“ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രി നാടകം കളിക്കുന്നത്, ഗവര്‍ണര്‍ പ്രസംഗം വായിച്ചത് മുഖ്യമന്ത്രി കാലുപിടിച്ചതുകൊണ്ട്”- രമേശ് ചെന്നിത്തല

45_8തിരുവനന്തപുരം:  മുഖ്യമന്ത്രി കാലുപിടിച്ചതുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം വായിച്ചതെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രി നാടകം കളിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അന്തര്‍ധാരയുണ്ട്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പരസ്പരം പോരടിച്ചെങ്കിലും ഇരുവര്‍ക്കുമിടയില്‍ അന്തര്‍ധാര ശക്തമായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് കൂട്ടുകച്ചവടമാണ്. ലാവ്‌ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പിണറായി വിജയന്റെ തന്ത്രമാണ് ഇതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍.

“വാച്ച് ആന്‍ഡ് വാര്‍ഡ് യുഡിഎഫ് എംഎല്‍എമാരെ ശാരീരികമായി നേരിട്ടു. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വെച്ച് എംഎല്‍എമാരെ മര്‍ദ്ദിച്ചതിനെ അപലപിക്കുന്നു. സഭയിലേക്ക് വാച്ച് ആന്‍ഡ് വാര്‍ഡുമാരെ വിളിക്കേണ്ടെന്ന് മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തീരുമാനിച്ചിരുന്നു. ആ രീതിയാണ് സ്പീക്കര്‍ പി ശ്രീമകൃഷ്ണന്‍ തെറ്റിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദ്ദിക്കുകയും സ്പീക്കറുടെ ഡയസ് ആക്രമിക്കുകയും ചെയ്ത ചരിത്രം ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്”, രമേശ് ചെന്നിത്തല പറഞ്ഞു

”സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. കേരള ഗവര്‍ണര്‍ ആര്‍എസ്എസ് –ബിജെപി ഏജന്റിനെപ്പോലെ പെരുമാറുന്നു. ലാവ്‌ലിന്‍ കേസ് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാരയുടെ പൊരുള്‍ മനസ്സിലാകും.”

ഗവര്‍ണര്‍ക്കെതിരെ താന്‍ കൊണ്ടു വന്ന പ്രമേയം മുഖ്യമന്ത്രി അംഗീകരിക്കണം. കേരളത്തിലെ നിയമസഭയെയും നിങ്ങളെയും അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെ ഒരു ഗവര്‍ണറുണ്ടായിരുന്നു, ജിസ്റ്റിസ് പിഎസ് സദാശിവം. മാതൃകാപരമായ പെരുമാറ്റമാകട്ടെ, മാന്യതയാകട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അദ്ദേഹം തന്റെ കാലവധി പൂര്‍ത്തിയാക്കിയത്. അദ്ദേഹം ഗവര്‍ണറായിരുന്ന കാലത്ത് ഒരു രീതിയിലുള്ള പ്രതിഷേധവും ഞങ്ങള്‍ക്ക് അദ്ദേഹത്തിന് നേരെ സംഘടിപ്പിക്കേണ്ടി വന്നിട്ടില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം യുഡിഎഫ് ശക്തമാക്കുന്നു. ലാവ്‌ലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഒരു പാവയാക്കി ഉപയോഗിക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലേക്കെത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി തടഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ ഇവര്‍ മുദ്രാവാക്യങ്ങളും ഗോ ബാക്ക് വിളികളും മുഴക്കി. ഗവര്‍ണറും സംഘവുമെത്തിയ വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഗവര്‍ണര്‍ക്ക് പോഡിയത്തിലേക്ക് കടക്കാന്‍ സാധിക്കാതെയായി. സ്പീക്കര്‍, മന്ത്രി എകെ ബാലന്‍, മുഖ്യമന്ത്രി എന്നിവര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പത്ത് മിനിറ്റോളം ഗവര്‍ണര്‍ക്ക് അവിടെത്തന്നെ നില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തിയാണ് പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment