Flash News

ഹിന്ദുത്വ ഫാഷിസം പുതിയ വഴിത്തിരിവില്‍

January 16, 2020 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Hindutwa bannerസത്യം ആയിരം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പറഞ്ഞാലും അതിലോരോന്നും സത്യമായിരിക്കുമെന്നാണ് സ്വാമി വിവേകാനന്ദന്‍ പറയാറ്. 1893 സെപ്റ്റംബര്‍ 11ന് ചിക്കാഗോയിലും 1897ല്‍ ബേലൂര്‍ മഠത്തിലും 1902ല്‍ അവിടെ അന്ത്യശ്വാസം വലിക്കുംവരെയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ലോകം ആ സത്യം ദര്‍ശിച്ചു.

എന്നാല്‍ ജനുവരി 12ന് ബേലൂര്‍ മഠത്തില്‍ കണ്ടതും കേട്ടതും മറ്റൊന്നായി. തലേന്നുരാത്രി എത്തിയ പ്രധാനമന്ത്രി മോദി സ്വാമി വിവേകാനന്ദന്റെ മുറിയില്‍ ധ്യാനമിരിക്കുകയും പുലര്‍ച്ചെ വിവേകാനന്ദ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ആശ്രമ പ്രാര്‍ത്ഥനയില്‍ പങ്കാളിയാവുകയും ചെയ്തു. ഒടുവില്‍ പ്രധാനമന്ത്രിയുടെ ആഗ്രഹപ്രകാരം അവിടെ പ്രത്യേകം വിളിച്ചുചേര്‍ത്ത യുവാക്കളുടെ യോഗത്തില്‍ പൗരത്വ ഭേദഗതിനിയമ വിവാദം ഉയര്‍ത്തി മോദി രാഷ്ട്രീയ പ്രസംഗം നടത്തി മഠത്തിന്റെ അന്തരീക്ഷം മലിനപ്പെടുത്തി.

appukuttan 2018

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പാക്കിസ്താനില്‍ നടന്നുവരുന്ന മതന്യൂനപക്ഷ പീഢനം തുറന്നുകാണിക്കാനാണ് നിയമം കൊണ്ടുവന്നത്. ഏതെങ്കിലും മതക്കാരുടെ പൗരത്വം എടുത്തുകളയാനല്ല. ചിലര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണ്. അത് തിരുത്താന്‍ യുവാക്കള്‍ പ്രചാരണത്തിനിറങ്ങണം. അയല്‍ രാജ്യങ്ങളില്‍ മതപരമായ പീഢനങ്ങള്‍ സഹിക്കുന്നവരെ മരിക്കാന്‍ വിടണമോ – ലോക യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി ചോദിച്ചു.

എന്നാല്‍ പാക്കിസ്താനില്‍നിന്നുള്ള മുസ്ലിം അഭയാര്‍ത്ഥികളുടെയോ ബര്‍മ്മയില്‍ പീഢനത്തിനിരയാകുന്ന റോഹിഗ്യന്‍ മുസ്ലിംങ്ങളുടെ കാര്യമോ ശ്രീലങ്കയിലെ പീഢിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ കാര്യമോ സ്വാമി വിവേകാനന്ദന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന അവിടെ പ്രധാനമന്ത്രി ഓര്‍ക്കാന്‍ ശ്രമിച്ചില്ല.

1893ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വ്വമത ലോക പാര്‍ലമെന്റിലെ പ്രസിദ്ധമായ തന്റെ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഭൂമിയിലെ എല്ലാ മതങ്ങളിലെയും പീഢിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അഭയം നല്‍കിയ രാജ്യമാണ് എന്റേത്. അതില്‍ അഭിമാനംകൊള്ളുന്നു.” അതിപ്പോള്‍ കേവലം മൂന്ന് അയല്‍രാജ്യങ്ങളിലെ മുസ്ലിംങ്ങള്‍ ഒഴികെയുള്ള ആറ് മതവിഭാഗങ്ങളിലേക്ക് ഇന്ത്യ ചുരുക്കിയതിനെയാണ് പ്രധാനമന്ത്രി മോദി ബേലൂര്‍ മഠത്തില്‍ ഒരു രാത്രി തങ്ങി ന്യായീകരിച്ചത്. അതിനെതിരെ രാജ്യത്താകെ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് യുവാക്കള്‍ നേതൃത്വം നല്‍കുന്നത് ചിലരുടെ തെറ്റിദ്ധരിപ്പിക്കലിന് വിധേയമായാണെന്ന് കുറ്റപ്പെടുത്തിയത്.

ശനിയാഴ്ച നടന്ന വിവിധ ഔദ്യോഗിക പരിപാടികളില്‍ പ്രധാനമന്ത്രിയെ അതിശക്തമായ പ്രതിഷേധവും ‘മടങ്ങിപ്പോകൂ’ വിളികളും ഉയര്‍ത്തിയാണ് സ്വാമി വിവേകാനന്ദന്റെ ജന്മദേശക്കാര്‍ വഴിനീളെ എതിരേറ്റത്. പ്രധാനമന്ത്രിയെ രാജ്ഭവനില്‍ ചെന്നുകണ്ട മുഖ്യമന്ത്രി മമതാ ബാനര്‍ജി വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നേരില്‍ ആവശ്യപ്പെട്ടിരുന്നു.

യുവാക്കളുടെ യോഗത്തില്‍ സ്വാഗതം പറഞ്ഞ സ്വാമി സുവിരാനന്ദ നമ്മുടെ ഏറ്റവും നല്ല പ്രധാനമന്ത്രിമാരില്‍ ഒരാള്‍ എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗം പരോക്ഷമായി തള്ളിപ്പറയാനാണ് പിന്നീട് അദ്ദേഹത്തിന് പത്രസമ്മേളനം വിളിക്കേണ്ടി വന്നത്. രാമകൃഷ്ണ മിഷന്റെ ലോക ആസ്ഥാനത്തെ പ്രമുഖ സന്യാസിവര്യന്മാര്‍ക്കിടയില്‍ ഉയര്‍ന്ന വിമര്‍ശനമാണ് ഈ അസാധാരണ നടപടിക്ക് ഇടയാക്കിയത്.

modi-visit-ramakrishna-math

വണങ്ങിയെങ്കിലും വഴങ്ങിയില്ല: ബേലൂര്‍ മഠത്തില്‍ സ്വാമി വിവേകാനന്ദന്റെ മുറിയില്‍ പ്രധാനമന്ത്രി

മുസ്ലിംങ്ങളടക്കം എല്ലാ വിഭാഗം മതസ്ഥരും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏക സന്യാസി സംഘമാണ് രാമകൃഷ്ണ മിഷന്‍ എന്ന് മഠത്തിന്റെയും മിഷന്റെയും ജനറല്‍ സെക്രട്ടറിയായ സ്വാമി സുവിരാനന്ദ വിശദീകരിച്ചു. ഇറാനില്‍ നിന്നും ഇറാഖില്‍ നിന്നും മുസ്ലിം സന്യാസിമാരും ബുദ്ധ സന്യാസിമാരും ഇവിടെയുണ്ട്. ഇതിലേറെ ഉള്‍ക്കൊള്ളല്‍ ആര്‍ക്കും ആഗ്രഹിക്കാനാവില്ല. ഒരമ്മ പെറ്റ സഹോദരന്മാര്‍ തമ്മിലുള്ളതിനേക്കാളും സാഹോദര്യത്തോടെയാണ് തങ്ങള്‍ കഴിയുന്നത്. നേരത്തെ തന്നെ കാവി ഉടുക്കുന്നവരാണെന്നുവെച്ച് അതിനൊരു രാഷ്ട്രീയ ബന്ധവും ഇല്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 120 വര്‍ഷങ്ങളായി ബേലൂരില്‍ കഴിയുന്ന തങ്ങള്‍ എന്നും രാഷ്ട്രീയത്തിനു മുകളിലുമാണെന്നും.

‘അതിഥി ദേവോ ഭവ’ എന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. മഠത്തില്‍ ആദ്യമായി അതിഥിയായെത്തിയ പ്രധാനമന്ത്രിക്ക് അതിനനുസരിച്ചുള്ള ഉപചാരവും മര്യാദയും നല്‍കി. പറയാന്‍ പാടില്ലാത്ത വല്ലതും അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആതിഥേയരുടേതല്ല. ലോകപ്രസിദ്ധ – മതനിരപേക്ഷ കേന്ദ്രമായ ബേലൂര്‍ മഠത്തെ പ്രധാനമന്ത്രി മോദി പരോക്ഷമായി സംഘ് പരിവാര്‍ രാഷ്ട്രീയ വേദിയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്വം മോദിയുടെ തലയിലേക്കുതന്നെ എറിഞ്ഞുകൊടുക്കുകയാണ് സ്വാമി സുവിരാനന്ദ ചെയ്തത്.

kolkata-1ദേശീയ പൗര രജിസ്റ്റര്‍ (എന്‍.ആര്‍.സി) ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടിയുള്ള കണക്കെടുപ്പ് (എന്‍.പി.ആര്‍) ദേശീയ പൗരത്വ ഭേദഗതി നിയമം (സി.എ.എ) എന്നിവ പരസ്പരം ബന്ധപ്പെട്ടതല്ലെന്നു വരുത്താനുള്ള ഗീബത്സിയന്‍ പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. അതിന്റെ രണ്ട് അനുഭവങ്ങളാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഗൃഹസന്ദര്‍ശന പരിപാടിയിലും പ്രധാനമന്ത്രി മോദിയുടെ കൊല്‍ക്കത്ത പരിപാടിയിലും കണ്ടത്. ഡല്‍ഹിയിലെ ലാജ്പഥ് നഗറില്‍ ഗൃഹസന്ദര്‍ശന പരിപാടിക്കിറങ്ങിയ അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ചത് ഒരു മലയാളി ഉള്‍പ്പെടെ രണ്ട് യുവതികളാണ്. അവരെ വാടക വീട്ടില്‍നിന്ന് ഇറക്കിവിടാനും ഭീഷണിപ്പെടുത്താനും പൊലീസ് നടത്തിയ ശ്രമങ്ങള്‍ രാജ്യമാകെ വാര്‍ത്തയായി.

മോദി ഭരണകൂടം ഫാഷിസം നടപ്പാക്കുന്നതിന്റെ ചെറിയ സൂചനകളാണ് ഇതിലൊക്കെ കണ്ടതെങ്കില്‍ അതിന്റെ യഥാര്‍ത്ഥ താണ്ഡവം എങ്ങനെയാകും എന്നതിന്റെ ഏകദേശ രൂപം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ കണ്ടു. പുറത്തുനിന്ന് ആയുധവുമായെത്തിയ അക്രമികള്‍ക്ക് വൈസ് ചാന്‍സലറുടെയും സര്‍വ്വകലാശാലാ സെക്യൂരിറ്റി വിഭാഗത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസിന്റെയും പിന്തുണയും സഹായവും ഉണ്ടായിരുന്നുവെന്ന് ഇതിനകം വെളിപ്പെട്ടു. ‘ഹിന്ദു രക്ഷാ ദളി’ന്റെ പേരില്‍ നടന്ന ഇതിന്റെ സംഘാടനം മോദി ഭരണത്തില്‍ നാളെ എന്തു സംഭവിക്കുമെന്നതിന്റെ കൃത്യമായ മുന്നറിയിപ്പാണ്.

കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് മുതല്‍ മുതിര്‍ന്ന അധ്യാപികമാരുടെവരെ തലയടിച്ച് തകര്‍ത്തിട്ടും യഥാര്‍ത്ഥ അക്രമികളെ പിടികൂടാന്‍ പൊലീസ് ഇതുവരെ ശ്രമിച്ചില്ല. ഫാഷിസ്റ്റുകള്‍ തലതല്ലിപ്പൊളിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതന്നെ പ്രതി ചേര്‍ത്താണ് പൊലീസ് നിയമം സംരക്ഷിക്കുന്നത്. ഇതേത്തുടര്‍ന്ന് ജെ.എന്‍.യു ക്യാമ്പസിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ബോളിവുഡ് നടി ദീപിക പതുക്കോണിനു നേരെയും ബി.ജെ.പി ഫാഷിസ്റ്റ് മുഷ്ടി ഉയര്‍ത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെയും സര്‍ക്കാറിനെ കുറ്റപ്പെടുത്താതെയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് തന്റെ മനസെന്ന് അറിയിച്ചതിന്. ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തും സമൂഹ മാധ്യമങ്ങളില്‍ അവരെ ആക്രമിച്ചും അവര്‍ തനിനിറം കാട്ടി.

modi-visit-ramakrishna-math1നേരത്തെ ജാമിയ മിലിയ മുസ്ലിം സര്‍വ്വകലാശാലയിലും അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലും അതിക്രമിച്ചു കടന്ന് പൊലീസ് കലാപം അഴിച്ചുവിട്ടിരുന്നു. ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരം നടത്തുന്ന ജെ.എന്‍.യുവിന്റെ ഇടതുപക്ഷ ചായ്‌വ് കണക്കിലെടുക്കാണ് എ.ബി.വി.പിയെ ഉപയോഗിച്ച് സംഘ് പരിവാര്‍ അവിടെ സായുധാക്രമണം നടത്തിയത്.

‘ടുക്കടേ ടുക്കടേ’ പാര്‍ട്ടികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്ന് മോദിയും അമിത് ഷായും ആവര്‍ത്തിക്കുമ്പോഴും ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞ് കൂടുതല്‍ പ്രമുഖര്‍ രംഗത്തുവരുന്നത് ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നു. പ്രമുഖ ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യാ സെന്‍, മുന്‍ സുപ്രിം കോടതി ജഡ്ജി ചെലമേശ്വര്‍, മുന്‍ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹര്‍ചരണ്‍ജിത് സിംഗ് പനാഗ്, പ്രമുഖ സിനിമാ നടി ശര്‍മ്മിള ടാഗോര്‍, മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷന്‍ എസ്.വൈ ഖുറേഷി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.

പൗരത്വത്തിന് മതം മാനദണ്ഡമാകുന്നതും മതപരമായ വ്യത്യാസങ്ങളെ മൗലിക മനുഷ്യാവകാശങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് അമര്‍ത്യാ സെന്‍ ചൂണ്ടിക്കാട്ടുന്നു. സമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമില്ലായ്മയെ വിമര്‍ശിച്ച സെന്‍ പ്രതിപക്ഷ ഐക്യം പ്രധാനമാണെന്നു പറഞ്ഞു. ഐക്യമില്ലെന്നു വെച്ച് തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ പോകുന്നില്ലെന്നും.

അധികാര ദുര്‍വിനിയോഗം നടത്തുന്നതിന് ഭരണഘടന കേവലം ഭരിക്കാനുള്ള മാന്വല്‍ അല്ലെന്നാണ് മുതിര്‍ന്ന പൗരന്മാരെന്ന നിലയില്‍ ചെലമേശ്വരടക്കം പ്രമുഖര്‍ പ്രസ്താവനയില്‍ പറഞ്ഞത്. ബഹുസ്വരതയും മതനിരപേക്ഷ സമൂഹവും ഭരണഘടനാ ലക്ഷ്യങ്ങളും വെല്ലുവിളിക്കപ്പെടുകയാണ്.

അതേസമയം പൗരത്വ ഭേദഗതി ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പിക്കൊപ്പം നിന്ന പാര്‍ട്ടികളില്‍ പലതും ഇപ്പോള്‍ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കുമാറും എന്‍.ഡി.യുവിലെ ഭിന്നത തടയാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയും എന്‍.ഡി.എ നയത്തിന് വിഭിന്നമായി രംഗത്തുവന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന് നിയമസഭയില്‍ ചെന്നു പറയേണ്ടിവന്നു. പൗരത്വ ഭേദഗതി നിയമം ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നും. കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സി.പി.എം – സി.പി.ഐ ഉള്‍പ്പെടെ ഇരുപത് പാര്‍ട്ടികള്‍ പങ്കെടുത്ത് തുടര്‍പ്രക്ഷോഭവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

modi-visit-ramakrishna-math3ഇതിനൊക്കെ പുറമെയാണ് സാര്‍വ്വദേശീയ രംഗത്തുനിന്നുള്ള അഭൂതപൂര്‍വ്വമായ സമരത്തിനുള്ള പിന്തുണ കേന്ദ്ര സര്‍ക്കാറിനെ ഞെട്ടിച്ചത്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മി, കനഡ തുടങ്ങി ലോകത്തെ 250 സര്‍വ്വകലാശാലകളിലെ അധികൃതരും വിദ്യാഭ്യാസ വിദഗ്ധരും ജെ.എന്‍.യു അക്രമത്തെ അപലപിച്ച് രംഗത്തുവന്നു. അവര്‍ പ്രസ്താവനയില്‍ വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിക്കുക മാത്രമല്ല ജെ.എന്‍.യു വൈസ് ചാന്‍സലര്‍ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശില്‍ പീഢനം നടക്കുന്നു എന്ന ഇന്ത്യയുടെ നിലപാടില്‍ ബംഗ്ലദേശ് പ്രതിഷേധത്തിലാണ്. അതിനു പിറകെയാണ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. പ്രസിഡന്റ് ട്രംപിന്റെ ഉപരോധ ശൈലിയാണ് ഇന്ത്യ മലേഷ്യയോട് തുടര്‍ന്നു സ്വീകരിച്ചത്. അവരുടെ ഇന്ത്യയിലേക്കുള്ള മുഖ്യ കയറ്റുമതി ഉല്പന്നമായ പാമോയില്‍ ഇറക്കുമതി നിരോധിച്ചതിനു പുറമെ മറ്റ് ഇറക്കുമതി ഉല്പന്നങ്ങള്‍ വിലക്കാനുള്ള ശ്രമത്തിലുമാണ്. ജമ്മു-കശ്മീരിനെതിരായ നിയമ നടപടിക്കെതിരെ ആദ്യം പ്രതിഷേധിച്ച മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ഉപരോധ നീക്കം കൊണ്ടൊന്നും അഭിപ്രായം പറയുന്നതില്‍ നിന്ന് മലേഷ്യ പിന്മാറില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഇന്ത്യന്‍ വംശജനും അമേരിക്കയില്‍ മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സത്യ നാദെല്ലയുടെ പ്രതികരണം വന്നു. പൗരത്വ ഭേദഗതി നിയമ ഭേദഗതിയുടെ പേരില്‍ ഇന്ത്യയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സങ്കടമുണ്ടാക്കുന്നവയാണെന്ന് മാന്‍ഹാട്ടനില്‍ പത്രാധിപന്മാരുമായുള്ള സംവാദത്തില്‍ നാദെല്ല പറഞ്ഞു.

ഇതെല്ലാം ബി.ജെ.പിയുടെ സമനില തെറ്റിക്കുകയാണ്. അക്ഷരാഭ്യാസമുള്ളവരെ വിദ്യ അഭ്യസിപ്പിക്കേണ്ടതിന്റെ ഉദാഹരണമാണ് നാദെല്ലയുടെ വാക്കുകളെന്ന് എം.പി കൂടിയായ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി പ്രതികരിച്ചത് അത് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച ഈ കുറിപ്പ് തയാറാക്കുന്നതിനിടയിലാണ് ഡല്‍ഹി പൊലീസിനെതിരെ ഡല്‍ഹി കോടതിയില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നത്. മോദി സര്‍ക്കാറിന്റെ നീക്കത്തെ കോടതികള്‍ എങ്ങനെ കാണുന്നു എന്നതിന്റെ സൂചനയാണിത്. ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം നല്‍കരുതെന്ന് വാദിച്ച പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു:

‘അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രിം കോടതി വിധി അറിയില്ലേ? എന്താ ജുമാ മസ്ജിദ് പാക്കിസ്താനിലാണോ? പ്രതിഷേധിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലേ?’

ഹിന്ദുത്വ ഫാഷിസം നിര്‍ണ്ണായക വഴിത്തിരിവിലെത്തിയിരിക്കയാണ്. ഭരണഘടനയ്ക്കും ജനങ്ങളുടെ മുന്നേറ്റത്തിനും മുമ്പില്‍ ഒന്നുകില്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ കോടതിയെക്കൂടി നിശബ്ദമാക്കാതെ ഇനി മുന്നോട്ട് ചുവടുവെക്കാനാകില്ല.

പക്ഷെ, ഫാഷിസത്തിന്റെ വഴി എന്നും എങ്ങനെയും മുന്നോട്ടുപോകലാണ്. തിരിച്ചടിയേറ്റ് വീഴും വരെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top