Flash News

അമ്മയെ കൊന്ന കുറ്റം മറച്ചു വെയ്ക്കാന്‍ സുഹൃത്തിനെയും കൊന്ന് വെട്ടിനുറുക്കി; ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; പോലീസ് പിടിയിലായ കൊലയാളിയുടെ ഞെട്ടിപ്പിക്കുന്ന കുറ്റസമ്മതം

January 16, 2020

345_2രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2017 ജൂണ്‍ 28. അന്ന് കോഴിക്കോട്ടെ കൈതവളപ്പ് കടല്‍ത്തീരത്ത് നിന്നും ഒരു മനുഷ്യന്റെ കൈ അവിടെയുള്ള ചിലര്‍ കണ്ടെത്തി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചാലിയം തീരത്ത് നിന്ന് രണ്ടാമത്തെ കയ്യും. ഒരുമാസം തികയുന്നതിന് മുമ്പേ, ജൂലൈ മാസം ആറിന് അഗസ്ത്യമുഴി ഭാഗത്ത് നിന്ന് ഉടല്‍ഭാഗവും കിട്ടി. ഓഗസ്റ്റ് പതിമൂന്നാം തിയതി ചാലിയം തീരത്ത് നിന്ന് തലയോട്ടി കൂടി കണ്ടെത്തിയതോടെ ഒരു മനുഷ്യശരീരം പൂര്‍ണമായും പൊലിന് മുമ്പില്‍ ചോദ്യചിഹ്നമായി. തുടര്‍ന്ന് ശക്തമായ അന്വേഷണം.

രണ്ട് ദിവസം മുമ്പ് മുക്കം സ്വദേശിയായ ബിര്‍ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ സുഹൃത്തായ ഇസ്മയിലിനെ താന്‍ കൊന്ന് വെട്ടിനുറുക്കി ചാക്കുകളിലായി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ബിര്‍ജു പൊലീസിന് മൊഴി നല്‍കി. മറ്റൊരു കൊലപാതകം മറയ്ക്കാനായിരുന്നു ഈ കൊലപാതകമെന്നാണ് ബിര്‍ജുവിന്റെ മൊഴി. അത് പണത്തിനായി സ്വന്തം അമ്മയെ തന്നെയായിരുന്നു.

മുക്കത്തെ വല്യ ഭൂവുടമയായിരുന്നു ബിര്‍ജുവിന്റെ പിതാവ്. ഇദ്ദേഹത്തിന്റെ മരണ ശേഷം ബിര്‍ജുവിനും സഹോദരനുമായി സ്വത്തുക്കളെല്ലാം വീതിച്ചുകൊടുത്തു. ബിര്‍ജു സ്വത്തെല്ലാം ധൂര്‍ത്തടിച്ചു. തുടര്‍ന്ന് മാതാവ് ജയവല്ലിയോട് ബിര്‍ജു പണം ആവശ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ പണം നല്‍കാന്‍ അമ്മ കൂട്ടാക്കിയില്ല. ഇതോടെ ബിര്‍ജുവിന് അമ്മയോട് കടുത്ത വൈരാഗ്യമായി. അമ്മയെ കൊല്ലാന്‍ അയാള്‍ പദ്ധതിയിട്ടു. ഇതിനായി സുഹൃത്ത് ഇസ്മായിലിനെയും കൂടെക്കൂട്ടി.

ഒരു ദിവസം രാത്രി ഉറങ്ങുന്നതിനിടെ ഇരുവരും ചേര്‍ന്ന് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം സാരിയില്‍ കെട്ടിത്തൂക്കി. എന്നിട്ട് സംഭവം ആത്മഹത്യയാണെന്ന് പൊലീസിനോട് പറയുകയും ചെയ്തു.

കൊലപാതകത്തിന് കൂട്ടുനില്‍ക്കുകയാണെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്ന് ബിര്‍ജു, ഇസ്മയിലിന് വാഗ്ദാനം ചെയ്തിരുന്നു. കൊലയ്ക്ക് ശേഷം ഇസ്മയില്‍ ബിര്‍ജുവിനോട് ഈ പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം കൊടുക്കാന്‍ ബിര്‍ജു തയ്യാറല്ലായിരുന്നു.

അങ്ങിനെ അമ്മയെ കൊന്ന അതേ വീട്ടില്‍ വെച്ച് ഇസ്മയിലിനെയും കൊല്ലാന്‍ ബിര്‍ജു പദ്ധതിയിട്ടു. ഒരു ദിവസം ഇസ്മയില്‍ പണം ആവശ്യപ്പെട്ടെത്തിയപ്പോള്‍ ഭക്ഷണവും മദ്യവും നല്‍കി ബിര്‍ജു അയാളെ മയക്കി. ഇസ്മയില്‍ ഉറങ്ങിയ ശേഷം കഴുത്തില്‍ ചരട് മുറുക്കി ബിര്‍ജു അയാളെ കൊലപ്പെടുത്തി. അമ്മയെ വകവരുത്തിയ അതേ കട്ടിലില്‍ കിടത്തിയാണ് ഇസ്മയിലിനെയും വകവരുത്തിയത്.

കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ വരെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. രാവിലെ എന്‍ഐടിക്ക് സമീപത്തെ കടകളിലെത്തി പ്ലാസ്റ്റിക് ചാക്കുകളും സര്‍ജിക്കല്‍ ബ്ലേഡുകളും വാങ്ങി. വീട്ടിലെത്തി ഇസ്മയിലിന്റെ മൃതദേഹം നിരവധി കഷ്ണങ്ങളായി വെട്ടിനുറുക്കി. കാട്ടുപന്നികളെ വേട്ടയാടി കൊന്ന് പരിചയമുള്ളതിനാല്‍ മൃതദേഹം അറുക്കുന്നതില്‍ ബിര്‍ജുവിന് ബുദ്ധിമുട്ട് തോന്നിയിരുന്നില്ല. കൈകളും തലയും ഛേദിച്ച് ഒരു പ്ലാസ്റ്റിക് ചാക്കിലും, കാലുകള്‍ മറ്റൊരു ചാക്കിലും, ഉടല്‍ മാത്രം മറ്റൊരു ചാക്കിലും രക്തവും ശേഷിക്കുന്ന അവശിഷ്ടങ്ങളും മറ്റൊരു ചാക്കിലും കെട്ടിവെച്ചു. വെട്ടിമുറിക്കുമ്പോള്‍ രക്തം ചീറ്റാതിരിക്കാന്‍ മൃതശശരീരം രാവിലെ വരെ ഫ്രീസ് ചെയ്തിരുന്നു. എന്നിട്ടും രക്തം ചിന്തിയെന്ന് ബിര്‍ജു പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് സ്വന്തം ബൈക്കിലാണ് ഓരോ ചാക്കുകളായി കടപ്പുറത്ത് ഉപേക്ഷിച്ചത്.

ചാലിയാറിലാണ് കൈകള്‍ ഉപേക്ഷിച്ചത്. ശരീരമുള്ള ചാക്ക് കോഴിമാലിന്യം ഇടുന്ന ബീച്ചിലെ ഭാഗത്തും.  ബീച്ചില്‍ കോഴിമാലിന്യം നിക്ഷേപിച്ച സ്ഥലത്ത് നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ കൂട്ടായ്മ ഈ ഭാഗം വൃത്തിയാക്കാന്‍ തീരുമാനിച്ചു. ശുചീകരണം നടക്കുന്നതിനിടെയാണ് വലിയ ചാക്കില്‍ മനുഷ്യന്റേതെന്ന് തോന്നുന്ന ശരീരം കണ്ടത്. ഉടനെ അവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top