Flash News

ഇറാനിയന്‍ പതാകയ്ക്ക് മുന്നില്‍ ഹിജാബ് ധരിച്ച നാന്‍സി പെലോസിയുടെ വ്യാജ ഫോട്ടോ ട്രംപ് റീട്വീറ്റ് ചെയ്തു; അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ വിമര്‍ശനം

January 13, 2020 , മൊയ്തീന്‍ പുത്തന്‍‌ചിറ

Schumer and Pelosiന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് ചക് ഷൂമര്‍, ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി എന്നിവരുടെ വ്യാജ ഫോട്ടോകള്‍ റീട്വീറ്റ് ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് അമേരിക്കന്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

ചക് ഷൂമറും നാന്‍സി പെലോസിയും യഥാക്രമം തലപ്പാവും ഹിജാബും ധരിച്ച് ഇറാനിയന്‍ പതാകയ്ക്ക് മുന്നില്‍ നില്‍ക്കുന്നതായി നിര്‍മ്മിച്ച വ്യാജ ഫോട്ടോയാണ് ട്രം‌പ് റീട്വീറ്റ് ചെയ്തത്. ട്രം‌പിന്റെ ഈ പ്രവൃത്തി മുസ്ലീം അമേരിക്കക്കാരില്‍ നിന്നും കമന്റേറ്റര്‍മാരില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസെം സൊലൈമാനിയെ ജനുവരി 3 ന് ഇറാഖില്‍ വെച്ച് ഡ്രോണ്‍ ആക്രണമത്തിലൂടെ കൊലപ്പെടുത്താനുള്ള ട്രംപിന്‍റെ തീരുമാനത്തെ വിമര്‍ശിച്ചതിന് ചില വലതുപക്ഷ ചിന്താഗതിക്കാരും റിപ്പബ്ലിക്കന്‍ നിയമ നിര്‍മ്മാതാക്കളും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ചു. ചിത്രത്തിന്‍റെ യഥാര്‍ത്ഥ പോസ്റ്റര്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ @D0wn_Under ആണ്. ട്രം‌പിന്റെ ട്വീറ്റുമായി സമാനമായ ചിന്തകളാണ് ഇതില്‍ പങ്കിട്ടിരിക്കുന്നത്.

“അഴിമതിക്കാരായ ഡെംസ് അയാത്തൊള്ളയുടെ രക്ഷയ്ക്കെത്താന്‍ പരമാവധി ശ്രമിക്കുന്നു,” എന്ന് ട്വിറ്റര്‍ ഉപയോക്താവ് എഴുതുകയും വ്യാജമായി നിര്‍മ്മിച്ച ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.

ഫോളോഅപ്പ് ട്വീറ്റില്‍ ട്രംപ് എഴുതി: “ഡെമോക്രാറ്റുകളും വ്യാജ വാര്‍ത്തകളും തീവ്രവാദിയായ സൊലൈമാനിയെ പുണ്യവാളനാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്, കാരണം 20 വര്‍ഷമായി ചെയ്യേണ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്തു.”

‘ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ഇസ്ലാമിനെയും മുസ്ലിംകളെയും ഇത്തരം അവഹേളനപരമായി പരിഹസിക്കുമെന്നത് അംഗീകരിക്കാനാവില്ല,’ രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സിന്റെ (CAIR) ദേശീയ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഇബ്രാഹിം ഹൂപ്പര്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘അമേരിക്കന്‍ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള വര്‍ഗീയ സന്ദേശം അമേരിക്കന്‍ മുസ്ലിംകള്‍, സിഖുകാര്‍, മറ്റ് മതവിശ്വാസികള്‍ എന്നിവരെയും മതവസ്ത്രം ധരിക്കുന്നവരെയും കൂടുതല്‍ അപകടത്തിലാക്കും,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്‍റിന്‍റെ റീട്വീറ്റിനെ ന്യായീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു: ‘ഡെമോക്രാറ്റുകള്‍ ഇറാനിയന്‍ ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളില്‍ സ്വാധീനമുള്ളവരാണെന്നും, തീവ്രവാദികളുടെയും അമേരിക്കക്കാരെ കൊല്ലാന്‍ പുറപ്പെടുന്നവരുടെയും ഭാഗമാണെന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു.’  എന്നാണ്.

Trump-Pelosi-Schumer-170 ദശലക്ഷത്തിലധികം ട്വിറ്റര്‍ ഫോളോവര്‍മാരുമായി ചിത്രം പങ്കിടാനുള്ള പ്രസിഡന്‍റിന്‍റെ തീരുമാനത്തെ മറ്റുള്ളവര്‍ ശക്തമായി വിമര്‍ശിച്ചു.

‘അമേരിക്കന്‍ പ്രസിഡന്‍റ് ഒരു മതത്തിനെതിരെ വിദ്വേഷ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒരു പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം അത് ചെയ്യുന്നത് നമ്മുടെ പേരിലാണ്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടേണ്ടത് നമ്മുടെ എല്ലാവരുടേയും, പ്രത്യേകിച്ച് നാം തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരുടെ കടമയാണ്. ഇത്തരത്തിലുള്ള വിദ്വേഷ പ്രചരണം ട്വിറ്റര്‍ അവസാനിപ്പിക്കണം,’ ഖത്തറിലെ മുന്‍ യുഎസ് അംബാസഡര്‍ ഡാന ഷെല്‍ സ്മിത്ത് ട്വീറ്റ് ചെയ്തു.

‘യഹൂദവിരുദ്ധതയുമായി ഒമര്‍ പരാമര്‍ശം നടത്തുന്നുവെന്ന് പറഞ്ഞ എല്ലാവരും ട്രംപിന്‍റെ മുസ്ലീം വിരുദ്ധ റീട്വീറ്റിനെ ഉടന്‍ അപലപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ മാധ്യമപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഫ്ലെഷ്മാന്‍ ട്വീറ്റ് ചെയ്തു. മിനസോട്ടയിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇല്‍ഹാന്‍ ഒമറിനെ നിരവധി റിപ്പബ്ലിക്കന്‍മാരും ചില ഡെമോക്രാറ്റുകളും സെമിറ്റിക് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച സമയത്ത് ഉയര്‍ന്ന വിവാദങ്ങള്‍ പരാമര്‍ശിക്കുകയായിരുന്നു ഫ്ലെഷ്‌മാന്‍.

ഒരു പരമാധികാര ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥനെ ഇല്ലാതാക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ ഡമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്‍മാരും ശക്തമായി അപലപിച്ചു. ഇറാനിയന്‍ കമാന്‍ഡര്‍ ഖാസെം സൊലൈമാനിക്കെതിരെയെടുത്ത നിലപാട് അമേരിക്കക്കാര്‍ ‘സുരക്ഷിതരല്ലാതായിത്തീര്‍ന്നു’ എന്ന് ചിലര്‍ വാദിക്കുന്നു. മറ്റുചിലരാകട്ടേ നിയമപരമായ ഒരു ന്യായീകരണവുമില്ലെന്ന് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആഴ്ച, ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റുകള്‍, മൂന്ന് റിപ്പബ്ലിക്കന്‍മാരും ഒരു സ്വതന്ത്രനും ചേര്‍ന്ന്, ഇറാനെതിരെ യുദ്ധ പ്രവര്‍ത്തനങ്ങള്‍  നടത്താനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്താനും തടയിടാനും വോട്ട് ചെയ്തു. ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സും, യൂട്ടയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീയും സമാനമായ ഉഭയകക്ഷി നിയമനിര്‍മ്മാണം സെനറ്റില്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top