Flash News
പാലാരിവട്ടത്ത് പുതിയ പാലം നിര്‍മ്മിക്കും, മെട്രോമാന്‍ ഇ ശ്രീധരന്‍ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി   ****    ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയക്ക് കോവിഡ്-19 പോസിറ്റീവ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    കേന്ദ്രമന്ത്രി സുരേഷ് അംഗദി കോവിഡ്-19 ബാധിച്ച് മരിച്ചു, പ്രധാനമന്ത്രിയും പ്രസിഡന്റും ദുഃഖം രേഖപ്പെടുത്തി   ****    ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരസ്യത്തിനായി 393 കോടി രൂപ ചെലവഴിച്ചു: മന്ത്രി സ്മൃതി ഇറാനി   ****    ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ടീമിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയില്ല: വിദേശകാര്യ മന്ത്രാലയം   ****   

താമരശ്ശേരി രൂപതയുടെ ‘പ്രണയമന്ത്ര’മെന്ന നാടകം വിവാദത്തിലേക്ക്

January 29, 2020

2_206താമരശ്ശേരി രൂപത നേതൃത്വം നല്‍കുന്ന അക്ഷര കമ്മ്യൂണിക്കേഷന്റെ ‘പ്രണയമന്ത്രം’ എന്ന നാടകം മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന് ആരോപണം. മുസ്ലിം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ചു വശീകരിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് വിളിച്ചു പറയുന്ന നാടകത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തില്‍ ലവ് ജിഹാദ് സജീവമാണെന്ന് സ്ഥാപിക്കാന്‍ കേരള കത്തോലിക്കാ സഭ നിരന്തരം ശ്രമിക്കുന്നതിനിടയിലാണ് നാടകത്തിലൂടെ ജനപിന്തുണ നേടാന്‍ താമരശ്ശേരി രൂപത അരങ്ങിലെത്തിയിരിക്കുന്നത്.

കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ ലവ് ജിഹാദുണ്ടോയെന്ന് അന്വേഷിച്ച പൊലീസ്, അത്തരത്തില്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയടക്കം അന്വേഷിച്ച് തള്ളിക്കളഞ്ഞ ലവ് ജിഹാദ് എന്ന സംഗതി കേരളത്തില്‍ ഇല്ലെന്ന് ഡിജിപിയും ആണയിട്ട് പറയുന്നു. എന്നാല്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ പ്രണയത്തിലൂടെ ചതിയ്ക്കപ്പെട്ട് വിദേശരാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതിന് തെളിവുണ്ടെന്നാണ് കേരള കത്തോലിക്ക സഭ അവകാശപ്പെടുന്നത്. ഈ വാദത്തിന് ഊന്നല്‍ നല്‍കുന്നതിനൊടൊപ്പം വിഷയം ജനശ്രദ്ധയിലെത്തിച്ച് ക്രിസ്ത്യാനികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യവും നാടകത്തിന് പിന്നിലുണ്ട്. പള്ളിപ്പെരുന്നാളുകളിലാണ് നിലവില്‍ നാടകം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നാടകം ആദ്യം അവതരിപ്പിച്ചത് താമരശ്ശേരി രൂപതയുടെ കീഴിലുള്ള പുല്ലൂരാംപാറ ഇടവകയുടെ തിരുന്നാളിലായിരുന്നു. തുടര്‍ന്ന് നാടകത്തിനെതിരെ ജനങ്ങളില്‍ നിന്ന് തന്നെ എതിര്‍പ്പുകളുണ്ടായി. നാടകം രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ആശയം ഉള്‍ക്കൊള്ളുന്നതിന് പുറമേ, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നതാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

കരിമ്പുകണ്ടത്തില്‍ ബേബിച്ചന്റെയും ഭാര്യ സോഫിയുടെയും ഏക മകളായ വാവ എന്ന് വിളിക്കുന്ന ബെസ്റ്റി കെ ബേബിയെ, ബേബിച്ചന്റെ ബിസിനസ് പാര്‍ട്ണറായ സെയ്ത് മുഹമ്മദിന്റെ മകന്‍ അജ്മല്‍ പ്രണയം നടിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി, മതം മാറ്റുന്നതും തുടര്‍ന്ന് തീവ്രവാദ ക്യാമ്പിലിട്ട് പീഡിപ്പിക്കുന്നതുമൊക്കെയാണ് നാടകത്തിന്റെ ഇതിവൃത്തം. മാതാപിതാക്കളുടെ എതിര്‍പ്പും കണ്ണീരും വകവെയ്ക്കാതെ ഇഷ്ടപ്പെട്ട മുസ്ലീം യുവാവിനൊപ്പം ജീവിക്കാന്‍ ഇറങ്ങുന്ന ബെസ്റ്റിയുടെ വാക്കുകളിലൂടെ, നാടകം, ഇസ്ലാമിലെ മതഭ്രാന്തിനെ തുറന്നു കാണിക്കാന്‍ തുടങ്ങുന്നു.

“എന്റെ ഈ തീരുമാനത്തിന് പിന്നില്‍ മരണാനന്തര ജീവിതത്തിലേക്കുള്ള എന്റെ ആദ്യ കാല്‍വെയ്പ്പുകൂടിയുണ്ട്. പല മതങ്ങള്‍, പല ജാതികള്‍, ഇവയ്‌ക്കെല്ലാമപ്പുറം, യഥാര്‍ത്ഥ്യത്തെ ഞാന്‍ തിരിച്ചറിഞ്ഞു. മരണത്തിന് മുമ്പ് അത് തിരിച്ചറിയുന്നവന് കരുണ ലഭിക്കും. അജ്മല്‍ എനിക്ക് നല്‍കിയത് കൈവിഷമല്ല, സത്യത്തിലേക്കും നന്‍മയിലേക്കുമുള്ള പ്രബോധനമാണ്.” ബെസ്റ്റിയുടെ ഈ വാക്കുകളില്‍ പെണ്‍കുട്ടികളുടെ ബോധത്തെ പ്രണയം നടിച്ചെത്തുന്ന മുസ്ലീം യുവാക്കള്‍ എത്രമാത്രം കീഴടക്കിയിട്ടുണ്ടെന്ന് നാടകം വ്യക്തമാക്കുന്നു.

“നിന്റെ മതത്തിലെവിടെയാടാ പട്ടീ, ഒരു പെണ്ണിനെ വഴിപിഴപ്പിച്ച് മതം മാറ്റാന്‍ പറയുന്നത്…” എന്ന് ചോദിക്കുന്ന ബെസ്റ്റി, അജ്മലിനെതിരെ മാത്രമല്ല, മുസ്ലീം മതത്രീവ്രവാദികളോട് മുഴുവനുമാണ് ആ ചോദ്യമെറിയുന്നത്. യുദ്ധകാലഘട്ടത്തില്‍ പുരുഷന്‍മാര്‍ യുദ്ധക്കളത്തില്‍ മരിച്ചുവീണപ്പോള്‍ സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാതാവാതിരിക്കാന്‍ ഉണ്ടാക്കിയ നിയമം, നിങ്ങള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ചുവെന്ന് പറഞ്ഞ് ബഹുഭാര്യാത്വത്തെ അനുകൂലിക്കുന്ന മുഴുവന്‍ ഇസ്ലാം മതവിശ്വാസികളെയും നാടകം വിമര്‍ശിക്കുന്നു.

അഞ്ച് നേരം നിസ്‌കരിച്ചാലും ഹജ് നൂറ് ചെയ്താലും ഇസ്ലാമാകില്ലെന്നും ഈ ഭൂമി നമുക്കുള്ളതാണ്, നമ്മള്‍ മാത്രം ഇവിടെ മതി എന്നും കരുതുന്ന ഇസ്ലാമിലെ തീവ്രവാദക്കാരെയാണ് ക്രിസ്ത്യന്‍ മതത്തിലെ ഒരു നേതൃത്വത്തിന്റെ കീഴില്‍ ഒരുക്കിയ നാടകത്തില്‍ ശക്തമായി വിമര്‍ശിക്കുന്നത്. ലവ് ജിഹാദിനിറങ്ങിയിരിക്കുന്നവര്‍ക്ക് പിന്നില്‍ ഒരു പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാടകം ആരോപിക്കുന്നു. ഇവര്‍ക്ക് ഇതിനായി സ്ഥാപനങ്ങളുണ്ട്. ഇവിടെ പ്രണയം നടിച്ച് ഇറക്കിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാതെ ഒരു മാസത്തോളം മതപഠന ക്ലാസുകള്‍ നല്‍കും. അത് കഴിഞ്ഞ് മതം മാറണം. മതം മാറിക്കഴിഞ്ഞാല്‍ കല്യാണം. കല്യാണം പക്ഷേ പ്രേമിച്ച പുരുഷനുമായിട്ടായിരിക്കുകയില്ല. വേറെ ആരെങ്കിലുമായിരിക്കും കല്യാണം കഴിക്കാനെത്തുക. സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായ പീഡനം. അതിന് ശേഷം കൂട്ടബലാത്സംഗം… തുടര്‍ന്ന് അവരുടെ വിധ്വംസക സംഘത്തിലെ ചാവേറാക്കി മാറ്റും. പ്രേമിച്ച പുരുഷന് ആ സംഘം ധാരാളം പണം നല്‍കും. ഓരോ രാത്രികളിലും ഇത്തരം പെണ്‍കുട്ടികളില്‍ മതതീവ്രത കുത്തിക്കയറ്റും… ആരെയും ഫോണ്‍ ചെയ്യാന്‍ അനുവദിക്കില്ല. മുഴുവന്‍ സമയവും മതപരമായ ബുക്കുകള്‍ വായിക്കാനും പഠിക്കാനും ഉപയോഗിക്കണം. അതാണ് അവിടുത്തെ നിയമം.. നാടകം വിശദീകരിക്കുന്നു. മറ്റ് മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ പ്രേമിച്ച് വശത്താക്കുന്ന മുസ്ലീം ചെറുപ്പക്കാര്‍ കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്നും കള്ളക്കടത്താണ് ഇവരുടെ ഉപജീവനമാര്‍ഗമെന്ന് സ്ഥാപിക്കാനും നാടകം ശ്രമിക്കുന്നുണ്ട്.

അജ്മലിന്റെ വാപ്പ ശ്രീലങ്കയില്‍ കലാപമുണ്ടായപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ മുസ്ലീം അഭയാര്‍ത്ഥിയാണ്. അയാളുടെ മകനാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരിക്കുന്നത്. ഇത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവര്‍ക്ക് വളം വെച്ചു കൊടുക്കുന്നതാണെന്ന വിമര്‍ശനവും നാടകത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

ഭീകരവാദവും മതസ്പര്‍ദയും പരിപോഷിപ്പിച്ച് ചാര സംഘടനകളോട് കൂട്ടുചേര്‍ന്ന് ഈ അഖണ്ഡഭാരതത്തെ കീറി മുറിക്കുക, ഏക ദൈവ സാമ്രാജ്യം ഉണ്ടാക്കുക എന്ന പേരില്‍ നിരപരാധികളെ നിഷ്‌കരുണം കഴുത്തറത്തും കത്തിച്ചും വെടിവെച്ചും കൊല്ലുക, മതം പരിപോഷിപ്പിക്കുക എന്ന വ്യാജേന മറ്റ് മതത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ച് പറ്റിച്ച് നിര്‍ബന്ധിത മതം മാറ്റം നടത്തി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് അടിമകളായി കയറ്റിയയച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുക… ഇത്തരത്തിലുള്ളവര്‍ ജീവനോടെ ഇരിക്കാന്‍ പാടില്ല. അവരുടെ ശവം പോലും മണ്ണില്‍ മറവ് ചെയ്യരുതെന്നും നാടകം ആഹ്വാനം ചെയ്യുന്നു.

അതേസമയം യഥാര്‍ത്ഥ മുസ്ലീമിനെയും തീവ്രവാദിയായ മുസ്ലീമിനെയും വേര്‍തിരിച്ച് കാണിക്കാനും നാടകം ശ്രമിച്ചിട്ടുണ്ട്. ശീലങ്കയിലെ കലാപത്തില്‍ ഭര്‍ത്താവിനെയും മൂത്ത കുട്ടിയെയും പട്ടാളക്കാര്‍ പെട്രോളൊഴിച്ച് കത്തിച്ചപ്പോള്‍ ഇളയ കുട്ടിയായ സെയ്തു മുഹമ്മദി (അജ്മലിന്റെ ബാപ്പ)നെയും കൂട്ടി കടലില്‍ച്ചാടി നീന്തി, അവസാനം ചത്തുമലച്ച് ഉപ്പുവെള്ളത്തില്‍ പൊന്തിക്കിടന്ന നബീസ എന്ന സ്ത്രീയുടെ നെഞ്ചില്‍ നിന്നും സെയ്ത് മുഹമ്മദിനെ രക്ഷിച്ചത് ക്രിസ്ത്യാനികളായ ഒരു കൂട്ടം മുക്കുവരായിരുന്നു. അജ്മല്‍ കാണിക്കുന്ന മതവിദ്വേഷം അന്ന് അവര്‍ കാണിച്ചിരുന്നെങ്കില്‍ ഇന്ന് തീവ്രവാദം പ്രവര്‍ത്തിക്കാന്‍ അജ്മല്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്ന് സെയ്ത് മുഹമ്മദ് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ വിമര്‍ശകര്‍ ഉന്നയിക്കുന്നതുപോലെ മുസ്ലീംകളെ മുഴുവന്‍ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള ശ്രമം നാടകം നടത്തിയിട്ടില്ലെന്നും വ്യക്തമാകുന്നുണ്ട്.

അതേസമയം ജാതിയുടെയും മതത്തിന്റെയും വിഷവിത്തുകള്‍ മക്കളുടെ മനസ്സില്‍ വിതയ്ക്കാന്‍ നോക്കുന്നതിനെയും, ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച് സ്‌നേഹിക്കുന്ന മനസ്സുകളെ തമ്മില്‍ അകറ്റാന്‍ ശ്രമിക്കുന്നതിനെയും നാടകം ചോദ്യം ചെയ്യുന്നുണ്ട്. ഒപ്പം, തനിക്ക് ഇന്ന രാജ്യക്കാരനാണ്, ഭാഷക്കാരനാണ് എന്ന് പറയാന്‍ കഴിയുകയും എന്നാല്‍ ഇന്ന മതത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞാല്‍ അത് മാനക്കേടാണെന്ന് കരുതുകയും ചെയ്യുന്നവര്‍ക്കെതിരെയും നാടകം ചോദ്യങ്ങളെറിയുന്നു.

കേരളത്തില്‍ ലവ് ജിഹാദ് ശക്തമാണെന്ന് പറയുന്ന ‘പ്രണയമന്ത്ര’മെന്ന നാടകം, സ്‌നേഹവും സമാധാനവും മുഖമുദ്രയാക്കിയ ഒരു മതവും ഇത്തരം മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കില്ലെന്നും പ്രസ്താവിക്കുന്നു. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇപ്പോള്‍ത്തന്നെ നിര്‍ബന്ധിത മതംമാറ്റത്തിനും മറ്റ് ചൂഷണങ്ങള്‍ക്കും വിധേയരായിക്കഴിഞ്ഞു. ഇതില്‍ ഇരയാക്കപ്പെടുന്നവര്‍ ജീവന്‍ ഭയന്ന് ഒന്നും പുറത്തു പറയുന്നില്ലെന്നും നാടകം പ്രതികരിക്കുന്നു.

ഭരണകൂട തീവ്രതയും മത ഭീകരതയും ഈ ഭാരതത്തില്‍ വിത്ത് പാകാന്‍ അനുവദിക്കരുതെന്ന ആഹ്വാനത്തോടെയാണ് നാടകം അവസാനിക്കുന്നത്. മതഭ്രാന്തല്ല, മാനവസ്‌നേഹമാണ് മനുഷ്യന്റെ മഹാലക്ഷ്യമെന്നും നാടകം വിളിച്ചുപറയുന്നു.

മാതാപിതാക്കള്‍ കൊടുത്ത സ്‌നേഹവാല്‍സല്യങ്ങള്‍ക്കും കരുതലിനും മുകളില്‍ പ്രണയം സ്ഥാനം പിടിക്കുകയും ഇതോടെ അതുവരെ വളര്‍ത്തി വലുതാക്കിയ വ്യക്തികളെ അവഗണിക്കുകയും അവരുടെ സ്‌നേഹത്തിന് വില നല്‍കാതിരിക്കുകയും ചെയ്യുന്ന നന്ദികേടിനെക്കുറിച്ചും നാടകം വാചാലമാകുന്നു. വീട്ടില്‍ ചങ്ങലയ്ക്കിട്ടിരിക്കുന്ന നായ്ക്കള്‍ക്ക് പോലും യജമാനനോട് ഇതിനേക്കാള്‍ സ്‌നേഹമുണ്ടാകുമെന്നും നാടകം പറഞ്ഞുവെയ്ക്കുന്നു. സ്‌നേഹം സ്വാര്‍ത്ഥതയാണെന്നും പ്രണയം സ്വാര്‍ത്ഥ രഹിതമാണെന്നുമുള്ള തെറ്റിദ്ധാരണകളെയും പ്രണയമന്ത്രം എന്ന നാടകം അവതരിപ്പിക്കുന്നുണ്ട്. കായല്‍ കയ്യേറി ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതും ഗ്രീന്‍ ബെല്‍റ്റ് ഏരിയ തിരിച്ചതും അടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ കൂടി നാടകം ചര്‍ച്ച ചെയ്യുന്നു്.

ജോസഫ് കുരുമ്പന്‍ രചന നിര്‍വ്വഹിച്ച നാടകം സംവിധാനം ചെയ്തതിരിക്കുന്നത് രാജീവന്‍ മമ്മിളിയാണ്. ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍, ഫാ. മനോജ് കൊല്ലംപറമ്പില്‍ എന്നിവരാണ് യഥാക്രമം നാടകത്തിന്റെ നിര്‍വ്വഹണവും നിയന്ത്രണവും. കൂമ്പാറ ബേബി രചിച്ച ഗാനങ്ങള്‍ക്ക് സാംജി ആറാട്ടുപുഴ സംഗീതം നല്‍കിയിരിക്കുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയം നടിച്ച് മതം മാറ്റല്‍ വ്യാപകമാവുന്നു എന്ന് സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ ഇറക്കി, ആശങ്ക പകരുന്ന സാഹചര്യത്തിലാണ് ‘പ്രണയമന്ത്രം’ എന്ന നാടകവും അരങ്ങിലെത്തുന്നത്. കേരളത്തില്‍ നിന്ന് ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു എന്നാണ് സഭ പറയുന്നത്. ഇതേ സഭാ സര്‍ക്കുലറിലൂടെ പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടെന്നും ആരോപണം അതിശക്തമാകുമ്പോഴാണ് അതേ ആശയം ഉയര്‍ത്തിപ്പിടിച്ച് പ്രണയമന്ത്രം നാടകവും ജനങ്ങളിലേക്കെത്തുന്നത്.

r(2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top