നിർഭയ കേസ്: പ്രതി പവൻ ഗുപ്തയുടെ ഹർജി സുപ്രീംകോടതി തള്ളി

Nirbhaya-rapists-to-hang-on-Jan-22ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ ഒരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീംകോടതി തള്ളി. 2012-ല്‍ കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവന്‍ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്. ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്.

ഇതേ വാദമുന്നയിച്ച് പവന്‍ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഈ വാദം തള്ളുകയായിരുന്നു. അഡ്വ. എ.പി സിങാണ് പവന്‍ ഗുപ്തക്ക് വേണ്ടി തിങ്കളാഴ്ച  കോടതിയില്‍ ഹാജരായത്. കുറ്റകൃത്യം നടന്ന സമയത്ത് പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ രേഖകള്‍ ഒരു കോടതിയും പരിഗണിച്ചില്ലെന്നും എ.പി.സിങ് വാദിച്ചു. എന്നാല്‍,  “ഒരേ കാര്യങ്ങളാണ് നിങ്ങള്‍ നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങൾ തന്നെ ഇക്കാര്യങ്ങള്‍ നിരവധി തവണ കേട്ടിട്ടുണ്ട്”-  സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലും കീഴ്കോടതികളിലും ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് വാദിച്ചതെന്നും പുതുതായി ഒന്നുമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

“കേസ് വിചാരണയുടെ ഒരു ഘട്ടത്തിലും പ്രതി പ്രായപൂര്‍ത്തി ആകാത്ത ആളാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഹൈക്കോടതി നേരത്തെ ഈ വാദം തള്ളിയിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പുതുതായി ഒന്നും കൊണ്ടുവരാനായിട്ടില്ല.”- വിധി ന്യായം വായിച്ച്  ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി.

നിര്‍ഭയയുടെ മാതാപിതാക്കളും ഇന്ന് കോടതിയിലെത്തിയിരുന്നു.

മറ്റൊരു പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ദയാഹര്‍ജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജിയും പുന:പരിശോധന ഹര്‍ജിയും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ദല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മുകേഷ് സിങ്ങ് (29), പവന്‍ ഗുപ്ത (22), വിനയ് ശര്‍മ്മ (23), അക്ഷയ് കുമാര്‍ സിങ്ങ് താക്കൂർ (31) എന്നീ പ്രതികളെ ഫെബ്രുവരി 1-ന്  രാവിലെ ഏഴുമണിക്ക് തൂക്കിലേറ്റണമെന്നാണ് മരണവാറണ്ട്. വധശിക്ഷ വിധിച്ച ശേഷം ഏഴുവർഷം കഴിഞ്ഞാണ് വിധി നടപ്പാക്കുന്നത്.

കേസിലെ മറ്റ് മൂന്ന് പ്രതികള്‍ ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല. ഇവരെ ജനുവരി 22-ന് രാവിലെ 7 മണിയ്ക്ക് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നായിരുന്നു പട്യാല കോടതിയുടെ ആദ്യത്തെ മരണ വാറണ്ട്. വിധി നടപ്പാക്കേണ്ട സമയം അടുത്തപ്പോഴാണ് പ്രതികള്‍ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കുന്നത്. സമയം നീട്ടിക്കൊണ്ടുപോകാനുള്ള ഉപായമാണ് ഇതെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

കുറ്റവാളികളെ തൂക്കിലേറ്റുന്നതിന് മുന്നോടിയായി തിഹാര്‍ ജയിലില്‍ ജനുവരി 12-ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനസുരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്.

2012 ഡിസംബര്‍ 16-നാണ് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 23-കാരി ന്യൂദല്‍ഹിയില്‍ ഒരു ബസില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാകുന്നത്. ക്രൂരമായ പീഡനത്തിനു ശേഷം യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വഴിയില്‍ തള്ളി. ബലാത്സംഗത്തില്‍ യുവതിയുടെ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ആദ്യം ന്യൂഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29-ന് യുവതി മരണത്തിന് കീഴടങ്ങി.

ആറ് പേരായിരുന്നു ‘നിർഭയ’ക്കേസിലെ കുറ്റവാളികൾ. എന്നാൽ ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. ഒന്നാം പ്രതി രാംസിങ്ങ്  ജയിലിൽ തന്നെ തൂങ്ങിമരിച്ചു.

ബാക്കിയുള്ള പ്രതികളില്‍ മൂന്നുപേര്‍ തിഹാര്‍ ജയിലിലും ഒരാള്‍ മണ്ടോലി ജയിലിലുമാണുള്ളത്. ഇവര്‍ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തേ ശരിവെച്ചിരുന്നു.

രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടബലാത്സംഗ സംഭവം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകുന്ന ഡിസംബര്‍ 16-ന് കേസിലെ നാലു പ്രതികളെയും  തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബര്‍ 14-നകം പത്ത് തൂക്കുകയറുകള്‍ നിര്‍മിച്ചുനല്‍കാന്‍ ബിഹാറിലെ ബക്സര്‍ ജയിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment