സര്‍ഗ്ഗവേദിയില്‍ സമകാലിക കവിതകളിലെ മാറ്റങ്ങളിലേക്ക് ഒരെത്തിനോട്ടം

sarga3ആധുനിക കവിതകളുടെ ആത്മാവിലേക്ക് ഇറങ്ങി വിജ്ഞാനപ്രദമായ ഒരു ചര്‍ച്ചക്ക് വേദിയൊരുക്കി ജനുവരിമാസ സര്‍ഗ്ഗവേദി. 2020 ജനുവരി 19 ഞായര്‍ 6 മണി. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ പ്രശസ്ത കവിയും എഴുത്തുകാരനും സിനിമ സംവിധായകനും സര്‍ഗ്ഗവേദിയുടെ ആത്മബന്ധുവുമായ ജയന്‍ കെ. സി. അദ്ധ്യക്ഷന്‍ ആയി. ഡോഃ നന്ദകുമാര്‍ ചാണയില്‍ സദസ്സിനെ സ്വാഗതം ചെയ്തു. ജയന്‍ കെ. സി. തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കവിതയിലെ ആധുനികത ഇന്നിന്റെ മാത്രം സൃഷ്ടിയല്ല എന്നും 1916 മുതല്‍ ഗദ്യകവിതയുടെ മുന്നേറ്റവും ലാറ്റിന്‍ അമേരിക്കന്‍ കവികളുടെ സ്വാധീനവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നുപറഞ്ഞുകൊണ്ട് കവിതയുടെ നാള്‍വഴികളിലൂടെ ഹൃസ്വമായ ഒരു സഞ്ചാരം നടത്തി.

തുടര്‍ന്ന് സന്തോഷ് പാല ”സമകാലിക കവിതകളിലെ നൂതന പ്രവണതകള്‍” എന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിച്ചു. മറ്റെല്ലാ ഭാഷകളിലുമെന്നപോലെ മലയാളത്തിന്റെ കാവ്യവഴികളിലും ഓരോ കാലവും ആവശ്യപ്പെടുന്ന മാറ്റങ്ങളുണ്ടായിരുന്നു എന്നുപറഞ്ഞുകൊണ്ട് സന്തോഷ് തന്റെ പ്രസംഗമാരംഭിച്ചു. ഭക്തി പ്രസ്ഥാനങ്ങളില്‍ തുടങ്ങി ആധുനിക കവിത്രയത്തിലെത്തുമ്പോഴേക്കും കവിത സങ്കീര്‍ണ്ണമായ വഴികളിലൂടെ കടന്നുപോയത് നമുക്ക് കാണാന്‍ കഴിയും. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും മൂലൂര്‍ പത്മനാഭപ്പണിക്കരും തമ്മിലുണ്ടായിരുന്ന കാവ്യശണ്ഠ സവര്‍ണ്ണ / അവര്‍ണ്ണ കവി (ത) കളുടേതുകൂടിയായിരുന്നു. സവര്‍ണ്ണമേധാവിത്വമുള്ള കവിതക്കളരിയില്‍ കുമാരനാശാനും ശ്രീനാരായണഗുരുവും മൂലൂരും അടക്കമുള്ളവര്‍ കവിതകളെഴുതി. മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികള്‍ അവരില്‍നിന്ന് പിറന്നുവീണു. ആധുനിക കവിത്രയത്തിനുശേഷം പി, ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയവരുടെ കാല്പനികകാലമായിരുന്നു. കവിതയുടെ വസന്തകാലമറിയിച്ചുകൊണ്ട് പിന്നാലെ ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, ഇടശ്ശേരി തുടങ്ങിയവര്‍ ജീവിതഗന്ധിയായ കവിതകള്‍ എഴുതി. വൈലോപ്പിള്ളിയുടെ 1945 ല്‍ പുറത്തിറങ്ങിയ കന്നിക്കൊയ്ത് എന്ന കവിതാ സമാഹാരത്തിലെ സഹ്യന്റെ മകന്‍, കാക്ക തുടങ്ങിയ കവിതകള്‍ മലയാള കവിത അന്നുവരെ കാണാത്ത പുതിയ ദര്‍ശനങ്ങള്‍ പങ്കുവക്കുന്നവയാണ്. ജീവിതത്തിന്റെ കടലാണ് കവിതയ്ക്ക് മഷിപ്പാത്രമെന്നതിന് അടിവരയിടുന്നതാണ് കുടിയൊഴിക്കല്‍ എന്ന കവിത. ഇടശ്ശേരിയും വ്യത്യസ്ഥനായിരുന്നില്ല . പാലാ നാരായണന്‍ നായര്‍, ബാലാമണിയമ്മ , അക്കിത്തം, എം. ഗോവിന്ദന്‍, മേരി ജോണ്‍ കൂത്താട്ടുകുളം, ജി. കുമാരപിള്ള, ആര്‍. രാമചന്ദ്രന്‍, ഒളപ്പമണ്ണ, കക്കാട് തുടങ്ങിയ കവികളിലൂടെ മലയാള കവിത മുന്നോട്ടു പോയി. പി. ഭാസ്‌കരന്‍, വയലാര്‍, ഓ എന്‍ വി, പുതുശ്ശേരി രാമചന്ദ്രന്‍, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവരുടെ കാലമായിയുന്നു പിന്നീട്. അയ്യപ്പ പണിക്കര്‍, ചെറിയാന്‍ കെ. ചെറിയാന്‍, ആറ്റൂര്‍, കെ. ജി. ശങ്കരപ്പിള്ള തുടങ്ങിയവര്‍ ആധുനിക കവിതയുടെ തുടക്കക്കാരാണ്. അതിന്റെ തുടര്‍ച്ചയെന്നവണ്ണം ബാലചന്ദ്രന്‍ ചുള്ളിക്കാട്, കടമ്മനിട്ട, വിനയചന്ദ്രന്‍, അയ്യപ്പന്‍, കുരീപ്പുഴ തുടങ്ങിയവരിലൂടെ അത് ശക്തിപ്രാപിച്ചു.

ആധുനിക കവിതകളില്‍ കവി, കവിത , വായനക്കാരന്‍ എന്ന ക്രമത്തിനുപകരം കവി, കവിത, അരങ്ങ്, വായനക്കാരന്‍ എന്ന ക്രമം വരുന്നു എന്ന് ഒരു പഠനം പറയുന്നു. എന്നാല്‍ ഇത് അയ്യപ്പ പണിക്കരുടെയും സച്ചിദാനന്ദന്റെയും കെ. ജി. ശങ്കരപിള്ളയുടെയും കാര്യത്തില്‍ അത്രയൊന്നും ശരിയുമല്ല . ഈ കാലഘട്ടത്തില്‍ തന്നെ വ്യത്യസ്ഥ വഴികളുലൂടെ കമലാദാസ്, വിജയലക്ഷ്മി, റോസ്‌മേരി തുടങ്ങിയവര്‍ അവരുടെ സാന്നിദ്ധ്യമുറപ്പിച്ചിരുന്നു.

1990 ന്റെ ആരംഭത്തിലായിരുന്നു പുതുകവിതകളുടെ പിറവി. പുതുകവിതകള്‍ താരതമ്യേന ചെറുതാണ്. അതിന്റെ പ്രത്യേകത തെളിഞ്ഞ ഗദ്യഭാഷയാണ്. വൃത്തം കവിതയില്‍ നിന്നും പുറത്താകുന്നു. സാങ്കേതിക പദങ്ങള്‍ / ഇംഗ്ലീഷ് / മലയാളം കലര്‍ന്ന ഭാഷ കൂടുതലാവുന്നു. ദളിത്, ആദിവാസികള്‍, സ്ത്രീകള്‍, കുട്ടികള്‍, ലൈംഗീകന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരില്‍ നിന്നൊക്കെ വൈവിദ്ധ്യമായ വിഷയങ്ങളില്‍ കവിതകള്‍ ഉണ്ടാകുന്നു.

എഡിറ്ററില്ലാത്ത കാലത്ത് കവിതകളുടെ നിലവാരം കുറയുന്നു എന്ന വിമര്‍ശനം ഗൗരവമായി പരിഗണിക്കുമ്പോള്‍ തന്നെ കവിതകള്‍ എവിടെയും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം വലിയ മുന്നേറ്റമാണുണ്ടാക്കുന്നത് . ഇന്‍സ്‌ററലേഷന്‍, ഗ്രാഫിക്കല്‍ പോയെട്രി എന്നിങ്ങനെ പല രീതിയിലും കവിതയും പുതുമ തേടുകയാണ് എന്ന് സന്തോഷ് പറഞ്ഞുനിര്‍ത്തി.

തുടര്‍ന്ന് സംസാരിച്ച അലക്‌സ് എസ്തപ്പാന്‍ പറഞ്ഞത് സമൂഹത്തിലെ സംഘര്‍ഷാവസ്ഥയെ അനുനയിപ്പിക്കേണ്ട രീതിയില്‍ ആയിരിക്കണം കവിതകള്‍ എന്നാണ്. ജോസ് ചെരിപുറത്തിന്റെ അഭിപ്രായത്തില്‍ ആധുനിക കവിതയാണെങ്കിലും പുതുകവിതയാണെങ്കിലും അതില്‍ ഒരു സന്ദേശവും വായനാസുഖവും ഉണ്ടായിരിക്കണം എന്നായിരുന്നു. മാമ്മന്‍ സി. മാത്യു തന്റെ ഹൃസ്വമായ പ്രസംഗത്തില്‍ പറഞ്ഞത് വാഴക്കുലയും രമണനും ഒക്കെ ഇപ്പോഴും മനസ്സില്‍ ഉടക്കികിടക്കുന്നുണ്ടെങ്കിലും ഒരു പുതിയ ആസ്വാദകസമൂഹത്തെ ആധുനിക കവിത സൃഷ്ടിച്ചു. അനീതിക്കെതിരെ പ്രതികരിക്കാനുള്ള ഒരു വേദി കൂടി ആയിരിക്കണം കവിത. ജയന്‍ കെ. സി യുടെ സിനിമാ ഷോട്ടുകളില്‍ ആധുനിക കവിതയുണ്ട് എന്നുകൂടി മാമ്മന്‍ കൂട്ടിച്ചേര്‍ത്തു.

രാജു തോമസ്, ജേക്കബ്, ഡോഃ തെരേസ ആന്റണി എന്നിവര്‍ ആധുനിക കവിത ആസ്വാദകസമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച് വിലയിരുത്തി. തുടര്‍ന്ന് ട്രാന്‍സ് ജണ്ടര്‍ കവി വിജയരാജമല്ലികയുടെ കവിതകള്‍ വായിച്ചുകൊണ്ട് ജയന്‍ കെ. സി. പുതുകവിതകള്‍ ലൈംഗീകന്യൂനപക്ഷങ്ങള്‍ക്കും ഇടം നല്‍കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടി. സന്തോഷ് പാല പി. പി. രാമചന്ദ്രന്റെ ”ലളിതം” എന്ന കവിതയും പ്രതീക്ഷ സന്തോഷ് ഒരു ഇംഗ്ലീഷ് കവിതയും ആലപിച്ചു. അമ്മു നന്ദകുമാറിന്റെ സ്വരമാധുരിയില്‍ ഒരു മലയാള ഗാനാലാപനവും നടന്നു. പി.ടി. പൗലോസ് അദ്ധ്യക്ഷനും പ്രബന്ധാവതാരകനും സദസ്സിനും നന്ദി പറഞ്ഞതോടെ സര്‍ഗ്ഗവേദിയുടെ ഒരദ്ധ്യായം കൂടി പൂര്‍ണ്ണമായി.

sarga sarga2

Print Friendly, PDF & Email

Related News

Leave a Comment