്കാലം സ്റ്റേ ഇല്ല. ജോളിയുടെ മക്കള്‍ നൽകിയ ഹർജി ഇന്ന് താമരശ്ശേരി മുന്‍സിഫ് കോടതി പരിഗണിച്ചപ്പോള്‍ സിനിമ-സീരിയല്‍ നിര്‍മ്മാണത്തിന് സ്റ്റേ അനുവദിച്ചില്ല. പകരം ജോളിയുടെ മക്കളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു. ഈ മാസം 25-ന് ഹാജരാകാനാണ് നോട്ടീസ്. വിചാരണ പോലും ആരംഭിക്കാത്ത ഒരു കേസിനെ അടിസ്ഥാനമാക്കി സിനിമയും സീരിയലും പുറത്തിറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോളിയുടെ മക്കള്‍ താമരശ്ശേരി മുന്‍സിഫ് കോടതിയെ സമീപിച്ചത്.

ജോളിയുടെ മക്കളുടെ പരാതി സ്വീകരിച്ച കോടതി, കൂടത്തായി അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന കാലസൃഷ്ടികളുടെ നിര്‍മ്മാതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ആശീര്‍വാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടമ ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കായിരുന്നു ഇന്ന് (ജനുവരി 13 തിങ്കളാഴ്ച) ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചത്.

ജോളി, ആൻറണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി എന്നിവർ അടക്കം എട്ടു പേരാണ് കേസിലെ എതിർകക്ഷികൾ.

സിനിമാ-സീരിയില്‍ നിര്‍മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണെന്നും ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ എം മുഹമ്മദ് ഫിര്‍ദൗസ് ഒരു അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

“ജോളിയുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോവുകയാണ്. പഠിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഈ ഘട്ടത്തില്‍ സംഭവത്തെ ആസ്പദമാക്കി കച്ചവടതാല്‍പര്യങ്ങളോടെ നിര്‍മ്മിക്കുന്ന സിനിമയും സീരിയലും പുറത്തുവരുന്നത് അവരുടെ ഭാവിക്ക് ദോഷം ചെയ്യും.”- മുഹമ്മദ് ഫിര്‍ദൗസ് പറഞ്ഞു.

കൂടത്തായി കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ അഭിനയിച്ച് ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ഡിനി ഡാനിയേൽ എന്ന നടിയും ഈ സംഭവം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന് അവകാശപ്പെട്ട് എത്തി.

ഫ്ളവേഴ്സ് ടിവിയും നടി മുക്ത അഭിനയിക്കുന്ന ‘കൂടത്തായി’എന്ന ചലച്ചിത്രപരമ്പര 13-ാ൦ തിയതി മുതൽ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചു. സീരിയലിന്‍റെ ട്രെയിലറുകളും പ്രമോ വീഡിയോകളും ഇതിനോടകം തന്നെ അവർ പുറത്തു വിട്ടിട്ടുണ്ട്. ജോളിയുടെ മക്കളുടെ പരാതി കോടതി സ്വീകരിച്ചെങ്കിലും സ്റ്റേ അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഫ്ലവേഴ്സ് ടിവിയുടെ സീരിയല്‍ ഇന്ന് മുതല്‍ സംപ്രേഷണം ആരംഭിച്ചേക്കും.

കൂടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും ഡിനിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ ശ്രീജിത്തും നേരത്തെ രംഗത്ത് എത്തിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്പിക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment