ഗവര്‍ണ്ണറും മുഖ്യമന്ത്രിയും സം‌യമനം പാലിക്കണം: ഒ. രാജഗോപാല്‍

rjagopalതിരുവനന്തപുരം: ഗവര്‍ണറെ നിയമിക്കുന്നത് മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടുന്നതിന് അല്ലെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാവും എം.എൽ.എയുമായ ഒ രാജഗോപാല്‍. വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്ത് തെറ്റുകളുണ്ടായെന്നും ഇരുവരും സംയമനം പാലിക്കണമെന്നും രാജഗോപാൽ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ പ്രതികരിക്കുകയായിരുന്നു ഒ. രാജഗോപാല്‍.

പരസ്പരം കുറ്റം പറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരമാണെന്നും അതിനെ അനുകൂലിക്കുന്നില്ലെന്നും ഒ. രാജഗോപാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

“ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന രണ്ട് പേര്‍ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ല. തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണം. മുഖ്യമന്ത്രിയും ഗവര്‍ണറും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ്. ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് എന്ന അഭിപ്രായം ജനത്തിനിടയില്‍ പരക്കുന്നത് ആശാസ്യമല്ല. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കേണ്ടത് മര്യാദയാണ്. അത് ചട്ടലംഘനമാണോ അല്ലയോ എന്നത് വിദഗ്ധര്‍ തീരുമാനിക്കേണ്ടതാണ്.

ഇരുവരും തമ്മിലടിക്കുകയാണ് എന്ന ധാരണയാണ് ജനങ്ങള്‍ക്കുളളത്. മുഖ്യമന്ത്രിയും ഗവര്‍ണറും പ്രവര്‍ത്തിക്കേണ്ടത് സ്വന്തം പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടായിരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീര്‍ക്കാവുന്നതാണ് ഈ പ്രശ്‌നങ്ങളൊക്കെ.

ഭരണഘടന പ്രകാരം സര്‍ക്കാരിന്റെ തലപ്പത്ത് ഗവര്‍ണറാണ്. ഗവര്‍ണറുടേതാണ് സര്‍ക്കാര്‍. എന്നാല്‍ രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ക്കാണ് കൂടുതല്‍ അധികാരം. വ്യക്തിപരമായി തനിക്ക് മുഖ്യമന്ത്രിയോടും ഗവര്‍ണറോടും നല്ല ബന്ധമാണ്. അതിനാല്‍ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനും വിഷമമില്ല.”- ഒ രാജഗോപാല്‍ വ്യക്തമാക്കി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് മുഖ്യമന്ത്രിയും ഗവർണറും പരസ്യമായ പോരു തുടങ്ങിയത്. തന്നെ അറിയിക്കാതെയുള്ള സംസ്ഥാനത്തിൻെറ നടപടി മര്യാദകേടാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻെറ പ്രതികരണം. ഇതിന് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയെ സമീപിച്ച സംസ്ഥാന സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment