Flash News

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ 23-ാമത് ടെലികോണ്‍ഫറന്‍സ് റിപ്പോര്‍ട്ട്

January 15, 2020 , ചാക്കോ കളരിക്കല്‍

Logo 2019_InPixioകെസിആര്‍എം നോര്‍ത്ത് അമേരിക്ക 2020 ജനുവരി 8 ബുധനാഴ്ച നടത്തിയ രണ്ടു മണിക്കൂറോളം നീണ്ടുനിന്ന 23-ാമത് ടെലികോണ്‍ഫറന്‍സ് എ.സി. ജോര്‍ജ് കൊച്ചിയില്‍നിന്ന് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളില്‍നിന്നുമായി വളരെയധികം അതില്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ (AKCAAC) ചെയര്‍മാന്‍ അഡ്വ ബോറിസ് പോള്‍ ആയിരുന്നു. വിഷയം: ‘ക്രിസ്ത്യന്‍ സ്വത്തുഭരണത്തിലെ അഴിമതികളും ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ട്രസ്റ്റ് ബില്ലും’

വിഷയസംബന്ധമായി അവതരിപ്പിക്കപ്പെട്ട പ്രധാന പോയിന്‍റുകള്‍: ചര്‍ച്ച് ട്രസ്റ്റ് ബില്‍ ആവശ്യപ്പെടാനുള്ള കാരണങ്ങള്‍, പള്ളി സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കേണ്ടത്തിന്‍റെ നിയമവശങ്ങള്‍, ബില്ലിനെതിരായ സഭാമേലധികാരികളുടെ കള്ള പ്രചരണങ്ങള്‍ തുടങ്ങി വളരെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അഡ്വ ബോറിസ് പോള്‍ സംസാരിച്ചത്. ഇന്ന് സഭകളില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അഴിമതികള്‍, ഭൂമി കള്ളക്കച്ചവടങ്ങള്‍, ക്രിമിനല്‍ സ്വഭാവമുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍, അത് മൂടിവെയ്ക്കാന്‍ സഭകള്‍ ചിലവഴിക്കുന്ന കോടിക്കണക്കിനു വരുന്ന സമ്പത്തിന്‍റെ ദുര്‍വിനിയോഗം, അനാവശ്യമായ പള്ളി കെട്ടിട/ആശുപത്രി/ ഷോപ്പിംഗ് കോംപ്ലക്‌സ്‌ നിര്‍മാണങ്ങള്‍, സഭാസ്ഥാപനങ്ങളിലെ കോഴ വാങ്ങല്‍ തുടങ്ങിയ ദുഷ്പ്രവര്‍ത്തികള്‍ കൊണ്ടാണ് ചര്‍ച്ച് ട്രസ്റ്റ് ബില്‍ അനിവാര്യമെന്ന്‌ സഭാംഗങ്ങള്‍ ചിന്തിച്ചു തുടങ്ങാനും ആവശ്യപ്പെടാനും കാരണമായത്.

1599ലെ ഉദയമ്പേരൂര്‍ സൂനഹദോസിലൂടെ മലങ്കര ക്രിസ്ത്യാനികളുടെ ജനാധിപത്യ പള്ളി ഭരണ സമ്പ്രദായം നഷ്ടപ്പെട്ടതാണ് സഭകളില്‍ അഴിമതികള്‍ അഴിഞ്ഞാടാന്‍ കാരണമായത്. അന്നുമുതല്‍ ഇന്നുവരെ ഏകാധിപത്യ പുരോഹിത പള്ളി ഭരണമാണ് സഭകളില്‍ നടക്കുന്നത്. സഭകളിലെ നിയമാവലികളൊന്നും രജിസ്റ്റേര്‍ഡ് അല്ല. അതുകൊണ്ട് ആ നിയമാവലികള്‍ക്ക് രാഷ്ട്ര നിയമ പ്രാബല്യമില്ല. മെത്രാന്മാരും പുരോഹിതരും ഭൂമി കള്ളവ്യാപാരം നടത്തിയാലും നിയമപരമായി അതിനെ എതിര്‍ക്കാന്‍ വിശ്വാസികള്‍ക്ക് മാര്‍ഗങ്ങളില്ല.

കൊല്ലം ലത്തീന്‍ രൂപതയില്‍ സ്റ്റാന്‍ലി റോമന്‍ മെത്രാന്‍റെ കാലത്തെ ഭൂമി വ്യാപാരത്തിലെ ഏഴു കോടിയോളം രൂപ കണക്കില്‍പ്പെടാതെ മറിച്ച കള്ളക്കളികളും ജോസഫ് ഫെര്‍ണാണ്ടസ് മെത്രാന്‍റെ കാലത്ത്‌ കൊട്ടിയത്തെ പുറമ്പോക്കു ഭൂമിയ്ക്ക് കള്ളപ്പട്ടയം ഉണ്ടാക്കി പിന്നീട് മുന്നാധാര പരാമര്‍ശമില്ലാതെ നാല്പതോളം ആധാരങ്ങള്‍ ഉണ്ടാക്കി വിറ്റ ഭീകര അഴിമതികളെപ്പറ്റിയുമെല്ലാം അഡ്വ ബോറിസ് പോള്‍ വിശദീകരിക്കുകയുണ്ടായി. ഇതുസംബന്ധമായി കൊല്ലം മെത്രാന് എതിരായി ഇന്നും കേസ് നടക്കുകയാണ്.

വളരെ സമ്പന്നമായ കൊല്ലം രൂപത നടത്തുന്ന ബിഷപ്പ് ജറോം എഞ്ചിനീറിംഗ് കോളേജ് 80 കോടി രൂപയുടെ കട ബാധ്യതയിലാണെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഇതിനെല്ലാം കാരണം സഭാധികാരികളുടെ സ്വത്തുഭരണത്തില്‍ സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നുള്ളതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉദ്യോഗ നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും കോടികളാണ് കൊഴപ്പണമായി വാങ്ങിക്കുന്നത്. എവിടേയ്ക്കാണ് ഈ രഹസ്യ കള്ളത്തുക പോകുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ.സീറോ മലബാര്‍ സഭയുടെ തലവന്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയും ഭൂമി കുംഭകോണ കേസില്‍ പ്രതിയാണ്. കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ സഭകളിലും സാമ്പത്തിക സുതാര്യതയോ ഉത്തരവാദിത്തമോ ഇല്ലെന്നുള്ളത് അല്‍‌മായര്‍ മനസ്സിലാക്കണം. മേല്പറഞ്ഞ അഴിമതികളുടെ പശ്ചാത്തലത്തിലും ആ അഴിമതികളൊക്കെ കാണിച്ചുകൂട്ടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ട് എന്ന ധിക്കാര നിലപാടിന്‍റെ അടിസ്ഥാനത്തിലും വേണം ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ പ്രാധാന്യത്തെ വിലയിരുത്താന്‍.

ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പുപ്രകാരം പള്ളി സ്വത്തുക്കളും സ്ഥാപനങ്ങളും നിയമപ്രകാരം മാത്രമാണ് ഭരിക്കേണ്ടത്. അത് ഒരു ഭരണഘടനാ ബാദ്ധ്യത കൂടിയാണ്. ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍ പ്രകാരം ഓരോ ഇടവകയും ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. ഇടവക, രൂപത, സംസ്ഥാനം എന്നിങ്ങനെ ത്രിതല ട്രൂസ്റ്റാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റ് പ്രതിനിധികളാല്‍ സഭാ സ്വത്തുക്കളും സ്ഥാപനങ്ങളും ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും ഭരിക്കപ്പെടണം. ഏതെങ്കിലും ഒരു ട്രസ്‌റ്റോ, ട്രസ്റ്റിയോ നിയമലംഘനം നടത്തിയാല്‍ അത് ശിക്ഷാര്‍ഹവുമാണ്. സഭാസ്വത്തുക്കളുടെ ഉടമകളായ അല്‍മായര്‍ പുരോഹിതരുടെ അടിമത്തത്തില്‍നിന്നും മോചിതരാകുകയും ചെയ്യും.

പള്ളി പ്രസംഗങ്ങളും പ്രസ്താവനകളും ലഘുലേഖകളും ചര്‍ച്ച് ട്രസ്റ്റ് ബില്ലിനെതിരായി സഭാമേലധികാരികള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് അല്‍മായരെ അറിഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കലാണ്. ചര്‍ച്ച് ബില്ലിനെ അനുകൂലിച്ചുകൊണ്ടുള്ള ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലിയുടെയും ധര്‍ണയുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചും സമ്മര്‍ദ്ദം ചെലുത്തിയും തമസ്ക്കരിക്കുന്നത് നാം കണ്ടുകൊണ്ടാണിരിക്കുന്നത്. ട്രസ്റ്റിന്‍റെ ഭരണത്തില്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ഒന്നുമില്ല. വിശ്വാസപരമായ വിഷയങ്ങളിലോ പുരോഹിത ശുശ്രൂഷാ കാര്യങ്ങളിലോ ട്രസ്റ്റ് ബില്ലിന് ബന്ധമില്ല. എന്നിരുന്നാലും ‘പള്ളിസ്വത്തുക്കള്‍ സര്‍ക്കാരിന് അടിയറ വയ്ക്കുകയാണ്’, ‘എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്’, ‘സഭയെ തകര്‍ക്കാന്‍ സഭാവിരോധികള്‍ കണ്ടുപിടിച്ച തന്ത്രമാണ്’, ‘ഇതിലെ കാണാപ്പുറങ്ങള്‍ പഠിക്കണം’, ‘സഭ തകരും’ എന്നും മറ്റുമുള്ള സഭാധികാരികളുടെ ജല്പനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കീശയില്‍ ആശ്വാസം കാണുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘അഭിഷിക്തരെ വിമര്‍ശിക്കരുത്’ എന്ന് കേട്ടുപഠിച്ചിട്ടുള്ള അല്‍മായരെ ബോധവല്‍ക്കരിച്ചാലേ സഭയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കൂ. സഭകളില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള ഒരു സമ്മര്‍ദ്ദ ശക്തിയാകണം, അല്‍മായര്‍.

ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസായി നടപ്പിലായാല്‍ സഭാസ്വത്തുക്കള്‍ അതിന്‍റെ യഥാര്‍ത്ഥ അവകാശികളായ അല്മായ സമൂഹത്തിന് തിരിച്ചുകിട്ടും. ട്രസ്റ്റ് നിയമം വഴി സഭാസ്വത്തുക്കള്‍ ജനാധിപത്യപരമായും സുതാര്യമായും കാര്യക്ഷമമായും ഭരിക്കപ്പെടും. സഭാധികാരികളുടെ കുറ്റകൃത്യപ്രവണത ഇല്ലാതാകും. അവര്‍ക്ക് അവര്‍ സ്വയം ഭരമേറ്റിരിക്കുന്നദൈവജന ശുശ്രൂഷയില്‍ പരിപൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. നിരവധിയായ കേസുകള്‍ നടത്തിയുള്ള ധന ദുര്‍വ്യയം ഇല്ലാതാകും. സഭകള്‍ക്ക് നഷ്ടപ്പെട്ട മാനം തിരിച്ചുകിട്ടും.ചുരുക്കത്തില്‍ ആദിമസഭയുടെ ആവേശത്തിലേയ്ക്ക്, ആത്മാവിലേക്ക് തിരിച്ചുപോകാനുള്ള ഇന്നത്തെ ഉത്തമവഴിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്ന ചര്‍ച്ച് ട്രസ്റ്റ് ബില്‍.

വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചര്‍ച്ച നടക്കുകയുണ്ടായി.

അഡ്വ ബോറിസ് പോളിന്‍റെ വിഷയാവതരണം വളരെ വ്യക്തതയോടെ ട്രസ്റ്റ് ബില്ലിന്‍റെ എല്ലാവശങ്ങളെയും വിശദീകരിച്ചുയെന്ന് കോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി. മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് എല്ലാവര്‍ക്കും പ്രത്യേകിച്ച് അഡ്വ ബോറിസ് പോളിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോണ്‍ഫെറന്‍സ് 2010 ഫെബ്രുവരി 12 ബുധനാഴ്ച രാത്രി 9:00 മണിക്ക് നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്‍റെ (AKCAAC) ജനറല്‍ സെക്രട്ടറി ശ്രീ ജോസഫ് വെളിവില്‍ (Joseph Velivil) ആയിരിക്കും. വിഷയം: ‘കേരളത്തിലെ കന്ന്യാസ്ത്രികള്‍ നേരിടുന്ന പ്രതിസന്ധികള്‍.’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top