Flash News

ഗവര്‍ണറുടെ സങ്കീര്‍ത്തനങ്ങളും സി.പി.എമ്മിന്റെ സങ്കോചങ്ങളും

January 26, 2020 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

governarude sankeerthanam bannerമുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ പ്രതികരണത്തിനു ശേഷമെങ്കിലും പുതിയ കേരള ഗവര്‍ണര്‍ സംയമനം പാലിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. തന്റെ മുന്‍ഗാമി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. തനിക്ക് തന്റേതായ അഭിപ്രായവും – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചതങ്ങനെയാണ്.

വ്യക്തിപരമായ അഭിപ്രായങ്ങളോട് പ്രതികരിക്കാറില്ലെന്നുകൂടി പറഞ്ഞ അദ്ദേഹം പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് നിയമപരമല്ലെന്ന് ആവര്‍ത്തിച്ചു. നിയമത്തിനും ഭരണഘടനയ്ക്കുംവേണ്ടി നിലകൊള്ളേണ്ടത് തന്റെ കടമയാണെന്നും വാദിച്ചു.

Photo1സുപ്രിംകോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന, അഞ്ചുവര്‍ഷം കേരളത്തില്‍ ഗവര്‍ണറായിരുന്ന പി. സദാശിവത്തിന് ഭരണഘടനയും നിയമവും ഒന്ന്, ആരിഫ് മുഹമ്മദ് ഖാന് മറ്റൊന്ന്. തന്റെ നിലപാടിനെ ഗവര്‍ണര്‍ ഇപ്പോള്‍ അങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്. രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍ തുടങ്ങിയ ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ പത്രസമ്മേളനം നടത്താറില്ല എന്നാണ് ജസ്റ്റിസ് സദാശിവം ഓര്‍മ്മിപ്പിച്ചത്. മാധ്യമങ്ങളിലൂടെ പഴയ രാഷ്ട്രീയക്കാരനെപ്പോലെ ഗവര്‍ണറായി തുടരാനാണ് ആരിഫ് ഖാന്റെ നിശ്ചയമെന്നു വ്യക്തം. നിയമസഭയില്‍ ചെയ്യേണ്ട നയപ്രഖ്യാപന പ്രസംഗം കണ്ടിട്ടില്ല. കണ്ടാല്‍ പ്രതികരിക്കാം എന്ന മാധ്യമപ്രവര്‍ത്തകരോടുള്ള അടുത്ത മറുപടിയും അതു വ്യക്തമാക്കുന്നു.

പിന്നീട് രാഷ്ട്രപതിയായ വി.വി ഗിരിയെപോലുള്ള ഇരുപത്തൊന്നു ഗവര്‍ണര്‍മാര്‍ കേരളത്തിന്റെ രാജ്ഭവനില്‍ ഭരണഘടനാ ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ അറിയിക്കാനുള്ള ഔദ്യോഗിക പോസ്റ്റോഫീസായോ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനെ നിയമത്തിന്റെയും ഭരണഘടനയുടെയും കാര്യത്തില്‍ നേര്‍വഴിക്കു നയിക്കാനുള്ള ദുര്‍ഗുണപരിഹാര പാഠശാലയോ ആയി അവരാരും രാജ്ഭവനെ തരംതാഴ്ത്തിയിട്ടില്ല. സര്‍ക്കാറിനെതിരായ തരംതാണ നിലപാടുകള്‍ തുടര്‍ന്നാല്‍ ഗവര്‍ണറെ നേര്‍വഴിക്കു നടത്തിക്കാനറിയാമെന്ന് ഭരണകക്ഷിയുടെ വക്താവിനെക്കൊണ്ട് പറയിപ്പിച്ചിട്ടുമില്ല.

ജനുവരി 29ന് നിയമസഭ ചേരുകയാണ്. കീഴ് വഴക്കമനുസരിച്ച് സര്‍ക്കാറിന്റെ നയപ്രഖ്യാപനപ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിക്കണം. പൗരത്വനിയമം സംബന്ധിച്ച് സര്‍ക്കാറിനുള്ള വിയോജിപ്പ് പ്രസംഗത്തിലുണ്ടാ കുമെന്നതു സ്വാഭാവികം. പൗരത്വബില്ലിനുവേണ്ടി ഊണിലും ഉറക്കത്തിലുംപോലും വാദിച്ചുകൊണ്ടിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിസഭ അംഗീകരിച്ച പ്രസംഗഭാഗം സഭയില്‍ വായിക്കുമോ. രാജാവിനേക്കാള്‍ രാജഭക്തികാട്ടി സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെതിരെ തന്റെ നിലപാടുകൂടി പ്രസംഗ ഭാഗമാക്കുമോ തുടങ്ങിയ ആശങ്കകള്‍ മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കേന്ദ്രത്തെ വിമര്‍ശിക്കുന്ന ചില പ്രസംഗഭാഗങ്ങള്‍ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവംതന്നെ ഒരിക്കല്‍ വായിക്കാതെ വിട്ടിട്ടുണ്ട്. ബംഗാളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ നയത്തില്‍ കേന്ദ്രം നോമിനേറ്റുചെയ്തയച്ച ഗവര്‍ണറുടെ നയം കൂട്ടിച്ചേര്‍ത്ത അനുഭവം കേട്ടിട്ടില്ല. സംസ്ഥാനത്തെ ഭരണഘടനാ തലവന്‍ അത്രത്തോളം വളയംവിട്ടു ചാടുമോ എന്ന് കാണാനിരിക്കുന്നു.

സംസ്ഥാന സര്‍ക്കാറിന്റെനയം ഗവര്‍ണര്‍ വായിച്ചാലും ഇല്ലെങ്കിലും അതൊന്നും ഗൗരവമുള്ള കാര്യമല്ല. സര്‍ക്കാര്‍നയം നിയമസഭയുടെ രേഖകളില്‍ അതേപടി രേഖപ്പെടുത്തും, ജനങ്ങളുടെ പിന്തുണയുള്ളേടത്തോളം ആ നയങ്ങളുമായി സര്‍ക്കാറിനു മുന്നോട്ടുപോകാനും കഴിയും. കേന്ദ്രത്തിന്റെ ഭരണഘടനാ പ്രതിനിധിയെന്ന നിലയിലുള്ള ആദരം നിലനിര്‍ത്തണോ, കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ തരംതാണുകൂടെന്ന സുപ്രിംകോടതിയുടെ വിമര്‍ശം സ്വയം ഏറ്റുവാങ്ങണമോ എന്നത് നാലുദിവസത്തിനകം ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. പതിവില്ലാത്തവിധം കേരളം മാത്രമല്ല ഇന്ദ്രപ്രസ്ഥവും ഗവര്‍ണറുടെ പ്രസംഗ വായനയ്ക്കായിരിക്കും കണ്ണുംകാതും കേന്ദ്രീകരിക്കുക. സുപ്രിംകോടതി വിധിയനുസരിച്ച് എറണാകുളം മരടില്‍ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ക്കുന്നത് വീക്ഷിച്ച ഉദ്വേഗത്തോടെ.

മുന്‍ ഗവര്‍ണര്‍ സദാശിവം ചൂണ്ടിക്കാണിച്ചതുപോലെ ദൈനംദിന ഭരണകാര്യങ്ങ ളൊഴിച്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്. ആ ഔചിത്യം പാലിക്കാതെ പോയിട്ടുണ്ടെങ്കില്‍ തിരുത്തേണ്ടത് മുഖ്യമന്ത്രിയുടെയും ഗവണ്മെന്റിന്റെയും ചുമതലയാണ്. എന്നാല്‍ മുഖ്യമന്ത്രിയോ സര്‍ക്കാര്‍ പ്രതിനിധിയോ ഓരോ വിഷയവും തന്നെവന്ന് അനുവാദം തേടിയേ ചെയ്തുകൂടൂ എന്ന വികാരമാണ് ഗവര്‍ണറെ ഭരിക്കുന്നത്. അദ്ദേഹത്തിന്റെ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ അതാണ് കാണിക്കുന്നത്.

പോയവാരം ഒന്നിലേറെ തവണ അദ്ദേഹം ഡല്‍ഹിക്കു പോയി. ഇതിനുമുമ്പ് ഭീഷണിപ്പെടുത്തിയപോലെ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തരവകുപ്പില്‍ എത്തിക്കാന്‍ യാത്ര നടത്തേണ്ട കാര്യമില്ല. പാര്‍ലമെന്റിലെ മുതിര്‍ന്ന പ്രതിനിധികള്‍ തന്റെ നിലപാട് ശരിവെച്ചെന്ന് അദ്ദേഹംതന്നെ പറയുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലേയോ പ്രധാനമന്ത്രിയുടെ ആഫീസിലേയോ പ്രമുഖരുടെ അഭിപ്രായവും ഉപദേശവുംകൂടി തേടിയിട്ടുണ്ടോയെന്നറിയില്ല. ഭരണഘടനാപരമായ ഉപദേശം തേടാന്‍ ഗവര്‍ണ്ണര്‍ അവിടെ പോകേണ്ട കാര്യമില്ല. തേടിയതും ലഭിച്ചതും രാഷ്ട്രീയ മാര്‍ഗനിര്‍ദ്ദേശമാകും. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച ബില്‍ അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടാകാം.

ഇപ്പോള്‍തന്നെ വാര്‍ഡ് വിഭജനം സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനായിരുന്നു ഗവണ്മെന്റ് തീരുമാനിച്ചത്. ഓര്‍ഡിനന്‍സ് വെച്ചുതാമസിപ്പിച്ചതിനെ തുടര്‍ന്ന് ബില്‍ നിയമസഭയില്‍ പാസാക്കാന്‍ തീരുമാനിച്ചതാണ്. എങ്കിലും ഗവര്‍ണറുടെ അനുമതി ബില്ലിനു ലഭിക്കേണ്ടതുണ്ട്. ബില്ലും ഗവര്‍ണര്‍ക്ക് തിരിച്ചയക്കാം. വീണ്ടും മന്ത്രിസഭ ഗവര്‍ണര്‍ക്കയച്ചാല്‍ ഒപ്പുവെച്ചേ തീരൂ. കാലതാമസം വരുത്തിയാല്‍ തെരഞ്ഞെടുപ്പ് ഉദ്ദേശിച്ച സമയത്ത് നടത്താനാവില്ല.

രാഷ്ട്രപതി ഒപ്പിട്ട നിയമത്തെ എതിര്‍ത്തുകൂടാ എന്നുപറയുന്ന ഗവര്‍ണര്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ചോദ്യംചെയ്തു. നിയമസഭയുടെ ഭരണഘടനാനുസൃത പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു. കേരളത്തില്‍ അധികാരസ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെയും നിയമസഭയുടെയും പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തെരുവുചര്‍ച്ചകള്‍ക്ക് വലിച്ചിഴച്ചു. സുപ്രിംകോടതിയെ സമീപിച്ചതുപോലും ചോദ്യംചെയ്യുന്നു. അതേസമയം ഇത്തരം വിഷയങ്ങള്‍ തെരുവില്‍ ചര്‍ച്ചചെയ്യുകയല്ല കോടതികളെ സമീപിക്കുകയാണെന്നു പറയുകയും ചെയ്യുന്നു. പരസ്പരവിരുദ്ധമാണ് ഇതിനകം ഗവര്‍ണര്‍ എടുത്ത നിലപാടുകള്‍.

ആരിഫ് മുഹമ്മദ് ഖാന്റെ രാജ്ഭവനിലേക്കുള്ള വരവോടുകൂടി കേരളത്തില്‍ ബി.ജെ.പിയുടെ ഇടപെടലുകളും സമരങ്ങളും പിന്നോക്കം പോയതായി കാണാം. ശബരിമല സമരവും തെരഞ്ഞെടുപ്പും സംസ്ഥാന ഗവണ്മെന്റിനെതിരായ നിരന്തര പ്രക്ഷോഭവുമായി ബി.ജെ.പി ഇവിടെ കളംനിറഞ്ഞു നിന്നിരുന്നു. സംസ്ഥാന പ്രസിഡന്റിനെ നിയമിക്കാത്തതും ഈ പ്രതിഭാസത്തെ സഹായിച്ചിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ സര്‍ക്കാറും പ്രതിപക്ഷവും യോജിച്ച് സമരരംഗത്ത് ഇറങ്ങുകകൂടി ചെയ്തതോടെ ബി.ജെ.പിയുടെ സാന്നിധ്യം ഏറെ കുറഞ്ഞു. ആ പോരായ്മ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നികത്താന്‍ ശ്രമിക്കുന്നു എന്നുപറഞ്ഞാല്‍ തെറ്റാവില്ല. ഭരണഘടനയുടെ പേരിലാണെങ്കിലും ഇപ്പോള്‍ പ്രതിപക്ഷ നേതാവിനെപ്പോലെയാണ് ഗവര്‍ണര്‍ സംസ്ഥാനം നിറഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നത്.

ഗവര്‍ണര്‍ ഭരണഘടനാ പ്രശ്‌നത്തിന്റെ പേരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ വിവാദത്തിനു പിറകെയാണ് മാവോയിസ്റ്റ് വിവാദം മുഖ്യമന്ത്രിയേയും സി.പി.എമ്മിനെയും വീണ്ടും പിടികൂടിയിരിക്കുന്നത്. കോഴിക്കോട്ടെ വിദ്യാര്‍ത്ഥികളും സി.പി.എം പ്രവര്‍ത്തകരുമായ അലന്‍, താഹ എന്നിവരെ കഴിഞ്ഞ നവംബറില്‍ യു.എ.പി.എ കരിനിയമം ഉപയോഗിച്ച് അറസ്റ്റുചെയ്ത് ജയിലിലടച്ചത് ഏറെ വിവാദമായിരുന്നു. സി.പി.എം കുടുംബങ്ങളില്‍നിന്നുവരുന്ന രണ്ടുപേര്‍ക്കുമെതിരെ യു.എ.പി.എ നിയമം ചുമത്തിയത് കോഴിക്കോട്ടെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും സി.പി.എമ്മിന്റെ സംസ്ഥാന- കേന്ദ്ര നേതാക്കളും വിമര്‍ശിച്ചിരുന്നു. അവരെ പൊലീസ് നടപടിക്രമങ്ങള്‍ക്കുശേഷം മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി നിലപാട് മാറ്റി. അവര്‍ മാവോവാദികളാണെന്ന നിലപാടെടുത്തു. അലനും താഹയും കുഞ്ഞാടുകളല്ലെന്നും ചായകുടിക്കാന്‍ പോയതല്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തുടര്‍ന്ന് ഇവര്‍ക്കു നിയമസഹായം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് സി.പി.എം പിന്മാറി. മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും തള്ളിപ്പറഞ്ഞ് അറസ്റ്റുചെയ്യപ്പെട്ട യുവാക്കളും അവരുടെ കുടുംബവും രംഗത്തുവന്നു. സംസ്ഥാനത്തുനിന്നാകെ യുവാക്കള്‍ക്ക് വ്യാപകമായ പിന്തുണകിട്ടി. ഇതിനകം ഈ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. തങ്ങള്‍ മുഖ്യമന്ത്രിയെ അധികാരത്തിലേറ്റിയ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി ഏജന്റുമാരായിരുന്നെന്നും മാവോവാദികളാണെന്നതിന്റെ തെളിവുകള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ഉപനേതാവ് മുനീറും ഇരുവരുടെയും വീട് സന്ദര്‍ശിച്ച് യു.എ.പി.എ നിയമത്തില്‍ അറസ്റ്റുചെയ്തതിന്റെ തെളിവ് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കാന്‍ തുടര്‍ന്ന് പത്രസമ്മേളനം നടത്തിയ സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ജയിലില്‍ കഴിയുന്ന രണ്ടുപേരും ഇപ്പോഴും പാര്‍ട്ടിയംഗങ്ങളാണെന്ന് വാദിച്ചു. മാവോയിസ്റ്റെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും.

പി മോഹനന്‍ നേരത്തെ മാവോയിസ്റ്റുകള്‍ക്കൊപ്പം മുസ്ലിം തീവ്രവാദികള്‍കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇതേ സംഭവത്തില്‍ നിലപാടെടുത്തിരുന്നു. ഇത് പുതിയ വെളിപ്പെടുത്തലായി സി.പി.എം സംസ്ഥാന നേതൃത്വവും അംഗീകരിച്ചു.

1_293യു.എ.പി.എ നിയമം പാര്‍ട്ടിയംഗങ്ങള്‍ക്കെതിരെ പോലും ഉപയോഗിക്കുന്നതിലും അവരെ മാവോവാദികളായി കുറ്റപ്പെടുത്തുന്നതിലും സി.പി.എമ്മില്‍ പൊതുവെയും കോഴിക്കോട്ട് വിശേഷിച്ചും വ്യാപകമായ എതിര്‍പ്പും രോഷവുമുണ്ട്. പാര്‍ട്ടി അനുഭാവികള്‍ പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ളവര്‍ അകന്നുപോകുന്നതും ജില്ലാ നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് പി മോഹനന്‍ പത്രസമ്മേളനം നടത്തിയത്. അലനും താഹയും മാവോവാദികളല്ല. ചില സ്വാധീനങ്ങളില്‍പെട്ടു പോയിരിക്കാം. ജയിലിലായതുകൊണ്ട് അവരുടെ ഭാഗം കേള്‍ക്കാനും അന്വേഷണം പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അവരിപ്പോഴും പാര്‍ട്ടിയംഗങ്ങള്‍ തന്നെയാണ്. അഥവാ മാവോവാദികളായാലും യു.എ.പി.എ ചുമത്തേണ്ടതില്ല.

പി മോഹനന്റെ മലക്കംമറിച്ചിലിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് മുഖ്യമന്ത്രിയെ ജില്ലാ സെക്രട്ടറി തള്ളിപ്പറയുന്നു എന്ന് വാര്‍ത്ത നല്‍കിയാണ്. തുടര്‍ന്ന് പത്രക്കുറിപ്പിറക്കിയ മോഹനന്‍ മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പൊലീസ് നിലപാടാണ് പറഞ്ഞതെന്നും വിശദീകരിച്ചു.

അതിനെതിരെ ഡി.വൈ.എഫ്.ഐയുടെ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് ചാനലുകളില്‍ വന്നു. അലനും, താഹയും മാവോവാദികള്‍തന്നെയാണെന്ന് വാദിച്ചു.

വെള്ളിയാഴ്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ ഏകോപിപ്പിക്കുന്ന എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പി മോഹനന്റെ പ്രസ്താവനയെ തള്ളി. അലനും താഹയും പാര്‍ട്ടിയംഗങ്ങളല്ലെന്നും മാവോവാദികളാണെന്നും പറഞ്ഞു. മാവോവാദികള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദ്ദംകൊണ്ടാണ് യു.എ.പി.എ നിയമം ചുമത്തിയതെന്ന മോഹനന്റെ വാദവും തള്ളി. പിണറായി വിജയന്‍ വിചാരിച്ചാല്‍ നടപ്പാക്കാനും നടപ്പാക്കാതിരിക്കാനും കഴിയുന്ന നിയമമല്ല യു.എ.പി.എ എന്ന് വ്യക്തമാക്കി.

സി.പി.എം നേതാക്കള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുമ്പോഴും അവരെ സത്യം കൊഞ്ഞനംകുത്തുന്നു. സി.പി.എം അംഗങ്ങളും സജീവപ്രവര്‍ത്തകരുമായ രണ്ടു യുവവിദ്യാര്‍ത്ഥികള്‍ നവംബര്‍ മുതല്‍ കരിനിയമമനുസരിച്ച് ജയിലില്‍ കഴിയുന്നു. സി.പി.എം എതിര്‍ക്കുന്ന യു.എ.പി.എ നിയമം പേറി. കുറ്റംചെയ്ത ഒരു തെളിവും എവിടെയും ഹാജരാക്കപ്പെടാതെ. പോരാഞ്ഞ് അവര്‍ മാവോവാദികളാണെന്ന് പാര്‍ട്ടി അധികാരികള്‍ ചാനലുകളിലിരുന്ന് ഓരിയിടുകയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top