Flash News

മെക്സിക്കോയിലെ കത്തോലിക്കാ മതവും രക്തച്ചൊരിച്ചിലുകളും ചെറുത്തു നില്‍പ്പുകളും

January 15, 2020 , ജോസഫ് പടന്നമാക്കല്‍

Mexico bannerപതിനാറാം നൂറ്റാണ്ടില്‍ ഹെര്‍നന്‍ കോര്‍ട്സ് (Hernán Cortés) എന്ന നാവികനാണ് മെക്സിക്കോ കണ്ടുപിടിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തിനുമുമ്പുതന്നെ സ്പാനിഷ് ഭരണം അവിടെ അസ്തിവാരമിടുകയും കത്തോലിക്കാ സഭ ശക്തിപ്രാപിക്കുകയുമുണ്ടായി. മെക്സിക്കോയിലെ ആദിവാസികള്‍ മറ്റു പോംവഴികളില്ലാതെ കത്തോലിക്കാ മതം സ്വീകരിച്ചു. അവര്‍ പുതിയ മതത്തില്‍ ചേര്‍ന്നെങ്കിലും പരമ്പരാഗതമായി അനുഷ്ടിച്ചുവന്ന തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും തുടര്‍ന്നിരുന്നു. പള്ളികള്‍ സ്പാനിഷ് പ്രതിച്ഛായകളില്‍ വാസ്തുശില്പ കലകളോടെയുള്ളതായിരുന്നു. പതിനാറാം നൂറ്റാണ്ടായപ്പോള്‍ സ്പാനിഷ്കാരുടെ നിരവധി മണിമാളിക മന്ദിരങ്ങള്‍ മെക്സിക്കോയില്‍ ഉയരാനും തുടങ്ങി.

മെക്സിക്കന്‍ ജനതയില്‍ 75 ശതമാനം ജനങ്ങളിലും യൂറോപ്പ്യന്‍ ജനിതകമുണ്ട്. അവിടെ കത്തോലിക്കരുടെ ചരിത്രം തുടങ്ങുന്നത് 1519-`21 മുതലുള്ള സ്പെയിനിന്‍റെ കുടിയേറ്റങ്ങള്‍ക്കുശേഷമാണ്. സ്പാനീഷ് ഭാഷ ദേശീയഭാഷയാവുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യഭാഗം വരെ കത്തോലിക്കാ സഭയെ മാത്രമേ ആത്മീയ ശുശ്രുഷകള്‍ നടത്താന്‍ അനുവദിച്ചിരുന്നുള്ളൂ. 1821 ല്‍ റിപ്പബ്ലിക്കായപ്പോഴും സഭയുടെ ഏകാധിപത്യ പ്രവണത തുടര്‍ന്നിരുന്നു. 1824 ല്‍ മെക്സിക്കോയുടെ ആദ്യ ഭരണഘടന എഴുതിയുണ്ടാക്കി. ഭരണഘടനയില്‍ റോമ്മന്‍ കത്തോലിക്കാ മതം ഔദ്യോഗിക മതമായി സ്വീകരിച്ചു. മറ്റുള്ള മതങ്ങളെല്ലാം രാജ്യത്ത് അന്ന് നിരോധിച്ചിരുന്നു.

നാഗരികത വളരുന്നതോടൊപ്പം ദേശീയ ഇന്ത്യക്കാര്‍ പാരമ്പര്യമായ വിശ്വാസങ്ങള്‍ പരിത്യജിച്ചുകൊണ്ടിരുന്നു. പൗരാണിക കാലം മുതല്‍ അവര്‍ ഹൃദയത്തില്‍ കൊണ്ടു നടന്ന, പൂജിച്ചിരുന്ന ദൈവങ്ങള്‍ പരാജയപ്പെട്ടെന്നും ചിന്തിച്ചു. ആദ്യകാലങ്ങളില്‍ തങ്ങളുടെ വിശ്വാസങ്ങളില്‍ മാറ്റമുണ്ടായപ്പോള്‍ പുതിയതായി വന്നു ഭവിച്ച നവമാറ്റങ്ങളെ അവര്‍ക്കു അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. സാവധാനം ദൈവങ്ങളില്‍നിന്നും അകന്ന് അവര്‍ സ്പാനിയാര്‍ഡ് ദൈവത്തെ സ്വീകരിക്കാന്‍ ആരംഭിച്ചു. മിഷ്യനറിമാര്‍ ദേശീയ ഇന്ത്യന്‍സില്‍ മതത്തിന്‍റെ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ദേശീയ ഇന്ത്യക്കാര്‍ വിശ്വസിച്ചിരുന്ന അമ്പലങ്ങളുടെ സമീപം പള്ളികളും പണിയാനാരംഭിച്ചു. അതുമൂലം യൂറോപ്പില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും പ്രവഹിക്കാന്‍ തുടങ്ങി. പുതിയ കോളനിവാസികളുടെ ഗ്രാമങ്ങളും പട്ടണങ്ങളും ഉയരാന്‍ തുടങ്ങി.

‘ദേശീയ ഇന്ത്യന്‍സ്’ കത്തോലിക്കാ മതത്തില്‍ ചേര്‍ന്നതോടെ അവരുടെയിടയിലുണ്ടായിരുന്ന മത വിരുദ്ധ ആശയങ്ങള്‍ക്കിടയില്‍ സമവായമുണ്ടാവുകയും ചരിത്രാതീതമായ അവരുടെ ദെവങ്ങളെ കത്തോലിക്കരിലെ വിശുദ്ധരോടൊപ്പം എഴുന്നള്ളിക്കുകയും ചെയ്തിരുന്നു. ദേശീയ ഇന്ത്യക്കാരുടെയിടയിലുണ്ടായിരുന്ന ആത്മീയ തലത്തിലുള്ള ശിക്ഷയും പ്രതിഫലവും കത്തോലിക്കാ വിശ്വാസത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. ആദ്യകാലത്തു ആധിപത്യം സ്ഥാപിച്ചിരുന്ന യൂറോപ്പ്യന്മാര്‍ നിരവധി ദേശീയ ഇന്ത്യന്‍ മെക്സിക്കന്‍കാരെ കൊല ചെയ്തു കൊണ്ടിരുന്നു. കൂടാതെ പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്നും കപ്പലിലെത്തിയ ഏതൊ മാരക രോഗം മൂലം അനേകായിരം മെക്സിക്കന്‍ ഇന്ത്യക്കാര്‍ മരിക്കുന്നതിനിടയായി. മെക്സിക്കോയുടെ പ്രാന്ത പ്രദേശങ്ങളില്‍ മത പരിവര്‍ത്തനത്തിന് ആദ്യം വന്നത് ഫ്രാന്‍സിക്കന്‍ മിഷിണറിമാരായിരുന്നു. പിന്നീട് ഡൊമിനിക്കന്‍സും ഓഗസ്റിനെസും ജെസ്യൂട്ട്സും മിഷ്യനറിമാര്‍ വേദപ്രചരണത്തിനായി മെക്സിക്കന്‍ വന്‍കരയില്‍ വന്നെത്തി. യൂറോപ്പ്യന്‍മാര്‍ നടത്തിയ നിരവധി ക്രൂരതകള്‍ കാരണം തകര്‍ന്നു പോയ അനേകം മെക്സിക്കന്‍ കുടുംബങ്ങള്‍ക്ക് മിഷ്യനറിമാര്‍ ആശ്വാസമായിരുന്നു.

a2 (1)പള്ളികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മിഷ്യനറിമാര്‍’ മെക്സിക്കന്‍ വന്‍കരയില്‍ സ്ഥാപിച്ചുകൊണ്ടിരുന്നു. ‘ബർട്ടോലോമീ ഡീ ലാസ് കാസസ്’ എന്ന മിഷ്യനറി മെക്സിക്കന്‍ അടിമകളെ മോചിപ്പിക്കാനായുള്ള പ്രചരണങ്ങളും തുടങ്ങി. 1542ല്‍ അതുമൂലം അടിമകളെ മോചിച്ചിപ്പിക്കുകയുമുണ്ടായി. ദേശീയ ഇന്ത്യന്‍സിന്‍റെ കുട്ടികള്‍ക്ക് മതപരമായ ആത്മീയ വിദ്യാഭ്യാസം നിര്‍ബന്ധമായിരുന്നു. ചില ഇന്ത്യക്കാര്‍ തങ്ങളുടെ ആചാരങ്ങളെ ത്യജിക്കാന്‍ സന്നദ്ധരല്ലാത്തതിനാല്‍ പര്‍വ്വതങ്ങളിലും കാടുകളിലും ഒളിഞ്ഞു മറഞ്ഞു താമസിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും ക്രിസ്തുമത വിശ്വാസം സ്വീകരിക്കുകയാണുണ്ടായത്.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടത്തില്‍ സഭയും സ്റ്റേറ്റും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാവാന്‍ തുടങ്ങി. അന്നുണ്ടായിരുന്ന ഭരണനേതൃത്വം രാജ്യത്ത് ചില നവീകരണാശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ സഭ അതിനെ എതിര്‍ത്തു. സഭയുടെ വിദ്യാഭ്യാസ മേഖലകളിലുള്ള കുത്തകയും പള്ളി സ്വത്തുക്കള്‍ കെവശം വെക്കലും ജനന മരണ വിവാഹ റിക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതും നിയമം മൂലം നിര്‍ത്തലാക്കി. 1857ല്‍ എഴുതിയ ഭരണഘടനയില്‍ പുരോഹിതരുടെ ഈ അവകാശങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. സഭയെ നയിച്ചിരുന്നവര്‍ കൂടുതലും യാഥാസ്ഥിതികരായിരുന്നു. മെക്സിക്കന്‍ വിപ്ലവം പൊട്ടിപുറപ്പെട്ടിരുന്ന കാലവുമായിരുന്നു. സഭ യാഥാസ്ഥിതികരോടൊപ്പം ചേര്‍ന്നു പുരോഗമന വാദികള്‍ക്കെതിരെ വിപ്ലവത്തില്‍ പങ്കു ചേര്‍ന്നു. പുരോഗമന വാദികള്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ യാഥാസ്ഥിതികര്‍ക്കും കത്തോലിക്കാ സഭയ്ക്കും പുരോഗമന സര്‍ക്കാരുകളില്‍നിന്നു പീഡനങ്ങളേല്‍ക്കേണ്ടി വന്നു.

1876 മുതല്‍ 1911 വരെ പുരോഗമന വാദിയായിരുന്ന ‘പോര്‍ഫിറിയോ ഡയസ്’ (Porfirio Díaz) പ്രസിഡണ്ടായിരുന്നപ്പോള്‍ കത്തോലിക്കാ സഭയ്ക്കനുകൂലമായ നയപരിപാടികള്‍ തുടര്‍ന്നിരുന്നു. നവീകരിച്ച ഭരണഘടനയില്‍ പുരോഹിതരുടെ താല്പര്യത്തിനെതിരായ നിരവധി നിയമങ്ങളുണ്ടായിരുന്നു. എങ്കിലും സഭയ്ക്ക് സ്വതന്ത്രമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുവാദം നല്‍കിയിരുന്നു. 1911ല്‍ ‘ഡയസ്’ അധികാരത്തില്‍ നിന്നും പുറത്തായി. അതിനുശേഷം പതിറ്റാണ്ടോളം മെക്സിക്കന്‍ ആഭ്യന്തര കലാപം തുടര്‍ന്നിരുന്നു. കലാപത്തില്‍ വിജയികളായവര്‍ 1917ല്‍ ഭരണഘടന മാറ്റിയെഴുതി. പുരോഹിതരുടെ പള്ളിസ്വത്തു കൈവശം വെക്കുന്നതുള്‍പ്പടെയുള്ള അന്യായമായ നിരവധി അവകാശങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുള്ള ഭരണഘടനയായിരുന്നു അത്.

സഭയുടെയും പുരോഹിതരുടെയും വിരോധിയായ വിപ്ലവ ജനറല്‍ പ്ലൂട്ടാര്‍ക്കോ എലിയാസ് കാലിസ് (Plutarco Elías Calles) രാജ്യത്തിന്‍റെ പ്രസിഡണ്ടായി ചുമതലയെടുത്തു. അയാള്‍ അധികാരമെടുത്ത നാളുകള്‍മുതല്‍ 1917 ലെ ഭരണഘടന നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്‍റെ പേരില്‍ കത്തോലിക്കാ സഭയുടെ എതിര്‍പ്പുകളും കലാപങ്ങളും മെക്സിക്കോയുടെ നാനാഭാഗങ്ങളിലുമുണ്ടായി. കത്തോലിക്കാ സഭ മെക്സിക്കോയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാന്നൂറു വര്‍ഷങ്ങളായിരുന്നെങ്കിലും സഭയെ സര്‍ക്കാര്‍ ശത്രുത മനോഭാവത്തോടെയാണ് കണ്ടിരുന്നത്. സഭാവിരോധം നിറഞ്ഞ ഒരു രാഷ്ട്രീയ അന്തരീക്ഷമായിരുന്നു രാജ്യം മുഴുവനുണ്ടായിരുന്നത്.

യൂറോപ്യന്മാര്‍ മെക്സിക്കോയില്‍ താവളമടിക്കാന്‍ തുടങ്ങിയശേഷം നാലു നൂറ്റാണ്ടോളം നിരവധി വിപ്ലവങ്ങള്‍ അവിടെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. പ്രഭുക്കന്മാരുടെയും ഏകാധിപതികളുടെയും ഉയര്‍ച്ചയ്ക്കു വിപ്ലവങ്ങള്‍ സാക്ഷിയായിരുന്നു. സഭയും പള്ളികളും ഭൂവുടമകളുടെയും ധനികരുടെയും അധീനതയിലായിരുന്നതിനാല്‍ അനേകമായിരം സാധു ജനങ്ങള്‍ പള്ളിയോട് ശത്രുത പുലര്‍ത്താനും ആരംഭിച്ചു. പുരോഹിതരും ഭൂപ്രഭുക്കളും സാധാരണക്കാരോട് അടിമത്വ മനോഭാവവും പുലര്‍ത്താന്‍ തുടങ്ങി. സഭയോട് അസന്തുഷ്ടരായവര്‍ പുരോഹിതരെ ആക്രമിക്കാനും ആരംഭിച്ചു. അക്കാലത്താണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’ എന്ന സംഘടന രംഗപ്രവേശനം ചെയ്തത്. എന്നാല്‍, സര്‍ക്കാരിലുള്ള ഔദ്യോഗിക വക്താക്കള്‍ക്ക് ഈ സംഘടന രാജ്യദാഹ്രേം ചെയ്യുന്നവരുമായിരുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്തതിനാല്‍, സംഘടനയുടെ പ്രവര്‍ത്തകനായിരുന്ന ‘ഡുറാന്‍’ എന്നയാളെ പരസ്യമായി വധിച്ചു. ഇങ്ങനെയുള്ള ക്രൂര കൃത്യങ്ങള്‍ 1920ല്‍ സാധാരണമായിരുന്നു. ‘ജലിസ്കോ’ റയില്‍വെ സ്റ്റേഷനു സമീപം കത്തോലിക്കരെ വധിച്ചു കെട്ടി തൂക്കുന്ന സ്ഥലമുണ്ടായിരുന്നു. സര്‍ക്കാരിനെ തരം താഴ്ത്തിക്കൊണ്ടു അന്നുള്ള പത്രമാസികകള്‍ ഈ ഫോട്ടോകള്‍ പ്രചരിപ്പിച്ചിരുന്നതുകൊണ്ട് പ്രസിഡന്‍റ് ‘കാലിസ്’ മനുഷ്യരെ തൂക്കിലേറ്റുന്നത് റെയില്‍വെ പാലത്തിനു വിദൂരതയില്‍ വേണമെന്നും ആജ്ഞ കൊടുത്തിരുന്നു.

‘പ്രസിഡന്‍റ് കാലിസ്’ സര്‍ക്കാരിന്‍റെയും സഭാവിരോധികളുടെയും വെല്ലുവിളികളെ നേരിട്ടുകൊണ്ട് ‘നൈറ്റ്സ് ഓഫ് കൊളംബസ്’ പ്രതികരണങ്ങളുമായി മുന്നേറുന്നുണ്ടായിരുന്നു. നാന്നൂറു അംഗങ്ങള്‍ മാത്രമായിരുന്ന ‘നൈറ്റ്സ്’ ആറു വര്‍ഷം കൊണ്ട് 1918ല്‍ 6000 അംഗങ്ങളുള്ള സംഘടനയായി വളര്‍ന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സംഘടനയുടെ കീഴില്‍ 51 കൗണ്‍സിലുകളുമുണ്ടായി. 1926നും 1929 നുമിടയില്‍ ക്രിസ്ത്യന്‍ പീഡന നിയമങ്ങളില്‍ അസ്വസ്ഥരായി സര്‍ക്കാരിനെതിരെ ഒരു തുറന്ന യുദ്ധം തന്നെ ‘നൈറ്റ്സ്’ പ്രഖ്യാപിച്ചു.

a3ക്രിസ്ത്യന്‍ പീഡന നിയമത്തെ അറിയപ്പെട്ടിരുന്നത് ‘കാലിസ് ‘ നിയമം എന്നായിരുന്നു. ‘നൈറ്റ്സ്’ ആദ്യം സര്‍ക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. പെറ്റിഷന്‍ അയക്കുകയും സാമ്പത്തിക തലങ്ങളിലുള്ള ബോയ്കോട്ടും പ്രകടനങ്ങളും നാടെങ്ങും അരങ്ങേറുകയും ചെയ്തു. എന്നാല്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ‘ക്രിസ്റ്ററോ’ സംഘടന ഭീകര സ്വഭാവമുള്ളവരായിരുന്നു. 1926 ആഗസ്റ്റായപ്പോള്‍ ‘ക്രിസ്റ്ററോ’ ശക്തമാവുകയും രാജ്യമെങ്ങും സമരങ്ങള്‍ വ്യാപിക്കുകയും ചെയ്തു. വിശ്വാസ സംരക്ഷണത്തിനായുള്ള വിപ്ലവ മുന്നേറ്റത്തില്‍ ഏകദേശം 70 ‘നൈറ്റുകള്‍’ മരണപ്പെടുകയുണ്ടായി.

1926 ല്‍ പ്രസിഡന്‍റ് ‘കാലീസ്’ പുരോഹിതര്‍ക്കെതിരെയുള്ള നിയമങ്ങള്‍ രാജ്യം മുഴുവന്‍ ഏകീകൃതമായി നടപ്പാക്കി. നിയമം ലംഘിക്കുന്നവരെയും നിയമം നടപ്പാക്കാത്ത ഉദ്യോഗസ്ഥരെയും കഠിനമായ ശിക്ഷിച്ചിരുന്നു. താന്‍ പ്രസിഡണ്ടായിരിക്കുന്ന കാലത്തോളം 1917 ലെ ഭരണഘടന മാനിക്കണമെന്നായിരുന്നു ‘കാലീസിന്‍റെ ആവശ്യം. നിരവധി നൈറ്റുകള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്നു. നൈറ്റുകളെ ക്രൂരമായി പീഡിപ്പിക്കുന്നതില്‍ പതിനൊന്നാം പിയൂസ് മാര്‍പാപ്പാ പ്രതിഷേധം അറിയിച്ചു. മെക്സിക്കന്‍ സര്‍ക്കാര്‍ കത്തോലിക്കരെ പീഡിപ്പിക്കുന്നുവെന്നു കാണിച്ചു 1926ല്‍ വത്തിക്കാന്‍ പ്രസ്താവനയും ഇറക്കിയിരുന്നു. അതിനു പ്രതികാരമായി സര്‍ക്കാര്‍ അനുകൂലികള്‍ നൈറ്റ് ഓഫ് കൊളംബസിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് ആക്രമിക്കുകയും നിരവധി റിക്കോര്‍ഡുകള്‍ നശിപ്പിക്കുകയുമുണ്ടായി. ഫെഡറിലും സ്റ്റേറ്റിലും ജോലി ചെയ്യുന്നവര്‍ നൈറ്റ് ഓഫ് കൊളംബസ് എന്ന സംഘടനയുടെ അംഗമല്ലെന്നു പ്രതിജ്ഞ ചെയ്യണമായിരുന്നു.

കാലിസ് ഭരണകൂടം നിയമാനുസൃതമായി പള്ളികള്‍ ദേശവല്‍ക്കരിച്ചു. ‘വിദേശികള്‍’ പുരോഹിതരാകാന്‍ പാടില്ലെന്നും മെക്സിക്കോക്കാര്‍ മാത്രമേ പുരോഹിതരാകാന്‍ അനുവദിനീയമെന്നുള്ള നിയമം വന്നു. മതപരമായ ആഘോഷങ്ങളും രൂപങ്ങള്‍ എഴുന്നള്ളിപ്പും ചടങ്ങുകളും നിരോധിച്ചു. പൊതു സ്ഥലങ്ങളില്‍ പുരോഹിതര്‍ കുപ്പായം ധരിച്ച് നടക്കാന്‍ പാടില്ലെന്നും നിയമം വന്നു. രാഷ്ട്രീയവും സംസാരിക്കാന്‍ പാടില്ലെന്ന് വിലക്കുണ്ടാക്കി. വിദ്യാഭ്യാസ ചുമതലകളില്‍ നിന്നും പുരോഹിതരെ ഒഴിവാക്കിക്കൊണ്ടിരുന്നു. 1926ല്‍ പുരോഹിതനായി സേവനം ചെയ്യണമെങ്കില്‍ പ്രത്യേകം ലെസന്‍സും എടുക്കണമെന്ന നിയമവും വന്നു. ഈ നിയമങ്ങളെ ശക്തമായി പ്രതികരിക്കാന്‍ സഭ ആഹ്വാനം ചെയ്തു. മെക്സിക്കോയിലെ കൃഷിക്കാര്‍ പുരോഹിതരുടെ നേതൃത്വത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ ഗൊറില്ല യുദ്ധം ആരംഭിച്ചു. ‘ക്രിസ്തുരാജന്‍ നീണാള്‍ വാഴട്ടേ’യെന്ന മുദ്രാവാക്യവും പേറി ഭരണകൂടത്തിനെതിരെ ‘ക്രിസ്റ്റോസ്’ സംഘടന അതിശക്തമായി പ്രതികരിച്ചുകൊണ്ടിരുന്നു. ക്രിസ്തുവിന്‍റെ പേരില്‍ കൊലപാതകങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും നാടെങ്ങും വ്യാപിച്ചിരുന്നു.

1926ല്‍ ഫിലാഡല്‍ഫിയയിലെ നെറ്റ് ഓഫ് കൊളംബസിന്‍റെ ഒരു സമ്മേളനത്തില്‍ നെറ്റിന്‍റെ അമേരിക്കയിലെ കമാണ്ടറായ ജെയിംസ് ഫ്ലാഹെര്‍ട്ടി (James A. Flaherty) മെക്സിക്കോയിലെ സര്‍ക്കാരിന്‍റെ മതപീഡനത്തെ അപലപിക്കുകയും യുഎസ്‌എ ഈ പീഡനങ്ങളില്‍ നിശ്ശബ്ദരായിരിക്കുന്നതില്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഈ വാര്‍ത്ത മറ്റൊരു രാജ്യത്തിലെ മാദ്ധ്യമമായ കൊളംബിയ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അത്, കൊളംബിയായിലെ നിയമസഭ ചര്‍ച്ച ചെയ്യുകയുമുണ്ടായി. കുപിതനായ മെക്സിക്കന്‍ വക്താവ് അസംബ്ലിയിലും റേഡിയോയിലൂമായി നൈറ്റ് ഓഫ് കൊളംബസിനെ രാജ്യദ്രോഹ സംഘടനയായി മുദ്ര കുത്തി. അവര്‍ രാജ്യത്തെ വഞ്ചിച്ചുവെന്നും പ്രസ്താവിച്ചു. കത്തോലിക്ക പുരോഹിതരും നൈറ്റും രാജ്യത്തിന്‍റെ ശത്രുക്കളായി പ്രഖ്യാപിച്ചു. ഭീകരരും ദുഷിച്ചവരും നുണയരുമെന്നും പ്രഖ്യാപിച്ചു. ഫിലാഡല്‍ഫിയ സമ്മേളനത്തിലെ പ്രമേയം അപ്പാടെ തള്ളി കളഞ്ഞു. രാജ്യം ശരിയായ ദിശയില്‍ പോവുന്നുവെന്നും ഭ്രാന്തന്മാരായ പുരോഹിതര്‍ രാജ്യത്തിന്‍റെ രാഷ്ട്രീയ സംവിധാനവും ഭരണവും കൈക്കലാക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഫിലാഡല്‍‌ഫിയായില്‍ നോര്‍ത്ത് അമേരിക്കന്‍ നൈറ്റ്സ് സമ്മേളനത്തില്‍ സംബന്ധിച്ചവരെ രാജ്യത്തു നിന്ന് പുറത്താക്കുകയും ചെയ്തു.

a4നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഗവണ്‍മെന്‍റും ശക്തമായി പ്രതികരിക്കുകയും കഠിന ശിക്ഷകള്‍ നല്‍കുകയും ചെയ്തിരുന്നു. രാജ്യം മുഴുവനും കത്തോലിക്കരെ വേട്ടായാടലും പുരോഹിതരെ വധിക്കാനും ആരംഭിച്ചു. അനേകം ക്രിസ്ടോമാരെയും പുരോഹിതരെയും തൂക്കിലേറ്റി. മെക്സിക്കോയ്ക്ക് തെക്കുള്ള ടബാസ്ക്കോ ഗവര്‍ണ്ണര്‍ പുരോഹിതരെ ആക്രമിക്കാനായി ‘റെഡ് ഷര്‍ട്ട്’ എന്ന സംഘടന രൂപീകരിച്ചു. ഈ സംഘടന കൂട്ടമായി സംഘടിച്ച് പള്ളികള്‍ നശിപ്പിക്കാന്‍ ആരംഭിച്ചു. മെക്സിക്കോ പട്ടണത്തില്‍ പള്ളികള്‍ കൊള്ള ചെയ്യുകയും കൊളോണിയല്‍ കലാമൂല്യങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്യുകയെന്നതും നിത്യ പതിവായി തീര്‍ന്നു. 1932ല്‍ ആര്‍ച്ച് ബിഷപ്പ് ‘മൊറേലിയായെ’ രാജ്യത്തുനിന്ന് പുറത്താക്കി. പള്ളികളും സ്കൂളുകളും പണിശാലകള്‍ ആക്കുന്നതിനെതിരെ പ്രതികരിച്ചതിനായിരുന്നു രാജ്യത്തുനിന്ന് പുറത്താക്കിയത്. 1935ലും കത്തോലിക്കരും റെഡ് ഷര്‍ട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു.

ഈ കാലഘട്ടത്തില്‍ ‘സര്‍ക്കാര്‍’ കത്തോലിക്കാ സ്കൂളുകളും പള്ളികളും സെമിനാരികളും പിടിച്ചെടുത്തു. സഭയുടെ സ്വത്തുക്കളും കൈക്കലാക്കി. മതപഠനം നിയമ വിരുദ്ധമാക്കി. കത്തോലിക്കാ ഹോസ്പിറ്റലുകള്‍ നിര്‍ബന്ധമായി പൂട്ടിച്ചു. അനാഥ ശാലകളും മത പഠന കേന്ദ്രങ്ങളും അടപ്പിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലാന്നുള്ള നിയമം കര്‍ശനമാക്കി. മതപരമായ യാതൊരു വേഷങ്ങളും പൊതു സ്ഥലങ്ങളില്‍ ധരിക്കാന്‍ പാടില്ലെന്നുള്ള നിയവും പ്രാബല്യത്തില്‍ കൊണ്ടുവന്നു. നിയമങ്ങള്‍ തെറ്റിച്ചാല്‍ വിസ്താരമില്ലാതെ ശിക്ഷിക്കുകയും ചെയ്തിരുന്നു. സമരത്തിനു പ്രേരണ നല്‍കുന്ന മെക്സിക്കന്‍ ബിഷപ്പുമാരെ രാജ്യത്തുനിന്നും പുറത്താക്കിയിരുന്നു. നിരവധി പുരോഹിതരെ വര്‍ഷങ്ങളോളം രാജ്യത്തു തിരികെ വരുവാന്‍ അനുവദിച്ചിരുന്നില്ല. പുരോഹിതരെക്കൊണ്ടു നിര്‍ബന്ധപൂര്‍വം കഠിനമായി ജോലി ചെയ്യിപ്പിക്കാനും തുടങ്ങി.

സര്‍ക്കാര്‍ നിയന്ത്രണം മൂലം സഭയുടെ വക സ്കൂളുകളും ഹോസ്പിറ്റലുകളും നിര്‍ത്തല്‍ ചെയ്തപ്പോള്‍ നൈറ്റ് ഓഫ് കൊളമ്പസ് സ്കൂളുകള്‍ നടത്താനുള്ള ദൗത്യം ഏറ്റെടുത്തു. ഓരോ ഇടവകയിലെയും ജനങ്ങളെ സംഘടിപ്പിക്കുകയും അവരില്‍ ആത്മീയത പരിപോഷിപ്പിക്കുകയും ചെയ്തു. കരുത്തരായ, കര്‍മ്മോന്മുഖരായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കരെന്നുള്ള ഒരു സല്‍പ്പേര് അവര്‍ക്കു സൃഷ്ടിക്കാന്‍ സാധിച്ചു. സമൂഹത്തിലെ പ്രസിദ്ധരായവരും, ഡോക്ടര്‍മാരും വക്കീലന്മാരും വ്യവസായികളും കത്തോലിക്കാ മതപീഡനങ്ങളെ എതിര്‍ത്തുകൊണ്ടു രംഗത്തു വന്നു. സര്‍ക്കാര്‍, നൈറ്റുകളുടെ പ്രവര്‍ത്തങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു. അനേകരെ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കി.

1923ല്‍ ക്രിസ്റ്ററോ വിപ്ലവത്തില്‍ ചരിത്രപരമായ ഒരു സംഭവമുണ്ടായി. ക്രിസ്തുരാജന്‍റെ ഒരു വലിയ പ്രതിമ ‘ക്യൂബിലേറെ’ മലമുകളില്‍ സ്ഥാപിക്കാന്‍ ‘ലിയോണ്‍’ രൂപതയിലെ ബിഷപ്പ് തീരുമാനിച്ചു. ആ ചടങ്ങ് പാടില്ലെന്നും അത് നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ തറക്കല്ലിടുന്ന പരിപാടിയില്‍ നിരവധി ബിഷപ്പുമാര്‍ സംബന്ധിച്ചിരുന്നു. മാര്‍പാപ്പായുടെ പ്രതിനിധി പേപ്പല്‍ നുണ്‍ഷിയോ ‘മോണ്‍സിഞ്ഞോര്‍ ഏര്‍നെസ്റ്റോ ഫിലിപ്പി’ യും ചടങ്ങില്‍ സംബന്ധിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ അധികാരികള്‍ ഫിലിപ്പിയെ രാജ്യത്തിന് പുറത്താക്കി. ഒരു വിദേശ അംബാസഡറെന്ന നിലയില്‍ ഫിലിപ്പിയെ പുറത്താക്കിയ ഗവണ്‍മെന്‍റിന്‍റെ ഈ നടപടി തികച്ചും പ്രകോപനപരമായ ഒരു പ്രവര്‍ത്തിയായിരുന്നു.

‘കാലിസ് സര്‍ക്കാര്‍ ‘ സ്പോണ്‍സര്‍ ചെയ്തുകൊണ്ടിരുന്ന പുരോഹിത ശത്രുത നാടെങ്ങും അരങ്ങേറി. 1925 ഫെബ്രുവരിയില്‍ സ്റ്റേറ്റിന്‍റെ മൗനാനുവാദത്തോടെ നൂറോളം കത്തോലിക്കാ വിരോധികള്‍ മെക്സിക്കന്‍ പട്ടണത്തിലെ കത്തോലിക്കാ ദേവാലയം പിടിച്ചെടുത്തു. ആ പള്ളിയിലെ വികാരിയെ പുറത്താക്കിയ ശേഷം അവരെല്ലാം ഒത്തു ചേര്‍ന്ന് അപ്പോസ്തോലിക്ക് കത്തോലിക്കാ മതം (ICAM) എന്ന പേരില്‍ പുതിയ മതമുണ്ടാക്കി. ‘ ജോഅക്വിന്‍ പെരെസ്’ (Joaquín Pérez) എന്ന ഒരു മുന്‍ പുരോഹിതന്‍ ഈ സഭയുടെ പാത്രിയാര്‍ക്കായി പ്രഖ്യാപിച്ചു. റോമ്മായിലുള്ള ‘ മാര്‍പാപ്പാ’ സഭയുടെ തലവനല്ലെന്നും മെക്സിക്കന്‍ സര്‍ക്കാരിനോട് ‘സഭ’ വിധേയത്വം പുലര്‍ത്തണമെന്നും അഭ്യര്‍ഥിച്ചു. കത്തോലിക്കാ വിശ്വാസവും ആചാരങ്ങളും അവര്‍ പിന്തുടര്‍ന്നു . പുതിയ ‘സഭ’ പുരോഹിതരെ വിവാഹം ചെയ്യാന്‍ അനുവദിച്ചു. ലത്തീന്‍ കുര്‍ബാനയ്ക്ക് പകരം സ്പാനിഷില്‍ കുര്‍ബാന ചെല്ലാന്‍ തുടങ്ങി. ഇതിലെ അംഗങ്ങള്‍ പള്ളിക്ക് ദശാംശം കൊടുക്കണ്ടെന്നും തീരുമാനിച്ചു. പുതിയതായി രൂപം കൊണ്ട ഈ സഭ കത്തോലിക്കാ പുരോഹിതരെയും മതത്തെയും പീഡിപ്പിക്കാന്‍ തുടങ്ങി. ഈ മതത്തിനു ബദലായി ‘ക്രിസ്റ്റോ’ വിപ്ലവകാരികളും ശക്തമായിക്കൊണ്ടിരുന്നു. റോമ്മന്‍ കത്തോലിക്കാ സഭയുടെ അവകാശങ്ങള്‍ മെക്സിക്കോയില്‍ പുനഃസ്ഥാപിക്കാനായി കൃഷിക്കാരായ കത്തോലിക്കര്‍ സര്‍ക്കാരിനെതിരെ ആയുധങ്ങള്‍ എടുത്തു.

ഐസിഎഎം സഭയുടെ (ICAM) ലക്ഷ്യം മെക്സിക്കന്‍ കത്തോലിക്കര്‍ റോമ്മാ സഭയില്‍ നിന്നും അകന്നുപോവണമെന്നായിരുന്നു. അതിനായി പള്ളി പിടുത്തം തുടരുമെന്നും ഐസിഎഎം (ICAM) പ്രഖ്യാപിച്ചു. അവര്‍ പൂര്‍ണ്ണമായും മെക്സിക്കോയുടെ ദേശീയതക്കും ദേശീയ താല്പര്യത്തിനും പ്രാധാന്യം നല്‍കി. ‘മെക്സിക്കോ, മെക്സിക്കര്‍ക്കെന്നുള്ള’ മുദ്രാവാക്യവും ലിഖിതം ചെയ്തു. അതേ സമയം റോമ്മായോട് കൂറു പുലര്‍ത്തുന്ന
കത്തോലിക്കര്‍ ‘പോപ്പ് നീണാള്‍ വാഴട്ടേ’യെന്നുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോള്‍ എതിര്‍ പക്ഷം മെക്സിക്കോ ജീവിക്കട്ടേ, മാര്‍പാപ്പാ മരിക്കട്ടേയെന്നും മുദ്രാവാക്യങ്ങളുള്ള ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.

ഐസിഎഎം (ICAM) സഭ ഭരണഘടനക്ക് വിധേയമായി പ്രവര്‍ത്തിക്കണമായിരുന്നു. 1917ലെ ഭരണഘടനയനുസരിച്ച് സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ വേണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. പുതിയ സഭയായ ഐസിഎഎം നും ഈ തടസങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ
കൈവശമുള്ള പള്ളികളും സ്വത്തുക്കളും സ്വകാര്യ ഉടമകള്‍ കെകാര്യം ചെയ്തിരുന്നു. വിദേശ മിഷ്യനറിമാരെ നീക്കി പകരം നാട്ടുകാരായ മെക്സിക്കന്‍സിനെ നിയമിക്കണമെന്നും നിയമത്തിലുണ്ടായിരുന്നു. കത്തോലിക്കാ സഭ വൈദേശിക മിഷ്യനറിമാരില്‍നിന്നു സ്വദേശികള്‍ ഏറ്റു കഴിഞ്ഞപ്പോള്‍ ഐസിഎഎം സഭയുടെ സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും ക്ഷയിക്കാന്‍ തുടങ്ങി. ശരിയായ ഒരു നേതൃത്വം ഇല്ലാഞ്ഞതും ഈ സഭയുടെ നിലനില്‍പ്പിന് പ്രശ്നമായി. ഐസിഎഎം ആത്മീയതയെക്കാള്‍ കൂടുതല്‍ രാഷ്ട്രീയത്തിനു പ്രാധാന്യം കൊടുത്തതും അവരുടെ സഭയുടെ പരാജയമായിരുന്നു.

1926 മുതല്‍ 1929 വരെ പടര്‍ന്നു പന്തലിച്ച ക്രിസ്റ്ററോ (Cristero Rebellion൦) വിഘടനവാദികളെ യോജിപ്പിച്ചുകൊണ്ട് യുഎസ്എ യുടെ മെക്സിക്കന്‍ അംബാസഡറിന്‍റെ മദ്ധ്യസ്ഥതയില്‍ സമാധാന കരാറുണ്ടാക്കി. എങ്കിലും പുരോഹിതര്‍ക്കെതിരെയുള്ള ഭരണഘടനയില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല. 1988 മുതല്‍ 1994 വരെ ‘കാര്‍ലോസ് ഡി സലീനസ് ഗോര്‍ട്ടറി’ പ്രസിഡണ്ടായി ചുമതലയേറ്റപ്പോള്‍ മെക്സിക്കോയെ ആധുനികരിക്കാന്‍ അദ്ദേഹം നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. മെക്സിക്കന്‍ ഭരണഘടനയ്ക്ക് മാറ്റങ്ങള്‍ വരുത്തികൊണ്ട് പുരോഹിതര്‍ക്കനുകൂലമായ നിയമങ്ങള്‍ എഴുതി ചേര്‍ത്തു. കത്തോലിക്കാ സഭ നിയമപരമായി തന്നെ പഴയ പ്രതാപം വീണ്ടെടുത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മെക്സിക്കോയില്‍ ഭൂരിഭാഗം ജനതയും കത്തോലിക്കരാണ്. എങ്കിലും ഇവാഞ്ചലിക്കല്‍ സഭകളും അവിടെ ശക്തി പ്രാപിച്ചു വരുന്നുണ്ട്.

1930 വരെ സര്‍ക്കാരും സഭകളും തമ്മിലുള്ള വഴക്കില്‍ രണ്ടു ലക്ഷത്തില്‍ കൂടുതല്‍ ജനം കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 2000 മെയ് മാസത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ മെക്സിക്കോയിലെ 25 രക്തസാക്ഷികളെ വിശുദ്ധരായി വാഴിച്ചിരുന്നു. അവരില്‍ ക്രിസ്റ്ററോയില്‍ പ്രവര്‍ത്തിച്ചവരും ആറു ‘നൈറ്റു’കളും ഉണ്ടായിരുന്നു. ആധുനിക മെക്സിക്കോയില്‍ 18 കത്തോലിക്കാ അതിരൂപകള്‍ ഉണ്ട്. 90 രൂപതകളും പ്രവര്‍ത്തിക്കുന്നു. പതിനായിരക്കണക്കിന് പുരോഹിതരും ആത്മീയ ശുശ്രുഷ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top