Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ 16)

January 24, 2020 , അബൂതി

Adhyayam 16

‘എന്താ ഒന്നും മിണ്ടാത്തത്?’

ആ ചോദ്യത്തിന് വളരെ വിഷമത്തോടെ എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞു. അയാള്‍ ചുഴിഞ്ഞ് നോക്കിക്കൊണ്ട് ‘എത്ര വരെ പഠിച്ചു’ എന്നു ചോദിച്ചപ്പോള്‍, വിക്കലോടെ പറഞ്ഞു.

‘പത്തു വരെ..’

ഉള്ള് ഉരുകുന്നുണ്ടായിരുന്നു. ‘പത്തില്‍ തോറ്റോ’ എന്നയാള്‍ ചോദിച്ചപ്പോള്‍ വേഗം തല കുലുക്കി.

‘പിന്നെ എന്തേ ശ്രമിക്കാഞ്ഞു?’

നിറഞ്ഞ കണ്ണുകളോടെ എന്താണ് പറയേണ്ടത് എന്നാലോചിച്ച് ഒരല്പ നേരം മിണ്ടാതിരുന്നു. പിന്നെ മനഃപൂര്‍വ്വം ഒരു കള്ളം പറഞ്ഞു.

‘അച്ഛന്‍ മരിച്ചുപോയി.’

‘ആ.. സോറി..’

ആ മുഖത്തൊരു കരുണയുടെ മിന്നലാട്ടമുണ്ടായി. വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിന് അമ്മയും അനിയത്തിയും എന്ന് മാത്രം പറയുമ്പോള്‍ നെഞ്ച് പൊടിയുന്നുണ്ടായിരുന്നു. സിദ്ധുവിന്‍റെ കാര്യം ഒന്നും പറയാനാവാതെ ഉള്ളില്‍ സങ്കടക്കടലിരമ്പി.

‘ഇതിനു മുന്‍പ് എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?’

‘വീട്ടുവേലക്കാരിയായി ചിലയിടങ്ങളില്‍…’

ഒരുപാട് നേരം അയാള്‍ പിന്നെയൊന്നും പറയാതെ എന്നെയും നോക്കിയിരുന്നു. എനിക്കാണെങ്കില്‍ തണുപ്പും പരവേശവും കാരണം നല്ല പോലെ വിറക്കുന്നുണ്ടായിരുന്നു.

‘ഇവിടെയിപ്പോള്‍ ഇയാള്‍ക്ക് പറ്റിയ ജോലിയൊന്നും ഒഴിവില്ല.’

അയാള്‍ പറഞ്ഞു തടുങ്ങിയപ്പോള്‍, കടുത്ത നിരാശയില്‍ ഞാന്‍ വെറുതെ തല കുലുക്കുക മാത്രം ചെയ്തു. എന്നാലിനി പോയേക്കാം. ഇരിപ്പിടത്തില്‍ നിന്നും എഴുനേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ് അയാള്‍ തുടര്‍ന്ന് പറഞ്ഞത്.

‘ഞാന്‍ അച്ഛനോടൊന്നു ചോദിക്കട്ടേ?.. അദ്ദേഹമാണ് ഈ വക കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. ഒരു കാര്യം ചെയ്യൂ. മൂന്ന് ദിവസം കഴിഞ്ഞ് എന്നെ വന്ന് കാണൂ.’

ഉള്ളൊന്ന് തണുത്തു. ഉറപ്പില്ലെങ്കിലും ഒരു പ്രതീക്ഷയുണ്ടല്ലോ. തിരിഞ്ഞു നടക്കുമ്പോള്‍, അയാള്‍ പിറകില്‍ നിന്നെന്നെ വിളിച്ചു. നോക്കിയപ്പോള്‍ ചുണ്ടിലൊരു ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു..

‘ഇനി വരുമ്പോള്‍ ഇങ്ങിനെ വിയര്‍ത്തു കുളിച്ച് വരാതെ നോക്കണം, ട്ടോ. പെണ്‍കുട്ടികളെ ഇങ്ങിനെ കാണുന്നത്, എന്തോ, എനിക്ക് വലിയ പ്രയാസമാണ്..’

അയ്യട എന്നായിപ്പോയി ഞാന്‍. പ്രകാശമില്ലാത്തൊരു പുഞ്ചിരി അയാള്‍ക്ക് നല്‍കി തിരിഞ്ഞു നടക്കുമ്പോള്‍, അയാളെന്താ അങ്ങിനെ പറഞ്ഞത് എന്നൊരാലോചന എന്നെ വേട്ടയാടി. മാത്രമല്ല, മറ്റൊരു രാജേട്ടനാണോ ആ ഇരിക്കുന്നത് എന്നൊരു തോന്നല്‍. എല്ലാ ആണുങ്ങളും ഒരേ പോലെയൊക്കെ തന്നെ. മനസ്സ് അങ്ങിനെ വിളിച്ചു പറഞ്ഞു.

രണ്ടു ദിവസം രണ്ടു വര്‍ഷങ്ങള്‍ പോലെയായിരുന്നു. മൂന്നാം ദിവസം അതിരാവിലെ തന്നെ ഞാന്‍ ആശുപത്രിയിലെത്തി.
MD വന്നത് പത്തു മണിയെങ്കിലും ആയപ്പോഴാണ്. എന്നെ നോക്കി പുഞ്ചരിച്ച്, ഇരിക്കാന്‍ ആംഗ്യം കാണിച്ച് അകത്തേയ്ക്ക് പോയി. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിളിപ്പിച്ചു. മുഖവുരയൊന്നും കൂടാതെ പറഞ്ഞു…

‘വലിയ ശമ്പളമൊന്നും പ്രതീക്ഷിക്കണ്ട. ഇവിടെ വല്ല്യ അത്യാവശ്യമുണ്ടായിട്ടല്ല. അച്ഛനില്ലാത്ത ഒരു പെണ്‍കുട്ടി, അമ്മയ്ക്കും അനിയത്തിക്കും വേണ്ടി ജോലി ചെയ്യാന്‍ തയ്യാറാവുമ്പോള്‍, ഒരു സഹായമാകട്ടെ എന്ന് കരുതിയാണ്. ക്ലീനിംഗ് സെക്ഷനില്‍ ജോലി ചെയ്തോളൂ. ആഴ്ചയില്‍ എല്ലാ ദിവസവും ജോലി ഉണ്ടാവും. രാവിലെ എഴു മണിക്ക് ഇവിടെ എത്തണം. വൈകുന്നേരം അഞ്ചു മണിക്ക് പോകാം. സമ്മതമാണെങ്കില്‍ ഇപ്പോള്‍ പറയണം. അല്ലെങ്കില്‍ ഇയാള്‍ക്ക് പോകാം.’

എനിക്കെന്ത് ആലോചിക്കാന്‍. ഉടന്‍ തന്നെ സമ്മതമെന്ന് പറഞ്ഞു. അയാള്‍ ഫോണില്‍ വിളിച്ചപ്പോള്‍ അമ്പത് വയസ്സ് മതിക്കുന്ന ഒരു സ്ത്രീ വന്നു. ഞാന്‍ അവരുടെ കൂടെ പോയി. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ജോലി ഒരു പ്രയാസമുള്ള പോലെ തോന്നിയെങ്കിലും പിന്നെ സുഖമായി. പേവാര്‍ഡിലെ റൂമുകള്‍ വൃത്തിയാക്കുകയായിരുന്നു പണി. അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു. ജീവിതം ഒരു കരയ്ക്കെത്തിയ പോലെ ഒരാശ്വാസമുണ്ടായിരുന്നു. ആദ്യത്തെ ശമ്പളം കിട്ടിയ അന്നാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത്.

അടുത്ത മാസം സ്കൂള്‍ തുറക്കും. സിദ്ധുവിനെ സ്കൂളില്‍ ചേര്‍ക്കണം. നല്ല ഉടുപ്പൊന്നും ഇല്ല. ഒരു രണ്ടു കൂട്ടം ഡ്രസെടുക്കണം. വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞു വന്ന് പട്ടണത്തിലേക്കൊന്ന് പോയി. അമ്മയും ശാരദക്കുട്ടിയും സിദ്ധുവും ഉണ്ടായിരുന്നു. ഒരു ചെറിയ തുണിക്കടയില്‍ കയറി അമ്മക്കും എനിക്കും ഓരോ നെറ്റിയും, ശാരദക്കുട്ടിക്കും, സിദ്ധുവിനും ഈരണ്ട് കൂട്ടം വീതവും എടുത്തു. എല്ലാം വില കുറഞ്ഞതായിരുന്നിട്ടും, എന്‍റെ കാഴ്ച്ചയില്‍ അതൊരു വലിയ ചിലവായിരുന്നു. തുണിക്കടയില്‍ നിന്നും പുറത്തേക്കിറങ്ങി വന്നപ്പോഴാണ്, എന്‍റെ സര്‍വ്വാംഗങ്ങളും തളര്‍ത്തിക്കൊണ്ട് മുന്നില്‍ മാനത്ത് നിന്നും പൊട്ടിവീണ പോലെ MD പ്രത്യക്ഷപ്പെട്ടത്. വെപ്രാളത്തില്‍ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ കുഴങ്ങി നില്‍ക്കുന്ന എന്നെ നോക്കി പുഞ്ചിരിയോടെ MD ചോദിച്ചു.

‘ആഹാ… അമ്മയെയും അനിയത്തിയേയും കൊണ്ട് ഷോപ്പിംഗിനിറങ്ങിയതാണോ? ഇതാരാ ഈ കുട്ടി…’

സിദ്ധുവിനെ നോക്കി അയാളത് ചോദിച്ചപ്പോള്‍ എന്‍റെ നാവിറങ്ങിപ്പോയി. ഭൂമി പിളര്‍ന്ന് ഞാനതിലേക്ക് ആണ്ടു പോയെങ്കിലെന്നാഗ്രഹിച്ചു നില്‍ക്കെ, ഒരല്പം കൊഞ്ചലോടെ എന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് സിദ്ധു പറഞ്ഞു..

‘എന്‍റെ അമ്മയാ…’

രക്തം വറ്റി വിളറി വെളുത്ത മുഖവുമായി ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. ആ മുഖം ആകെ ഇരുണ്ടിരുന്നു. ഒന്നും മിണ്ടാതെ അദ്ദേഹം പോയപ്പോള്‍, അതാരാണെന്ന് അമ്മ ചോദിച്ചു. ഹോസ്പിറ്റലിന്‍റെ MD ആണ് എന്ന് പറയുമ്പോള്‍ എന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം നേരം വെളുപ്പിച്ചു. രാവിലെ ആശുപത്രിയിലെത്തി ജോലി ചെയ്ത് കൊണ്ടിരിക്കെ, MD വിളിക്കുന്നു എന്ന് അറ്റന്‍ഡര്‍ വന്നു പറഞ്ഞപ്പോള്‍ എന്‍റെ ചങ്കിടിച്ചു. വിറച്ചുകൊണ്ടാണ് കയറിച്ചെന്നത്. സ്വന്തം കസേരയിലേക്ക് ചാരി കണ്ണുകളടച്ച് ഗാഢമായ ആലോചനയിലായിരുന്നു MD. കാല്‍പെരുമാറ്റം കേട്ട് കണ്ണ് തുറന്ന് ദഹിപ്പിക്കാനെന്ന വണ്ണം അയാളെന്നെ നോക്കി. പൂക്കുല പോലെ വിറച്ചു കൊണ്ട് ഞാനയാളുടെ മുന്‍പില്‍ നിന്നു.

അയാളെന്നെ ആപാദചൂഡം ഒന്ന് നോക്കി. ഞാനുരുകുകയായിരുന്നു. അവസാനം മുഖത്ത് നോക്കി അയാള്‍ ചോദിച്ചു..

‘എന്തിനാണ് കള്ളം പറഞ്ഞിവിടെ ജോലിക്ക് കയറിയത്?’

ഒരു കുടം ഉമിനീരിറക്കി ഞാന്‍ ചെറിയ വിക്കലോടെ പറഞ്ഞു..

‘ഞാന്‍.. ഞാന്‍.. കള്ളമൊന്നും പറഞ്ഞില്ല.. മോനുണ്ട് എന്ന് പറഞ്ഞില്ല എന്നെ ഉള്ളൂ…’

അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലവെട്ടിച്ചു.

‘കള്ളം.. പത്തം ക്ലാസില്‍ പഠിത്തം നിര്‍ത്തിയത് അച്ഛന്‍ മരിച്ചിട്ടാണ് എന്നല്ലേ പറഞ്ഞത്. കല്യാണം കഴിക്കാതെ ഒരു കുഞ്ഞുണ്ട് എന്ന കാര്യം മറച്ചു വെക്കുകയും ചെയ്തു. എന്താ നിന്‍റെ ഉദ്ധ്യേശം?’

ദൈന്യതയോടെ ഞാന്‍ ചോദിച്ചു…

‘എന്ത് ഉദ്ധ്യേശം സാര്‍…. ജീവിക്കാനൊരു ജോലി വേണം… വേറെന്താ.. ഒരു കുഞ്ഞുണ്ട് എന്ന് ഞാനെങ്ങിനെയാ പറയുന്നത്.. അവന്‍റെ അച്ഛനെന്തേന്ന് ചോദിച്ചാ ഞാനെന്താ പറയേണ്ടത്… പത്താം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തിയത് വയറ്റിലുണ്ടായിട്ടാണെന്ന് ഞാനെങ്ങിനെയാ സാറേ പറയുക.. ദയ കാട്ടണം.. ഈ ജോലി ഉള്ളതോണ്ടാ വീട്ടില്‍ അടുപ്പ് പുകയുന്നത്…’

കണ്ണീരൊലിപ്പിച്ച് കൈകൂപ്പി ഞാനയാളുടെ മുന്‍പില്‍ നിന്നു. ഒന്നും മിണ്ടാതെ അയാള്‍ എന്നെ പിന്നെയും കുറെ നേരം നോക്കി. ആ നോട്ടം എന്നെ ചുട്ടു പൊളിക്കുന്നുണ്ടായിരുന്നു. അയാളുടെ മുന്‍പില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന പോലെ. കുറെ നേരം അങ്ങിനെ എന്നെ നോക്കി ദഹിപ്പിച്ച് അയാള്‍ ചോദിച്ചു..

‘അപ്പൊ, നിനക്ക് നാട്ടിലെ ഒരു പണക്കാരനുമായിചില ഇടപാടുണ്ടായിരുന്നല്ലോ? എന്ത് പറ്റി? അയാള്‍ക്ക് മടുത്തോ? കാദംബരി ടെക്സ്റ്റൈല്‍ല്‍സിന്‍റെ ഓണറല്ലേ അയാള്? രാജേട്ടന്‍.. ഉം… ഞാനറിയും…’

എന്‍റീശ്വരാ… ഇതെന്തൊരു പരീക്ഷണം… നോവിച്ച് നോവിച്ച് ജീവിതമേ നിനക്ക് കൊതി തീര്‍ന്നില്ലേ?.. ഞാനൊരു മരപ്പാവ പോലെ അയാളെ നോക്കിക്കൊണ്ടു നില്‍ക്കെ അയാള്‍ തുടര്‍ന്നു..

‘നോക്കണ്ട… എല്ലാം ഞാന്‍ അന്വേഷിച്ചറിഞ്ഞു… ഇനിയിപ്പോള്‍ ഞാനെന്താ വേണ്ടത്?’

ആ ചോദ്യം എന്‍റെ ഉള്ളില്‍ ഒരായിരം തവണ പ്രതിധ്വനിച്ചു.. ഇനിയിപ്പോള്‍ ഞാനെന്താ വേണ്ടത്? ആയിരം വണ്ടുകള്‍ മൂളിപ്പാറുന്ന ഹൂങ്കാര ശബ്ദത്തോടെ ആ ചോദ്യം എന്നില്‍ അലയടിച്ച് കൊണ്ടിരിക്കെ, MDയുടെ ശബ്ദം വിദൂരത്ത് നിന്നെന്നാവണം ഞാന്‍ കേട്ടു..

‘ഇപ്പോള്‍ പോയി ജോലി ചെയ്തോളൂ. പക്ഷെ, നാളെ ഒരു യാത്രയ്ക്ക് തയ്യാറായി വരണം. അച്ഛനെ ഒന്നു ചെന്നു കാണണം… ഇനിയങ്ങോട്ടുള്ള ജോലിയുടെ കാര്യമൊക്കെ അദ്ദേഹം പറയും…’

പകച്ചു നോക്കിയ എന്നോടയാള്‍ പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. ഒന്നും മനസ്സിലാകാത്ത ഞാന്‍, വര്‍ദ്ധിച്ച ഹൃദയഭാരത്തോടെ ആ മുറിയില്‍ നിന്നും പുറത്തേയ്ക്കു പോന്നു…

ഉറക്കം വരാത്ത രാത്രി. ഇരുട്ടിലേക്ക് തുറന്നു വച്ച മിഴികള്‍. ചിന്തകളുടെ കടലിരമ്പുന്ന മനസ്സ്. കടുത്ത ആശയകുഴപ്പത്തിന്‍റെ തിരമാലകള്‍…. കുറെ ആലോചിക്കും. പിന്നെ ഒരു നിശ്വാസത്തിന്‍റെ ആഴക്കടലില്‍ അതെല്ലാം ഒഴുക്കിക്കളയും. പിന്നെയും ചിന്തകള്‍…

നാളെ.. നാളെ എന്തിനാണ് MDയുടെ അച്ഛന്‍ കാണണം എന്ന് പറഞ്ഞത്? എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചീത്ത ഉദ്ധ്യേശത്തോടെ ഏതെങ്കിലും മകന്‍, ഒരു പെണ്ണിനെ സ്വന്തം അച്ഛന്‍റെ മുന്‍പിലേക്ക് പറഞ്ഞയക്കുമോ? അറിയില്ല. എനിക്കിപ്പോള്‍ ഈ ലോകത്തെ തീരെ മനസ്സിലാകാത്ത പോലെയാണ്. ഇവിടത്തെ മനുഷ്യരെയും.

പുലര്‍ച്ചെ, ഉറങ്ങാതെ ചുവന്ന എന്റെ കണ്ണിലേക്ക് നോക്കി, അതിരില്ലാത്ത പരിഭ്രമത്തോടെ അമ്മ പരിഭവം പറഞ്ഞു…

‘പാപി ചെല്ലുന്നിടമെല്ലാം പാതാളമാണല്ലോ ദൈവമേ… രക്ഷപ്പെട്ടു എന്നു തോന്നിയതായിരുന്നല്ലോ’

അമ്മയോട് ചോദിച്ചില്ല… ആരാണ് പാപം ചെയ്തതെന്ന്… ചിലര്‍ സ്വയം പഴിച്ചും സമാധാനം കണ്ടെത്തുന്നു. അത്രമാത്രം. പ്രത്യേകിച്ചൊരു തയ്യാറെടുപ്പുമില്ലാതെ ആശുപത്രിയിലെത്തി. പതിവ് പോലെ ജോലി തുടങ്ങി. നെഞ്ചിലപ്പോഴും പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാരമുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ പത്തു പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ വന്നു. വല്ല്യ മുതലാളിയുടെ അങ്ങോട്ട് കൊണ്ടുപോകാന്‍ വന്നതാണത്രേ. പോവുകയല്ലാതെ നിവര്‍ത്തിയുണ്ടായിരുന്നില്ല. മനസില്ലാ മനസ്സോടെ അവന്‍റെ കൂടെ ചെന്നു.

ബാബു എന്നാണ് അവന്‍റെ പേര്. വല്ല്യ മുതലാളിയുടെ ആശ്രിതനാണ്. അവനൊരോന്ന് വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നു. തിരിച്ചൊ പറയാതെ എല്ലാം കേട്ടു കൊണ്ടിരിക്കെ, വാക്കുകള്‍ക്കിടയില്‍ നിന്നും എനിക്ക് ചില കാര്യങ്ങള്‍ മനസ്സിലായി. അതിലേറ്റവും വൃത്തികെട്ട കാര്യം, കാണാന്‍ പോകുന്ന വല്ല്യമുതലാളിക്ക് സുന്ദരികളായ സ്ത്രീകള്‍ ഒരു വീക്നെസ്സ് ആണെന്നതാണ്.

വീക്നെസ്സ്, ഹും, എത്ര ലളിതം. സ്ത്രീകളോടുള്ള അടങ്ങാത്ത ഭോഗാസക്തിക്ക്, പുരുഷന്‍ നല്‍കിയ ഓമനപ്പേര്. വീക്നെസ്സ്. അതെ, പുരുഷനത് വീക്നെസ്സ് മാത്രമാണ്. അതേ വീക്നെസ്സ് ഉള്ള സ്ത്രീകളുടെ പേര്, തേവിടിച്ചി എന്നുമതെ…

അറ്രപ്പു കൊണ്ട് എന്‍റെ മുഖം ചെരട്ടയെ പോലെ ചുരുണ്ടു. ചുണ്ടുകള്‍ കോടിപ്പോയി. ഒരു സ്ത്രീലമ്പടന്‍റെ മുന്നിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോള്‍, മനസ്സ് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു. ‘പാപി ചെല്ലുന്നിടം പാതാളമല്ല; നരകമാണ്.. നരകം..’ സ്വയം പഴിച്ചിട്ടും സമാധാനമൊന്നും കിട്ടാത്ത ജന്മദോഷത്തെ ഓര്‍ത്തപ്പോള്‍, ചുണ്ടിലൊരു പുച്ഛരസം പല്ലിളിച്ചു നിന്നു.

നഗരത്തിലെ ആ വലിയ വീട്ടിലെത്തിയപ്പോള്‍ ഉച്ചയായിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. ഒഴിഞ്ഞ വയറുമായി ഓടുന്ന വാഹനത്തിലിരുന്നിട്ടാണെന്ന് തോന്നുന്നു, നല്ല പോലെ ഛര്‍ദിക്കാന്‍ വരുന്നുണ്ടായിരുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥ. വാതില്‍ തുറന്നത് പ്രായമായ ഒരാളാണ്. വേഷഭൂഷാദികള്‍ കണ്ടപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായിരുന്നു. അതല്ല കാണാന്‍ വന്നയാള്‍. ഒരു കുശിനിക്കാരന്‍റെ വേഷം. അകത്ത് കയറിയിരിക്കാന്‍ പറഞ്ഞിട്ട് അയാള്‍ പോയി. അല്പസമയത്തിനകം അയാള്‍ വന്നത് നല്ല തണുത്ത ജ്യൂസുമായാണ്. ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു. അത്രയ്ക്കുണ്ടായിരുന്നു പരവേശം. ശേഷം ആ വലിയ വീട്ടിലെ മൃദുവായ സോഫയില്‍ ഞാന്‍, എന്നെ കാണേണ്ടുന്ന സ്ത്രീലമ്പടനെ കാത്തിരുന്നു. അറപ്പിന്‍റെ പുഴുക്കള്‍ പുളയ്ക്കുന്ന മനസ്സുമായി.

അല്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹം വന്നു. അതുവരെ മനസ്സിലുണ്ടായിരുന്ന രൂപമേ അല്ല. ആഢ്യനായ ഒരു മനുഷ്യന്‍. കണ്ടപ്പോള്‍ അറിയാതെ എഴുനേറ്റു പോയി. ഒരു അറുപത് വയസ്സുണ്ടാവുമായിരിക്കും. ചുണ്ടില്‍ ഒരു പുഞ്ചരിയുണ്ട്. ഇരിക്കാന്‍ ആംഗ്യ കാണിച്ച്, നേരെ മുന്‍പിലെ സോഫയില്‍ അയാളിരുന്നു.

‘എന്തിനാണ് വിളിപ്പിച്ചത് എന്ന് വല്ല ഊഹവുമുണ്ടോ?’ നേരെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടായിരുന്നു ചോദ്യം. ഇല്ലെന്നു തലയാട്ടിയപ്പോള്‍ അദ്ദേഹം തുടര്‍ന്നു.

‘നിന്നെക്കുറിച്ച് ഞാനൊരുപാട് കേട്ടു. ഒരുപാട്. അതെന്തായിരിക്കും എന്നൂഹിക്കാമോ?’ എന്തായിരിക്കും കേട്ടതെന്ന് അറിയാമെങ്കിലും, തലയാട്ടുന്ന കളിമണ്‍ പട്ടരെ പോലെ ഞാന്‍ തലവെട്ടിച്ചു.

‘മോശമാണ്… സര്‍വ്വത്ര മോശം… പക്ഷെ?…’ വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ, ആകാംഷയോടെ, ഇമവെട്ടാന്‍ പോലുമാവാതെ ഞാനദ്ദേഹത്തെ തുറിച്ചു നോക്കി.

‘അത് മുഴുവനും ഞാന്‍ വിശ്വസിച്ചിട്ടില്ല…’ എനിക്ക് ശ്വാസം വിലങ്ങി. ജീവിതത്തില്‍ ആദ്യമായി കാണുന്ന മനുഷ്യനെയെന്ന പോലെ ഞാന്‍ അദ്ദേഹത്തെ തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു. ഒരു ഗുഹാമുഖത്തു നിന്നും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദമെന്നവണ്ണം, ഞാനദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ടു.

‘നീ പൊരുതിനോക്കുകയാണ്.. ജീവിതത്തോട്… ഈ ലോകത്തോട്… നിന്‍റെ ചുറ്റുപാടുകളോട്… പക്ഷെ… നീ തോറ്റു പോകുമല്ലോ കുട്ടീ… ഇന്ന് നീ ഭയക്കുന്ന തോല്‍വിയല്ല… അതിനേക്കാള്‍ വലുത്… ഭീകരമായത്… അങ്ങേയറ്റം വേദനിപ്പിക്കുന്നത്…’

എനിക്കൊന്നും മനസ്സിലായില്ല. അല്ലെങ്കില്‍ എനിക്കൊന്നും മനസ്സിലാകുമായിരുന്നില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം മരവിപ്പ് ബാധിച്ചിട്ടുണ്ട് ബുദ്ധിക്കാകെ.

‘ഇന്ന് നിനക്കുള്ള പേരുദോഷം, നാളെ, നിന്‍റെ പ്രിയപ്പെട്ടവരുടെ ജീവിതത്തെ ബാധിച്ചുതുടങ്ങും. അന്നവര്‍ വളരെ ക്രൂരമായി നിന്നെ പഴിക്കും. അതൊരു വലിയ തോല്‍വിയായിരിക്കും കുട്ടീ.. വലിയ തോല്‍വി…’

ആകാശമേലാപ്പ് അപ്പാടെ എന്‍റെ മൂര്‍ദ്ധാവിലേക്ക് വന്നുവീണ പോലെ ഞാന്‍ ഞെട്ടിത്തരിച്ചു. എന്‍റെ കണ്ണിലേക്ക് ഇരുട്ട് ഇരച്ചുകയറി. ആ ഇരുട്ടില്‍ എനിക്ക് കേള്‍ക്കാമായിരുന്നു; സ്വന്തം ജീവിതം കാറ്റില്‍ പെട്ട കരിയില പോലെ അലക്ഷ്യമായി ചിതറിപ്പറക്കുമ്പോള്‍, ശാരദക്കുട്ടി എന്നെ കുറ്റപ്പെടുത്തുന്ന ശബ്ദം. അവളുടെ ശബ്ദത്തിന് ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. അത് ഹൃദയത്തെ കഷ്ണം കഷ്ണമാക്കാന്‍ പര്യാപ്തമായിരുന്നു. ആ ഇരുട്ടിന്‍റെ മറ്റൊരു മൂലയില്‍ നിന്നതാ, സിദ്ധുവിന്‍റെ കരച്ചില്‍ കേള്‍ക്കുന്നു. അവന്‍റെ കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്നു. തന്തയില്ലാത്തവന്‍, പിഴപ്പു പെറ്റവന്‍ എന്ന പരിഹാസശരങ്ങളേറ്റ് അവന്‍ വീണുപോയിരിക്കുന്നു. അവിടെ ആ ഇരുട്ടില്‍ ഞാനൊറ്റയ്ക്കായിരുന്നു…. ഞാനൊറ്റയ്ക്ക്…

ഒഴുകുന്ന കണ്ണുനീര്‍ മുന്നിലെ കാഴ്ചകള്‍ മറച്ചപ്പോള്‍ പുറങ്കെ കൊണ്ട് ഞാനത് തുടച്ചു. ഉള്ളില്‍ വീര്‍പ്പുമുട്ടിയൊരു നെടുവീര്‍പ്പ് അവിടെ കിടന്നു ചത്തു. ഇന്നോളം ദുഃസ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടില്ലാത്ത ഒരു കാര്യമായിരുന്നല്ലോ, അത്? പുറത്തേയ്ക്ക് ചാടാന്‍ ഒരുങ്ങിനിന്നൊരു വിതുമ്പലിനെ, സ്വന്തം കഴുത്തില്‍ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോള്‍, പ്രാണന്‍ പിടയുന്നുണ്ട്.

‘നോക്കൂ…’

ആ മനുഷ്യന്‍റെ വിളിയാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. പകച്ച കണ്ണുകള്‍ ഞാനാ മുഖത്തു തറച്ചു വച്ചു.

‘അന്ന് തോല്‍ക്കാതിരിക്കാന്‍ വേണ്ടി, ഇന്ന് തോല്‍ക്കാന്‍ തയ്യാറാണോ നീ. എന്നാല്‍ പോയിട്ട് നാളെ വരിക. എനിക്ക് ഒരു പരിചാരികയെ വേണം. എന്‍റെ മരണം വരെ പരിചരിക്കാന്‍ തയ്യാറുള്ള ഒരാളെ. പിന്നെ എന്‍റെ മരണം വരെ, നീ വേറെ ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ട.’

തലപെരുത്തു ഞാന്‍ തരിച്ചിരിക്കെ അയാള്‍ തുടര്‍ന്നു.

‘സമ്മതമല്ലെങ്കില്‍ നാളെ മുതല്‍ ഹോസ്പിറ്റലിലേക്ക് പൊയ്ക്കൊള്ളൂ. നിന്‍റെ ജീവിതം വഴിമുടക്കില്ല ഞാന്‍…’

തിരികെ മടങ്ങുമ്പോള്‍ മനസ്സ് അങ്ങേയറ്റം തളര്‍ന്നിരുന്നു. എങ്കിലും, ഒരു കാര്യത്തില്‍ അദ്ദേഹം എന്നെ ആകര്‍ഷിച്ചു. സ്നേഹമോ സഹതാപമോ നടിച്ച് കാര്യം കാണാന്‍ നോക്കിയില്ല. അതൊരു സ്വഭാവ മേന്മയായിട്ടു തന്നെയാണ് തോന്നിയത്. കൈപ്പാട്ടിലേക്കെത്തുവോളം ചിരിച്ചു കാണിക്കുന്ന ആട്ടിന്‍ തോലിട്ട ചെന്നായയെക്കാള്‍ നല്ലത്, ആദ്യമേ തേറ്റ കാട്ടിത്തരുന്ന അസ്സല്‍ ചെന്നായ തന്നെയാണ്. ഓടിരക്ഷപ്പെടേണ്ടവര്‍ക്ക് അതിനുള്ള അവസരമെങ്കിലും കിട്ടുമല്ലോ… ഇവിടെ എന്താണ് ഞാന്‍ തീരുമാനിക്കേണ്ടത്? ആ ചോദ്യമെന്നെ ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റിവരിഞ്ഞു…..

ഇന്നോളം ഞാന്‍ ചിന്തിച്ചിട്ടേ ഇല്ലാത്തൊരു കാര്യമാണ് അയാള്‍ പറഞ്ഞത്. എനിക്കു വന്നുഭവിച്ച ദുഷ്പേര്, നാളെ ശാരദക്കുട്ടിയുടെയും സിദ്ധുവിന്‍റെയും ജീവിതത്തെ എങ്ങിനെ ഭവിക്കും? എനിക്കിപ്പോളുറപ്പുണ്ട്; ഇനിയും ആ ഗ്രാമത്തില്‍ ഒരു അപശകുനമായി ഇങ്ങിനെ കഴിഞ്ഞാല്‍, അതവരെ ഒരുപാട് മോശമായിത്തന്നെ ബാധിക്കും… നാളെ ശാരദക്കുട്ടിയുടെ ജീവിതം കൂടി ചീത്തയാവും. സിദ്ധുവിന്‍റെ ജീവിതം ഇല്ലാതാവും. ദെവമേ… എനിക്കൊരു രക്ഷാ മാര്‍ഗം കാണിച്ചുതരുമോ?

രക്ഷാമാര്‍ഗം… വല്ല്യമുതലാളി കാണിച്ചുതരുന്നൊരു രക്ഷാമാര്‍ഗമാണോ? അതൊക്കെ തന്നെയല്ലേ രാജേട്ടനും പറഞ്ഞത്? വേറെ രീതിയില്‍, ഭാഷയില്‍ ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ അല്ലേ? അവര്‍? ഈശ്വരാ… ഈ ലോകത്തിലെ സകല പുരുഷന്മാരും ഒരേ പോലെയാണോ?

വിങ്ങിവിതുമ്പി നില്‍ക്കുന്ന അമ്മയോട് സിദ്ധുവിനെ നല്ലോണം നോക്കണം എന്ന് പറയുമ്പോള്‍, സത്യത്തില്‍ തൊണ്ടയിടറിയിട്ട് വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയായിരുന്നു. ഇനി എപ്പോഴും ഇങ്ങോട്ട് വരാനൊന്നും പറ്റില്ല. ശാരദക്കുട്ടിയെ നല്ലോണം ശ്രദ്ധിക്കണം. അവളുടെ നിഴലിന് പോലും ഒരു കേടും പറ്റാതെ നോക്കണം. അമ്മ മുന്‍പ് എന്നോട് പറയാറുണ്ടായിരുന്ന പോലെ, ഈ മുറ്റത്തിന്‍റെ അപ്പുറം മുഴുവന്‍ ചെന്നായ്ക്കളാണ്. തക്കം പാര്‍ത്തിരിക്കുന്ന ചെന്നായ്ക്കള്‍. എന്‍റെ വിധി അവള്‍ക്കുണ്ടാവരുത്. അതിന് ഞാന്‍ ഈ വീട്ടിലെന്നല്ല, ഈ നാട്ടിലെ ഉണ്ടാവരുത്. കുറെ കഴിയുമ്പോള്‍ ഈ നാട്ടുകാരൊക്കെ എല്ലാം മറക്കും. എല്ലാ മാസവും ഞാന്‍ പണം അയച്ചു തരാം.

ഉറക്കമില്ലാത്ത രാത്രിയില്‍ ഏറെ ആലോചിച്ചു ഞാനെടുത്ത തീരുമാനമായിരുന്നു അത്. അമ്മ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പോകണ്ട എന്ന് പറയാന്‍ പാവം അമ്മയ്ക്കാകുമായിരുന്നില്ല. പോകാതിരിക്കാന്‍ എനിക്കും. ഇത് രണ്ടും കല്പിച്ചുള്ള ഒരു പോക്കാണ്.

അമ്മയ്ക്ക് ഒരു കാര്യത്തില്‍ സമാധാനമുണ്ടായിരുന്നു. ഞാന്‍ നല്ലൊരു ജോലിക്കാണ് പോകുന്നത് എന്ന സമാധാനം. അമ്മയോടു പറഞ്ഞത്, MDയുടെ അച്ഛന്‍ വയസ്സായ ആളാണ്. അയാളെ പരിചരിക്കാന്‍ ആയയായി പോവുകയാണ് എന്നാണ്. പാവം. അമ്മ അങ്ങിനെ ആശ്വസിക്കട്ടേ. ആ പരിചരണത്തില്‍ എന്‍റെ പാവടച്ചരടിന്‍റെ കേട്ടറ്റുപോകുമെന്ന്, അമ്മയൊരിക്കലും അറിയാതിരിക്കട്ടേ. അവര്‍ ജീവിക്കട്ടേ. എന്‍റെ മകനും അനിയത്തിയും ജീവിക്കട്ടേ…

വെയില്‍ ചൂട് പിടിക്കുന്നതിന്‍റെ മുന്‍പേ ഞാനിറങ്ങി. ഇടവഴി പിന്നിട്ട് നടന്നകലുമ്പോള്‍ ഞാനൊരിക്കലും തിരിഞ്ഞു നോക്കിയില്ല. നോക്കാനുള്ള ശക്തികിട്ടിയില്ല. റ്റാറ്റാ പറയുന്ന സിദ്ധുവിനെ പോലും തിരിഞ്ഞു നോക്കാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാന്‍ എന്‍റെ ഗ്രാമത്തില്‍ നിന്നും നടന്നകലുമ്പോള്‍, ഒരു വേദനയുണ്ടായിരുന്നു നെഞ്ചില്‍. പൊരുതിയിട്ടും തോറ്റുപോയവളുടെ, നെഞ്ചില്‍ നിന്നും ഹൃദയം പറിച്ചെറിയുന്ന വേദന.

ആശാരിക്കാവില്‍ നിന്നും ചൂളം കുത്തി വന്നൊരു കാറ്റ്, ഞങ്ങള്‍ നാലുപേരുടെയും പതറിയ മുഖം തഴുകി പാടത്തേക്ക് ഒഴുകിപ്പോയി. അമ്മയുടെ കണ്ണുകളില്‍ ഊറിക്കൂടിയ നീര്‍തുള്ളികള്‍ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു. പെയ്തു തോര്‍ന്നൊരു മഴയുടെ തിരുശേഷിപ്പുകള്‍, ഇലത്തുമ്പുകളില്‍ വൈഡൂര്യം ചാര്‍ത്തി നില്‍ക്കവേ; ഒരു നനഞ്ഞ നെടു വീര്‍പ്പോടെ ഞങ്ങള്‍ നടത്തം തുടങ്ങി. അത് നോക്കി നില്‍ക്കുന്ന അയല്‍വാസികളുടെ ഭാവം എന്താണെന്ന് തിരിച്ചറിയാന്‍ ഞങ്ങളാരും ശ്രമിച്ചതേയില്ല. ശ്രമിച്ചാലും ഞങ്ങള്‍ക്ക് അത് തിരിച്ചറിയാനാവുമായിരുന്നോ അറിയില്ല.

രാധേച്ചി രണ്ടു കെകളും കൂട്ടിപ്പിടിച്ച്, അമര്‍ത്തിയ വിങ്ങലോടെ പറഞ്ഞു.. ‘നന്നായി വരും… എവിടെപ്പോയാലും…’

ചിലരെയൊക്കെ നേരില്‍ കണ്ടു.. എത്ര നന്ദി പറഞ്ഞാലും തീരാത്ത മനുഷ്യരാണവര്‍. പെണ്ണുടലിലേക്ക് ആര്‍ത്തിയോടെ നീളാത്ത കയ്യുള്ളവര്‍. സഹജീവിയോടനുകമ്പയുള്ളവര്‍. അങ്ങിനെയും ചിലരുണ്ട്. കരടിയേട്ടന്‍റെ മുഖം സന്തോഷം കൊണ്ട്, തെളിഞ്ഞിരുന്നു. പുഞ്ചിരിയോടെ പറഞ്ഞു… ‘എനിക്കൊറപ്പായിരുന്നു കുട്ട്യേ… നീയൊരിക്കെ രക്ഷപ്പെടുമെന്ന്..’

രക്ഷപ്പെടല്‍… ആ പാവം അങ്ങിനെ വിശ്വസിച്ചോട്ടെ..

ഹാജ്യാര്‍ ആദ്യമൊന്നും പറഞ്ഞില്ല.. എന്തോ ഗാഢമായി ചിന്തയിലാണ്ടു നിന്നു. അവസാനം ജുബ്ബയുടെ കീശയില്‍ നിന്നും മുഷിഞ്ഞ കുറെ നോട്ടുകളെടുത്ത്, നീട്ടിപ്പിടിച്ചദ്ദേഹം പറഞ്ഞു.

‘ഇജ്ജ് ഇപ്പൊ ചിരിക്കുന്ന ഈ ചിരിക്ക്, മൊഞ്ച് പോര. അന്‍റെ ഉള്ളിലാ ചിരില്ല. ഈ വയസ്സന്‍റെ മുന്നില്, നൊണച്ചിരി ചിരിക്കാനുള്ള കള്ളം , ഇജ്ജ് പഠിച്ചിട്ടില്ല.. പോണ്ടാന്ന് പറയാച്ചാ, ആവുലല്ലോ.. ഇന്നാ… ഇത് വച്ചോ.. വേറെ ഒന്നും തരാനില്ല… ഇജ്ജ് നല്ലോമ്പോലെ ചിരിക്കുന്നൊരു കാലം വരും… പടച്ചോന്‍റെ ഹിക്മത്ത്, ഞമ്മക്ക് തിരീല… എല്ലാ കണ്ണീരിന്‍റെ കണക്കും പടച്ചോന്റടുത്തുണ്ടാവും….’

ഈ ഗ്രാമം വിട്ട് ഞങ്ങളൊക്കെ ദൂരെ നഗരത്തിലേക്ക് ചേക്കേറുകയാണ്. വീടുപേക്ഷിച്ച് നഗരത്തിലേക്ക് പോരാന്‍ അമ്മയ്ക്ക് ഇഷ്ടമുണ്ടായിട്ടല്ല. ഞാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതൊരു പറിച്ചു നടലാണ്. മണ്ണില്‍ നിന്നും വേരുകള്‍ അടര്‍ത്തിയെടുക്കുമ്പോള്‍ ഹൃദയം വേദനിക്കുന്നുണ്ട്. ഓര്‍മ്മകള്‍ ചൂഴ്ന്നു നില്‍ക്കുന്ന, ഈ ഇടവഴിയിലേക്ക് ഇനിയൊരിക്കല്‍ കൂടി തിരിച്ചു വരില്ലായിരിക്കും.

നടന്നു തുടങ്ങിയപ്പോള്‍ ചില അയല്‍വാസികളൊക്കെ അടുത്തു വന്നു. യാത്ര പറഞ്ഞു. നഗരത്തില്‍ എനിക്കൊരു നല്ല ജോലി കിട്ടി. അവിടെ ഒരു കൊച്ചു വീട് വാടകയ്ക്കെടുത്ത ഞങ്ങള്‍ അങ്ങോട്ട് പോകുന്നു. അങ്ങിനെയാണ് അവരോടെല്ലാം പറഞ്ഞത്. ഭാഗ്യം കൊണ്ടാരും ജോലി എന്താണെന്ന് അന്വേഷിച്ചില്ല. അത്രയെങ്കിലും ആശ്വാസം എനിക്കവര്‍ തന്നു..

ഇടവഴിയിലെ ഇല്ലിക്കൂട്ടത്തിന്‍റെ അടുത്തെത്തിയപ്പോള്‍ എനിക്കെന്തോ ഹൃദയം പൊടിഞ്ഞു പോവുന്ന പോലെ തോന്നി. എല്ലാ വേദനകളും ഇവിടെ ഉപേഷിച്ച് പോകാനായെങ്കില്‍… വെറുതെ ആശിച്ചു. ഇടവഴിയുടെ അങ്ങേയറ്റത്ത്, ബാബു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ കൂടി ചുറ്റിലും കണ്ണോടിച്ചു. കണ്ണുകള്‍ ആരെയോ തേടുകയാണ്. മരിച്ചു മണ്ണിലടിഞ്ഞാലും, മനസ്സില്‍ പിന്നെയും മയില്‍ പീലിയാട്ടുന്നു, ചില മോഹങ്ങള്‍. തിരിഞ്ഞു നോക്കാതെ മഞ്ഞില്‍ നടന്നു മറഞ്ഞിട്ടും, ഉള്ളില്‍ ചിരിക്കുന്നു, ഒരു മുഖം. ഒരിക്കലും കാണരുത് എന്നാഗ്രഹിച്ചിട്ടും, കണ്ണുകള്‍ക്കെന്തോ, പിന്നെയും തീരാത്ത ദാഹം…

വല്ല്യ മുതലാളിയാണ് നഗരത്തിലേക്ക് ഒരു പറിച്ചു നടല്‍, ശാരദക്കുട്ടിയുടെയും സിദ്ധുവിന്‍റെയും ജീവിതത്തിന് നന്നായിരിക്കും എന്ന് പറഞ്ഞത്. ആ വലിയ വീട്ടില്‍ അദ്ദേഹവും ഒരു വയസ്സന്‍ പാചകക്കാരനും, ബാബുവും, പിന്നെ ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു. ബന്ധുക്കളിലൊന്നും അങ്ങോട്ടു വരാറില്ല.

അദ്ദേഹം ഒരു ആശ്രിത വത്സലനായിരുന്നു. അദ്ദേഹത്തിനൊരു പെണ്ണുടല്‍ മാത്രം പോരായിരുന്നു. അതിന്‍റെയും അപ്പുറത്ത് വേറെ എന്തൊക്കെയോ കൂടി വേണമായിരുന്നു. അതെന്തൊക്കെയാണെന്നു മനസ്സിലാക്കാന്‍ എനിക്കന്നും ഇന്നും ആയിട്ടില്ല. ഒന്നുമാത്രമറിയാം. വര്‍ദ്ധക്യത്തിന്‍റെ കടുത്ത ഏകാന്തതകളില്‍, ചെറുപ്പകാലത്തെ തിരഞ്ഞലയുന്ന, ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ജരാനരകള്‍ തിന്നു തുടങ്ങിയ ശരീരത്തില്‍, ഇന്നോളം അനുഭവിക്കാത്ത എന്തോ ഒരനുഭൂതി, തേടിനടക്കുന്ന ഒരു മനസ്സ്…

സിദ്ധുവിനെ സ്കൂളില്‍ ചേര്‍ക്കാന്‍ സമയമായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത്, നഗരത്തിലെ കൊള്ളാവുന്ന ഒരു സ്കൂളില്‍ ചേര്‍ക്കാന്‍. എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും പറഞ്ഞു. കൂട്ടത്തില്‍ ശാരദക്കുട്ടിയേയും അമ്മയേയുമൊക്കെ നഗരത്തിലേക്ക് കൊണ്ട് വരാനും. നഗരത്തിലെ മെച്ചപ്പെട്ട സ്കൂളില്‍ തന്നെ ശാരദക്കുട്ടിക്കും പഠിക്കാമല്ലോ. അങ്ങിനെ ഒരു വാടക വീട് തരപ്പെടുത്തി. ശാരദക്കുട്ടിയുടെ ടിസി വാങ്ങി. അമ്മയോട് പറഞ്ഞു. നമ്മുടെ ഭൂതകാലത്തിന്‍റെ നിഴല്‍ പോലുമില്ലാത്ത ഒരിടത്ത് അവര്‍ വളരട്ടേ എന്ന്. അങ്ങിനെയാണ് ഞങ്ങള്‍ ഗ്രാമം വിട്ട് നഗരത്തിലേക്ക് ചേക്കേറിയത്. എന്‍റെ ഭൂതകാലത്തിനു തിരഞ്ഞുവരാനാവാത്തൊരിടത്തേക്ക്.

സിദ്ധുവിനെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തപ്പോള്‍, അവന്‍റെ പഠന കാര്യങ്ങളൊക്കെ ഏല്‍പ്പിച്ചത്, അതെ സ്കൂളിലെ ഒരദ്ധ്യാപികയെ ആണ്. ശാരദക്കുട്ടിയെ ചേര്‍ത്തത് ഇവിടത്തെ ഗേള്‍സിലായിരുന്നു. ആറു വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നു പോയി. അപ്പോഴാണ് ആ വലിയ തണല്‍മരം ഞങ്ങളെ വിട്ടു പോയത്. അതു വരെ ഞങ്ങളൊരുമിച്ച് തന്നെയായിരുന്നു. ഞാന്‍ വല്ലപ്പോഴും വാടക വീട്ടിലേക്ക് പോവും. മാസത്തില്‍ ഒന്നോ രണ്ടോ തവണ. ചെന്നാല്‍ പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി സിനിമയ്ക്ക് പോകും, ഷോപ്പിംഗിന് പോകും. എല്ലാവരും വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു. അച്ഛന്‍റെ മരണശേഷം ഞങ്ങള്‍ ജീവിക്കാന്‍ തുടങ്ങിയത് അവിടം മുതലാണ്. എന്‍റെ നെഞ്ചിലൊരു ചൂളയെരിയുമ്പോഴും, ഉള്ളിലെനിക്ക് സന്തോഷമുണ്ടായിരുന്നു. എന്‍റെ പ്രിയപ്പെട്ടവരെ നോക്കി, പ്രകാശമാനമായ ചിരിക്കാനാവുന്നുണ്ടായിരുന്നു.

അന്ന് വന്നതില്‍ പിന്നെ, ഗ്രാമത്തിലേക്ക് ഞങ്ങളാരും പോയിട്ടേ ഇല്ല. അമ്മ മാത്രം ചിതല്‍ തിന്നു തീര്‍ത്തിരിക്കാവുന്ന വീടിനെക്കുറിച്ചോര്‍ത്തും അച്ചന്‍റെ ഓര്‍മകളെ കുറിച്ചോര്‍ത്തും ഇടയ്ക്കിടയ്ക്ക് കണ്ണീര്‍ വര്‍ക്കാറുണ്ടായിരുന്നു. ഇനിയെന്നെങ്കിലും അങ്ങോട്ടേക്ക് തിരിച്ചു പോകാനാവുമോ എന്നമ്മ ചോദിക്കാറുണ്ട്.. ഇപ്പോഴും..

അദ്ദേഹത്തിന്‍റെ മരണശേഷം ഞാനും ബാബുവും ആ വലിയ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എം‌ഡിയെ ഞാന്‍ അന്നാണ് കാണുന്നത്. അന്നാ മുഖത്തൊരു ചളിപ്പുണ്ടായിരുന്നു. എനിക്ക് കുറച്ച് പണം വച്ചുനീട്ടി. ഞാനതു വാങ്ങിയില്ല. വേണ്ടെന്നു തോന്നി. ഹോസ്പിറ്റലില്‍ ജോലി വല്ലതും വേണോ എന്നു ചോദിച്ചപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു. ‘സാറെനിക്ക് കൊള്ളാവുന്ന വേറെ ഒരു പണി പഠിപ്പിച്ചു തന്നില്ലേ ഇനിയിപ്പോ, വേറെ ഒരു ജോലി എന്തിനാ?’

അയാളുടെ മുഖം വിളറി വെളുത്തുനില്‍ക്കുന്നതു കാണാന്‍ ഒരു രസമുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു പുരുഷന്‍റെ മുന്‍പില്‍ ജയിച്ച സന്തോഷത്തോടെ ഞാനിറങ്ങി….

എങ്ങോട്ടാ പോവേണ്ടത് എന്ന് ചോദിച്ച ബാബുവിനോട് എനിക്കൊരു കൊച്ചു വാടക വീട് വേണം എന്നാണ് പറഞ്ഞത്. അതിന് പ്രയാസമുണ്ടായില്ല. എന്തെ, വീട്ടിലേക്ക് പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോള്‍, എന്നിട്ടെന്തിനാ, പിന്നെയും പഴയ പോലെ ആധി തിന്നാനോ എന്നായിരുന്നു എന്‍റെ ചോദ്യം. ഇത്രയും കാലം ഞാന്‍ ചെയ്തു കൊണ്ടിരുന്നത് മഹനീയമായ ഒരു ജോലിയൊന്നുമായിരുന്നില്ലല്ലോ. ചില വഴികളിലേക്ക് നമ്മള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ചു നടക്കുക സാധ്യമല്ല. അകെ മുങ്ങിയാല്‍ പിന്നെ കുളിരറ്റല്ലോ. പഴയ പോലെ അല്ല. അമ്മയ്ക്ക് മരുന്ന് വേണം. സിദ്ധുവിനും ശാരദക്കുട്ടിക്കും പഠിക്കണം. നല്ല ചിലവാണ്. കയ്യില്‍ നീക്കിയിരിപ്പൊന്നും ഇല്ല. രണ്ടോ മൂന്നോ മാസം കഷ്ടിച്ച് കഴിഞ്ഞു കൂടാം.

ഗ്രാമം പോലെയല്ല, ഈ മഹാനഗരത്തില്‍ എനിക്ക് കുറേകൂടി സ്വകാര്യതയുണ്ടായിരുന്നു. എന്നാലും, ഇടയ്ക്കിടയ്ക്ക് വീടുകള്‍ മാറേണ്ടി വരും. എത്രയൊക്കെ സൂക്ഷിച്ചാലും, ആളുകള്‍ എങ്ങിനെയെങ്കിലും മണത്തറിയും, ജോലി എന്താണെന്ന്. ഈ സമൂഹം സ്ത്രീകളുടെ മേല്‍, പ്രത്യേകിച്ചും, തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ മേല്‍, വലിയൊരു ഭൂതക്കണ്ണാടി വച്ചിട്ടുണ്ട്. അവളുടെ ഒരോ ചലനവും അവര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതൊരിക്കലും അവളെ സംരക്ഷിക്കാനല്ല. ശിക്ഷിക്കാന്‍ ഒരു അവസരം കിട്ടുമോ എന്ന് നോക്കാനാണ്.

സിദ്ധു പത്തിലാണിപ്പോള്‍. അവനെ നല്ല നിലയില്‍ പഠിപ്പിക്കണം. ശാരദക്കുട്ടിയുടെ വിവാഹം കഴിഞ്ഞു. അവളിപ്പോള്‍ ഭര്‍ത്താവിന്‍റെ കൂടെയാണ്. ഇപ്പോഴും പഠിക്കുന്നുണ്ട്. ബിഎഡിന്. ഒരു ടീച്ചറാവുക എന്നതാണ് അവളുടെ സ്വപ്നം. അത് നടക്കും. തീര്‍ച്ചയാണ്. നല്ലൊരു മനുഷ്യനാണ് അവളുടെ ഭര്‍ത്താവ്. അവിവാഹിതയായൊരു ചേച്ചിയുണ്ട്, ആ ചേച്ചിക്കൊരു കുഞ്ഞുമുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ കെട്ടിയതാണ്. അത് മാത്രമേ അറിയൂ. തൊഴിലറിയില്ല. ഒരിക്കലും അറിയാതിരിക്കട്ടേ. ഇന്ന്, എനിക്കൊരുപാട് സന്തോഷമുണ്ട്. അവള്‍ക്ക് ഒരു നല്ല ജീവിതം കിട്ടിയല്ലോ. അമ്മയും സിദ്ധുവുമൊക്കെ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ. ചിലതൊക്കെ ചീയുമ്പോഴേ, മറ്റു ചിലതിനൊക്കെ നല്ല പോലെ വളരാനാവൂ.

അമ്മയ്ക്ക് പ്രായമായതിന്‍റെ അസുഖങ്ങള്‍ മാത്രമല്ല, ഗ്രാമത്തിലേക്ക് തിരിച്ചു പോകണം എന്ന ആഗ്രഹവും, അത് സാധ്യമാകാത്തതിന്‍റെ വിഷമവും കൂടിയുണ്ട്. ശാരദക്കുട്ടിയുടെ കാര്യം കഴിഞ്ഞില്ലേ, ഇനിയിപ്പോള്‍ പേടിക്കാനൊന്നുമില്ലല്ലോ എന്നമ്മ ഇടയ്ക്കിടയ്ക്ക് പറയും. ആ ഗ്രാമത്തില്‍ അച്ഛനില്ലാത്തവനായി സിദ്ധു വളരേണ്ട എന്നായിരുന്നു എന്‍റെ തീരുമാനം. ആ കഥയൊക്കെ അവനറിയാം. ശാരദക്കുട്ടിയൊരിക്കല്‍ അവനോടാതു പറഞ്ഞു. പറയേണ്ടി വന്നു. അവനതില്‍ വിഷമിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ എന്‍റെ അടുക്കല്‍ അവനത് ഇന്നോളം കാണിച്ചിട്ടില്ല. എന്തായാലും, അവനെ തന്തയില്ലാത്തവനെ എന്ന് വിളിക്കാന്‍ ഇവിടെ ആരുമില്ല. ആരും..

ബാബുവിന് വയസ്സായ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ഇപ്പോള്‍ പത്തിരുപത്തെട്ട് വയസ്സായിരിക്കുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. ഒരാണ്‍കുട്ടിയില്ല എന്ന സങ്കടം അവനെ കണ്ടതില്‍ പിന്നെ ഉണ്ടായിട്ടില്ല എന്ന്. ഒരിക്കല്‍ പോലും എന്‍റെ ശരീരം മോഹിച്ച ഒരു നോട്ടം പോലും അവനില്‍ നിന്നും നേരിടേണ്ടി വന്നിട്ടില്ല. മാത്രമല്ല, എന്തിനും ഏതിനും അവനാണു കൂട്ട്. സഹായം. അവനു മാത്രമെ എന്‍റെ രഹസ്യങ്ങളറിയൂ. തീരെ സുഖമില്ലത്ത കിടപ്പിലായ അച്ഛനെ ഓര്‍ത്ത് അവനെപ്പോഴും വിഷമം പറയാറുണ്ട്. പാവം. അവനു കിട്ടുന്നതില്‍ മുക്കാലും മരുന്നുകടയില്‍ കൊണ്ടു കൊടുക്കുന്നു. അവന്‍ പറയാറുണ്ട്. സര്‍ക്കസിലെ കോമാളികള്‍ പോലെയാണ് നമ്മളെന്ന്. ജനങ്ങള്‍ക്കു കളിയാക്കാനും, കല്ലെറിയാനും, കൂക്കിവിളിക്കാനും മാത്രമുള്ള പടുജന്മങ്ങള്‍. ജനങ്ങള്‍ കരുതും, നമ്മളീ പണി സന്തോഷത്തോടെ ചെയ്യുന്നതാണെന്ന്. കോമാളികള്‍ ചിരിക്കുന്നത് സന്തോഷം കൊണ്ടല്ലല്ലോ നെഞ്ചില്‍ തീയാളിയിട്ടല്ലേ?

ഇതാണ് ഞാന്‍. ഒരു ഗ്രാമത്തിലെ നാടന്‍ പെണ്‍കുട്ടിയായി ജനിച്ചിട്ടും, ജീവിതത്തിന്‍റെ ഇരുണ്ടൊരു കോണിലൂടെ, ഗ്രാമത്തിന്‍റെ തണ്ണീര്‍ തടങ്ങളില്‍ നിന്നും, നഗരത്തിലെ വരണ്ട ചില്ലയിലേക്കു ചേക്കേറേണ്ടി വന്നവള്‍. ശരീരം എത്ര ശക്തിയായി കുടഞ്ഞിട്ടും, കൈകാലിട്ടടിച്ചിട്ടും, ശരീരത്തില്‍ പറ്റിയ ഒരു വൃത്തികെട്ട പുഴു പോലെ എന്‍റെ ദുര്‍വിധി എന്നിലേക്ക് പറ്റിച്ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ഇവിടെ ഇരുട്ടിന്‍റെ മറവില്‍, അപരിചിതരായ ആളുകള്‍ക്ക് എന്‍റെ ശരീരത്തിന്‍റെ ചൂരും ചൂടും വിറ്റ് ജീവിക്കുന്നു. തിരഞ്ഞെടുക്കാന്‍ ഇതല്ലാതെ എനിക്കുണ്ടായിരുന്നത് മരണമോ, അതല്ലെങ്കില്‍ ശാരദക്കുട്ടിയെ പോലും വേട്ടയാടി ഇല്ലാതാക്കുമായിരുന്ന ഒരു ദുരന്ത ജീവിതമോ ആണ്. ഞങ്ങള്‍ക്ക് ചാരിത്ര്യമേ ഇല്ലാതുള്ളൂ. തുടിക്കുന്ന നെഞ്ചും, ആളുന്ന വയറും, ഞങ്ങള്‍ക്കും ഞങ്ങളുടെ ആശ്രിതര്‍ക്കുമുണ്ട്. കല്ലെറിയാന്‍ ഓങ്ങിനില്‍ക്കുന്നവരൊക്കെ ഒരവസരം കിട്ടിയാല്‍ ആ കല്ലുപേഷിച്ച്, ഞങ്ങളുടെ അടുത്തേക്ക് ഓടിവരും. ഈ ഇരുട്ടില്‍ ഞങ്ങളെത്രയോ പകല്‍മാന്യന്മാരെ കാണുന്നു. എത്രയോ ആഭാസന്മാരെ കാണുന്നു. ഒരു പാതിരാത്രി സൂര്യനുദിച്ചിരുന്നെങ്കില്‍, അതു നിങ്ങള്‍ക്കും കാണാമായിരുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top