Flash News

ചൈനീസ് വൈറസ്: കൊച്ചി ഉൾപ്പെടെ രാജ്യത്തെ 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം

January 22, 2020

merlin_167496915_61a61f81-e358-4fd5-85be-07ac5f2b142d-jumboന്യൂദൽഹി:  ചൈനയില്‍ കണ്ടെത്തിയ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നുപിടിച്ചതോടെ   രാജ്യത്തെ പ്രധാനപ്പെട്ട  7 വിമാനത്താവളങ്ങളിൽ കേന്ദ്ര വ്യോമയാന വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ചൈനയിൽ നിന്നും എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം.

മുംബൈ, കൊൽക്കത്ത, ദില്ലി വിമാനത്താവളങ്ങളിൽ ‘തെർമൽ സ്ക്രീനിംഗ്’ ഉപകരണങ്ങൾ എത്തിക്കാൻ ആദ്യം നിർദ്ദേശം നൽകിയിരുന്നു. പിന്നീട് കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവള അധികൃതരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ചൈന സന്ദർശിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഡിസംബർ 31 വരെ ചൈന സന്ദർശിച്ച് മടങ്ങിയവരുടെ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടിയിരുന്നു.

വൈറസ് രാജ്യാന്തരതലത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വൂഹാനില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിങ്ങിന് വിധേയമാക്കുമെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്.

യു.എസും പല ഏഷ്യന്‍ രാജ്യങ്ങളും വുഹാനില്‍ നിന്നുള്ള യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു.

കൊറോണ വൈറസിന് സമാനമായ വൈറസ് സ്ഥിരീകരിച്ചവരിൽ നാലുപേരാണ് ഇതുവരെ മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈറസ് ബാധ നിയന്ത്രിക്കാൻ അടിയന്തര നടപടിക്ക് ചൈനീസ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം 2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്)  സമാനമായ വൈറസ്, ചൈനക്ക് പുറത്തേക്കും വ്യാപിക്കുകയാണ്. തായ് ലാൻഡ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കും വൈറസ് പടർന്നിട്ടുണ്ടെന്നാണ് സൂചന. വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. വുഹാനിലെ ഒരു കടൽ വിഭവ മാർക്കറ്റിൽ നിന്നുമാണ് വൈറസ് ബാധയുടെ തുടക്കമെന്നാണ് പ്രാഥമിക വിവരം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top